LoginRegister

തിരുത്താം; സ്‌നേഹപൂര്‍വം

സി കെ റജീഷ്‌

Feed Back


എബ്രഹാം ലിങ്കണ്‍ അന്ത്യശ്വാസം വലിക്കുമ്പോള്‍ വാര്‍സ്റ്റാന്റിന്റെ സെക്രട്ടറി പറഞ്ഞു: ”ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും പൂര്‍ണനായ ഭരണാധികാരി അതാ കിടക്കുന്നു…”
ജനങ്ങളുമായി ഇടപെട്ട് വിജയം കൈവരിച്ചതിനു പിന്നില്‍ എന്ത് രഹസ്യമായിരുന്നു ലിങ്കണ് ഉണ്ടായിരുന്നത്? പത്തു വര്‍ഷത്തോളം എബ്രഹാം ലിങ്കണിന്റെ ജീവിതം പഠിച്ച ഡേല്‍ കാര്‍ണഗിയുടെ പുസ്തകത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് പറയുന്നുണ്ട്.
ആളുകളെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുക എന്നത് ലിങ്കണിന്റെ പതിവ് രീതിയായിരുന്നു. അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് ആളുകളെ വിമര്‍ശിച്ചും അവരെ കണക്കിന് കളിയാക്കിയും അദ്ദേഹം കത്തുകളും കവിതകളും എഴുതി വഴിയോരങ്ങളില്‍ വിതറുമായിരുന്നു. അത്തരത്തിലുള്ള ഒരു കത്ത് അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവന്‍ നീണ്ടുനിന്ന എതിര്‍പ്പും ഉയര്‍ത്തിവിട്ടു. തന്റെ എതിരാളികളെ പരിഹസിച്ച് കത്തുകളെഴുതുകയും അത് പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുമായിരുന്നു. തങ്ങള്‍ക്ക് അപമാനം വരുത്തിവെക്കുന്ന ലിങ്കന്റെ ഈ ചെയ്തി നിര്‍ത്തണമെന്ന് എതിരാളികളും ഉറപ്പിച്ചു. ആയുധമെടുത്ത് ലിങ്കനോട് എതിരിടാന്‍ അവര്‍ സജ്ജരായി. ഒടുവില്‍ പലരും ഇടപെട്ടാണ് ഒരു യുദ്ധസാഹചര്യം ഇല്ലാതായത്.
ആളുകളുമായി ഇടപെടുമ്പോള്‍ ശൈലിയില്‍ അല്‍പം മാറ്റം അനിവാര്യമാണെന്ന് ലിങ്കണ്‍ തിരിച്ചറിഞ്ഞു. ആളുകളെ വിമര്‍ശിച്ചും പരിഹസിച്ചും കത്തുകള്‍ എഴുതുന്ന രീതി അദ്ദേഹം ഉപേക്ഷിച്ചു. അപമാനിക്കാനും കുറ്റപ്പെടുത്താനും അദ്ദേഹം പിന്നീട് ഒരിക്കലും ശ്രമിച്ചില്ല. വിമര്‍ശിക്കപ്പെടുന്നത് ആരും ഇഷ്ടപ്പെടുന്നില്ല. ആളുകളുടെ മുമ്പില്‍ അപമാനിതനാവുമ്പോള്‍ ആരുടെയും മനസ്സ് വേദനിക്കും എന്ന് തിരിച്ചറിഞ്ഞതോടെ എബ്രഹാം ലിങ്കണ്‍ ആ ശൈലി ഉപേക്ഷിച്ചു.
നാം ഇടപഴകുന്നത് യുക്തിചിന്ത മാത്രമുള്ള ജീവജാലങ്ങളുമായിട്ടല്ല. വൈകാരികതയും മുന്‍വിധികളും നിറഞ്ഞ മനസ്സുള്ള മനുഷ്യരുമായാണ്. അഹങ്കാരം, അഭിമാനം എന്നിവയാല്‍ നയിക്കപ്പെടുന്നവനാണ് മനുഷ്യന്‍. അതുകൊണ്ടുതന്നെ ആളുകളെ പഴിക്കുന്നതിനു പകരം അവരെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അത് ബന്ധത്തെ കൂടുതല്‍ ഊഷ്മളമാക്കും. കുറ്റപ്പെടുത്തല്‍ ഒരാളെ പ്രതിരോധത്തിലാക്കും. സ്വന്തത്തെ ന്യായീകരിക്കാനുള്ള പ്രവണത അത് ഉണ്ടാക്കും. ഓരോരുത്തരും അമൂല്യമായി കാണുന്ന അഭിമാനബോധത്തെ അത് വ്രണപ്പെടുത്തുന്നു. വിമര്‍ശനമൊരിക്കലും സ്ഥായിയായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നില്ല. അത് വെറുപ്പിനെ ഉണര്‍ത്തുന്നു.
ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിലെ ഗുണകാംക്ഷ വായിച്ചെടുക്കാനും നമുക്കു കഴിയണം. വിമര്‍ശനം ഉന്നയിക്കുമ്പോഴും ഗുണകാംക്ഷയിലൂന്നിയ ശൈലി സ്വീകരിക്കുകയെന്നതാണ് പ്രധാനം. മുഹമ്മദ് നബിയുടെ മാതൃക ഇക്കാര്യത്തിലുമുണ്ട്. അദ്ദേഹം ഒരാളുടെയും അഭിമാനം ക്ഷതപ്പെടുത്തുന്ന വിധത്തില്‍ വിമര്‍ശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഗുണകാംക്ഷാപരമായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകളെല്ലാം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top