കോവിഡാനന്തരം ഏറെ ചർച്ച ചെയ്യപ്പെട്ട കാര്യമാണ് കൂടിവന്ന മൊബൈൽ ഫോൺ ഉപയോഗം. നിയന്ത്രണരീതികളെ കുറിച്ചുള്ള അവബോധന ക്ലാസുകളും മറ്റും നിരന്തരം സംഘടിപ്പിക്കപ്പെട്ടിട്ടും ഒരു മാറ്റവുമില്ലാതെ കൂടിക്കൊണ്ടിരിക്കുന്ന വിപത്ത് തന്നെയാണിത്.
എന്തെങ്കിലുമൊരു കാര്യം ചെയ്യാനോ ഉപയോഗിക്കാനോ ഉള്ള ശാരീരികവും മാനസികവുമായ അമിതമായ ഉൾപ്രേരണയെ അഡിക്‌ഷൻ അഥവാ ആസക്തി എന്ന് വിളിക്കാം. നമുക്ക് ദോഷമാണ് എന്നറിയാമെങ്കിലും ചില വസ്തുക്കളോടും പ്രവർത്തനങ്ങളോടും നാം ആശ്രിതപ്പെട്ടുപോവുകയും നമ്മുടെ ദൈനംദിന ജീവിതത്തെ അവ ബാധിക്കുകയും ചെയ്യുന്നു. ലഹരി ഉപയോഗവും മദ്യപാനവും പുകവലിയും എല്ലാം നാം പണ്ടുമുതലേ അഡിക്‌ഷനുകൾക്ക് ഉദാഹരണങ്ങളായി പറഞ്ഞു വരുന്നവയാണ്. എന്നാൽ ചില വസ്തുക്കൾ അമിതമായി മണക്കുന്നതും അമിതമായി ഷോപ്പിംഗ് ചെയ്യുന്നതും ജോലി ചെയ്യുന്നതും വരെ അഡിക്‌ഷനിൽ ഉൾപ്പെടുത്താം.
നിയന്ത്രിക്കാൻ ഏറെ ബുദ്ധിമുട്ടുള്ളതും നിരവധി ആളുകൾ വഴുതിവീണുകൊണ്ടിരിക്കുന്നതുമായ ഒന്നാണ് അമിതമായ ഫോൺ ഉപയോഗം ഉൾപ്പെട്ടിട്ടുള്ള സ്ക്രീൻ അഡിക്‌ഷനുകൾ. മൊബൈൽ, ടിവി, കമ്പ്യൂട്ടർ തുടങ്ങിയ സ്‌ക്രീനുകളിൽ ഒരു പരിധിയിൽ കവിഞ്ഞ് സമയം ചെലവഴിക്കുമ്പോഴാണ് അത് സ്ക്രീൻ അഡിക്‌ഷൻ ആകുന്നത്. റിമോട്ടിൽ ചാനലുകൾ മാറ്റി മാറ്റി മണിക്കൂറുകളോളം ടിവിക്കു മുന്നിലിരിക്കുന്നവരും ഓൺലൈനായും അല്ലാതെയും മൊബൈൽ ഗെയിമുകളിൽ സമയം ചെലവഴിക്കുന്നവരും ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ വെറുതെ കയറിയിറങ്ങുന്നവരും വരെ സ്‌ക്രീൻ അഡിക്‌ഷന് ഉദാഹരണങ്ങളാണ്.
ഇന്റർനെറ്റ്
ഗെയിം അഡിക്‌ഷൻ
മൊബൈൽ ഫോൺ ൈകയിൽ കിട്ടുന്നതു മുതൽ ഏത് ചെറിയ കുഞ്ഞും വൃദ്ധരും വരെ ഉൾപ്പെടാവുന്ന ഒരു കാര്യമാണ് ഇന്റർനെറ്റ് ഗെയിം അഡിക്‌ഷൻ എന്നത്. വൈവിധ്യമാർന്ന ആരെയും ആകർഷിക്കുന്ന തരത്തിലുള്ള മൊബൈൽ ഗെയിമുകൾ ലഭ്യമായിരിക്കുന്ന ഈ കാലത്ത് നമുക്ക് അറിയാവുന്ന ഒരാളെങ്കിലും ഈ അഡിക്‌ഷനിൽ കുടുങ്ങിക്കിടക്കുന്നവരായിരിക്കും. ഇന്റർനെറ്റ് ഗെയിമിംഗ് അഡിക്‌ഷൻ എങ്ങനെയെല്ലാം നമ്മെ ബാധിക്കുന്നു എന്നു നോക്കാം.
