LoginRegister

പറുദീസാ നഷ്ടം

ഷെരീഫ് സാഗർ

Feed Back


‘‘ആറ്റുനോറ്റു കിട്ടിയ അവധിക്കാലമാണ്. കളിച്ചും തിമര്‍ത്തും അടിച്ചുപൊളിക്കാമെന്നു വിചാരിച്ചിരിക്കുമ്പോഴാണ് ട്യൂഷന്‍ സെന്ററില്‍ നിന്ന് കുട്ട്യോളെപ്പിടുത്തക്കാര് വന്നത്. അടുത്ത കൊല്ലത്തേക്കുള്ളത് ഇപ്പോഴേ പഠിച്ചുതുടങ്ങണമത്രേ. ട്യൂഷന്‍ കുറച്ചു നേരമല്ലേ ഉള്ളൂ എന്നു കരുതി സമാധാനിച്ച് വീട്ടിലേക്ക് കേറിച്ചെല്ലുമ്പോഴതാ മോറല്‍ ക്ലാസിന്റെ നോട്ടീസ്. ഉമ്മ പറയുന്നു, എന്തായാലും പോകണമെന്ന്. കുട്ടികളെ നന്നാക്കാനുള്ള ക്ലാസാണത്രേ. ഞാന്‍ നല്ല കുട്ടിയല്ലേ എന്നു ചോദിച്ചപ്പോള്‍ പോരാ, ഇനീം നന്നാവണമെന്ന് മറുപടി. അതു കഴിഞ്ഞപ്പോള്‍ അടുത്ത കുരിശ്. ഇനി എന്നെ വേണ്ടത് ഭാസ്‌കരേട്ടനും സംഘത്തിനുമാണ്. കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന വാസനകള്‍ കണ്ടെത്താന്‍ അവര്‍ പത്തു ദിവസത്തെ വേനല്‍ ക്യാമ്പ് നടത്തുന്നുണ്ടത്രേ. ഞാന്‍ ഉള്ളില്‍ ഒന്നും ഒളിപ്പിച്ചിട്ടില്ലെന്ന് കുറേ പറഞ്ഞുനോക്കി. അപ്പോഴേക്കും ഉമ്മ കാശ് അടച്ച് ക്യാമ്പിന് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞിരുന്നു.
ഇതു വല്ലാത്ത ചെയ്ത്തായിപ്പോയി എന്ന് ഞാന്‍ ഈറ വന്ന് മുരണ്ടപ്പോള്‍ ആ ക്യാമ്പ് മിസ് ചെയ്താല്‍ സെബാസ്റ്റിയന്റെ മോനൊക്കെ മോളീക്കേറി പോകുമെന്ന് ഉപ്പയുടെ കമന്റ്. മോളീക്കേറി സെബാസ്റ്റ്യന്റെ മോന്‍ ആകാശം മുട്ടിയാലും ഞാന്‍ ക്യാമ്പിന് പോകില്ലെന്നു വാശിപിടിച്ചപ്പോള്‍ ചൂരലെടുത്ത് തല്ലിയോടിച്ചു. കളിക്കാനുള്ള എല്ലാ അവസരവും നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ എന്റെ വാസനകളൊന്നും അധികം പുറത്തുവന്നില്ല. എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ സ്‌കൂളില്‍ നിന്ന് അറിയിപ്പ് എത്തിയിരിക്കുന്നു. ഇത്തവണ നേരത്തെ ക്ലാസ് തുടങ്ങുമത്രേ. അവധിക്കാലം അവസാനിക്കുന്നതിന്റെ ഇരുപത് ദിവസം മുമ്പ്. ഇപ്പോഴേ ഒരുങ്ങിയില്ലെങ്കില്‍ വിജയ ശതമാനം വര്‍ധിപ്പിക്കാനാവില്ലെന്നാണ് സ്‌കൂളുകാര്‍ പറയുന്നത്. പിന്നെ എന്തിനാണ് ഇവര്‍ രണ്ടു മാസത്തെ വേനലവധി എന്നൊക്കെ വിളിച്ചുകൂവിയതെന്ന് ആരോട് ചോദിക്കാനാണ്? എല്ലാം തീര്‍ന്നു. അവധിക്കാലം വരാതിരിക്കാന്‍ പ്രാര്‍ഥിച്ചുകൊണ്ട് ഇനി ഞാന്‍ സ്‌കൂളില്‍ പോകട്ടെ…’’
