LoginRegister

ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങളും കുടുംബ സംവിധാനവും

Feed Back

ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും വിദ്യാലയങ്ങളിലടക്കം അതു നടപ്പാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ശ്രമം നടക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ആ ആശയം സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനത്തിനുള്ള പരിഹാരമാണോ, അത് കുടുംബ-സാമൂഹിക ജീവിതത്തെ ദോഷകരമായി ബാധിക്കുമോ തുടങ്ങിയവ ചര്‍ച്ച ചെയ്യുകയാണ് അഡ്വ. ഫാത്തിമ തഹ്‌ലിയയും ഡോ. ആബിദ ഫാറൂഖിയും സി ടി ആയിശയും.

ലിംഗവിവേചനത്തിനാണ്
പരിഹാരം വേണ്ടത്

അഡ്വ. ഫാത്തിമ തഹ്‌ലിയ

കേരള വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കരട് നിര്‍ദേശങ്ങള്‍ ഈ നാട്ടിലുള്ള മുഴുവന്‍ ആളുകളെയും അഭിസംബോധന ചെയ്യുന്നതാണ്. അടിത്തട്ടിലുള്ള സാധാരണക്കാരായ മനുഷ്യനോടും സംവദിക്കാന്‍ പറ്റുന്ന ഭാഷയിലാവണം ഇത്തരത്തിലുള്ള കരടുകള്‍ പുറപ്പെടുവിക്കേണ്ടത്. ഇത്തവണ സര്‍ക്കാര്‍ പുറപ്പെടുവിച്ച കരടില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി, ജെന്‍ജര്‍ സ്പെക്ട്രം, ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി തുടങ്ങിയ വാക്കുകള്‍ കാണാനിടയായി. ഇതെന്താണെന്നത് സാധാരണക്കാര്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. ഈ വാക്കുകളൊന്നും ആളുകള്‍ക്ക് പരിചിതമല്ല. മാത്രവുമല്ല, ആഗോളതലത്തില്‍ തന്നെ ഇത്തരത്തിലുള്ള ആശയങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങളും വ്യത്യസ്ത രൂപത്തിലുള്ള ആഖ്യാനങ്ങളും നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുമുണ്ട്.
ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ‘ജെന്‍ഡര്‍ ന്യൂട്രാലിറ്റി’ എന്നതും ‘ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍’ എന്നതും വ്യത്യസ്ത ആശയങ്ങളാണ്. ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് നിങ്ങളെ, നിങ്ങളുടെ സ്വത്വത്തെ സെന്‍സര്‍ ചെയ്യപ്പെടാതെ, ഒഴിവാക്കപ്പെടാതെ, മറ്റൊരാളായി വ്യാഖ്യാനിക്കപ്പെടാതെ, നിങ്ങള്‍ക്ക് നിങ്ങളായിത്തന്നെ നിലനില്‍ക്കാന്‍ പറ്റുക എന്നതാണ്. ഈ അര്‍ഥത്തിലാണോ സര്‍ക്കാര്‍ അവരുടെ നയപരിപാടികള്‍ മുന്നോട്ടുവെക്കുന്നത് എന്ന വ്യക്തത കരടില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. കാരണം ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന ആശയം കൂടി അതേപടി സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്വീകരിക്കുന്നുണ്ട്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നു പറയുമ്പോള്‍ നിങ്ങളുടെ ജെന്‍ഡര്‍ ഏതാണെന്ന് വെളിപ്പെടുത്താതെ നിങ്ങളെ വെറും ഇന്‍ഡിവിജ്വല്‍, വ്യക്തി എന്ന രൂപത്തില്‍ പരിഗണിക്കുന്നു എന്നാണ് അര്‍ഥമാക്കുന്നത്. അങ്ങനെ വരുമ്പോള്‍ ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്ന കാര്യങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.
ജെന്‍ഡര്‍ ന്യൂട്രാലിറ്റി പ്രഖ്യാപനത്തിലൂടെ ഒരു സ്ഥാപനത്തെ മറ്റൊരു തരത്തിലുള്ള പ്രശ്നത്തിലേക്കാണ് സര്‍ക്കാര്‍ തള്ളിവിടുന്നത്. യഥാര്‍ഥ പ്രശ്നങ്ങളെയൊന്നും അഭിസംബോധന ചെയ്യാതെ മുകള്‍പ്പരപ്പില്‍ തങ്ങള്‍ സമത്വസിദ്ധാന്തത്തിന്റെ ആളുകളാണ് എന്നു പറയുന്നു. അപ്പോഴും ആഴങ്ങളിലുള്ള പ്രശ്‌നങ്ങള്‍ മറച്ചുവെക്കപ്പെടുകയോ അരികുവത്കരിക്കപ്പെടുകയോ ചെയ്യുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം.
