LoginRegister

നന്മയുടെ കഥകള്‍; സ്നേഹത്തിന്റെയും

നജ്‌ന പടിക്കമണ്ണില്‍

Feed Back


കുട്ടികളില്‍ ഫലവത്തായി ഇടപെടുന്ന, കുട്ടികള്‍ക്കുവേണ്ടി എഴുതിയ പത്ത് കഥകളുടെ സമാഹാരമാണ് റഷീദ് പരപ്പനങ്ങാടിയുടെ ‘കാണാതെ പോയ സര്‍ക്കസ്’. പൂമരം ബുക്സ് പ്രസിദ്ധീകരിച്ച ഈ കൃതിയുടെ കവര്‍ രൂപകല്‍പന കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ ആകര്‍ഷിക്കുന്നതാണ്.
‘വിശപ്പും കണ്ണീരും’ എന്ന കഥ വിശപ്പിന്റെ വേദനയെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം നന്മയുള്ള മനസ്സു കൂടി കാണിച്ചുതരുന്നു. ‘നാളേക്കുവേണ്ടി’ എന്ന കഥയിലെ ബിച്ചീവി എല്ലാവര്‍ക്കും ‘വല്യമ്മായി’യാണ്. താന്‍ കഴിച്ച മാങ്ങയുടെ അണ്ടി കുഴിച്ചിടുന്നതിന്, ‘ഇക്കണ്ട മാവൊക്കെ ഞമ്മള് കുഴിച്ചിട്ടതല്ലല്ലോ മോനേ…’ എന്ന ബിച്ചീവിയുടെ ന്യായം തന്നയാണ് കഥയിലെ പ്രമേയം. ആലി എന്ന കുട്ടി നേരിടുന്ന അപമാനത്തിന്റെയും സങ്കടത്തിന്റെയും കഥയാണ് ‘മന്തനാലി’.
‘ഉണ്ണിയപ്പം’ എന്ന കഥ കൊതിയോടെയാണ് വായിച്ചത്. ഉണ്ണിയപ്പം കഴിക്കുക എന്നത് ദരിദ്രജീവിത പശ്ചാത്തലത്തില്‍ നിന്നുള്ള രമേശന്റെ വലിയ സ്വപ്‌നമായി മാറുന്നുണ്ട്. ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും നിസ്സഹായത കുട്ടികളെ ബോധ്യപ്പെടുത്താനും അതുവഴി സഹാനുഭൂതി വളര്‍ത്താനും ഈ കഥ ഉപകരിക്കും.
‘കുഞ്ഞബ്ദു’ എന്ന കഥ മാതൃസ്‌നേഹത്തിന്റെ കഥ കൂടിയാണ്. ചെറുപ്പത്തില്‍ ചെയ്യുന്ന തെറ്റുകള്‍ കുറ്റബോധമായി മാറുമ്പോഴും പശ്ചാത്താപമായി നന്മകള്‍ ചെയ്യുന്ന കുഞ്ഞബ്ദു മനസ്സില്‍ നിന്ന് മായില്ല.
‘മൊയ്ല്യാരും ഡാക്ട്ടരും’ എന്ന കഥ അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം കൂടിയാണ്.
‘കവുങ്ങിന്‍ പട്ട’ എന്ന കഥ കണ്ടതെല്ലാം അതുപോലെ വിശ്വസിക്കരുതെന്നും എല്ലാ കാഴ്ചകളും സത്യമായിക്കൊള്ളണമെന്നില്ലെന്നും ചിലവ് വെറും തോന്നലുകളായേക്കാമെന്നും ബോധ്യപ്പെടുത്തുന്നു.
‘കാണാതെ പോയ സര്‍ക്കസ്’ എന്ന കഥ കുഞ്ഞുമനസ്സിന്റെ സ്വപ്‌നങ്ങളെയും സങ്കടങ്ങളെയും കാണിക്കുന്നു. ഏറെ മോഹിച്ചിട്ടും സര്‍ക്കസ് കാണാനാവാതെ പോയ കുട്ടിയുടെ സങ്കടം വായനക്കാരന്റേതുമാവുന്നുണ്ട്.
‘നന്മയുടെ കൈത്താങ്’ എന്ന കഥ അധ്യാപകനും കുട്ടികളും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ കഥയാണ്. കൊച്ചു കൈകളുടെ കുഞ്ഞു സഹായങ്ങള്‍ക്ക് വിധിയെ മാറ്റിമറിക്കാനാവുമെന്ന സന്ദേശം കുട്ടികളില്‍ സഹായ മനസ്ഥിതി വളര്‍ത്തും.
ഈ കഥകളില്‍ നിന്ന് കുട്ടികള്‍ക്കു പഠിക്കാനുള്ള ഒത്തിരി കാര്യങ്ങളുണ്ട്. പല മൂല്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഈ പത്തുകഥകളും കൂട്ടികളെ വളര്‍ന്നു വലുതാവാനുള്ള വഴികള്‍ ഓതിക്കൊടുക്കും. വ്യക്തിത്വത്തിന്റെ ഭാഗമാക്കി മാറ്റേണ്ട നന്മയുടെ പ്രകാശം ഈ കഥകളെ സാരവത്താക്കുന്നു.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top