അവധിക്കാലത്തിന്റെ അരികും മൂലയും നടുക്കഷണവും കട്ടെടുത്ത പുതിയ കാലത്തിന്റെ ചുറ്റുപാടുകളോട് രോഷത്തോടെ പ്രതികരിക്കുന്ന ബാല്യത്തിന്റെ സങ്കടങ്ങളാണിത്. കുട്ടികള്‍ എന്താവണമെന്നും എങ്ങനെയാവണമെന്നും അവരെ അറിയിച്ചുകൊടുത്ത അവധിക്കാലങ്ങള്‍ ഇന്നില്ല. ഉള്ളറിഞ്ഞ് ആര്‍ത്തുവിളിച്ച് പുഴയിലേക്കും കുളത്തിലേക്കും മറിഞ്ഞു ചാടിയ കുട്ടിക്കാലം അവര്‍ക്കില്ല. അവധിക്കാലം വരുന്നുവെന്ന് കേള്‍ക്കുമ്പോഴേ അവരെ കൊത്തിവലിക്കാന്‍ കഴുകന്മാര്‍ കാത്തിരിപ്പാണ്. അത് സ്‌കൂളാവാം, സാംസ്‌കാരിക സംഘടനകളാവാം, മതസംഘടനകളാവാം, പള്ളിയാവാം, പട്ടക്കാരാവാം- എന്തൊക്കെയായാലും നഷ്ടപ്പെടുന്നത് അവധിക്കാലം തന്നെ. കൊല്ലത്തില്‍ രണ്ടു മാസമെങ്കിലും മനസ്സു തുറന്നൊന്ന് ചിരിച്ചുല്ലസിക്കാന്‍ നമ്മുടെ കുട്ടികളെ അനുവദിച്ചുകൂടേ?
ഉമ്മവീട്ടിലേക്കുള്ള വിരുന്നുപോക്കുകളാണ് പലരുടെയും അവധിക്കാല ഓര്‍മകളില്‍ പച്ചപിടിച്ചുനില്‍ക്കുന്നത്. ‘സ്‌കൂള്‍ പൂട്ടിയിട്ടു വേണം ഇമ്മാന്റെ വീട്ടിലേക്ക് കുറേ ദിവസത്തേക്ക് വിരുന്നുപോകാന്‍‘ എന്നു പറയുന്ന കുട്ടികള്‍ ധാരാളം. അവിടെ ചെന്നാല്‍ പൂത്ത മാവിലേക്ക് വലിഞ്ഞുകേറാം. പുളിയുറുമ്പ് കടിച്ചാലും പച്ചമാങ്ങ പറിച്ചിടാം. ഉപ്പും മുളകും കൂട്ടി കടിച്ചുതിന്നാം. ചൂണ്ടയുമായി പുഴയിലേക്ക് മീന്‍ പിടിക്കാന്‍ പോകാം. തോര്‍ത്തുമുണ്ടില്‍ മീന്‍കുഞ്ഞുങ്ങളെ കോരിയെടുക്കാം. പ്ലാസ്റ്റിക് കവറില്‍ പരല്‍മീനുകളെയിട്ട് അക്വേറിയം ഉണ്ടാക്കാം. കുട്ടിയും കോലും കളിക്കാം. കണ്ണുപൊത്തിക്കളിക്കാം. കൊത്തങ്കല്ലു കളിക്കാം. പമ്പരം കറക്കാം. വേനല്‍മഴ വരിയൊലിച്ചു വരുമ്പോള്‍ കടലാസുതോണിയുണ്ടാക്കാം. മുറ്റത്തെ മാവിന്‍ കൊമ്പില്‍ ഊഞ്ഞാലു കെട്ടാം. നാരങ്ങാ മിഠായിയും കടിച്ചാപറിച്ചിയും പുളിയിഞ്ചിയും ജോക്കറും പാലൈസും കടലമിഠായിയും വാങ്ങാം. മണ്ണപ്പം ചുട്ടുകളിക്കാം. ഓലപ്പന്തു കൊണ്ട് എറിഞ്ഞുകളിക്കാം. കിളിത്തട്ടില്‍ മണ്ടിപ്പായാം.
