LoginRegister

കുട്ടികളെ കൊല്ലുന്ന രക്ഷിതാക്കള്‍

ഷെരീഫ് സാഗര്‍

Feed Back


ഡിഗ്രിക്ക് പഠിക്കുന്ന വിദ്യാര്‍ഥി വിഷം കഴിച്ച് മരിച്ചു. അത്യാവശ്യം സമ്പന്നമായ കുടുംബം. നന്നായി പഠിച്ചിരുന്ന കുട്ടി. സ്ഥിരമായി ജയിച്ചുകൊണ്ടിരുന്ന ഒരാള്‍. രണ്ടോ മൂന്നോ വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞതോടെ രക്ഷിതാക്കളുടെ ശകാരം സഹിക്കാന്‍ പറ്റാതായി. എല്‍ കെ ജി മുതല്‍ തോല്‍വി അറിയാതെ വളര്‍ന്ന വിദ്യാര്‍ഥിക്കും ഇതൊരു ആഘാതമായി. അവന്‍ കോളജില്‍ പോകാതായി. ഡിപ്രഷന്‍ ബാധിച്ച് മുറിയിലിരുന്നു. അതോടെ രക്ഷിതാക്കളുടെ ശകാരത്തിന്റെ അനുപാതം കൂടി. സഹികെട്ട് അവന്‍ മരണം തെരഞ്ഞെടുത്തു.
ആരാണ് ഈ കുട്ടിയെ കൊന്നത്?
ഇങ്ങനെ ഓരോ ദിവസവും എത്ര കുട്ടികള്‍ കൊല്ലപ്പെടുന്നു?
ഈ രണ്ട് ചോദ്യങ്ങളും പ്രസക്തമായ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഈ സംഭവത്തില്‍ രക്ഷിതാക്കളെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. ജയിക്കാന്‍ മാത്രമുള്ളതാണ് ജീവിതം എന്ന വിഡ്ഢിത്തം നിരന്തരം പ്രസരിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ ഘടനക്കും ഈ മരണത്തില്‍ ഉത്തരവാദിത്തമുണ്ട്. രക്ഷിതാവിനെ ശിക്ഷിതാവാക്കിയത് ഈ സാമൂഹിക സ്വഭാവമാണ്.
പുതിയ കാലത്ത് നാട്ടിലിറങ്ങിയ ചില പ്രഭാഷകര്‍ ജയിക്കുക മാത്രമാണ് ജീവിതലക്ഷ്യമെന്ന് പറയുന്നു. വിജയത്തിലേക്കുള്ള പടവുകള്‍ കയറാന്‍ ധാരാളം പുസ്തകങ്ങളും പുറത്തിറങ്ങുന്നു. ജയിക്കാന്‍ വേണ്ടി മാത്രമുള്ള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. സാധാരണ മനുഷ്യര്‍ അതിനായി ലക്ഷങ്ങള്‍ മുടക്കുന്നു. ആഗ്രഹിക്കുന്നത് കിട്ടിയാല്‍ മാത്രമേ ജീവിതം സാര്‍ഥകമാവുകയുള്ളൂ എന്ന തെറ്റായ സന്ദേശം വ്യാപകമായി പ്രചരിക്കുന്നു. അതുവരെയും ജയിച്ചുകൊണ്ടിരുന്ന മകന്‍ ഒരിക്കല്‍ തോറ്റ് പോകുമ്പോള്‍ സമൂഹത്തിന്റെ മുമ്പില്‍ എങ്ങനെ ഇറങ്ങി നടക്കുമെന്ന വേവലാതിയാണ് രക്ഷിതാക്കള്‍ക്ക്. രക്ഷിതാക്കളുടെ മുഖത്ത് എങ്ങനെ നോക്കുമെന്ന ഭയം വിദ്യാര്‍ഥികളെയും പിടികൂടുന്നു.
