“ഇവന് ഭയങ്കര ദേഷ്യമാണ്. ദേഷ്യം പിടിച്ചാൽ ഇവൻ എന്തൊക്കെയാ ചെയ്തുകൂട്ടാന്ന് അറിയില്ല. എന്തൊക്കെയാ അവൻ വിളിച്ചു പറയാ. എവിടുന്നാ ഇവൻ ഇതൊക്കെ പഠിച്ചത്? ആരോടും ഒരു ബഹുമാനവും ഇല്ല. പ്രത്യേകിച്ച് എന്നോട്. ഞാനെന്തു ചെയ്താലും ഇവന് കുറ്റമാണ്. ഒന്ന് ഹെൽപ്പ് ചെയ്യാൻ പറഞ്ഞാൽ പുച്ഛമാണ്. ഓഫീസിലെ ജോലിയുടെ സ്ട്രസ്സിൽ നിന്ന് ഓടി വീട്ടിൽ എത്തിയാൽ വീട്ടിലെ അവസ്ഥ ഇതാണ്. എനിക്ക് മതിയായി.”
മകന്റെ നിയന്ത്രിക്കാനാവാത്ത ദേഷ്യവും വാശിയും എനിയും ഇങ്ങനെ നിർത്തിയാൽ ശരിയാവില്ല ഇന്ന് കരുതിയാണ് ഈ രക്ഷിതാക്കൾ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ മുന്നിലെത്തിയത്. കുട്ടിയുടെ മാതാവിനായിരുന്നു അവനെ കുറിച്ച് കൂടുതൽ പറയാനുണ്ടായിരുന്നത്. ഒരു സർക്കാർ ഓഫീസിലെ ക്ലർക്കായിരുന്നു മാതാവ്. അവർ തുടർന്നു;
“ആദ്യം ഒന്നും അവൻ ഇങ്ങനെ ആയിരുന്നില്ല.. കുഞ്ഞായിരുന്നപ്പോഴൊക്കെ എല്ലാ കാര്യങ്ങൾക്കും ഇവനെന്നെ സഹായിക്കുമായിരുന്നു.. അവന്റെ എല്ലാ കാര്യങ്ങളും വളരെ നന്നായി അവൻ തന്നെ ചെയ്യുമായിരുന്നു.. പഠിക്കാനും നല്ല താല്പര്യമായിരുന്നു.. പക്ഷേ ഇപ്പോ അവൻ ആകെ മാറി.. അവൻ വേറൊരു ലോകത്താണ്.. അവനു എന്നെ തീരെ ഇഷ്ടമല്ല.. എന്നോട് ഒന്നും അവൻ സംസാരിക്കില്ല.. ഞാൻ എന്തെങ്കിലും പറയാൻ ചെന്നാൽ അത് വഴക്കിലെ അവസാനിക്കൂ..” ആ മാതാവ് കരയാൻ തുടങ്ങിയിരുന്നു.
ഒറ്റയ്ക്കിരുത്തി ചോദിച്ചപ്പോൾ പതുക്കെയാണെങ്കിലും മകനും അവന്റെ കാര്യങ്ങൾ പറഞ്ഞു തുടങ്ങി.
“അമ്മയ്ക്ക് എപ്പോഴും കുറ്റം പറയാനേ സമയമുള്ളൂ.. ഇപ്പോഴും കണ്ടില്ലേ, ഇവിടെ വന്നിട്ട് എന്നെക്കുറിച്ച് കുറ്റങ്ങൾ മാത്രമല്ലേ പറഞ്ഞത്.. അമ്മ ഓഫീസിന്ന് വന്നാ തുടങ്ങും അത് ചെയ്യ്, ഇത് ചെയ്യ്, അത് ചെയ്തില്ല, ഇത് ചെയ്തില്ലേ, എന്ന് ചോദിച്ച് ദേഷ്യപ്പെടാൻ.. അമ്മ എപ്പോഴും ദേഷ്യപ്പെടും.. എന്നെക്കാൾ കൂടുതൽ ദേഷ്യം ശരിക്കും അമ്മയ്ക്കാണ്.. അമ്മ ഇങ്ങനെ ചൊറിയാൻ വരുമ്പോഴാണ് എനിക്ക് ദേഷ്യം വരുന്നത്.. അടി ഉണ്ടാക്കി കഴിഞ്ഞാൽ ചിലപ്പോൾ അമ്മ കരയും.. ആദ്യമൊക്കെ അമ്മ കരയുമ്പോൾ എനിക്കും വിഷമം ആകുമായിരുന്നു.. പക്ഷേ ഇത് ഒരു സ്ഥിരം സംഭവമാണ്.. അതുകൊണ്ടാവും ഇപ്പോൾ എനിക്ക് ഒന്നും തോന്നാറില്ല..” ഇതായിരുന്നു കുട്ടിയുടെ വശം.
