LoginRegister

ജമീല ബിൻത് അബ്‍ദില്ല രക്തസാക്ഷിയ‍ുടെ മ‍ണവാട്ടി

വി എസ് എം കബീർ

Feed Back


ഉഹ്‍ദിലേക്കുള്ള സൈനികനീക്കത്തിന്റെ തിരക്കിലായിരുന്നു മദീന. ബദ്റിലെ പരാജയത്തിനു പകരം വീട്ടാൻ സർവ സന്നാഹങ്ങളുമൊരുക്കി ഖുറൈശി സൈനിക വ്യൂഹം മക്കയിൽ നിന്ന് പുറപ്പെടുന്നു എന്ന വിവരം തിരുനബിക്ക് ലഭിച്ചു. അതിനു പിന്നാലെ, ഏതു നിമിഷവും നമുക്കും പുറപ്പെടേണ്ടിവന്നേക്കാം എന്ന വിവരം ദൂതൻ സഹാബിമാർക്ക് നൽകി.
ഈ സന്ദർഭത്തിലാണ് മദീനയിൽ ഒരു വിവാഹം നടക്കുന്നത്. മദീനയിലെ രണ്ട് ഗോത്രനേതാക്കളുടെ മക്കളാണ് വധൂവരന്മാർ. ഔസ് ഗോത്രത്തിലെ സമ്പന്നനും പൗരപ്രധാനിയുമായ അബൂആമിറിന്റെ മകൻ ഹൻളലയാണ് വരൻ. വധു ഖസ്റജുകാരുടെ നേതാവും ധനാഢ്യനുമായ അബ്‍ദുല്ലാഹിബ്‍ന‍ു ഉബയ്യിന്റെ മകൾ ജമീലയും.
ആഘോഷപ്പകൽ അസ്തമിച്ചു. ജമീല ഹൻളലയുടെ സഖിയായി. മധുവിധുവിന്റെ മധുരമയമായ ആ രാവോടെ അവരുടെ ഇണജീവിതം തുടങ്ങുകയായി. പങ്കുവെപ്പിന്റെ ആനന്ദധന്യമായ നിമിഷങ്ങൾക്കൊടുവിൽ രാത്രിയുടെ ഏതോ യാമത്തിൽ അവർ ഉറക്കിലമർന്നു.
പക്ഷേ, പുലരും മുമ്പാണ് തിരുനബിയുടെ പ്രഖ്യാപനം മദീന കേട്ടത്: “നാം പുറപ്പെടുകയാണ്. അനിവാര്യമായ തടസ്സങ്ങളില്ലാത്തവരെല്ലാം സൈന്യത്തിൽ അണിചേരുക.”
പുറത്തെ ആരവം ഹൻളലയുടെയും ജമീലയുടെയും മണിയറയിലും കേട്ടു.ഹൻളല ഉണർന്നു, ജമീലയും.സൈന്യസന്നാഹമാണെന്ന് തിരിച്ചറിഞ്ഞ ഹൻളല ഉടനെ പടയങ്കിയണിഞ്ഞു. ആയുധമെടുത്തു. പടിയിറങ്ങും മുമ്പ് പ്രിയതമയോട് യാത്രാമൊഴി ചൊല്ലി. അവൾ മണവാളനെ തന്നിലേക്ക് ചേർത്തുപിടിച്ചു.അവളുടെ കരവലയത്തിൽ നിന്ന് പിൻമാറി അദ്ദേഹം സൈന്യത്തിലേക്ക് കുതിച്ചു.കണ്ണിൽ നിന്ന് മറയുന്നതുവരെ അവൾ ഹൻളലയെ തന്നെ നോക്കിനിന്നു.
യുദ്ധം കൊടുമ്പിരിക്കൊണ്ടു. പൊടുന്നനെ ഖുറൈശി നായകൻ അബൂസുഫ്‍യാൻ ഹൻളലയുടെ മുന്നിൽ അകപ്പെട്ടു. അയാൾക്കു നേരെ വാളുയർത്തിയ ഹൻളല പക്ഷേ പിന്നിലൂടെ എത്തിയ ശത്രു ഭടന്റെ കുത്തേറ്റ് നിലത്തുവീഴുകയായിരുന്നു. രണ്ടാമതും കുത്തേറ്റതോടെ ഉഹ്‍ദിന്റെ മണ്ണിൽ കിടന്ന് ആ നവവരൻ രക്തസാക്ഷിയായി.