ആര്‍ക്കും തോല്‍ക്കാന്‍ മനസ്സില്ല. അതൊരു വലിയ പ്രശ്‌നമാണ്. ഇഷ്ടപ്പെട്ട പെണ്‍കുട്ടി പ്രണയം നിരസിക്കുമ്പോള്‍ തനിക്ക് കിട്ടിയില്ലെങ്കില്‍ മറ്റാര്‍ക്കും അവളെ കിട്ടരുതെന്ന വാശിയില്‍ ആസിഡൊഴിക്കുകയും കത്തിച്ച് കൊല്ലുകയും ചെയ്യുന്നവന്റെ മനോഭാവവും ഒന്നും നഷ്ടപ്പെടുത്താന്‍ വയ്യെന്നതാണ്.
വിജയം മാത്രമാണ്, ലാഭം മാത്രമാണ് ജീവിതമെന്ന നിരന്തരപാഠം അപകടരമാണ്. മോട്ടിവേഷന്‍ സ്പീക്കര്‍മാരും യൂട്യൂബ് മോട്ടിവേഷനും അധികരിച്ചതോടെ ഇങ്ങനെയൊരു ചിന്ത വ്യാപകമായിട്ടുണ്ട്. കഠിനാധ്വാനം ചെയ്യുന്നവന് ജയിക്കാനാകും എന്നത് ശരിയാണ്. എന്നാല്‍ അവനേക്കാള്‍ കഠിനാധ്വാനം ചെയ്ത ഒരാള്‍ ഒരുപക്ഷേ അവനെ തോല്‍പിച്ചേക്കാം. ഓട്ടമത്സരത്തിന് എല്ലാവരും വരുന്നത് ജയിക്കാനാണ്. എന്നാല്‍ ഒരാള്‍ മാത്രമാണ് മുന്നിലെത്തുന്നത്. എന്നുകരുതി മറ്റുള്ളവര്‍ മോശമെന്നല്ല. അവരും കഠിനാധ്വാനത്തിലൂടെ എത്തിയവരാണ്. എന്നാല്‍ ജയിക്കുന്നത് ഒരാളാണ്. തോല്‍ക്കുന്നവര്‍ നേരെ പോയി ആത്മഹത്യ ചെയ്യുന്നില്ല. മറിച്ച് അവര്‍ അടുത്ത മത്സരത്തെക്കുറിച്ച് ചിന്തിക്കുന്നു. ഈ തോല്‍വിയില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ജയിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നു.
ജയം മാത്രമല്ല, തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണെന്ന് കുട്ടികളെ പഠിപ്പിക്കണം. വെറുതെ പഠിപ്പിച്ചാല്‍ പോര. അവരെ അനുഭവിപ്പിക്കണം. നന്നായി പഠിക്കുന്ന കുട്ടിയെ ഇടയ്ക്ക് തോല്‍പിക്കാനും തോല്‍വിയുടെ രുചി അനുഭവിപ്പിക്കാനും അധ്യാപകര്‍ക്കും ഉത്തരവാദിത്തമുണ്ട്. കുട്ടികളോട് സ്‌നേഹമുള്ള രക്ഷിതാക്കള്‍ മക്കള്‍ തോല്‍ക്കുന്നതില്‍ സന്തോഷിക്കുക. തോറ്റു വരുന്നവനെ ശകാരം കൊണ്ട് അഭിഷേകം ചെയ്യുന്നതിന് പകരം തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണെന്ന് പഠിപ്പിക്കുക. ജയം മാത്രം ശീലിക്കുന്ന കുട്ടികള്‍ ജീവിതത്തിന്റെ ഏതെങ്കിലും ഒരു സന്ധിയില്‍ തോറ്റുപോയാല്‍ ആകെ തകരുകയും ആത്മഹത്യയില്‍ വരെ അഭയം പ്രാപിക്കുകയും ചെയ്യുന്നത് ഒഴിവാക്കാന്‍ തോല്‍വി ശീലിപ്പിക്കുന്നത് ഉപകരിക്കും.
ഖലീല്‍ ജിബ്രാന്‍ കവികളെക്കുറിച്ച് പറയുന്ന ഒരു വാക്യമുണ്ട്. ”അവര്‍ അസംതൃപ്തരായ മനുഷ്യരാണ്”.
