LoginRegister

നെയ്പ്പത്തലും ഇറച്ചിക്കറീം

ഫാത്തിമ ഫസീല

Feed Back


സ്‌കൂളില്‍ ഇന്റര്‍വെല്‍ സമയമാകുമ്പോള്‍ ഞങ്ങള്‍ കുട്ടികളൊക്കെ ഓടി മണല്‍ നിറഞ്ഞ മുറ്റത്തേക്ക് കളിക്കാനിറങ്ങും.
”നാരങ്ങപ്പാല് ചൂട്ടക്ക് രണ്ട്…”
കളികള്‍ക്കിടയില്‍ ചിലരൊക്കെ റോഡ് മുറിച്ചുകടന്ന് അടുത്തുള്ള പീടികയില്‍ പോകും. ജോക്കര, കാറ്റുമിഠായി, തേനുണ്ട, ലാക്‌റ്റോകിന്‍ഗ്, ലൊട്ട, നാരങ്ങ മിഠായി, കുക്കീസ്… എന്തൊക്കെ മിഠായികളായിരുന്നു. പിന്നെ പച്ചപ്പുളി വട്ടത്തിലരിഞ്ഞ് പച്ചമുളകും സുര്‍ക്കയും ചേര്‍ത്ത് ഉപ്പിലിട്ടതും നാരങ്ങ നെടുകെ മുറിച്ച് ഉപ്പും അച്ചാര്‍ പൊടിയും ചേര്‍ത്തതും…
ബെല്ലടിക്കുമ്പോള്‍ തന്നെ ആസിമയും മുനീറയും സ്‌കൂളിനടുത്തുള്ള അവരുടെ വീട്ടിലേക്ക് ഓടിപ്പോകും. അപ്പോഴേക്കും അവരുടെ ഉമ്മ നെയ്മയം പുരട്ടിയ അലൂമിനിയത്തിന്റെ പരന്ന പാത്രത്തില്‍ ഓല്‍ച്ച മിട്ടായികള്‍ നിരത്തിവെക്കും. സ്‌കൂളിന്റെ ഗേറ്റിനരികില്‍ നിന്ന് അഞ്ച് പൈസയുടെയും ഇരുപത്തഞ്ച് പൈസയുടെയും ഓല്‍ച്ചകള്‍ വിറ്റ് പാത്രവും പൈസയും വീട്ടിലേല്‍പ്പിച്ച് വന്നിട്ടാണ് അവര്‍ മൂന്നാമത്തെ പിരീഡ് ക്ലാസ്സിലിരിക്കുക.
വെല്ലം ഏലക്കായപ്പൊടിയും കുറച്ച് വെള്ളവും ചേര്‍ത്ത് ഉരുക്കിയെടുത്ത് വെളിച്ചെണ്ണ പുരട്ടിയ അമ്മിയില്‍ പരത്തിയൊഴിക്കും. എന്നിട്ട് ചെറുതായി സെറ്റായി വരുമ്പോള്‍ സ്റ്റീലിന്റെ ചട്ടുകം കൊണ്ട് കുത്തിപ്പൊളിച്ചെടുത്ത് ചുമരിലുള്ള വൃത്തിയുള്ള ഇരുമ്പുകമ്പിയിലിട്ട് കയറു പോലെ വലിച്ചുവലിച്ച് പതം വരുത്തും. ശര്‍ക്കരയുടെ നിറമൊക്കെ മാറി നല്ല മഞ്ഞ കലര്‍ന്ന വെളുപ്പ് കാണുമ്പോള്‍ ചെറുതായി നീളത്തില്‍ മുറിച്ചെടുക്കും. ഇതാണ് ഓല്‍ച്ച മിഠായി.
മുട്ടത്തെ ആസിമാന്റെ വീട്ടില്‍ നിന്നല്ലാതെ ജീവിതത്തില്‍ വേറൊരിടത്തും ഞാന്‍ കണ്ടിട്ടില്ലാത്ത ഈ ഒരു ഐറ്റം കണ്ണൂര്‍ ഗൃഹാതുരത്വങ്ങളിലേക്ക് രുചിയോര്‍മകളായി സുഗന്ധം വീശുകയാണ്.
