LoginRegister

ജലമില്ലാത്ത കടല്‍

റബീഹ ഷബീര്‍

Feed Back


ആകാശം ഉറങ്ങാത്തൊരു രാത്രി.
മുള്‍വേലികൊണ്ട് പൊതിഞ്ഞുവെച്ച
ഉടല്‍.
ചുവരുകള്‍ക്കുള്ളില്‍ മിടിക്കാന്‍
മറന്നുപോയ ഹൃദയം.
ഉറക്കം വരാത്ത ഏകാന്തതയുടെ
ഇടുങ്ങിയ ഇരുട്ടറയില്‍നിന്ന്
ജനല്‍പാളികള്‍ തുറന്ന്
ആത്മാവിറങ്ങിപ്പോയി.

ചാരനിറത്തിലെന്റെ ചേതനയും
നക്ഷത്രമില്ലാത്ത ആകാശവും
ഇരുട്ടില്‍ വീണുകിടക്കുന്ന
വെളിച്ചത്തിന്റെ തുള്ളികള്‍
നോക്കിനില്‍ക്കേ;
കവിളില്‍ വഴുതിപ്പോവുന്ന
പളുങ്കുതുള്ളികള്‍
തുടച്ചെടുക്കുന്നു
തണുത്ത രാവിന്റെ വിരല്‍.
കരളില്‍ ഇളകിമറിയുന്ന
ജലമില്ലാത്ത കടല്‍.

കാറ്റു തൊടാതൊരൊറ്റ മരം
ഇളകാതനങ്ങാതെ
വിറങ്ങലിച്ചു നില്‍ക്കുന്നു.
തെരുവുവിളക്കിന്റെ
മഞ്ഞയും ചുവപ്പും
കണ്ണീര്‍മുത്തില്‍ തടഞ്ഞുവീണ്
ചിതറാനൊരുങ്ങുന്ന
മഴവില്ല് വരക്കുന്നു.

നിശ്ശബ്ദതയുടെ നീലരാത്രിയില്‍
നോവുകളുടെ പാളങ്ങളില്‍
ദിക്കറിയാതൊരു തീവണ്ടി
നിര്‍ത്താതോടുന്നു.

ജീവിതത്തിന്റെ തുരങ്കത്തില്‍പെട്ട്
പുറത്തുകടക്കാനാവാതെ
നിശ്ചലമായൊരു നിഴല്‍
ജനല്‍കമ്പികളില്‍
കൈകോര്‍ത്തു നില്‍ക്കുന്നു.

എന്നെപോലെ
വിളറിയ ജീവിതത്തിന്റെ
നിറമണിഞ്ഞാകാശവും
ഉറങ്ങാതിരിക്കുന്നു.!

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top