ഇതേ സമയം, യുദ്ധം വീക്ഷിക്കുകയായിരുന്ന തിരുനബിയുടെ ദൃഷ്ടികൾ പെട്ടെന്ന് ആകാശത്തേക്കുയർന്നു. എന്തോ വിസ്മയക്കാഴ്ച കാണുംപോലെയായി ദൂതരുടെ മുഖഭാവം അപ്പോൾ.
യുദ്ധാരവം കെട്ടടങ്ങി.ആർപ്പ‍ുവിളികളോടെ ഖുറൈശിപ്പട കളം വിട്ടു. ഈ സമയം തനിക്കു ചുറ്റും കൂടിനില്‍ക്ക‍ുകയായിരുന്ന സഹാബിമാരോട് നബി പറഞ്ഞു: നിങ്ങളുടെ സഹോദരൻ ഹൻളല രക്തസാക്ഷിയായിട്ടുണ്ട്. ആകാശഭൂമികൾക്കിടയിൽ വെച്ച് വെള്ളിപ്പാത്രത്തിൽ നിറച്ച മഞ്ഞുവെള്ളം കൊണ്ട് മാലാഖമാർ അദ്ദേഹത്തെ കുളിപ്പിക്കുന്നത് ഞാൻ കണ്ടു.
ഇതു കേട്ട രണ്ടു പേർ ഹൻളലയുടെ ജീവനറ്റ ശരീരം പരതി താഴ്‍വരയിലിറങ്ങി.അദ്ഭുതം! ഹൻളലയുടെ തലമുടിയിഴകളിൽ നിന്ന് അപ്പോഴും ജലകണങ്ങൾ ഇറ്റിവീഴുന്നത് അവർ കണ്ടു.
നബിയും സഹാബിമാരും മദീനയിൽ തിരിച്ചെത്തി.രക്തസാക്ഷിത്വം വരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ തിരുനബി അവരുടെ വീടുകൾ സന്ദർശിച്ചു. അങ്ങനെയാണ് നബി ഹൻളലയുടെ വീട്ടിലും എത്തിയത്. മധുവിധുവിന്റെ ആദ്യരാത്രി പുലരും മുമ്പുതന്നെ പ്രിയതമനെ നഷ്ടപ്പെട്ട ജമീലയുടെ സങ്കടം തിരുനബിയെ നൊമ്പരപ്പെടുത്തി. ആശ്വാസവാക്കുകളാൽ ദൂതർ അവൾക്ക് സാന്ത്വനമേകി. ഹൻളലയുടെ മയ്യിത്ത് കുളിപ്പിച്ചത് മാലാഖമാരാണെന്ന വിവരം അവളെ അറിയിക്കുകയും ചെയ്തു നബി.
“നബിയേ, ഹൻളല പതിവായി പ്രഭാതത്തിൽ കുളിക്കാറുണ്ടത്രെ. എന്നാൽ സേനയിൽ ചേരാനുള്ള താല്പര്യം കൊണ്ട് കുളിക്കുക പോലും ചെയ്യാതെ അന്ന് ധൃതിയിൽ പുറപ്പെടുകയായിരുന്നു”- ജമീല പറഞ്ഞു.
ഒപ്പം, താൻ ആ രാത്രിയിൽ കണ്ട ഒരു സ്വപ്നവിവരം കൂടി പറഞ്ഞു അവൾ. അതിങ്ങനെയായിരുന്നു:
“ഹൻളല സ്വർഗകവാടത്തിനു പുറത്തു നിൽക്കുകയാണ്.പെട്ടെന്ന് കവാടം തുറക്കപ്പെട്ടു.ഹൻളല അതിലൂടെ അകത്ത് പ്രവേശിച്ചു. പിന്നാലെ കവാടം അടയുകയും ചെയ്തു. നബിയേ, ഹൻളല പോകുന്നത് രക്തസാക്ഷിത്വത്തിലേക്കാണെന്ന് ഞാൻ അപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു.”
എല്ലാം കേട്ട നബി ജമീലക്കു വേണ്ടി പ്രാർഥിച്ച ശേഷമാണ് അവിടെ നിന്നിറങ്ങിയത്.
