LoginRegister

ജീവിതത്തിന് വെളിച്ചമായ നിറക്കൂട്ടുകള്‍

നജീബ് മൂടാടി

Feed Back


രണ്ടു വര്‍ഷം മുമ്പ് വിദേശ വെബ്‌സൈറ്റുകളിലും ഫേസ്ബുക്ക് പേജുകളിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ നിറഞ്ഞുനിന്ന ഒരു ചിത്രമുണ്ട്. ആര്‍ത്തവവേദനയില്‍ തളര്‍ന്നുകിടക്കുന്ന പെണ്ണും, അവള്‍ക്ക് സാന്ത്വനമായി നടുവിന് ഹോട്ട്ബാഗ് വെച്ചുകൊടുത്തു കൈകള്‍ കോര്‍ത്തു കിടക്കുന്ന അവളുടെ പുരുഷനും.
ദാമ്പത്യത്തിലെ സ്‌നേഹത്തിന്റെയും കരുതലിന്റെയും പെണ്ണിനോടുള്ള തിരിച്ചറിവിന്റെയും മനോഹരമായ ഈ ചിത്രം ലോകത്തെ വിവിധ ദേശങ്ങളിലെ മനുഷ്യരിലൂടെ വിവിധ ഭാഷകളിലുള്ള അടിക്കുറിപ്പോടെ വൈറലായപ്പോഴും ആലുവക്കടുത്ത ചാലക്കല്‍ സ്വദേശിനി ഷബ്ന സുമയ്യയാണ് ഈ ചിത്രം വരച്ചതെന്ന് ഏറെ പേര്‍ക്കും അറിയില്ലായിരുന്നു.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡിഗ്രി എടുത്ത ഷബ്‌ന ഏതെങ്കിലും സ്ഥാപനത്തിലോ ഗുരുവിന്റെ കീഴിലോ ചിത്രരചന അഭ്യസിച്ചിട്ടില്ല. ചെറുപ്പത്തില്‍ സ്‌കൂളില്‍ നിന്ന് വരച്ചിട്ടുണ്ടെങ്കിലും ചിത്രകാരിയാവണമെന്ന മോഹം ലവലേശം ഇല്ലായിരുന്നു. ഗൗരവമായി വരക്കാന്‍ തുടങ്ങിയത് ഡിഗ്രി കഴിഞ്ഞു സോഷ്യല്‍ മീഡിയയില്‍ സജീവമായ സമയത്താണ്. ചിത്രം വരച്ചു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന കുറച്ചു പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വരക്കാന്‍ തുടങ്ങി. ആദ്യമാദ്യം പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങള്‍ കണ്ട് പലരും തമാശയായി എടുത്തെങ്കിലും കുറച്ചു പേര്‍ പ്രോത്സാഹിപ്പിച്ചു. ആ ധൈര്യത്തില്‍ ചിത്രംവര ഗൗരവത്തിലെടുത്തു. ഇന്റര്‍നെറ്റില്‍ ലഭ്യമായ വീഡിയോകള്‍ നോക്കി പഠിക്കാന്‍ തുടങ്ങി. ആര്‍ട്ടിസ്റ്റുകളായ ഷാന ഷാനവാസ്, ജലാല്‍ അബൂസമാ തുടങ്ങിയ സുഹൃത്തുക്കള്‍ ചിത്രരചനയുടെയും പെയിന്റിങിന്റെയും പല മീഡിയങ്ങളെപ്പറ്റിയും ടെക്‌നിക്കുകളെപ്പറ്റിയും പറഞ്ഞുകൊടുത്തു. അറിയാത്തത് ചോദിച്ചു മനസ്സിലാക്കി.
വര തുടങ്ങിയത് ഡിജിറ്റല്‍ മീഡിയത്തില്‍ ആയിരുന്നു. പിന്നീട് പേപ്പര്‍, കാന്‍വാസ് എന്നിവയിലേക്കൊക്കെ മാറി. വാട്ടര്‍കളര്‍, അക്രിലിക്, ഗ്വാഷ് തുടങ്ങിയ മീഡിയങ്ങളാണ് ഉപയോഗിക്കാറ്.
