LoginRegister

കൊട്ടാരങ്ങളുടെ നഗരം

സുബിന മുനീബ്

Feed Back


അവധിക്കാല ആഘോഷങ്ങളിലെ യാത്രകളില്‍ നമ്മളേറ്റവും പരിഗണിക്കുക കുഞ്ഞുങ്ങളെയാണ്. അവരുടെ ഇഷ്ടങ്ങള്‍ക്കാണ് മുന്‍ഗണന കൊടുക്കുക.
മലകയറിയോ കാടുകയറിയോ വെറുതെ പ്രകൃതി രമണീയം, പച്ചപ്പ്, കാറ്റ്, കുളിര് എന്നെല്ലാം പറയുന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയ താത്പര്യമുണ്ടാക്കുന്ന കാര്യങ്ങളല്ല. ഗ്രാമമോ നഗരമോ വേണ്ടതെന്ന് ചോദിച്ചാല്‍ ‘സിറ്റി മതി’ എന്ന് പറഞ്ഞേക്കാവുന്നവരാണ് കുഞ്ഞുങ്ങള്‍..
യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ അവരുടെ ഭാഗത്ത് നിന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്. കാഴ്ചകളില്‍ അവര്‍ക്കെപ്പോഴും വേണ്ടത് കൗതുകങ്ങളാണ്. വിസ്മയക്കാഴ്ചകളിലൂടെ പ്രകൃതിയെയും സഹജീവികളെയും ചരിത്രത്തെയും സാംസ്‌കാരിക വൈവിധ്യങ്ങളെയുമൊക്കെ നെഞ്ചിലേറ്റാന്‍ അവസരമുണ്ടാക്കുമ്പോള്‍ നമ്മളവര്‍ക്ക് വിനോദത്തോടൊപ്പം വിജ്ഞാനം കൂടി നല്‍കിയെന്ന ചാരിതാര്‍ഥ്യവുമുണ്ടാവും.
ഇക്കാലത്ത് അധിക വിനോദസഞ്ചാര കേന്ദ്രങ്ങളും കുട്ടികള്‍ക്കായി ഒരുക്കിയെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നതിനാല്‍ യാത്ര പ്ലാന്‍ ചെയ്യുമ്പോഴേ ധാരാളം ഒപ്ഷനുകള്‍ നമുക്ക് മുമ്പില്‍ ലഭ്യമാണ്.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പരിഗണിച്ച് കുട്ടികള്‍ക്ക് മടുപ്പുവരാനിടയില്ലാതെയും വലിയ സാമ്പത്തിക ബാധ്യത ഇല്ലാതെയും രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ട് പോയി വരാവുന്നൊരു ടൂറിസ്റ്റ് സ്‌പോട്ടാണ് മൈസൂര്‍. കൊട്ടാരങ്ങളുടെ നഗരം. കേരളത്തിന് സമാനമായ കാലാവസ്ഥയാണ് ഇവിടെയും.
കാട് കണ്ടൊരു യാത്രയോടൊപ്പം രാജകൊട്ടാരങ്ങളും കോട്ടകളും മൃഗശാലയും പക്ഷിസങ്കേതവും മ്യൂസിയങ്ങളും ഗ്രാമ നഗര ഭംഗികളുമൊക്കെയായി ഒരൊറ്റ യാത്രയില്‍ തന്നെ വേണ്ട കാഴ്ച്ചകളെല്ലാം കൗതുകം ഒട്ടും ചോരാതെ പകരാന്‍ മൈസൂരിനാവും.

‘പണ്ട് പണ്ടൊരു രാജാവുണ്ടായിരുന്നു…’, ‘പണ്ട് പണ്ടൊരു കാട്ടില്…’ തുടങ്ങി നമ്മള്‍ മക്കള്‍ക്ക് ചൊല്ലിക്കൊടുത്ത ധാരാളം കഥകളുടെ നേര്‍ക്കാഴ്ച്ചകള്‍ മൃഗശാലയില്‍ നിന്നും വൊഡയാര്‍ രാജാക്കന്മാരുടെ കൊട്ടാരങ്ങളില്‍ നിന്നും അവര്‍ പിടിച്ചെടുക്കും എന്നത് തന്നെയാണ് ഇവിടത്തെ ഹൈലൈറ്റ്. ബന്ദിപൂര്‍ കാടുകള്‍ക്കിടയിലൂടെയുള്ള യാത്രയും കുഞ്ഞുങ്ങളുടെ കണ്ണും മനസ്സും ഒരു പോലെ നിറയാന്‍ ഉതകുന്നതാണെന്നതില്‍ ഒട്ടും സംശയമില്ല.
മൈസൂര്‍ പാലസ്, ബൃന്ദാവന്‍ ഗാര്‍ഡന്‍, മൃഗശാല, ചാമുണ്ഡി ഹില്‍സ്, കാരഞ്ചി തടാകം. സമ്മര്‍പാലസ്, രംഗനതിട്ടു പക്ഷിസങ്കേതം, റെയില്‍ മ്യൂസിയം, ടിപ്പു ടോമ്പ്, വാട്ടര്‍ ജയില്‍, സെന്റ് ഫിലോമിനാസ് ചര്‍ച്ച്, വാക്‌സ് മ്യൂസിയം തുടങ്ങി ഒട്ടേറെ ഇടങ്ങള്‍ മിസ്സാവാതെ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികള്‍ക്കായി ഒരു ദിവസം വേണമെങ്കില്‍ വാട്ടര്‍ പാര്‍ക്കിനായി മാറ്റിവെക്കാനുള്ള സൗകര്യവും ഇവിടെ ഉണ്ടെന്നതിനാല്‍ അത്തരം ടേസ്റ്റുകാര്‍ക്കും പ്രശ്‌നങ്ങളില്ല.
ഇത്തവണത്തെ അവധിക്കാല യാത്ര കുഞ്ഞുങ്ങളുടെ രുചിയറിഞ്ഞുള്ളതാവട്ടെ. അവര്‍ക്ക് വിനോദവും വിജ്ഞാനവും ഒരു പോലെ നല്‍കാന്‍ സാധിക്കുന്ന ഇടങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top