പാപം ചെയ്യുമ്പോഴാണ് പറുദീസാ നഷ്ടം സംഭവിക്കുന്നത്. എന്നാല്‍ ഈ പാവം കുട്ടികള്‍ എന്തു പാപം ചെയ്തിട്ടാണ് ബാല്യത്തിന്റെ വര്‍ണങ്ങളില്‍നിന്ന് നുള്ളിയെടുക്കപ്പെടുന്നത്? തങ്ങള്‍ അനുഭവിച്ച കുട്ടിക്കാലത്തിന്റെ ഒരിറ്റു പോലും പുതിയ തലമുറക്ക് ആസ്വദിക്കാനാവില്ലെന്ന് പരിതപിക്കുന്ന മുതിര്‍ന്നവര്‍ തന്നെയാണ് അവരുടെ കുട്ടിക്കാലത്തെ തച്ചുതകര്‍ക്കാനുള്ള പണിയെടുക്കുന്നത്.
പ്രകൃതിയില്‍ നിന്നും പൂക്കളില്‍ നിന്നും ശാരീരികമായ കളികളില്‍ നിന്നും കിട്ടുന്ന അറിവുകള്‍ വളരെ പ്രധാനമാണ്. പ്രകൃതിയുടെ കളിത്തൊട്ടിലില്‍ നിന്നാണ് അവന്റെ സര്‍ഗവാസനകളും ജീവിതവിജയത്തിന്റെ വഴികളും തെളിഞ്ഞുവരേണ്ടത്. ഇതൊക്കെ കൃത്രിമമായി കുത്തിത്തിരുകിക്കൊടുത്താല്‍ മതി എന്നാണ് പല മാതാപിതാക്കളുടെയും കാഴ്ചപ്പാട്. പാഠപുസ്തകങ്ങളുടെ ഭാരത്തില്‍ നിന്ന് കിതപ്പാറ്റുന്ന നേരത്താണ് പുതിയ ഭാരങ്ങള്‍ നാം അവന്റെ തലയിലേക്ക് വെച്ചുകൊടുക്കുന്നത്.
വേനല്‍ത്തുമ്പി, ശലഭക്കൂട്ടം, സാഹസിക പരിശീലനം, ഗവേഷണ പരിശീലനം, കരകൗശല പരിശീലനം, ധാര്‍മിക പാഠങ്ങള്‍, മതപഠന സംരംഭം തുടങ്ങി അവധിക്കാലമാകുമ്പോഴേക്കും കുട്ടികളെ പിടിക്കാനുള്ള പൂരം തുടങ്ങും. പല തരത്തിലുള്ള ഓമനപ്പേരിട്ടാണ് അവധിക്കാലം കട്ടെടുക്കാനുള്ള ആസൂത്രണങ്ങള്‍ നടക്കുന്നത്. ഈ ചതിപ്രയോഗത്തിന് അച്ഛനും അമ്മയും ഉള്‍പ്പെടെ എല്ലാവരും കൂട്ടുനില്‍ക്കുന്നു. അവധിക്കാലം പ്രഖ്യാപിച്ചാല്‍ പിറ്റേന്നുതന്നെ നാട്ടിലെങ്ങും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടും. നൃത്തം, ചിത്രകല, കരാട്ടെ, അബാക്കസ്, സ്‌പോക്കണ്‍ ഇംഗ്ലീഷ്, കുങ്ഫു, മാജിക്, മതഗ്രന്ഥങ്ങളുടെ പഠനം എന്നിങ്ങനെ കോഴ്‌സുകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. കുട്ടികളുടെ ശല്യം ഒഴിവാക്കാനാണെന്നു പറഞ്ഞ് അവരെ എവിടെയെങ്കിലും ചേര്‍ത്തി സമാധാനിക്കുകയാണ് രക്ഷിതാക്കള്‍. എന്നാല്‍ കുട്ടികളുടെ അവകാശങ്ങള്‍ക്കു മേലുള്ള കൈയേറ്റമാണ് അവര്‍ നടത്തുന്നത്. അവധിക്കാലം കളിക്കാനുള്ളതു തന്നെയാണെന്നും ഇമ്മാതിരി കോഴ്‌സുകള്‍ക്കു പോയി നഷ്ടപ്പെടുത്താനുള്ളതല്ലെന്നും പറഞ്ഞ് തങ്ങളുടെ അവകാശം സ്ഥാപിക്കാന്‍ പിഞ്ചുബാല്യങ്ങള്‍ക്ക് സംഘടനകളൊന്നുമില്ല എന്നതാണ് പ്രശ്‌നം.
