LoginRegister

കഥ പറയുന്നു പൈതൃക ഗ്രാമങ്ങള്‍

ഹാറൂന്‍ കക്കാട്

Feed Back


ലോക രാജ്യങ്ങള്‍ക്കിടയില്‍ 158ാം സ്ഥാനമാണ് ഖത്തറിനുള്ളത്. പന്ത്രണ്ടായിരത്തോളം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ കൊച്ചുരാജ്യത്തെ ജനസംഖ്യ ഏകദേശം 30 ലക്ഷമാണ്. അതില്‍ മൂന്നു ലക്ഷം മാത്രമാണ് ഖത്തരികള്‍. ബാക്കി ഇവിടെയെത്തിയ പ്രവാസികള്‍. അതില്‍ അഞ്ചു ലക്ഷത്തോളം മലയാളികളാണ്.
ലോകത്തെ ഏറ്റവും പരന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. തറനിരപ്പില്‍ നിന്ന് 203 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള ഒരു സ്ഥലവും ഈ രാജ്യത്തില്ല. എന്നാല്‍, ഇവിടെ പലയിടങ്ങളിലും പച്ച പുതച്ച കുന്നുകള്‍ കാണാം. എല്ലാം കൃത്രിമമായി നിര്‍മിച്ചതാണ്. ഹരിതാഭയാര്‍ന്ന ഈ കുന്നിന്‍പുറങ്ങളില്‍ ഹോട്ടലുകളും റസ്റ്റാറന്റുകളും പൂന്തോട്ടങ്ങളും പാര്‍ക്കും മാത്രമല്ല വെള്ളച്ചാട്ടം വരെയുണ്ട്.
കടല്‍ നികത്തി കര ഉയര്‍ത്തിയും ഖത്തര്‍ ടൗണ്‍ഷിപ്പുകള്‍ നിര്‍മിച്ചിട്ടുണ്ട്. ദോഹയില്‍ നാലു ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് പേള്‍ ഖത്തര്‍ എന്ന പേരില്‍ ഒരു ദ്വീപ് യാഥാര്‍ഥ്യമാക്കിയത്. രാജ്യത്തിന്റെ ചരിത്രം തുടങ്ങുന്ന മുത്തുവ്യാപാരത്തിന്റെ സ്മരണയ്ക്കായാണ് ദ്വീപിന് ഈ പേരിട്ടത്. യൂറോപ്യന്‍ ശൈലിയിലുള്ള ആഡംബര വീടുകളും അംബരചുംബികളായ ഷോപ്പിങ് മാളുകളുമെല്ലാം നിറഞ്ഞ ഈ ദ്വീപ് രാജ്യത്ത് വിദേശ പൗരന്‍മാര്‍ക്കു സ്വന്തമാക്കാനാവുന്ന ഭൂമിയാണ്. ലോകമെങ്ങും നിന്നുള്ള കലാ-കായികതാരങ്ങള്‍ക്കും കോടീശ്വരന്‍മാര്‍ക്കുമെല്ലാം 12 ഡിസ്ട്രിക്റ്റുകളായി സംവിധാനിച്ച പേള്‍ ഖത്തറില്‍ വീടുകളുണ്ട്. ഇവ്വിധം ഈ കൊച്ചുരാജ്യത്ത് ഭരണാധികാരികള്‍ ഒരുക്കിയ വിസ്മയങ്ങള്‍ ഒരുപാടാണ്. എങ്കിലും രാജ്യം നടന്നുവന്ന ഗ്രാമവഴികളും പൗരാണിക അവശേഷിപ്പുകളുടെ നാള്‍വഴികളും ഇന്നും ഖത്തറിലുണ്ട്.
പൈതൃക ഗ്രാമങ്ങളുടെ
സംരക്ഷണം