ഇവിടെ ആർക്കാണ് പ്രശ്നം? ഇവരുടെ ജീവിതത്തിന്റെ താളം തെറ്റിച്ച കാര്യങ്ങൾ എന്തൊക്കെയാവാം?
തനിക്കും കുടുംബത്തിനും നല്ലൊരു ജീവിതവും ഭാവിയും സ്വപ്നം കണ്ടുകൊണ്ടാണ് എല്ലാ ആളുകളും ജോലിക്ക് പോകുന്നത്. അതൊരു സ്ത്രീയാകുമ്പോൾ അവർക്ക് കടമ്പകൾ ഏറെയാണ്. ജോലിയും വീട്ടിലെ കാര്യങ്ങളും മാതൃത്വവും ബാലൻസ് ചെയ്യേണ്ടി വരുമ്പോൾ പല മാതാക്കൾക്കും അത് കൈവിട്ടു പോവാറുണ്ട്. മക്കളുമായി കൂടുതൽ സമയം ചെലവഴിക്കാനോ, അവരുടെ പഠനകാര്യങ്ങളിലോ മറ്റു കാര്യങ്ങളിലോ വേണ്ടവിധം ഇടപെടാനോ കഴിയുന്നില്ല എന്നത് പല ജോലിക്കാരായ അമ്മമാരിലും കുറ്റബോധം ഉണ്ടാക്കാറുണ്ട്. കുഞ്ഞുമനസ്സുകളിൽ നിന്നു അകന്നു എന്ന തോന്നൽ സ്ത്രീകളിൽ മറ്റു വൈകാരിക പ്രശ്നങ്ങളിലേക്ക് നയിക്കാം. ഇത് കുഞ്ഞുങ്ങളെയും വളരെ മോശമായി ബാധിക്കാം.
പ്രൊഫഷണൽ ലൈഫും വ്യക്തിജീവിതവും അനുപൂരകങ്ങളായി മുന്നോട്ടു പോകേണ്ട കാര്യങ്ങളാണ്. ജോലിയെക്കുറിച്ചും ജോലിസ്ഥലത്തും അല്ലാതെയും കടന്നുപോകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും പങ്കാളിയോടും കുട്ടികളോടും ചർച്ച ചെയ്യേണ്ടതുണ്ട്. ദിവസവും ജോലികഴിഞ്ഞ് ദേഷ്യത്തോടെയും പിരിമുറുക്കത്തോടെയും കുട്ടികളോട് പെരുമാറിയാൽ അത് അവരിൽ ജോലിയോട് നെഗറ്റീവ് ആയ മനോഭാവം ഉണ്ടാക്കാൻ കാരണമാവും. മാത്രമല്ല കുടുംബത്തിലെ താളം തെറ്റാൻ ഇതു മതി. ജോലിയുടെ മാന്യത കുട്ടികൾക്ക് ബോധ്യമാകുന്ന രീതിയിൽ നമ്മുടെ രീതികൾ മാറ്റിയെടുത്താൽ ഇത് എളുപ്പത്തിൽ സാധ്യമാവും. അതിനായി താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.
. ജോലിക്കായി ഇറങ്ങുമ്പോൾ കുഞ്ഞുങ്ങളോട് യാത്ര പറഞ്ഞിറങ്ങുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ചെറിയ കുഞ്ഞുങ്ങൾ ഉള്ള അമ്മമാർ പലപ്പോഴും ഇത് ചെയ്യാറില്ല. യാത്ര പറയാതെ ഇറങ്ങിയാൽ അമ്മ എവിടെയാണ് എന്ന ഉത്കണ്ഠ കുട്ടികളിൽ വളരാൻ ഇടയാകും. ഇത് മറ്റു വൈകാരിക പ്രശ്നങ്ങളിലേക്ക് നയിക്കാം.