……
മുട്ടത്ത് കടല്‍ പ്രദേശമാണ്. ഏഴിമലയും ചൂട്ടാട് ബീച്ചും സുല്‍ത്താന്‍ തോടുമൊക്കെ ചേര്‍ന്ന് കുളിരുള്ള വെളുത്ത മണലുള്ള നാട്. തെങ്ങുകള്‍ നിറഞ്ഞ വെള്ളക്കെട്ടുകളില്‍ ആമ്പലുകള്‍ വിരിഞ്ഞ സ്ഥലങ്ങളിലൂടെ കയറില്ലാതെ ആടുകള്‍ ഓടി നടക്കുമായിരുന്നു. എരുന്തിന്റെ തോലായ ഉച്ചൂളികള്‍ നല്ല വെളുത്ത നിറത്തില്‍ മുറ്റത്തൊക്കെയുണ്ടാവും. അത് പെറുക്കിയെടുത്ത് ശേഖരിച്ച് വെക്കും. അതാണ് കളിയില്‍ ഉപയോഗിക്കുന്ന പൈസ. ഉച്ചൂളി പെറുക്കി ഒരു പ്ലാസ്റ്റിക് കവറിലാക്കി വെച്ചിട്ട് ഞാന്‍ ഒരു മൊച്ചിങ്ങയെടുത്ത് പരുപരുത്ത ഒരു കല്ലിലിട്ട് ഉരച്ചുകൊണ്ടിരിക്കുകയാണ്. ആ പള്‍പിന് നല്ല തണുപ്പാണ്. അപ്പോഴാണ് അടുത്ത വീട്ടിലെ മായിന്‍കാന്റെ മോള്‍ ബുഷ്‌റ എന്നെ പാലു വാങ്ങാന്‍ പോവാന്‍ വിളിച്ചത്. നടന്നു നടന്ന് കുഞ്ഞലിമാന്റെ വീട്ടിനടുത്തെത്തിയപ്പോള്‍ അവള്‍ തൂക്കുപാത്രംം തുറന്ന് അതില്‍ നിന്ന് എനിക്ക് രണ്ട് സേമിയ മണ്ട എടുത്ത് തന്നു.
എനിക്ക് ഭയങ്കര ഇഷ്ടമുള്ള പലഹാരമായതു കൊണ്ട് അവളുടെ അനിയത്തിമാരൊന്നും കാണാതെ അവള്‍ ഒളിപ്പിച്ചു കൊണ്ടുവന്ന് തരികയായിരുന്നു.
തിന്നുന്നതിനേക്കാള്‍ അധികം ഭക്ഷണ വിഭവങ്ങളുടെ രൂപത്തെക്കുറിച്ചും നിലവിലുള്ളതിന്റെ പരിഷ്‌കരിച്ച വേര്‍ഷനെക്കുറിച്ചുമൊക്കെയുള്ള അപാര സാധ്യതകളെക്കുറിച്ച് പണ്ടേ വാചാലയാവുന്ന ഞാന്‍ സേമിയ മണ്ടയുടെ നിര്‍മിതിയെ സസൂക്ഷ്മം ശ്രദ്ധിക്കുകയായിരുന്നു. വറുത്തെടുത്ത മുന്തിരിയും അണ്ടിപ്പരിപ്പും നിറഞ്ഞുനില്‍ക്കുന്നുണ്ട്. വളരെ നേരിയ ക്രിസ്പിയായ തൊലിയാണ്. നെയ്യില്‍ വഴറ്റിയെടുത്ത് ചെറുതായി പൊടിച്ചെടുത്ത സേമിയത്തിലേക്ക് തേങ്ങയും കടലയും പഞ്ചസാര പൊടിച്ചതും ചേര്‍ത്ത് നെയ്യില്‍ നന്നായി വഴറ്റിയത് ചേര്‍ത്ത് കനം കുറച്ച് പരത്തിയ മൈദയുടെ തൊലികളില്‍ നിറച്ച് സമൂസയുടെ രൂപത്തില്‍ പൊരിച്ചെടുക്കുന്നതാണ് സേമിയ മണ്ട. ഫില്ലിങ് നന്നായി സെറ്റായിരിക്കുന്നത് കൊണ്ട് മണ്ട നല്ല ക്രിസ്പ് ആയിരിക്കും. കുറേ നാള്‍ കേടു കൂടാതിരിക്കുകയും ചെയ്യും.