** ** **
അബ്ദ‍ുല്ലാഹിബ്‍നു ഉബയ്യ് മദീനയിൽ കപടവിശ്വാസികളുടെ നേതാവായിരുന്നു. ഇസ്‍ലാമിനോടും തിരുനബിയോടും കടുത്ത വിദ്വേഷം ഉള്ളിൽ വെച്ച് നടന്ന ഇയാൾ കിട്ടുന്ന സന്ദർഭങ്ങളിലെല്ലാം ചതിയും വഞ്ചനയും കാണിച്ച് മുസ്‍ലിംകളെ ഭിന്നിപ്പിക്കാനും ശ്രമിച്ചു.എന്നാൽ ഇബ്‍നു ഉബയ്യിന്റെ മകൻ അബ്ദ‍ുല്ലയും മകൾ ജമീലയും ഇസ്‍ലാമിന്റെ സംരക്ഷകരായി മാറുകയാണുണ്ടായത്. മദീനയിൽ നബിയുടെ പ്രബോധകനായി എത്തിയിരുന്ന മുസ്അബ് വഴിയാണ് ഇരുവരും ഇസ്‍ലാമിനെ അറിഞ്ഞത്. ഹിജ്റയോടെ നബിക്ക് ബൈഅത്തും ചെയ്തു.എന്നാൽ പിതാവ് ഇബ്‍നു ഉബയ്യ് നബിയെ ശത്രുവിനെ പോലെയാണ് കണ്ടത്.മുസ്‍ലിംകളോടുള്ള അയാളുടെ പെരുമാറ്റവും ആ രൂപത്തിലായിരുന്നു. പിതാവിന്റെ ചെയ്തികൾ മകൻ അബ്ദ‍ുല്ലയെ പോലെ തന്നെ ജമീലയെയും അങ്ങേയറ്റം വേദനിപ്പിച്ചിരുന്നു. പലപ്പോഴും നബിയാണ് ഇവരെ ആശ്വസിപ്പിച്ചിരുന്നത്.
വിവാഹത്തിന്റെ രണ്ടാംനാളിൽ തന്നെ വിധവയായ ജമീലക്ക് വൈകാതെ ഒരാലോചന വന്നു. ഖസ്റജുകാരുടെ നേതാവും പ്രഭാഷകനുമായ സാബിതുബ്‍‍നു ഖൈസിൽ നിന്ന്. സമ്പന്നനും ബുദ്ധിമാനും പണ്ഡിതനുമായിരുന്നു സാബിത്ത്. പക്ഷെ കാഴ്ചയിൽ സുന്ദരനായിരുന്നില്ല. പിതാവിന്റെയും ബന്ധുക്കളുടെയും പ്രേരണയിൽ ജമീല വിവാഹത്തിന് സമ്മതം മൂളി. ഒരു തോട്ടം മഹ്റായി നിശ്ചയിച്ച് ജമീലയെ സാബിതുബ്‌നു ഖൈസ് ജീവിതസഖിയാക്കി.
കാലം കടന്നുപോയി.സാബിത്ത് – ജമീല ദാമ്പത്യത്തിൽ നേരിയ അസ്വസ്ഥതകൾ പുകയാൻ തുടങ്ങി. സാബിത്തിനോട് ഒരുതരം വെറുപ്പ് മനസ്സിൽ വളർന്നതോടെ ജീവിതം ജമീലക്ക് മടുപ്പായി മാറി. ഇത് വീട്ടിൽ അസ്വാരസ്യങ്ങൾക്ക് വഴിവെച്ചു. പിതാവിനോടോ സഹോദരനോടോ മനസ്സു തുറക്കാൻ ജമീലക്ക് തോന്നിയില്ല. അവർ തന്നെ തള്ളിക്കളയും എന്ന് അവൾക്ക് ഉറപ്പായിരുന്നു. അങ്ങനെയാണ് അവൾ പ്രിയ ദൂതരെ കാണാൻ തീരുമാനിച്ചത്.
അന്ന് സുബ‍്ഹി നമസ്കാരത്തിന് ജമീലയും പള്ളിയിലെത്തി. നമസ്കാരം കഴിഞ്ഞ് ഇറങ്ങിയ അവൾ നബിയുടെ വീട്ടുപടിക്കൽ ദൂതനെയും കാത്തുനിന്നു.
“ജമീലാ, എന്താ പതിവില്ലാതെ?” ദൂതരുടെ വാൽസല്യം നിറഞ്ഞ ചോദ്യം.
“താങ്കളെ കണ്ട് ഒരു കാര്യം പറയണം. അതിന് വന്നതാണ്.” ജമീല അല്പം ലജ്ജയോടെ പറഞ്ഞു.