പല അന്തര്‍ദേശീയ പഠനങ്ങളും സൂചിപ്പിക്കുന്നത് ജെന്‍ഡര്‍ ന്യൂട്രലായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് നേരിട്ടിട്ടുള്ള വിവേചനവും അവരെ നിശ്ശബ്ദരാക്കാനുള്ള നടപടികളും അവരെ സമ്മര്‍ദത്തിനു വിധേയമാക്കലും പല തീരുമാനങ്ങളില്‍ നിന്നും അവരെ പിന്നോട്ടു നടത്താനുള്ള ശ്രമങ്ങളും ഒക്കെ നടക്കുന്നുണ്ട് എന്നതാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നത് ഒരു സ്ഥാപനത്തിന് അവരുടെ ഉത്തരവാദിത്തത്തില്‍ നിന്ന് കൈ കഴുകാനുള്ള നടപടിയായിട്ടുകൂടി കാണാവുന്നതാണ്.
ലിംഗനീതിയാണ് നമ്മുടെ അടിസ്ഥാന ലക്ഷ്യം. ലിംഗവിവേചനമില്ലാതെ ഒാരോ വ്യക്തിക്കും അവരുടെ അവകാശങ്ങളും അവരുടെ ഉത്തരവാദിത്തങ്ങളും അവര്‍ക്കുള്ള അവസരങ്ങളും ലഭ്യമാകണം. അതിനുവേണ്ടിയുള്ള നടപടികളും നിയമങ്ങളുമാണ് സര്‍ക്കാര്‍ രൂപീകരിക്കേണ്ടത്.
തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇപ്പോഴും ലിംഗവിവേചനം വ്യാപകമായി പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും നടക്കുന്നുണ്ട്്. പല വീടുകളിലും കുടുംബാന്തരീക്ഷങ്ങളിലും ലിംഗവിവേചനം തുടരുന്നുണ്ട്. അപ്പോഴാണ് ഇത്തരത്തിലുള്ള പ്രഖ്യാപനം നടക്കുന്നത്.
പാശ്ചാത്യ നാടുകളില്‍ ‘ലിംഗനിഷ്പക്ഷത’യെ എഴുതിത്തള്ളാന്‍ തുടങ്ങിയിരിക്കുന്നു എന്ന കാര്യം സര്‍ക്കാര്‍ അറിഞ്ഞിട്ടില്ല. ലിംഗനിഷ്പക്ഷത എന്ന വാക്കു തന്നെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സ്വീഡന്‍ പോലുള്ള രാജ്യങ്ങളില്‍ അവിടെയുള്ള കമ്പനികളില്‍ നിന്ന് സൂചിപ്പിക്കുന്ന പഠനങ്ങള്‍ പറയുന്നത്, കുത്തക കമ്പനികള്‍ക്ക് എളുപ്പത്തില്‍ അവരുടെ ഭരണകാര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകാനുള്ള ആശയമായാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ കാണുന്നത് എന്നാണ്. നിരന്തരമായ ലിംഗവിവേചനം, ലിംഗവ്യത്യാസം തുടങ്ങിയ വാക്കുകളുമായി ഏറ്റുമുട്ടേണ്ടിവരുന്ന ഇത്തരത്തിലുള്ള കമ്പനികള്‍ക്ക് അവരുടെ ഈ തടസ്സം ഒഴിവാക്കാനുള്ള പ്രഖ്യാപനമാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി. അങ്ങനെ പ്രഖ്യാപിക്കുമ്പോഴും അവിടെയുള്ള അസന്തുലിതാവസ്ഥയും ലിംഗവിവേചനവും ഇല്ലാതാകുന്നില്ല. അപ്പോഴും സ്ത്രീകള്‍ തുല്യരല്ല, അടിച്ചമര്‍ത്തപ്പെടുന്നുമുണ്ട്. അവരുടെ ആശയങ്ങള്‍ വേണ്ട രൂപത്തില്‍ മുകള്‍ത്തട്ടിലേക്കോ അല്ലെങ്കില്‍ സംവേദനത്തിലൂടെ മറ്റുള്ളവരിലേക്കോ എത്തിക്കാന്‍ കഴിയുന്നില്ല എന്നൊക്കെ പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.