കവിതയിലായിരുന്നു ശരിക്കും തുടക്കം. സോഷ്യല്‍ മീഡിയയില്‍ ആദ്യകാലങ്ങളിലൊക്കെ നിറയെ കവിതകള്‍ എഴുതുമായിരുന്നു. വര തുടര്‍ന്നപ്പോള്‍ തോന്നി മനസ്സില്‍ വരുന്ന ആശയങ്ങളെ എഴുത്തിനേക്കാള്‍ ആത്മവിശ്വാസത്തില്‍ പകര്‍ത്താന്‍ കഴിയുന്നത് നിറങ്ങളിലൂടെയാണെന്ന്. ആദ്യമാദ്യം സ്വന്തം ഭാവനയില്‍ രൂപപ്പെടുന്ന ആശയങ്ങള്‍ വരച്ചുതുടങ്ങി. സുഹൃത്തുക്കള്‍ പറഞ്ഞുതന്ന ആശയങ്ങളെ ചിത്രങ്ങളായി ആവിഷ്‌കരിച്ചപ്പോള്‍ നല്ല അഭിപ്രായങ്ങള്‍ ലഭിച്ചത് പ്രചോദനമായി.
അത്തരം വരകള്‍ കണ്ടപ്പോള്‍ ചിലര്‍ പുസ്തകങ്ങളുടെ കവര്‍ ചെയ്യാന്‍ ഏല്‍പിച്ചു. പിന്നെ പലപ്പോഴായി ‘കഥ’, ‘ഔവര്‍ കിഡ്‌സ്’ തുടങ്ങിയ മാഗസിനുകളിലും വരക്കാന്‍ അവസരം കിട്ടി. ‘മാധ്യമം’, ‘സുപ്രഭാതം’, ‘പുടവ’, ‘കുടുംബം’, ‘ആരാമം’ തുടങ്ങി പല പ്രസിദ്ധീകരണങ്ങളിലും ചിത്രങ്ങള്‍ തെളിഞ്ഞു. പെന്‍ഡുലം, അദര്‍ ബുക്‌സ്, ഹരിതം ബുക്‌സ്, ഒലീവ് ബുക്‌സ്, ഗ്രീന്‍ബുക്‌സ് എന്നീ പ്രസാധകര്‍ പുറത്തിറക്കിയ കുറെയേറെ പുസ്തകങ്ങളില്‍ പുറംചട്ടയും ഇല്ലസ്ട്രേഷനുകളും ചെയ്തു.
സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍ കണ്ട് വീടുകള്‍ അലങ്കരിക്കാനും പ്രിയപ്പെട്ടവര്‍ക്ക് സ്‌നേഹസമ്മാനമായും പലരും ആവശ്യപ്പെട്ട് ചിത്രങ്ങള്‍ വരച്ചുനല്‍കാറുണ്ട്. അധികം ഇടവേളകളില്ലാതെ ഒന്നിനു പിറകെ ഒന്നായി ഇപ്പോള്‍ പെയിന്റിംഗ് ഓര്‍ഡറുകളും വരുന്നുണ്ട്.

വരച്ചു നല്‍കിയതില്‍ മറക്കാനാവാത്ത ഒരു ചിത്രം, കൂട്ടുകാരന് സമ്മാനിക്കാന്‍ ഒരു ചെറുപ്പക്കാരന്‍ വരപ്പിച്ചതാണ്. കൂട്ടുകാരന്‍ സ്ഥിരമായി കാണുന്ന സ്വപ്‌നങ്ങള്‍ തന്റെ കുഞ്ഞുന്നാളില്‍ മരിച്ചുപോയ ഉമ്മയോടൊപ്പം യാത്ര പോവുന്നതായിരുന്നു. ആ സ്വപ്‌നത്തെ കുറിച്ചു പറഞ്ഞത് കേട്ട് അങ്ങനെ ഒരു ചിത്രം വരപ്പിച്ചു സര്‍പ്രൈസ് സമ്മാനമായി നല്‍കിയത് നല്ലൊരു ഓര്‍മയാണ്.