ഭാവനാ സമ്പന്നരായ അവര്‍ക്ക് എത്രയെത്ര എഴുതിയാലും തൃപ്തിയാകില്ല. ആ അസംതൃപ്തിയില്‍നിന്ന് മുക്തരാകാന്‍ മദ്യവും ലഹരിയുമൊക്കെ ഉപയോഗിക്കുന്ന കവികളുണ്ട്. അങ്ങനെയുള്ള കവികളെ ഒരുതരം ഉന്മാദം പിടികൂടുന്നു. തൃപ്തി അന്വേഷിച്ച് ഒടുവില്‍ മരണത്തില്‍ വരെ അഭയം തേടിയ നിരവധി കവികളുണ്ട്.

ഭൗതിക ഭോഗാസക്തികള്‍ തേടിയുള്ള യാത്രയാണ് ജീവിതമെന്ന സന്ദേശമാണ് പലപ്പോഴും മോഹഭംഗങ്ങളുടെ പ്രധാന കാരണം. ആഗ്രഹങ്ങളാണ് ദുഃഖങ്ങള്‍ക്ക് കാരണമെന്ന വലിയ സിദ്ധാന്തം ശ്രീബുദ്ധന്‍ അവതരിപ്പിക്കുന്നുണ്ട്. തീവ്രമായി ആഗ്രഹിക്കുന്നത് ലഭിക്കുമ്പോഴാണ് സന്തോഷമുണ്ടാകുന്നതെന്ന മറുമൊഴി ഈ ആശയത്തിനുണ്ട്. എന്നാല്‍ തീവ്രമായി ആഗ്രഹിച്ചത് കിട്ടാതായാല്‍ നിരാശയും ദുഃഖവും സ്വാഭാവികമാണ്. ആഗ്രഹങ്ങളില്ലാതെ യോഗികളെ പോലെ ജീവിക്കണമെന്ന് സാധാരണക്കാരോട് പറയാനാവില്ല. എന്നാല്‍ ആഗ്രഹങ്ങള്‍ എത്തിപ്പിടിക്കാന്‍ സാധിക്കാതെ പോയാല്‍ ആത്മഹത്യയിലേക്ക് വഴുതാനുള്ള സാധ്യതകള്‍ ഇല്ലാതാക്കേണ്ടത് അനിവാര്യമാണ്.
മാരകമായ മയക്കുമരുന്നുമായി മകനെ പൊലീസ് പിടികൂടിയെന്ന് കേട്ട് ഒരമ്മ തൂക്കുകയറില്‍ ജീവനൊടുക്കിയത് ഈയിടെ വായിച്ച വാര്‍ത്തയാണ്. ജീവിതം മുഴുവന്‍ മകന് വേണ്ടി ഉഴിഞ്ഞുവെച്ച ഒരമ്മയുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും ഒരു നിമിഷം കൊണ്ട് തകര്‍ന്നതിന്റെ പരിണിത ഫലമാണിത്. മക്കളെക്കുറിച്ച് അമിത പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണ് ഈ സംഭവത്തിന് കാരണം. മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്ന ചൊല്ല് ഇവിടെ പ്രസക്തമാണ്. പ്രതീക്ഷകള്‍ വേണം. പക്ഷേ, അതെല്ലാം സഫലമാകുമെന്ന മുന്‍വിധി ഒഴിവാക്കണം. അപ്പോള്‍ മാത്രമേ ജീവിതത്തെ ധൈര്യത്തോടെ നേരിടാന്‍ കഴിയൂ.
ഏറ്റക്കുറച്ചിലുകളുടെയും ഞെരുക്കത്തിന്റെയും എളുപ്പത്തിന്റെയും വിവിധ ഘട്ടങ്ങളിലൂടെ ഓരോ മനുഷ്യനും കടന്നുപോകുമ്പോഴാണ് ജീവിതം അര്‍ഥപൂര്‍ണമാകുന്നത്. കുട്ടികളെ കൊല്ലുന്ന രക്ഷിതാക്കളായി മാറാതിരിക്കാന്‍ കുട്ടികളെ തോല്‍ക്കാന്‍ പഠിപ്പിക്കുക എന്ന ധര്‍മ്മം കൂടി രക്ഷിതാക്കള്‍ക്ക് നിര്‍വഹിക്കാനുണ്ട്. ഓരോ പരീക്ഷ വരുമ്പോഴും ”തോറ്റിട്ടിങ്ങോട്ട് വാ, കാണിച്ച് തരാം” എന്ന ഭീഷണി കേട്ടാണ് കുട്ടികള്‍ വളരുന്നത്. തോല്‍വി എന്നത് ജീവിതത്തിലെ ഏറ്റവും ഭീകരമായ സംഭവമായി കുട്ടിക്കാലം മുതലേ അവന്റെ മനസ്സില്‍ കുടിയേറുന്നു.