. കുട്ടികളോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുക. അവരുടെ സ്കൂളിലെയും കൂട്ടുകാരുടെയും വിശേഷങ്ങൾ പങ്കുവെക്കാനും നമ്മുടെ അനുഭവങ്ങൾ അവരോട് പറയാനും ഈ സമയം ഉപയോഗപ്പെടുത്താം. കൂടെ കളിക്കാനും ചിരിക്കാനും അവരോടൊപ്പം കൂടുമ്പോൾ നാം അവരോട് കൂടെത്തന്നെയുണ്ട് എന്ന ചിന്ത കുട്ടികളിൽ സമാധാനം ഉണ്ടാക്കും.
. ഒരുമിച്ചുള്ള യാത്രകൾക്കും വിനോദങ്ങൾക്കും സമയം കണ്ടെത്താം. കുടുംബം ഒന്നാകെയുള്ള യാത്രകൾക്ക് പുറമേ മക്കളോടൊപ്പം അമ്മമാർക്ക് തനിച്ചും യാത്ര ചെയ്യാം. ഇങ്ങനെ ചെയ്യുന്ന ചെറിയ യാത്രകൾ മക്കൾക്ക് അമ്മമാരോടുള്ള അടുപ്പം കൂട്ടാൻ കാരണമാകും.
. ഒന്നിനും സമയം കിട്ടുന്നില്ല, പ്രത്യേകിച്ച് മക്കളോടൊപ്പം ചെലവഴിക്കാൻ എന്ന പരാതിയാണ് മിക്ക ജോലിക്കാരായ സ്ത്രീകൾക്കും. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളെ കൃത്യമായി ക്രോഡീകരിച്ച് ടൈംടേബിൾ ഉണ്ടാക്കാം. കൃത്യമായ പ്ലാനിങ്ങോടുകൂടി, മുൻതൂക്കം കൊടുക്കേണ്ടത് കൊടുത്ത് പ്രവർത്തിക്കാം, ഇക്കാര്യങ്ങൾ തീരുമാനമെടുക്കുമ്പോൾ കുട്ടികളെയും കൂടെ കൂട്ടുക, പ്രധാനപ്പെട്ടവയെ അവഗണിക്കാതിരിക്കാനും, അനാവശ്യമായവ തള്ളിക്കളയാനും കുട്ടികൾ ഇതിലൂടെ പഠിക്കും.
. വീട്ടുജോലികളിലും മറ്റു കാര്യങ്ങളിലും വീട്ടിലെ എല്ലാവരെയും ഉൾപ്പെടുത്താം. അവയിൽ കുട്ടികൾക്ക് പരിശീലനം നൽകാം. ‘ഞാൻ ചെയ്താലേ ശരിയാവൂ’ എന്ന ചിന്ത ഒഴിവാക്കാം. കുടുംബ കാര്യങ്ങളിൽ എല്ലാവർക്കും തുല്യ ഉത്തരവാദിത്തമുണ്ട് എന്ന മക്കൾക്ക് ചെറിയ പ്രായത്തിൽ തന്നെ മനസ്സിലാക്കി കൊടുക്കാം.
. ജോലി സ്ഥലവും കൂടെ ജോലി ചെയ്യുന്നവരെയും കുട്ടികൾക്ക് പരിചയപ്പെടുത്താം. അവരുമായി നല്ല ബന്ധം കുട്ടികൾക്ക് ഉണ്ടാക്കിയെടുക്കാം. നമ്മുടെ ജോലികൾ എന്തൊക്കെയാണെന്നും, അത് നാം ഏതു മനോഭാവത്തോടെയാണ് ചെയ്യുന്നതെന്നും കുട്ടികൾ മനസ്സിലാക്കുന്നത് അവരുടെ ഭാവി ജീവിതത്തെയും അവർക്ക് ജോലികളോടുള്ള മനോഭാവത്തെയും പോസിറ്റീവ് സ്വാധീനിക്കാം.
ഇത്തരത്തിൽ നമ്മുടെ ചില രീതികളെ മാറ്റിയെടുത്താൽ പ്രൊഫഷണൽ ലൈഫും കുടുംബവും മക്കളുടെ ജീവിതവും അവരുടെ വിഷമങ്ങളും നമ്മുടെ സ്ട്രസ്സുകളും കൂടിക്കുഴഞ്ഞ് പ്രശ്നമുഖരിതമാകുന്ന ജീവിതത്തെ സന്തോഷകരമാക്കി മാറ്റിയെടുക്കാം. .