“എന്നാൽ പറയൂ”- നബി അനുമതി നൽകി.
“നബിയേ, ഭർത്താവ് സാബിത്താണ് എന്റെ പ്രശ്നം.”
ജമീലയുടെ തുടക്കം നബിയിൽ ജിജ്ഞാസയുണ്ടാക്കി. ദൂതർ അല്പം ഗൗരവത്തോടെ കാതോർത്തു.
ജമീല തുടർന്നു: “സാബിത്ത് നല്ലവനാണ്. മതനിഷ്ഠയിലോ സ്വഭാവഗുണങ്ങളിലോ ഒരു കുറവും പറയാനുമില്ല.പക്ഷേ, എനിക്ക് അദ്ദേഹത്തെ സ്നേഹിക്കാൻ കഴിയുന്നില്ല.ഇനിയും ഇങ്ങനെ ജീവിച്ചാൽ വിശ്വാസത്തിന് വിരുദ്ധമായത് ചെയ്തേക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു നബിയേ.”
“എന്താണ് കാരണം?” തിരുനബി ചോദിച്ചു.
“ഒരിക്കൽ നാലു പേരോടൊപ്പം സാബിത്ത് നടന്നുവരുന്നത് ഞാൻ വീട്ടിലിരുന്ന് കണ്ടു.അവരിൽ ഏറ്റവും കുറിയവനും സൗന്ദര്യം കുറഞ്ഞവനും സാബിത്തായിരുന്നു. അതോടെയാണ് എന്റെ മനസ്സിൽ ഈ ഇഷ്ടക്കേട് തുടങ്ങിയത്”- ജമീല നിഷ്ക്കളങ്കമായി പറഞ്ഞു.
നബിയുടെ ഇഷ്ടക്കാരിൽ ഒരാളായിരുന്നു പ്രഭാഷക പ്രതിഭ കൂടിയായ സാബിത്ത്.എന്നാൽ ഇബ്‍നു ഉബയ്യിന്റെ യുവതിയായ മകളുടെ ഹൃദയവ്യഥ തിരുനബിക്ക് അവഗണിക്കാനും കഴിയുമായിരുന്നില്ല.
“നിനക്ക് സാബിത്ത് എന്താണ് മഹ്റായി നൽകിയത് ?” നബി ആരാഞ്ഞു.
“ഒരു തോട്ടമാണ് നബിയേ.”
“ആ തോട്ടം സാബിത്തിന് തിരികെ നൽകാൻ നീ ഒരുക്കമാണോ?” നബി ചോദിച്ചു.
“നൽകാം ദൂതരേ”- ജമീല സമ്മതിച്ചു.
അവളെ വീട്ടിലേക്കയച്ച തിരുനബി വൈകാതെ സാബിത്തുബ്‍നു ഖൈസിനെ കണ്ടു.
“സാബിത്ത്, ജമീല നൽകുന്ന തോട്ടം സ്വീകരിക്കുക, അവളെ ഒരു തവണ വിവാഹമോചനം ചെയ്യുക”- ദൂതർ സ്നേഹത്തോടെ ആവശ്യപ്പെട്ടു.
ജമീല പറഞ്ഞ കാരണങ്ങൾ ദൂതർ വിശദീകരിക്കുകയോ സാബിത്ത് അത് ചോദിക്കുകയോ ചെയ്തില്ല.
ഭാര്യ മുൻകൈയെടുത്ത് ചെയ്യുന്ന വിവാഹമോചന ത്തിലെ (ഖുൽഅ്) ആദ്യ സംഭവമായിരുന്നു ജമീലയുടേത്. തിരുനബിയുടെ ഈ നടപടി ജമീലക്ക് വലിയ ആശ്വാസം നൽകി.
ഈ ബന്ധം പിരിഞ്ഞ ശേഷം ജമീലയെ വിവാഹം ചെയ്തത് മാലികുബ്‍നു ദഖ്ശമാണ്. ഹൻളലയിലും സാബിത്തിലും ഓരോ മക്കളും ജമീലക്ക് പിറന്നു, അബ്ദ‍ുല്ലയും മുഹമ്മദും.
ജമീല പിന്നെയും കുറേക്കാലം ജീവിച്ചു. പിതാവിന്റെയും പിതൃവൽസലനായ തിരുനബിയുടെയും സഹോദരൻ അബ്ദ‍ുല്ലയുടെയും വേർപാടുകൾക്കും അവൾ സാക്ഷിയായി. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top