വീട്ടില്‍ കുട്ടികളോടൊപ്പം കൡക്കാന്‍ കൂടുന്ന ചെറുപ്പ കാലത്ത് അവരുടെ സന്തോഷത്തിന് വേണ്ടി പലകളികളിലും തോറ്റുകൊടുക്കുന്ന രക്ഷിതാക്കളുണ്ട്. ആ ശീലവും മാറ്റണം. ചിലത് തോറ്റുകൊടുക്കുന്നതോടൊപ്പം ചില കളികളില്‍ അവനെ തോല്‍പിക്കുകയും വേണം. ജയം പോലെ മറ്റൊന്നാണ് തോല്‍വിയുമെന്ന് കുട്ടി പഠിക്കണം. പഠിച്ച് വളരണം. വലുതാകുമ്പോള്‍ ക്രിക്കറ്റ്, ഫുട്‌ബോള്‍ പോലുള്ള ടീം ഗെയിമുകളില്‍ കളിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കണം. ടീമായി ജയിക്കാനും ടീം തോല്‍ക്കുന്നത് അനുഭവിക്കാനും അവന് കഴിയണം.
മക്കള്‍ക്ക് നല്ല സുഹൃത്തുക്കളുണ്ടെന്ന് ഉറപ്പ് വരുത്താനും ആ സുഹൃത്തുക്കളെ പരിചയപ്പെടാനും മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്തമുണ്ട്. പരീക്ഷയില്‍ തോറ്റതിന് ആത്മഹത്യ ചെയ്ത കുട്ടിക്ക് നല്ലൊരു സുഹൃത്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അത് സംഭവിക്കില്ലായിരുന്നു. സുഹൃത്തുക്കളുമായി കൡക്കാനും സംസാരിക്കാനും അവരോടൊപ്പം സമയം ചെലവഴിക്കാനും കുട്ടികളെ അനുവദിക്കണം.
കൗമാര പ്രായത്തിലുള്ള കുട്ടികളെല്ലാം കഞ്ചാവിനും മയക്കുമരുന്നിനും അടിമകളാണെന്ന തെറ്റിദ്ധാരണ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപൂര്‍വം ചിലര്‍ ചെയ്യുന്ന തെറ്റിന് മുഴുവന്‍ കുട്ടികളെയും സംശയിക്കുന്ന രീതിയാണ് നിലനില്‍ക്കുന്നത്. കൂട്ടുകൂടിയാല്‍ കുട്ടികള്‍ വഴിതെറ്റുമെന്ന പേടിയില്‍ സാമൂഹിക ജീവിതം പഠിക്കേണ്ട കുട്ടികളെ വീട്ടില്‍നിന്ന് പുറത്തിറക്കാതെ വളര്‍ത്തുന്ന രക്ഷിതാക്കള്‍ ചെയ്യുന്നത് വലിയ തെറ്റാണ്. ഈ കുട്ടികള്‍ പിന്നീട് വീടിനോ കുടുംബത്തിനോ സമൂഹത്തിനോ ഉപകാരമില്ലാത്ത വ്യക്തിത്വമായി വളരുന്നുവെങ്കില്‍ കുറ്റം രക്ഷിതാക്കളുടേതാണ്.
രക്ഷിതാവ് എന്നത് ഒരു ഉത്തരവാദിത്തത്തിന്റെ പേരാണ്. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കരുത് എന്ന ചൊല്ല് അന്വര്‍ഥമാക്കുന്ന രീതിയില്‍ കുട്ടികളെ കൊല്ലുന്ന രക്ഷിതാക്കളായി മാറാതിരിക്കുക എന്നത് രക്ഷിതാവിന്റെ ഉത്തരവാദിത്തമാണ്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top