LoginRegister

കിതച്ചോടുന്ന വണ്ടി

റബീഹ ഷബീർ

Feed Back


പ്രണയത്താൽ കിതച്ചോടുന്ന
വണ്ടിയെ മുറിച്ചുകടന്ന കാറ്റ്
ചിതറിത്തെറിച്ച് ഉണങ്ങിക്കിടക്കുന്നു
ശൂന്യതയുടെ പാളങ്ങളിൽ.

വെളുത്ത മറുകുള്ള രാത്രിയുടെ
കവിളിൽ നിന്ന് ഇറങ്ങിവന്നൊരു
മിന്നാമിനുങ്ങ് തെളിഞ്ഞ പകലെന്ന്
എഴുതിവെക്കുന്നു.

മറന്നുവെന്ന വാക്കിൽ നിന്ന്
പണ്ടെങ്ങോ ഇറങ്ങിപ്പോയ
ശലഭമൊരു മഴവില്ലാകുന്നു.

ഉടുത്തൊരുങ്ങാനൊരു
ചേലയായ് പൊതിഞ്ഞ്,
ഇറുകെ പുണർന്ന്,
ഹൃദയാന്തരങ്ങളിൽ മരിച്ചുവെന്ന്
കൊത്തിവെച്ചൊരു കല്ലറയിൽ
ചിറകുകളടിച്ച് ആത്മാവിനെ
വിളിച്ചുണർത്തുന്നു.

പ്രണയത്താൽ കിതച്ചോടുന്ന വണ്ടി,
മുറിച്ചുകടന്നിട്ടും ചിതറിത്തെറിച്ചിട്ടും
കാടകങ്ങളിൽ ചില്ലകൾ നിറയെ
പൂത്തുനിൽക്കുന്നുണ്ടെന്ന്
ഉടലിൽ ചുണ്ടുകൾ കൊണ്ട്
എഴുതിവെക്കുന്നു.

കൊടുങ്കാറ്റായിരുന്നിട്ടും
കാലമതിനെ അരിച്ചെടുത്ത്
ഇളംകാറ്റായ് പറത്തിവിട്ട്
ഊതിയൂതിയെന്റെ ശ്വാസം നിറച്ച്
നിന്നിലേക്ക് അയക്കുന്നു.
നീയായ് നിറയുന്നു, ഉലകമാകെ! .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top