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള വാസസ്ഥലങ്ങള്‍, പുരാതന ഗ്രാമങ്ങള്‍, പട്ടണങ്ങള്‍, വാച്ച് ടവറുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി പൈതൃകങ്ങള്‍ രാജ്യത്ത് സംരക്ഷിച്ചിട്ടുണ്ട്. 18ാം നൂറ്റാണ്ടിലും 19ാം നൂറ്റാണ്ടിലുമുള്ള ഗള്‍ഫ് വ്യാപാരകേന്ദ്രത്തിന്റെ ഏറ്റവും മികച്ച സംരക്ഷിത ഉദാഹരണങ്ങളിലൊന്നായ അല്‍ സുബാറ രാജ്യത്തെ ഏറ്റവും പ്രശസ്തമായ പൈതൃക പ്രദേശമാണ്.
2013ല്‍ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റില്‍ അല്‍ സുബാറ ആര്‍ക്കിയോളജിക്കല്‍ സൈറ്റിനെ ഉള്‍പ്പെടുത്തിയിരുന്നു. അല്‍ ഫ്രീഹ, അല്‍ റുവൈസ്, അല്‍ ബര്‍സാന്‍, അല്‍ ഖോര്‍ ടവറുകള്‍, അല്‍ റകായത്ത് കോട്ട, റാസ്ബ്രൗക്ക്, അല്‍ ജസ്സാസിയ, അല്‍ ഖറന്‍, അല്‍ മഫ്ജര്‍ തുടങ്ങിയവയും ഖത്തറിലെ പൈതൃക പട്ടികയില്‍ ഇടം പിടിച്ച പുരാതന വാസസ്ഥലങ്ങളാണ്.
ഖത്തറിന്റെ വടക്കുഭാഗത്തുള്ള അല്‍ മഫ്ജര്‍ ഗ്രാമം പുതിയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ ഖത്തര്‍ മ്യൂസിയം അതോറിറ്റി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഈ പദ്ധതി സ്വകാര്യമേഖലയുടെ പിന്തുണയോടെ ഖത്തരി ഗ്രാമങ്ങളില്‍ നടത്തുന്ന ഏറ്റവും മികച്ച പദ്ധതികളിലൊന്നാണ്.
ചുട്ടുപഴുത്ത് ജ്വലിക്കുന്ന മരുഭൂമിയില്‍ ഈന്തപ്പനയോലയുടെ തണല്‍ കൊണ്ട് ഇതിഹാസം രചിച്ചവരാണ് അറബികള്‍. ത്യാഗങ്ങളുടെ തീച്ചൂളയില്‍ അതിജീവനത്തിന്റെ വിത്തുകള്‍ മുളപ്പിച്ച് ലോകത്തിനു തന്നെ അതിജീവനത്തിന്റെ പുതിയ പാഠങ്ങളും നിര്‍വചനങ്ങളും നല്‍കിയവര്‍! നഗര ചടുലതയുടെ കുതിച്ചുചാട്ടങ്ങള്‍ക്കിടയിലും കടന്നുവന്ന പാതകളെയും പൂര്‍വകാല ജനതയുടെ ത്യാഗങ്ങളെയും മാറോടണക്കുന്നതില്‍ എന്നും മാതൃക തീര്‍ത്തവരെ നമുക്കിവിടെ കാണാം.
അത്തരം രണ്ടു ഗ്രാമങ്ങളിലേക്ക് നമുക്ക് യാത്രയാകാം.