. നെഗറ്റീവ് ആയ ചിന്തകളും വികാരങ്ങളും വളരുന്നതിന് കാരണമാകാം.
. ആത്മാഭിമാനത്തെ ഇല്ലാതാക്കാം.
. മനഃസാക്ഷിക്കൊത്ത് പെരുമാറാൻ പറ്റാതിരിക്കുക.
. എപ്പോഴും വിരസതയെ കുറിച്ച് പരാതി പറയുകയും പുതിയ കാര്യങ്ങൾക്ക് തുടക്കമിട്ടാലും അവ മുഴുവനാക്കാൻ പറ്റാതെ വരികയും ചെയ്യുക.
. ചിന്തിക്കാതെയുള്ള എടുത്തുചാട്ടങ്ങൾ.
. അമിതമായി റിസ്‌ക് എടുക്കാനും അപകടങ്ങളിൽ പെടാനുമുള്ള പ്രവണത.
. അതിയായ ദേഷ്യം.
. ഉത്കണ്ഠയും വിഷാദവും.
സൈബർ സെക്സ്
അഡിക്‌ഷൻ
ലൈംഗിക അതിപ്രസരമുള്ള വിഷയങ്ങൾ സോഷ്യൽ മീഡിയയിലും മറ്റ് ഇന്റർനെറ്റ് ഉറവിടങ്ങളിലും അമിതമായി അന്വേഷിക്കുകയും കാണുകയും ചെയ്യുന്നതിനെയാണ് സൈബർ സെക്സ് അഡിക്‌ഷൻ എന്നു പറയുന്നത്. ഇത് താഴെ പറയുന്ന രീതികളിൽ നമ്മെ ബാധിക്കാം:
. അമിത ലൈംഗികാസക്തി.
. വിഷാദവും കടുത്ത മാനസിക സമ്മർദങ്ങളും.
. കുടുംബബന്ധങ്ങളിലും ഭാര്യാ-ഭർതൃബന്ധങ്ങളിലുമുള്ള തകർച്ച.
. മറ്റു കാര്യങ്ങളിലുള്ള താൽപര്യക്കുറവ്.
. ശരീരത്തെ കുറിച്ചുള്ള അമിതമായ ആശങ്ക.
. വിനാശകരമായ ലൈംഗിക പെരുമാറ്റങ്ങൾ.
സോഷ്യൽ മീഡിയ
അഡിക്‌ഷൻ
സുഹൃത്തുക്കളുമായുള്ള ബന്ധം പുതുക്കാനും ജീവിതത്തിലെ പുതിയ കാര്യങ്ങളെ രേഖപ്പെടുത്തിവെക്കാനും മറ്റുമായാണ് പലരും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. സോഷ്യൽ മീഡിയ ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയുടെ ഉപയോഗം എല്ലാ പ്രായക്കാരിലും ഒരുപോലെ കൂടിവരുന്നുണ്ട്. പ്രധാനമായ നമ്മുടെ ജോലികൾ പോലും മാറ്റിവെച്ച് സോഷ്യൽ മീഡിയയിൽ കറങ്ങിനടക്കുന്നവരാണ് പലരും. ഇത് ഒട്ടനവധി പ്രശ്നങ്ങളിലേക്കാണ് നയിക്കുക.
. അമിതമായ ആശങ്കകളും വിഷാദവും.
. ഉറക്കക്കുറവ്.
. റിലേഷൻഷിപ് പ്രശ്നങ്ങൾ.