ലിംഗവിവേചനമില്ലാത്ത ഇരിപ്പിടങ്ങള്‍ എന്നു പറയുന്നതിലൂടെ മറ്റൊരു കാര്യം കൂടി നമ്മള്‍ സംശയിക്കേണ്ടതുണ്ട്. അത് ബെഞ്ചും ഡെസ്‌കും എന്ന രീതിയില്‍ കുട്ടികളെ ക്ലാസ്മുറിയില്‍ ഇരുത്തുക എന്നതാണോ? മറിച്ച്, കസേരയും മേശയും വാങ്ങി നല്‍കി ഓരോ കുട്ടികള്‍ക്കും അവരുടെ ഇരിപ്പിടങ്ങളും അതിനു വേണ്ടിയുള്ള സൗകര്യങ്ങളും ഉറപ്പുവരുത്തുക എന്നതാണോ? ബെഞ്ചും ഡെസ്‌കും മാറ്റി മേശയും കസേരയുമാക്കുന്ന രീതിയെക്കുറിച്ച് കരടില്‍ വ്യക്തതയില്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത് കാലാകാലങ്ങളായി നമ്മുടെ ക്ലാസ്മുറികളിലുള്ള ബെഞ്ചും ഡെസ്‌കുമായിരിക്കുമെന്നും അതിലേക്ക് നിങ്ങളെ ലിംഗഭേദമെന്യേ ഇരുത്തി പഠിപ്പിക്കുക എന്ന ആശയമായിരിക്കും. അതുകൊണ്ട് ആ രീതി ആശാസ്യമല്ല എന്നതാണ് എന്റെ അഭിപ്രായം. ഓരോ കുട്ടിക്കും അവരുടെ അന്തസ്സിനു ചേര്‍ന്ന, അവരുടെ സ്വയംഭരണവും സമഗ്രതയും ഉറപ്പുവരുത്തുന്ന രൂപത്തില്‍ ക്ലാസ്മുറികളില്‍ ഇരിക്കാനും യൂനിഫോം ധരിക്കാനുമുള്ള അവകാശങ്ങളെയാണ് സര്‍ക്കാര്‍ വകവെച്ചു നല്‍കേണ്ടത്.
അല്ലാതെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ റദ്ദ് ചെയ്യലോ പരിമിതപ്പെടുത്തലോ അല്ല ചെയ്യേണ്ടത്. ഒരു വസ്ത്രത്തിന്റെ എല്ലാ ഘടകങ്ങളും ധരിക്കാനുള്ള അനുവാദമാണ് ജനാധിപത്യത്തില്‍ വസ്ത്രധാരണത്തിലുള്ളത്. ആ രൂപത്തില്‍ യൂനിഫോം സൗകര്യത്തിന് മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന് സാധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഏതൊരു സ്വത്വത്തെയും ഇല്ലാതാക്കി പൊതുസ്വത്വം എന്ന ഏകീകരണ രൂപത്തെ മാനദണ്ഡമാക്കിയാല്‍ അത് ഇവിടെയുള്ള വൈവിധ്യത്തെയാണ് ഇല്ലാതാക്കുന്നത്. ഇവിടെയുള്ള ന്യൂനപക്ഷ വിഭാഗത്തെയാണ് അരികുവത്കരിക്കുന്നത്.
അതുകൊണ്ട് പാഠ്യപദ്ധതിയില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ പദ്ധതി കൊണ്ടുവരുകയും അതിനെ ഉപ്പുപോലെ ലയിപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്യുന്നത് ദൂരവ്യാപകമായ അപകടമാണ് കുട്ടികളില്‍ സൃഷ്ടിക്കാന്‍ പോകുന്നത്.