അല്‍ റുവൈസ്
ഗ്രാമത്തിലേക്ക്

രാജ്യതലസ്ഥാനമായ ദോഹയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് ഖത്തറിലെ പുരാതന ഗ്രാമമായ അല്‍ റുവൈസ് സ്ഥിതി ചെയ്യുന്നത്.
താമസസ്ഥലമായ അല്‍ വക്‌റയില്‍ നിന്നാണ് ഞങ്ങളുടെ യാത്ര തുടങ്ങിയത്. മണിക്കൂറോളം ദൈര്‍ഘ്യമുള്ള മരുഭൂമിയെ കീറിമുറിച്ചുള്ള ഈ യാത്ര വിരസത ഒട്ടുമില്ലാതെ ഹൃദ്യമാക്കിയത് ഏഴു വയസ്സുകാരന്‍ ആദമും ഖത്തര്‍ പോലീസ് ഡിപാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥനായ സുഹൃത്ത് താളത്തില്‍ സലാമും ആയിരുന്നു. ഇരുവരുടെയും ആകര്‍ഷകമായ തുരുതുരായുള്ള സംഭാഷണശകലങ്ങളുടെ വേലിയേറ്റത്തിലും ഇറക്കത്തിലും ലയിച്ച് ജസീമും റഹ്മയും ഹനയും ഹയയും ഞാനും മരുഭൂയാത്ര നന്നായി ആസ്വദിച്ചു.
മനുഷ്യര്‍ ഒരുമിച്ചു താമസിക്കുന്ന ചെറിയ പ്രദേശമാണ് ഗ്രാമം എന്ന പേരില്‍ അറിയപ്പെടുന്നത്. ഗ്രാമങ്ങളിലെ ജനസംഖ്യ ചെറുതായിരിക്കും. ഓരോ ഗ്രാമങ്ങളും കൃഷിയുമായി ബന്ധപ്പെട്ട കൂട്ടായ്മകള്‍ ആയിരുന്നു. ലോകത്ത് രൂപംകൊണ്ട മിക്ക സംസ്‌കാരങ്ങളുടെയും ഉദയം ഗ്രാമങ്ങളിലാണ്. ആര്‍ത്തിരമ്പുന്ന കടലില്‍ നിന്ന് മീന്‍ പിടിച്ചും മുത്തു വാരിയും ജീവിതം നട്ടുവളര്‍ത്തി ലോകത്തിന് മാതൃക തീര്‍ത്ത അറബികളുടെ സാംസ്‌കാരിക മേന്മകള്‍ വളര്‍ന്നു പന്തലിച്ചത് ഗ്രാമഭൂമികയില്‍ നിന്നായിരുന്നു. ഗ്രാമങ്ങളുടെ മാതാവ് എന്ന് അര്‍ഥം വരുന്ന ഉമ്മുല്‍ ഖുറാ എന്നത് മക്കയുടെ ഹൃദ്യമായ പേരാണ്. മക്കയില്‍ നിന്ന് ലോക നാഗരികത ഉദ്ഭവിച്ചതുകൊണ്ടാവും ഈ പേര് വരാനിടയായത്. വിശുദ്ധ ഖുര്‍ആനില്‍ മക്കയെ ഉമ്മുല്‍ ഖുറാ എന്ന് പരാമര്‍ശിച്ചിട്ടുണ്ട്.
അല്‍ റുവൈസ് ഗ്രാമത്തിലെ തെരുവിലൂടെ നടക്കുമ്പോള്‍, ആധുനികതയുടെ വര്‍ണങ്ങളുള്ള ഖത്തറിലെ അംബരചുംബികള്‍ കണ്ടു വിസ്മയിച്ചവര്‍ക്ക് പെട്ടെന്ന് നൂറ്റാണ്ടുകള്‍ പിന്നിലേക്കു സഞ്ചരിച്ച പോലെ അനുഭവപ്പെടും. അറബിക്കഥകളില്‍ വായിച്ചറിഞ്ഞതുപോലെയുള്ള തെരുവോര കാഴ്ചകള്‍ ഓരോ യാത്രികന്റെയും മനം കുളിര്‍പ്പിക്കുന്നതാണ്. ഗ്രാമ സംസ്‌കാരങ്ങളുടെ അടയാളങ്ങള്‍ ഇപ്പോഴും കൈവിടാത്ത രാജ്യങ്ങളുണ്ട്. അത്തരം പാരമ്പര്യം പിന്തുടരുന്നതില്‍ മാതൃകയാണ് ഖത്തര്‍. ദേശീയ സ്വത്വം, രാജ്യത്തിന്റെ ചരിത്രം, സംസ്‌കാരം, പൈതൃകം, ഭാഷ, നേട്ടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൃത്യമായി അടുത്തറിയാന്‍ പര്യാപ്തമായ സംരംഭങ്ങള്‍ ഇവിടെയുണ്ട്.