. യാഥാർഥ്യത്തിൽ നിന്നു മാറിയുള്ള ജീവിതശൈലികൾ.
. ആത്മാഭിമാനത്തിലുള്ള കുറവ്. മറ്റുള്ളവരുടെ ജീവിതം തങ്ങളെക്കാൾ മികച്ചതാണ് എന്നുള്ള തോന്നൽ.
. ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ വരികയും ചെയ്യേണ്ട കാര്യങ്ങൾ മുഴുവനാക്കാൻ പറ്റാതെ വരികയും ചെയ്യുക.
. ശാരീരിക പ്രവർത്തനങ്ങളിലുള്ള കുറവ്.
. ജോലിയിലും പഠനത്തിലും പിന്നോട്ടുപോകൽ
തുടങ്ങിയവ അവയിൽ ചിലത് മാത്രം.
ഓൺലൈൻ ഷോപ്പിങ്
അഡിക്‌ഷൻ
ഈയിടെയായി കണ്ടുവരുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നമാണിത്. കോവിഡ് കാലത്തോടു കൂടിയാണ് ഇതൊരു അഡിക്‌ഷൻ എന്ന രീതിയിലേക്ക് വളർന്നത്. ഓൺലൈൻ ഷോപ്പിംഗ് ആപ്ലിക്കേഷനുകളിൽ നിരന്തരം കയറിയിറങ്ങുകയും ആവശ്യമുള്ളതും ഇല്ലാത്തതുമായ ഒത്തിരി കാര്യങ്ങൾ വാങ്ങിക്കൂട്ടുകയും ചെയ്യുന്നു. ആശങ്കകളിൽ നിന്നും ഉത്കണ്ഠകളിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗമായി ഇതിനെ കാണുന്നവരും ഏറെയാണ്.
അഡിക്‌ഷനുകളിൽ നിന്ന്
എങ്ങനെ രക്ഷ നേടാം ?
ഒറ്റയടിക്ക് നിർത്താനോ മാറ്റിയെടുക്കാനോ കഴിയുന്ന കാര്യങ്ങളല്ല ഇത്തരത്തിലുള്ള അഡിക്‌ഷനുകൾ. പടിപടിയായി മാറ്റങ്ങൾ കൊണ്ടുവരാനേ സാധിക്കൂ. മൊബൈലും മറ്റു സ്‌ക്രീനുകളും ഡിജിറ്റൽ ഉപകരണങ്ങളും മിതമായി ഉപയോഗിക്കുന്ന രീതിയെ നമുക്ക് ഡിജിറ്റൽ ഡിറ്റോക്‌സ് എന്ന് വിളിക്കാം.
കൃത്യമായ ഒരു ഡിജിറ്റൽ ടൈം നമുക്ക് സെറ്റ് ചെയ്യാം. ആ സമയങ്ങളിൽ മാത്രം ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുക. ഫോൺ ഉപയോഗം അനുചിതമായ സ്ഥലങ്ങളും സമയങ്ങളും തിരിച്ചറിഞ്ഞ് ഒഴിവാക്കുക. മാറ്റിവെക്കാവുന്ന സമയങ്ങളിൽ എല്ലാം ഫോൺ കൈയിൽ നിന്ന് മാറ്റിവെക്കുക. ആരോടെങ്കിലും സംസാരിക്കുന്നതിനിടയിൽ ഇടക്കിടെ ഫോൺ നോക്കാതിരിക്കാൻ ശ്രദ്ധിക്കുക. ചെറുതായി വിരസത തോന്നുമ്പോഴേക്കും ഫോൺ കൈയിൽ എടുക്കുന്ന പതിവുണ്ടെങ്കിൽ അതിൽ നിന്ന് മാറി മറ്റു ഹോബികൾ വളർത്തിയെടുക്കുക.
ഓരോ നോട്ടിഫിക്കേഷനുകൾക്കും ഫോൺ എടുത്തു നോക്കുന്നവരാണ് നമ്മൾ മിക്കവരും. അതിനാൽ ആവശ്യമില്ലാത്ത എല്ലാ നോട്ടിഫിക്കേഷനുകളും ഓഫാക്കിവെക്കാൻ ശ്രദ്ധിക്കുക. ആവശ്യമില്ലാത്തതും ഉപയോഗിക്കാത്തതുമായ ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക. ആവശ്യമില്ലാത്ത ആളുകളെയും പേജുകളെയും അൺഫോളോ ചെയ്യുക. പ്രസക്തിയില്ലാത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് ഒഴിവാകുക.
എല്ലാ ആപ്പുകൾക്കും പ്രത്യേകമായ സമയക്രമീകരണത്തിനായുള്ള സംവിധാനങ്ങൾ ഇന്ന് എല്ലാ ഫോണുകളിലുമുണ്ട്. അവ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുക. സോഷ്യൽ മീഡിയ ഉപയോഗത്തിൽ കൃത്യമായ മര്യാദകൾ പാലിക്കാൻ ശ്രമിക്കുക. വീടുകളിൽ ഡിജിറ്റൽ ഫ്രീ സോണുകൾ ക്രമീകരിക്കുക. കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പവും ചെലവഴിക്കുമ്പോൾ ഫോണും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും മാറ്റിവെക്കുക. രാവിലെ എഴുന്നേറ്റ ഉടനെ ഫോൺ എടുത്തു നോക്കുന്ന ശീലമുണ്ടെങ്കിൽ അവ പാടേ മാറ്റേണ്ടതാണ്. ഉണർന്ന് ഒരു അരമണിക്കൂറിനു ശേഷം എങ്കിലും മാത്രം ഫോൺ എടുക്കുക.
രക്ഷിതാക്കൾ
ശ്രദ്ധിക്കേണ്ടത്
കുട്ടികൾ എന്തു കാണുന്നു എന്നും സോഷ്യൽ മീഡിയയിലൂടെ ഏതെല്ലാം വഴിയിലൂടെ സഞ്ചരിക്കുന്നു എന്നും മാതാപിതാക്കൾ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. കുട്ടികളുടെ മുന്നിൽ നിന്ന് ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം രക്ഷിതാക്കൾ പാടേ കുറക്കുക. അവർക്ക് എപ്പോഴും മാതൃകയാവേണ്ടത് രക്ഷിതാക്കൾ തന്നെയാണ്. മറ്റ് രസകരമായ പ്രവർത്തനങ്ങളിലേക്ക് അവരെ നയിക്കുക.
റീലുകളും ഷോർട്സുകളും കാണുന്നത് നിർത്തലാക്കുക. ഇത്തരം ഷോർട്ട് വീഡിയോകൾ കുട്ടികളുടെ ഏകാഗ്രത കുറക്കാൻ കാരണമാവും. മാത്രമല്ല, എന്താണ് കാണുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ പ്രയാസവുമാണ്. ഓൺലൈനിൽ പാലിക്കേണ്ട മര്യാദകളെ കുറിച്ച് കുട്ടികൾക്ക് അവബോധം ഉണ്ടാക്കുക.
ഇങ്ങനെയെല്ലാം സ്വയം ശ്രമിച്ചിട്ടും നമ്മുടെയും നമ്മുടെ കുട്ടികളുടെയും ഡിജിറ്റൽ ഉപയോഗവും സ്‌ക്രീൻ അഡിക്‌ഷനും മാറ്റിയെടുക്കാൻ പറ്റുന്നില്ലെങ്കിൽ തീർച്ചയായും വിദഗ്ധ ചികിത്സ തേടേണ്ടതുണ്ട്. ചികിത്സ എടുക്കാൻ മാത്രം പ്രശ്നമുള്ളതാണോ ഇത്തരം കാര്യങ്ങൾ എന്ന് ചിന്തിക്കേണ്ടതില്ല. കൃത്യമായ മാർഗനിർദേശങ്ങളിലൂടെ ഈ പ്രശ്നത്തെ ദൂരീകരിക്കാൻ മാനസികാരോഗ്യ വിദഗ്ധർ നിങ്ങളെ സഹായിക്കും.
.