ലിംഗനീതിയും സാമൂഹികനീതിയും നടപ്പാക്കാന്‍ വേണ്ടി നമ്മുടെ ഭരണഘടന മുന്നോട്ടുവെച്ച വാക്ക് പോസിറ്റീവ് ഡിസ്‌ക്രിമിനേഷനാണ്. നിങ്ങളെ വ്യത്യസ്തമായി തന്നെ പരിഗണിക്കുക എന്നതാണ്. ഈ രൂപത്തില്‍ നാം നമ്മുടെ രാജ്യത്തിന്റെ നിയമങ്ങളെപ്പോലും അഡ്രസ് ചെയ്യുമ്പോള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നതിനപ്പുറത്ത് ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്റെ പദ്ധതികളെയാണ് നമ്മള്‍ കാണുന്നത്. ആ രൂപത്തിലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെ നമ്മുടെ പാഠ്യപദ്ധതിയെയും സ്‌കൂള്‍ അങ്കണങ്ങളെയും മാറ്റാനുള്ള ശ്രമങ്ങളും നടത്തേണ്ടതുണ്ട്. അതിലൂടെ ലിംഗനീതി ഉറപ്പുവരുത്താന്‍ സാധിക്കേണ്ടതുണ്ട്. ആ നീക്കത്തിനു വിരുദ്ധമാണ് ഇപ്പോള്‍ ഈ പറയുന്ന ജെന്‍ഡര്‍ നിഷ്പക്ഷത എന്ന സിദ്ധാന്തം.
ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് പറയുമ്പോഴും ഓരോ ജെന്‍ഡറിലുള്ള വ്യക്തികളുടെ ചുറ്റുപാട് അവിടെത്തന്നെ നില്‍ക്കുന്നുണ്ട്. ആ ചുറ്റുപാടിനെ ഇല്ലാതാക്കാന്‍ ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ക്ക് സാധിക്കുന്നില്ല എന്നതാണ് ഈ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ ഒന്നാമത്തെ അപകടവും തോല്‍വിയും.
ലൈംഗികത എന്നത് ഒരു പദവി കൂടിയാണ്. സ്ത്രീകളോടുള്ള വിവേചനത്തിന്റെ പ്രധാനപ്പെട്ട ഒരു കാരണം സമൂഹത്തില്‍ പുരുഷന്മാരാണ് ഉന്നതര്‍ എന്ന് കണക്കാക്കുന്നതാണ്. എത്ര കാലത്തോളം നമ്മള്‍ അത്തരത്തിലുള്ള ചിന്താഗതിയുമായി നടക്കുന്നുവോ അന്നുവരെ ഇത്തരത്തിലുള്ള വിവേചനങ്ങള്‍ ദൃശ്യമായിരിക്കും എന്ന് നാം മനസ്സിലാക്കേണ്ടതാണ്. അവിടെയാണ് ലിംഗ നിഷ്പക്ഷതയുടെ ആശയം കടന്നുവരുന്നത്. അങ്ങനെ നിഷ്പക്ഷത കൊണ്ടുവരുന്നതിലൂടെ അരികുവത്കരിക്കുകയാണ് യഥാര്‍ഥത്തില്‍ നടക്കുന്നത്.
പാശ്ചാത്യ നാടുകളിലെ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ അടിസ്ഥാന സൗകര്യങ്ങളുടെ ചെലവ് ചുരുക്കാനുള്ള മറയായിട്ടുകൂടി ഉപയോഗിക്കുന്നുണ്ടോ എന്ന പഠനങ്ങളും നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. അതുകൊണ്ട് ഈ ഒരു ആശയത്തിന് കൃത്യമായ ക്യാപിറ്റലിസ്റ്റ് അജണ്ടയുണ്ട്. ആ അജണ്ട തിരിച്ചറിയാതെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഈ നയത്തെ ഉള്‍ക്കൊള്ളുകയും നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്. .