അല്‍ റുവൈസ് ചരിത്രത്തില്‍ പ്രസിദ്ധമായ പ്രദേശമാണ്. രാജ്യത്തിന്റെ വടക്കുഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 1650നും 1700നും ഇടയില്‍ അഹ്മദ് ബിന്‍ കസബ് അല്‍ സദായാണ് ഇത് സ്ഥാപിച്ചത്. വടക്കും വടക്കുകിഴക്കും അറേബ്യന്‍ ഗള്‍ഫ് കടലും പടിഞ്ഞാറ് അല്‍ ശമാല്‍, അബൂദലൂഫ് നഗരങ്ങളും തെക്ക് റൗദ് അല്‍ വാബ്, അല്‍ സഗാബ് എന്നിവയുമാണ് അല്‍ റുവൈസിന്റെ അതിര്‍ത്തി പങ്കിടുന്നത്. ഇപ്പോള്‍ ശമാല്‍ മുനിസിപ്പാലിറ്റിയുടെ കീഴിലാണ് ഈ പ്രദേശം. വേനല്‍ക്കാലത്ത് മിതമായ കാലാവസ്ഥയാണ് ഇവിടത്തെ സവിശേഷത. പരമാവധി താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാറില്ല. അതേസമയം ദോഹയിലെ ഏറ്റവും ഉയര്‍ന്ന താപനില 50 ഡിഗ്രിയാണ്.
അല്‍ റുവൈസ് സ്ഥാപിതമായതു മുതല്‍ ഇപ്പോഴും അല്‍ സദാ ഗോത്രക്കാരാണ് ഇവിടെ കൂടുതലായും ജീവിക്കുന്നത്. പില്‍ക്കാലത്ത് അല്‍ റുവൈസ് വികസിച്ചു. അല്‍ ഫയാഹിന്‍, അല്‍ അസൂസ്, അല്‍ മുഹാസ, അല്‍ ബുദ്വാസ്, അല്‍ ഫദാല, അല്‍ ഹസാസ്ന, അല്‍ ഹുസൈനാത്ത്, അല്‍ കഅബാന്‍ തുടങ്ങിയ കുടുംബങ്ങള്‍ കൂടി ഇവിടെയെത്തി.
ഖത്തറിലെ പഴക്കം ചെന്ന ഒരു പള്ളി അല്‍ റുവൈസിലുണ്ട്. ഇസ്അല്‍ ബിന്‍ അഹ്മദ് ബിന്‍ കാസിബ് അല്‍ സദായാണ് ഈ പള്ളി നിര്‍മിച്ചത്. പിന്നീട് അബ്ദുല്ല ബിന്‍ ഇബ്‌റാഹീം ബിന്‍ സാലിഹ് ബിന്‍ ഇസ്അല്‍ അല്‍ സദാ പള്ളി പുതുക്കിപ്പണിതു. പില്‍ക്കാലത്ത് വീണ്ടും അഹ്മദ് ബിന്‍ അലി ബിന്‍ മുഹമ്മദ് അല്‍ സദാ പള്ളി പുതുക്കി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശൈഖ് അലി ബിന്‍ അബ്ദുല്ല അല്‍താനി പള്ളി നവീകരിച്ചു. അത്യാകര്‍ഷകമായ രീതിയിലാണ് പള്ളിയുടെ നിര്‍മാണം. ഇറാഖില്‍ നിന്നും ഇന്ത്യയില്‍ നിന്നും കൊണ്ടുവന്ന കൂറ്റന്‍ മരത്തടികള്‍ ഇതിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.
പഴയ ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍ മിക്കതും ഇപ്പോള്‍ മണല്‍ മൂടിയിരിക്കുകയാണ്. വീടുകള്‍, പള്ളി, നിരത്തുകള്‍, മല്‍സ്യക്കുടിലുകള്‍, ഈന്തപ്പഴച്ചാര്‍ നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതായിരുന്നു അല്‍ റുവൈസ് ഗ്രാമം. ചില അവശിഷ്ടങ്ങള്‍ ഖത്തര്‍ ആര്‍ക്കിയോളജി വകുപ്പാണ് കുഴിച്ചെടുത്തത്. പ്രദേശത്തെ ചെറിയ ഭാഗത്ത് ചരിത്രം തേടിയുള്ള ഉല്‍ഖനനം നടന്നിട്ടുണ്ട്.