പലര്‍ക്കും അവരവരുടെ ജീവിതത്തിന്റെ പ്രതിബിബം പോലെ തോന്നുന്ന ഓരോ ചിത്രവും ഉള്ളില്‍ അത്ഭുതമായും അംഗീകാരമായും കൊണ്ടുനടക്കുന്നു. വേദനയാല്‍ ഒറ്റപ്പെട്ടുപോയവരും അരികുവത്കരിക്കപ്പെട്ടവരും സ്വപ്‌നം കാണുന്നവരുമെല്ലാം ചിത്രങ്ങളില്‍ ഭാഗമാവാറുണ്ട്.
ഗ്രീന്‍ പാലിയേറ്റീവ് എന്ന ജീവകാരുണ്യ-മനുഷ്യാവകാശ സംഘടനയിലെ സജീവസാന്നിധ്യമായ ഷബ്‌ന എഴുത്തിലും വരയിലും ജീവിതത്തിലും എപ്പോഴും അരികുവത്കരിക്കപ്പെട്ട മനുഷ്യരോടൊപ്പമാണ്. താന്‍ വരച്ച ചിത്രങ്ങളുടെ മൂന്ന് എക്സിബിഷനുകള്‍ നടത്തിക്കഴിഞ്ഞു ഷബ്‌ന.
”വരയ്ക്കുമ്പോള്‍ ഉള്ളില്‍ ഏതൊക്കെയോ വേവുകള്‍ നിറങ്ങളിലൂടെ ഒഴുകിപ്പോകുന്നതായി തോന്നാറുണ്ട്. ഘനീഭവിച്ചു നില്‍ക്കുന്ന പലതും പെയ്തിറങ്ങുന്ന പോലെ. അത് കാണുന്ന കുറച്ചു പേര്‍ക്കെങ്കിലും അവ ഇഷ്ടപ്പെടുന്നതിനാലും ഇതുതന്നെയാണ് മുന്നോട്ടുള്ള വഴിയെന്ന തീരുമാനത്തില്‍തന്നെയാണിപ്പോള്‍”- ഷബ്‌ന പറയുന്നു.
മദ്രസയിലെ അധ്യാപകര്‍ മുന്‍കൈ എടുത്ത് ഷബ്‌നയുടെ പെയിന്റിംഗുകള്‍ എക്സിബിഷന് വെച്ചിട്ടുണ്ട്. എന്നാലും വര കൊണ്ട് എന്താ കാര്യം, ഇതൊരു ജോലിയാണോ എന്ന ചോദ്യങ്ങള്‍ പലയിടത്തുനിന്നും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്- ഷബ്‌ന ചിരിക്കുന്നു.

കുട്ടികളും മുതിര്‍ന്നവരുമായ ഒരുപാട് പേര്‍ക്ക് ചിത്രരചനാ ക്ലാസ് എടുക്കുന്നുണ്ട്. അമ്പതിലധികം വര്‍ക്ക്‌ഷോപ്പുകള്‍ നടത്തി. സ്‌കൂളുകളില്‍ ആര്‍ട്ട് ക്ലാസ് എടുക്കാന്‍ പോകാറുണ്ട്. കോഴിക്കോട് ഐപിഎമ്മിന്റെ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍) ചുവരില്‍ വരച്ച കള്ളിമുള്‍ച്ചെടിയും ചിത്രശലഭവും ഏറ്റവും സന്തോഷവും അഭിനന്ദനങ്ങളും കിട്ടിയ വര്‍ക്കുകളില്‍ ഒന്നാണ്.
ജീവിതപങ്കാളി ഫൈസലും ഇതേ മേഖലയില്‍ തന്നെയായതുകൊണ്ട് വിവാഹശേഷം വര കൂടുതല്‍ വളരുകയാണ് ചെയ്തത്. ബാപ്പ അബൂബക്കറും ഉമ്മ ഹാജുവും ചെറുപ്പം മുതലേ കലാപ്രവര്‍ത്തനങ്ങളില്‍ നല്ല പ്രോത്സാഹനമാണ് നല്‍കിയത്. ഡിസൈനറായി ജോലി ചെയ്യുന്ന അനിയത്തി സഫ്വയും നന്നായി വരയ്ക്കും.