സ്ത്രീ പരിരക്ഷയെ
കുറിച്ച്
ആശങ്കയുണ്ട്

ഡോ. ആബിദ ഫാറൂഖി

ലിംഗസമത്വവും ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ പോകുന്നത് ഒട്ടും ഭൂഷണമല്ല. സ്ത്രീകള്‍ ഗാര്‍ഹിക ഇടങ്ങളില്‍ നിന്ന് പൊതു ഇടങ്ങളിലേക്ക് ഇറങ്ങിവന്നതോടെ അവരുടെ ഉത്തരവാദിത്തങ്ങള്‍ പതിന്മടങ്ങ് വര്‍ധിച്ചു. അതേസമയം പുരുഷന്റെ സാന്നിധ്യം ഗാര്‍ഹിക ഇടങ്ങളില്‍ ഉറപ്പുവരുത്താനായതുമില്ല. ഇത്തരം അസന്തുലിതാവസ്ഥ സമൂഹത്തില്‍ നിലനില്‍ക്കുമ്പോള്‍ അതിനെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. ലിംഗസമത്വവും നീതിയും കാലത്തിന്റെ അനിവാര്യതയാണ്. അത് സ്ത്രീയായാലും പുരുഷനായാലും ട്രാന്‍സ്ജെന്‍ഡര്‍ ആയാലും. എന്നാല്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പദം എടുത്തുനോക്കുകയാണെങ്കില്‍ ജെന്‍ഡറിനെ ന്യൂട്രലൈസ് ചെയ്യാന്‍ അല്ലെങ്കില്‍ നിര്‍വീര്യമാക്കാന്‍ പറ്റുമോ എന്ന വലിയൊരു ചോദ്യമുണ്ട്. ജെന്‍ഡര്‍ വെളിവാക്കുന്ന യാതൊരുവിധ കാര്യവും അത് വേഷമായാലും ഭാഷയായാലും ചിഹ്നങ്ങളായാലും മറ്റു പ്രകടനങ്ങളായാലും അതൊന്നും പാടില്ലെന്നും അതെല്ലാം വിവേചനപരമാണെന്നും പറയുമ്പോള്‍ അത് പ്രശ്നവത്കരിക്കേണ്ടതുണ്ട്. ചെയര്‍മാന്‍ എന്ന പദം നേതൃപദവിയിലുള്ളൊരു വ്യക്തിയെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുമ്പോള്‍ ആ പദത്തില്‍ തന്നെ ഒരു സ്ത്രീയില്ല എന്നും, കുറച്ചുകൂടി ജെന്‍ഡര്‍ ന്യൂട്രലായിട്ടുള്ള പദമായി ചെയര്‍പേഴ്സണ്‍ എന്നാണ് ഉപയോഗിക്കേണ്ടതെന്നും പറയുമ്പോള്‍ അത് സ്വാഗതാര്‍ഹം തന്നെയാണ്. എന്നാല്‍, ലിംഗവ്യത്യാസങ്ങളേയില്ല എന്നും ലിംഗം എന്നത് ചോയ്സാണ് എന്നും, ലിംഗവ്യത്യാസങ്ങളെക്കുറിച്ച് പറയാനോ പ്രകടിപ്പിക്കാനോ ഒന്നും പാടില്ലെന്നും പറയുന്ന രീതിയാണ് ഇന്ന് കാണുന്നത്.
ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഉട്ടോപ്യനാവുന്നത് എവിടെയാണെന്നുവെച്ചാല്‍, ലിംഗം എന്നാല്‍ അത് വെറുമൊരു സാമൂഹിക നിര്‍മിതിയാണെന്ന വാദമാണ്. ജൈവികമായ സവിശേഷതകള്‍ അല്ലെങ്കില്‍ പ്രത്യേകതകളെയെല്ലാം മാറ്റിനിര്‍ത്തി, ഇല്ല എന്ന് നടിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കുമോ എന്ന ചോദ്യം, സാങ്കേതികവിദ്യയുടെ പുരോഗതിയിലൂടെ ലിംഗവ്യത്യാസങ്ങളെ അതിജീവിച്ച് ലിംഗഭേദങ്ങള്‍ക്ക് അതീതമായ ഒരു ലോകം സാധ്യമാകുമെന്നത് മിഥ്യാധാരണയാണ്. ഒരു വ്യക്തിയെന്ന നിലയ്ക്ക് ജെന്‍ഡര്‍ ജസ്റ്റിസിനെ സ്വാഗതം ചെയ്യുന്നു. തൊഴിലിടങ്ങളില്‍ തുല്യവേതനം വേണം, ലിംഗവിവേചനപരമായ ഭാഷാപ്രയോഗങ്ങള്‍ ഒഴിവാക്കണം- ഇതിലൊക്കെ വിശ്വസിക്കുന്നു. അതേസമയം, ജൈവികമായ ധര്‍മങ്ങള്‍ നിറവേറ്റുന്ന സ്ത്രീക്ക് വര്‍ക്കിങ് സ്പേസിലേക്ക് വരുമ്പോള്‍ അവള്‍ക്ക് കിട്ടേണ്ട പ്രത്യേക പരിഗണന കിട്ടേണ്ടതുണ്ട്. ന്യൂട്രാലിറ്റി നടിക്കുമ്പോള്‍ ഏറ്റവും വലിയ നഷ്ടം സ്ത്രീക്കു തന്നെയാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ ഇടങ്ങളില്‍ സ്ത്രീപരിരക്ഷയും സ്ത്രീസുരക്ഷയും എന്താവും എന്ന ആശങ്കയുണ്ട്. ലൈംഗിക അതിക്രമങ്ങള്‍ക്ക് പരിരക്ഷയുണ്ടാകുമോ, സ്ത്രീസഹജമായ മെറ്റേണിറ്റി ലീവ് പോലുള്ള വിഷയങ്ങളില്‍ പ്രത്യേക പരിഗണന കിട്ടുമോ എന്നതെല്ലാം വളരെ അവ്യക്തമാണ്. ലിംഗസമത്വം എന്നാല്‍ എല്ലാവരും ഒരേ ടോയ്ലെറ്റ് ഉപയോഗിക്കുക, പുരുഷന്റെ വേഷം അപ്പടി സ്വീകരിക്കുക എന്നൊക്കെയാണെന്നും, സ്ത്രീശാക്തീകരണം എന്നാല്‍ ഇടകലര്‍ന്നിരിക്കലാണ് എന്നൊക്കെ പറയുമ്പോള്‍ ലിംഗഭേദങ്ങള്‍ക്ക് അതീതമായ ലോകം ഉണ്ടാകുമെന്ന വിശ്വാസം യാഥാര്‍ഥ്യങ്ങളോട് കണ്ണടച്ചുള്ള വിഡ്ഢികളുടെ സ്വര്‍ഗരാജ്യമാണ് എന്നേ പറയാന്‍ പറ്റൂ.
സ്‌കൂള്‍തലങ്ങളില്‍ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടത് മറ്റൊരു ജെന്‍ഡറിനെ എങ്ങനെ അംഗീകരിക്കാം, അല്ലെങ്കില്‍ എങ്ങനെ ഉള്‍ക്കൊള്ളാം എന്നാണ്. .

കുടുംബ സംവിധാനം
തകരും

സി ടി ആയിശ

ഇന്ന് ഏറ്റവും കൂടുതല്‍ കേള്‍ക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന കാര്യമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന ആശയം. ലിംഗഭേദം യാഥാര്‍ഥ്യമായിരിക്കെ, ഭേദമില്ലാതെ എങ്ങനെ കൊണ്ടുപോകാനാകും? ജെന്‍ഡര്‍ ന്യൂട്രലാക്കാനുള്ള പരിശ്രമം സമൂഹത്തിലുണ്ടാക്കുന്നത് പ്രശ്നങ്ങളായിരിക്കും. എല്ലാ അര്‍ഥത്തിലും രണ്ടായിരിക്കുന്നതിനെ ഒന്നാക്കാനുള്ള ശ്രമമുണ്ടാകുമ്പോള്‍ അതിലെ നിരര്‍ഥകതയും ദീര്‍ഘവീക്ഷണമില്ലായ്മയുമാണ് മുഴച്ചുനില്‍ക്കുന്നത്. ഒരേ ജെന്‍ഡറിലുള്ളവരുടെയും ഒരേ പ്രായത്തിലുള്ളവരുടെയും കൂട്ടായ്മയല്ല കുടുംബം. വ്യത്യസ്ത ശാരീരിക ഘടനയും മാനസിക വ്യാപാരങ്ങളുമുള്ളവരുടെ കൂടിച്ചേരലാണത്.