”അമ്മായി കൊണ്ടന്നതാ… എന്തെല്ലോ കൊണ്ടന്നീനി. ബൈന്നേരം നിന്റെ ബീട്ട്‌ലേക്ക് കൊട്ത്തയക്കൂന്ന് ഉമ്മ പറഞ്ഞീന്…”
കണ്ണൂര്‍ അമ്മായി വരുമ്പോള്‍ ഒരു ഓട്ടോ റിക്ഷ നിറയെ ബക്കറ്റുകളിലാണ് അപ്പം കൊണ്ട് വരിക. കുടുംബക്കാര്‍ക്കും അയല്‍വാസികള്‍ക്കും നാട്ടുകാര്‍ക്കും കൊടുക്കാന്‍. ഗള്‍ഫിലേക്ക് കൊണ്ടുപോവാനും ഉണ്ടാക്കും, കേടു വരാതെ ആഴ്ചകളോളം നില്‍ക്കുന്ന പലഹാരങ്ങള്‍…
അരിപ്പൊടി നിറച്ച വളരെ വലിയ മണ്ട, മുട്ട പിഞ്ഞാണത്തില്‍ കടഞ്ഞെടുത്ത് ചകിരിക്കനലൊക്കെ വെച്ച് ചുട്ടെടുക്കുന്ന കുംസി, മൈദയും മുട്ടയും കുഴച്ച് പരത്തി പൊരിച്ചെടുക്കുന്ന കജൂറ കേക്ക്, പരത്തി വശങ്ങള്‍ ഒട്ടിച്ചെടുത്ത് ഉണ്ടാക്കുന്ന കൊയലപ്പം, റവ നെയ്യില്‍ വറുത്തെടുത്ത് പഞ്ചസാരപ്പാനിയില്‍ കിസ്മിസ് ചേര്‍ത്ത് ചൂടോടെ ഉരുട്ടിയെടുക്കുന്ന തരിയുണ്ട, അങ്ങനെയങ്ങനെ…
മുട്ടത്ത് ജുമുഅത് പള്ളിക്കും വെങ്ങര മാപ്പിള യു പി സ്‌കൂളിനും അടുത്ത് റോഡ് സൈഡിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്ന പിങ്ക് പെയിന്റടിച്ച വാടക വീട്. മുട്ടം എന്ന നാടിന്റെയും അങ്ങാടിയുടെയും മിടിപ്പ് കണ്ടറിയാവുന്ന സ്ഥലം. പാര്‍ട്ടി പരിപാടികളും അന്ദൃമാന്‍ക്കാന്റെ ചായക്കടയില്‍ പഴംപൊരിയും ചായയും കഴിച്ച് ഉപ്പാപ്പമാര്‍ ഗള്‍ഫ് നാടുകളുടെ ചരിത്രം വിലയിരുത്തുന്നതും സിപ്പപ്പും തിന്നുകൊണ്ട് ദര്‍സ് വിട്ട് കുട്ടികള്‍ പോകുന്നതുമൊക്കെ ഞാന്‍ ബോംബെ പെന്‍സിലു കൊണ്ട് സ്ലേറ്റിലെഴുതി കൊലായിലിരിക്കുമ്പോള്‍ കാണാമായിരുന്നു.