ഡിഗ്രിക്ക് പഠിക്കുന്ന സമയം മുതല്‍ കുട്ടികളെ പഠിപ്പിച്ചും അല്ലറ ചില്ലറ കണ്ടന്റ് റൈറ്റിങ് ജോലികള്‍ ചെയ്തും സമ്പാദിച്ച പൈസ കൊണ്ടാണ് ആദ്യമാദ്യം പെയിന്റിങിന് ആവശ്യമായ സാധനങ്ങളൊക്കെ വാങ്ങിയിരുന്നത്. പിന്നെപ്പിന്നെ ചിത്രങ്ങള്‍ ആളുകള്‍ വിലക്ക് വാങ്ങാന്‍ തുടങ്ങിയപ്പോള്‍ കൂടുതല്‍ നല്ല മെറ്റീരിയലുകള്‍ വാങ്ങാന്‍ തുടങ്ങി.
ഒരുപാട് അധ്വാനിച്ചു തന്നെയാണ് വരച്ചു തെളിഞ്ഞത്. ഒന്നും എളുപ്പമായിരുന്നില്ല. പക്ഷേ, ഇതാണ് വഴി എന്ന് മനസ്സിലായപ്പോള്‍ മുതല്‍ കഴിയുന്നത്ര കഠിനാധ്വാനം ചെയ്തു തന്നെ കൂടുതല്‍ ബെറ്ററാവുന്ന തലത്തിലേക്ക് എത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കബിത മുഖോപാധ്യായ ഏറെ ഇഷ്ടമുള്ള ആര്‍ട്ടിസ്റ്റാണ്. പിന്നെ റഷ്യന്‍ ആര്‍ട്ടിസ്റ്റ് ഇവ ഗമയൂന്‍, ഐറിസ് സ്‌കോട്ട് തുടങ്ങിയ കുറച്ച് ആര്‍ട്ടിസ്റ്റുകളെ നന്നായി ഒബ്‌സര്‍വ് ചെയ്യാറുണ്ട്.
കണ്ടാല്‍ ഓടി വന്നു സന്തോഷം പറയുകയും ചിത്രങ്ങളെപ്പറ്റി ഇഷ്ടത്തോടെ സംസാരിക്കുകയും ചെയ്യുന്ന കുറച്ചു മനുഷ്യര്‍. കണ്ണു നിറഞ്ഞുകൊണ്ടു കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്ന കുറച്ചു സ്ത്രീകള്‍. അതിലപ്പുറം എന്റെ മനസ് നിറയാന്‍ ഒന്നും വേണ്ട- ഷബ്‌ന വര നല്‍കുന്ന സന്തോഷം പങ്കിടുന്നു.
ചിത്രങ്ങള്‍ ലോകം ഓര്‍ത്തുവെക്കണം, അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ വരക്കാന്‍ കഴിയണം, അതിലൂടെ മനുഷ്യരുടെ വേദനകള്‍ക്ക് മരുന്നാവണം- ഇതൊക്കെയാണ് ഷബ്‌നയുടെ സ്വപ്‌നം.
സ്വന്തം എഴുത്തും ചിത്രങ്ങളും ചേര്‍ത്ത് ‘കനല്‍ക്കുപ്പായം’ എന്നൊരു കവിതാ സമാഹാരവും ഷബ്‌ന പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉള്ളില്‍ പ്രതിഭയുടെ ഇത്തിരി പൊടിപ്പുണ്ടെങ്കില്‍ പ്രകാശം തേടി വളരാനും തെഴുക്കാനും സ്വയം ശ്രമിച്ചാല്‍ സാധിക്കുമെന്നാണ് ഗുരുവില്ലാതെ തന്നെ ചിത്രരചനയില്‍ ശ്രദ്ധേയയായ ഷബ്‌നയുടെ കലാജീവിതം നമ്മോട് പറയുന്നത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top