ഒരു മാതാവിന്റെ, അല്ലെങ്കില്‍ അവിടെയുള്ള സ്ത്രീയുടെ പ്രശ്നങ്ങളും വേദനകളും പരിഹരിക്കുന്നത് അവരെ പുരുഷനോട് സമപ്പെടുത്തിയല്ല. വ്യത്യസ്തതയുള്ള രണ്ടു പേര്‍ ജീവിതത്തില്‍ ആവശ്യമുള്ളതുകൊണ്ടാണ് അതുപോലെ സൃഷ്ടിക്കപ്പെടുന്നത്. അപ്പോള്‍ അവിടെ നീതി കൊണ്ടുവരാതെ രണ്ടും ഒന്നാണെന്ന സമത്വം കൊണ്ടുവരാനുള്ള ശ്രമം നടക്കുമ്പോള്‍ അവിടെ മാതാവില്ല, പെങ്ങളും പെണ്‍കുഞ്ഞുമില്ല, ഭാര്യയില്ല, മകളില്ല. എല്ലാം പുരുഷതുല്യം. പെണ്‍ശരീരത്തിനു മേല്‍ ആണ്‍വസ്ത്രങ്ങളും ആണ്‍മനസ്സുകളും ശീലങ്ങളും അടിച്ചേല്‍പിക്കുമ്പോള്‍ അതാണ് സ്ത്രീയോടു ചെയ്യുന്ന ക്രൂരത. അവള്‍ അവളായിത്തന്നെ ജീവിക്കട്ടെ. ഇതൊരു മതത്തിന്റെ കാര്യമല്ല, ഒരു സ്വത്വത്തിന്റെ വിഷയമാണ്. സ്ത്രീകള്‍ക്ക് വേണ്ടത് ലിംഗനീതിയാണ്. അവള്‍ക്ക് അര്‍ഹതപ്പെട്ടതും അവളുടെ അവസരങ്ങളും തടയാതിരിക്കുക.
മാതാവായതുകൊണ്ട് പിതാവിനു തുല്യമാവുകയില്ല. അങ്ങനെയാകുമ്പോള്‍ കുടുംബ സംവിധാനം തകിടം മറിയും. സ്ത്രീയെ ഏതെങ്കിലും പ്രശ്നങ്ങളിലും പണികളിലും തളച്ചിടാതെ കൂട്ടുത്തരവാദിത്തത്തോടെ ജീവിക്കുക. സ്ത്രീകള്‍ക്കു മാത്രം സംഭവിക്കുന്നതും സാധിക്കുന്നതുമായ ഒരുപാട് കാര്യങ്ങളുണ്ട്. അവിടെയൊക്കെ ഏതു സമത്വമാണ് നടക്കുക? അവിടെ വേണ്ടത് കൂടെ നില്‍ക്കലും പിന്തുണയുമാണ്. വിവേചനമാണ് അവസാനിക്കേണ്ടത്.
ഒന്നാക്കുകയല്ല വേണ്ടത്. വ്യത്യാസങ്ങളോടെ തന്നെ ആണിന്റേതായാലും പെണ്ണിന്റേതായാലും അവകാശനിഷേധങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്.
കുടുംബങ്ങളില്‍ നീതി നിഷേധിക്കപ്പെടുന്നത് സ്ത്രീക്കു മാത്രമല്ല. എത്രയോ പുരുഷന്മാര്‍ ഇകഴ്ത്തപ്പെടുന്നു, ഒറ്റപ്പെടുന്നു. അപ്പോള്‍ അവരെ സ്ത്രീയിലേക്ക് സമത്വപ്പെടുത്തിയാണോ പ്രശ്നപരിഹാരം നടത്തുക?
ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുകയാണ് എല്ലാം. ആരും അടിച്ചേല്‍പിക്കാതെ തന്നെ സമത്വവാദം ശക്തിപ്പെടുകയാണ്. വ്യത്യസ്ത ശാരീരിക ഘടനയോടെ, വസ്ത്രത്തോടെ, ശൈലിയോടെ തന്നെ ഒന്നാകാനും നീതി നേടാനും തടസ്സങ്ങളില്ല. ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അടിച്ചേല്‍പിക്കപ്പെടുമ്പോള്‍ ആണ്‍ശൈലികളും രീതികളുമാണ് അറിയാതെത്തന്നെ സ്ത്രീ സ്വീകരിക്കുന്നത്. അതാണ് സ്ത്രീക്ക് കംഫര്‍ട്ട് എന്നു പറയുമ്പോള്‍, യഥാര്‍ഥത്തില്‍ സ്ത്രീയെ,സ്ത്രീത്വത്തെ അവഗണിക്കുകയാണ് ചെയ്യുന്നത്. അതാണ് വിവേചനവും അസമത്വവും. ഒരു അതിര്‍വരമ്പുകളുമില്ലാത്ത ലോകം സൃഷ്ടിക്കുമ്പോള്‍ മൂല്യത്തകര്‍ച്ച സംഭവിക്കുമെന്നതില്‍ സംശയമില്ല. അത്തരം ജീര്‍ണിച്ച സംസ്‌കാരത്തിലേക്കു മൂല്യബോധമുള്ള ജനതയെ തള്ളിവിടരുത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top