മദ്‌റസയില്‍ പ്രസംഗ പരമ്പരയായിരുന്നു. പെണ്ണുങ്ങളും ഗള്‍ഫില്‍ നിന്ന് അവധിക്കുവന്ന വിരലിലെണ്ണാവുന്നത്രേം ആണുങ്ങളും കുട്ടികളും പ്രായമായവരും ഒന്നടങ്കം പള്ളിപരിസരത്തേക്ക് ഒഴുകും. വൈകുന്നേരം ഞാനും ഉമ്മയും മീന്‍കാരാട്‌ത്തെ വീട്ടിലേക്ക് പോയി. നസീമത്താന്റെ ഉപ്പാക്ക് മീന്‍ വില്‍പനയാണ്. രാത്രിയില്‍ കുറേ മീനൊക്കെ ഞങ്ങളുടെ വീട്ടില്‍ കൊണ്ട്ത്തരാറുണ്ട്. നസീത്താന്റെ ഉമ്മ പറഞ്ഞു: ”ടീച്ചറേ രാത്രിത്തെ കത്തലെല്ലും ബേം ആക്കണം.. ആണപ്പത്തലാന്ന് ണ്ടാക്ക്ന്ന്. എന്നാ പ്ള്ളര്‍ക്കല്ലം ബേം കൊട്ത്ത്റ്റ് മദ്‌റസീല് പോവാലാ…”
നസീത്താന്റെ ഉമ്മേം എളേമമാരും പത്തല്‍പൊടി വലിയ വലിയ ഉരുളകളാക്കി അതിന്റെ നടുവില്‍ ഒന്നമര്‍ത്തി ഒരു വട്ടയിലേക്കിടുന്നു. അവിടത്തെ വെല്ലുമ്മാമ ബീഫ് വലിയ കട്ടകളാക്കി മുറിച്ചത് കുക്കറിലിട്ട് മല്ലിപ്പൊടി, മഞ്ഞള്‍പൊടി, മുളകു പൊടി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഒക്കെ ചേര്‍ത്ത് വേവിച്ചെടുത്തിട്ടുണ്ട്. സമീറത്താ ആവിയില്‍ പുഴുങ്ങിയെടുത്ത ഉരുളകള്‍ ഇറച്ചിക്കറിയിലേക്കിട്ട് ഉള്ളിയും കുറേ കറിവേപ്പിലയുമിട്ട് വറവിട്ടെടുത്തു.
കണ്ണൂരില്‍ ഇങ്ങനെയാണ്, എറച്ചിയടയാണെങ്കിലും കായടയാണെങ്കിലും ചിക്കന്‍ റോളാണെങ്കിലും കൂട്ടുകുടുംബമായി താമസിക്കുന്നതിനാല്‍ എല്ലാരും കൂടി ഒന്നിച്ചിരുന്ന് ഒരുപാട് ഉണ്ടാക്കുകയാണ് ചെയ്യുക. ഇതൊക്കെ പാകമാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കും. പുതിയാപ്ല വരുമ്പോഴും മറ്റ് വിരുന്നുകാര് വന്നാലും എല്ലാം കൂടിയെടുത്ത് എണ്ണയിലേക്കിടും..
അന്ന് രാത്രി റോഡില്‍ നല്ല ആള്‍ത്തിരക്കായിരുന്നു. പതിവില്ലാത്ത ചെരണ്ടി ഐസ് വില്‍പനക്കാരൊക്കെ ഉണ്ടായിരുന്നു അങ്ങാടിയില്‍. മരത്തിന്റെ ചട്ടയുള്ള സ്ലേറ്റും കളര്‍ സ്ലേറ്റു പെന്‍സിലും മായ്ക്കാനുള്ള വെള്ളത്തണ്ടുമൊക്കെ ‘എ,ബി,സി,ഡി’ എന്ന് പല വര്‍ണങ്ങളിലെഴുതിയ നീല നിറത്തിലുള്ള ബാഗിലെടുത്ത് വെച്ച് കിടന്നുങ്ങുമ്പോളേക്കും പാതിരയായിരുന്നു.
”എണീക്ക്… നര്‍സറീ പോണ്ടേ..”
രാവിലെ തന്നെ ഉമ്മ കുലുക്കി വിളിക്കാന്‍ തുടങ്ങിയിരുന്നു. രാവിലെ കാപ്പിയുടെ കൂടെ പുതിയ ഒരു പലഹാരം തന്നു.
”ഇന്നലെ രാത്രി സലാം മാഷ് കുട്ടികള്‍ക്ക് കൊടുക്ക്ന്ന് പറഞ്ഞ് പുതുതായി കെട്ടിയുണ്ടാക്കിയ തട്ടു കടേന്ന് വാങ്ങിക്കൊണ്ട്ത്തന്നതാ..”