കുട്ടികളുടെ നല്ല മാനസിക-ശാരീരിക ആരോഗ്യത്തിന് കളികള്‍ അനിവാര്യമാണ്. കാര്‍ട്ടൂണ്‍ കണ്ടാലോ ഗെയിം കളിച്ചാലോ അതു കിട്ടില്ല. അടുത്ത സ്‌കൂള്‍കാലത്തേക്ക് പഠിക്കാനുള്ള ഊര്‍ജം കിട്ടേണ്ടത് ഈ അവധിക്കാലത്താണ്. അതിനു പറ്റിയ കളികള്‍ കണ്ടെത്തണം. കുപ്പായത്തില്‍ ചെളി പുരണ്ട് കളിക്കണം. ചിലപ്പോള്‍ കൈയും കാലുമൊക്കെ ഉരഞ്ഞ് ചോര വന്നേക്കാം. വേദന എന്താണെന്ന് അറിഞ്ഞാലേ മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാന്‍ സാധിക്കൂ.
ജീവിക്കാന്‍ ബുദ്ധി മാത്രം പോരാ. വിവേകവും വികാരവും ഹൃദയവും തിരിച്ചറിവുമൊക്കെ വേണം. വീട്ടില്‍ ചടഞ്ഞുകൂടിയിരുന്നാല്‍ ഇതൊന്നും കിട്ടില്ല. സാമൂഹിക ജീവിതത്തിലേക്ക് ഊളിയിടണമെങ്കില്‍ നല്ലനല്ല കൂട്ടായ്മയുള്ള കളികളില്‍ ഏര്‍പ്പെടണം. കൂടുതല്‍ കൂട്ടുകാരുള്ളവന് ജീവിതത്തില്‍ കൂടുതല്‍ നന്നാവാന്‍ അവസരങ്ങള്‍ ലഭിക്കും.
കളിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കണമെന്ന് പറഞ്ഞതിന് കയറൂരിവിടണം എന്ന അര്‍ഥമില്ല. രക്ഷിതാക്കളുടെ ഒരു നോട്ടം മക്കളുടെ ഏതു കളിയിലും ഉണ്ടാകണം. അവരുടെ ഉള്ളിലുള്ള കഴിവുകള്‍ സ്വയം വളര്‍ത്താനുള്ള അവസരമായി അവധിക്കാലം ചെലവഴിക്കണം. അതിന് ഉതകുന്ന കോഴ്‌സുകളും, അവര്‍ക്ക് ആ കോഴ്‌സിന് പോകാനുള്ള താല്‍പര്യവുമുണ്ടെങ്കില്‍ അതിന് അവസരം ഒരുക്കണം.
കളികളില്‍ നിന്ന് കുട്ടികള്‍ക്ക് ഏറെ കിട്ടാനുണ്ട്. അവരുടെ ബന്ധങ്ങള്‍ വികസിക്കാനും ഉത്തരവാദിത്തബോധം വളരാനും കളികള്‍ ഉപകരിക്കും. ചിന്തിക്കാനുള്ള ശേഷി അവരില്‍ വര്‍ധിക്കും. ഇടപെടാനുള്ള കഴിവും നേതൃപാടവവും ഭാവനാവികാസവും സ്വഭാവരൂപീകരണവും ഈ കൂട്ടായ്മകളിലൂടെയാണ് കിട്ടുക. കഴിവുകള്‍ കണ്ടെത്താനുള്ള അവസരം കൂടിയാണ് കളികള്‍. ഫുട്‌ബോള്‍ പോലുള്ള കളികള്‍ കുട്ടികളുടെ തീരുമാനമെടുക്കാനുള്ള ശേഷി വര്‍ധിപ്പിക്കും. ഗ്രൂപ്പായുള്ള കളികളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് സാമൂഹിക ജീവിതത്തില്‍ ഏറെ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്താനുള്ള പരിശീലനം ലഭിക്കുന്നു.
കുട്ടികള്‍ കളിച്ചു വളരട്ടെ. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top