നല്ല എരിവുള്ള, കറിവേപ്പില വാരിയിട്ട് മൊരിച്ചെടുത്ത, വെന്ത അരി മാവില്‍ തേങ്ങയുടെയും വലിയ ജീരകത്തിന്റെയും രുചി മുന്നിട്ട് നില്‍ക്കുന്ന, കടുക്കയിറച്ചി ഒരറ്റത്ത് ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്ന കല്ലുമ്മക്കായ നിറച്ചത് എന്ന അല്‍ഭുതം ആദ്യമായി കണ്ട് രുചിച്ച് മണമറിഞ്ഞ് ആസ്വദിച്ചത് അന്നാണ്.
മുട്ടത്തുകാര്‍ അതിനെ ‘കീച്ച നൊര്‍ച്ചെ’ എന്നാണ് പറയുക. പിന്നീട് കോഴിക്കോട്ടുകാരുടെ സ്വന്തമായി മാറിയ കട്ക്ക നിറച്ചത്.
……
”എന്റ ചോറ്റ് പാത്രത്തിലൊന്നും കാണുന്നില്ല”
നൂറു മിമി പറഞ്ഞു.
ഞാനും നോക്കി അവളുടെ ഫുഡ് രാവിലത്തെ ഇന്റര്‍വെല്ലിന്റെ സമയത്ത് തന്നെ ഏതോ കുട്ടികള്‍ എടുത്ത് കഴിച്ച് തീര്‍ത്തിരിക്കുന്നു. അവളുടെ മുഖത്ത് വലിയ വിഷമമൊന്നും കാണാനില്ലായിരുന്നു. ഒരു അമ്പരപ്പ് മാത്രം. എന്നാല്‍ എന്റെ കണ്ണില്‍ നിന്ന് രണ്ട് തുള്ളി വെള്ളം വന്നു.
നൂറു മീമീന്റെ ടിഫിന്‍ബോക്‌സില്‍ ഇന്ന് എന്തായിരിക്കും ഉണ്ടായിരുന്നത്?
കുഞ്ഞിപ്പത്തലാണൊ, നെയ്പ്പത്തലും ഇറച്ചിക്കറിയുമാണൊ? എരിവുള്ള കാരിയപ്പവും ചെമ്മീന്‍ മുളകിട്ടതുമാണൊ?
തലേ ദിവസം അവളുടെ ഫുഡ് ഞങ്ങള്‍ ഒരുമിച്ചിരുന്ന് കഴിച്ചത് മനസ്സീന്ന് പോണില്ല. പത്തല് ചെറിയ കഷ്ണങ്ങളായി മുറിച്ചത് വെളിച്ചെണ്ണയില്‍ സവാള വഴറ്റി വെളുത്തുള്ളി, ഇഞ്ചി പേസ്റ്റും കറിവേപ്പിലയും ചേര്‍ത്ത് ബീഫ് കറിയൊഴിച്ച് വറ്റിച്ച് ചേര്‍ത്ത് ടിഫിന്‍ ബോക്‌സില്‍ നിറച്ചത്…
കുസൃതി അല്‍പം കൂടുതലുള്ള ആണ്‍കുട്ടികള്‍ അവളുടെ ഫുഡ് കട്ടുതിന്നതും അതുകൊണ്ടാണ്. അവിടെ എന്റെ ടിഫിന്‍ ബോക്‌സില്‍ മാത്രമാണ് ചോറുണ്ടാവുക. ഉമ്മ ചോറും ഉപ്പേരിയും കറികളും ഉണ്ടാക്കുന്നത് കാണുമ്പോള്‍ അടുത്ത വീട്ടിലെ ആരിഫത്താ പറയാറുണ്ടായിരുന്നു
”കോഴിക്കോട്ട്കാര്‍ക്ക് എന്ത് ഫുഡ് കഴിച്ചാലും അതിന് മീലെ ഒരു കഞ്ഞി വെള്ളെങ്കിലും കുട്ച്ച്ട്ടില്ലെങ്കില് റാഹത്താവൂലാലേ..”
ചോറ് വാര്‍ത്ത് വെച്ച് സാമ്പാറിനോ മീന്‍ കറിക്കോ പരിപ്പും വെള്ളരിയും വെക്കാനോ ചമ്മന്തിക്കോ തേങ്ങ അരച്ചുകൊണ്ടിരിക്കുന്ന ഉമ്മയും കൂടും അവരുടെ കൂടെ ചിരിക്കാന്‍.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top