ഗ്രാമത്തിലെ ആദ്യകാല മീന്‍പിടിത്ത മേഖല ഇപ്പോള്‍ ചെറിയ തുറമുഖമായി വികസിച്ചിട്ടുണ്ട്. മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന നിരവധി പരമ്പരാഗത ബോട്ടുകളും മീന്‍ പിടിക്കാനുള്ള ഉപകരണങ്ങളും കടല്‍ത്തീരത്ത് കാണാം. മീന്‍ പിടിക്കാനുള്ള പ്രത്യേക കമ്പിവലകള്‍ നിര്‍മിക്കുന്നതും പിടിച്ച മത്സ്യങ്ങളെ ഐസില്‍ ഇട്ടുവയ്ക്കുന്നതുമെല്ലാം ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള മത്സ്യത്തൊഴിലാളികളാണ്. അവരില്‍ ചിലരുമായി ഞങ്ങള്‍ സംസാരിച്ചു. രാവും പകലും വകവയ്ക്കാതെ നിസ്വാര്‍ഥരായി സേവനമനുഷ്ഠിക്കുന്ന തൊഴിലാളികളുടെ മുഖങ്ങള്‍ ഒറ്റനോട്ടത്തില്‍ തന്നെ അതിജീവനത്തിന്റെ കഥകള്‍ പറയും.
കുളിരുള്ള ഇളംകാറ്റില്‍ അല്‍ റുവൈസിലെ കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ടു ഞങ്ങള്‍ നടന്നു. കടലിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കസ്റ്റംസ് ഓഫീസും പരിസരവും വളരെ മനോഹരമായി സംവിധാനിച്ചിരിക്കുന്നു. ഭദ്രമായ ലോഹപ്പെട്ടികളിലാക്കി ശീതീകരിച്ച ഫ്രൂട്ട് കണ്ടെയ്‌നറുകളില്‍ അല്‍ റുവൈസ് തുറമുഖം വഴി രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്ന മയക്കുമരുന്നുകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവിടെ നിന്ന് പിടിച്ചെടുക്കുക പതിവാണ്. കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള അബൂ ദലൂഫ് പാര്‍ക്ക് ഈ ഗ്രാമത്തിലെ മറ്റൊരു മനോഹര കാഴ്ചയാണ്. 12,303 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഈ ഉദ്യാനം 2009ല്‍ പ്രവര്‍ത്തനം തുടങ്ങിയതാണ്.

ഉമ്മു ഖറന്‍
ഗ്രാമത്തിലേക്ക്

ദോഹയില്‍ നിന്ന് അല്‍ ഖോര്‍ റൂട്ടില്‍ 35 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഉമ്മു ഖറന്‍ ഗ്രാമത്തിലെത്താം. 16 വര്‍ഷം ഖത്തറില്‍ പ്രവാസിയായിരുന്ന സുഹൃത്ത് അബ്ദുസ്സലാം മുണ്ടോളിയാണ് ഈ ഗ്രാമത്തെ കുറിച്ച് ഈ ലേഖകനോട് സൂചിപ്പിച്ചത്. ഒരു നൂറ്റാണ്ട് മുമ്പ് ഖത്തരികള്‍ താമസിച്ച പ്രദേശമാണിത്. ചെറുതും വലുതുമായ ഒട്ടേറെ വീടുകളുടെ അവശിഷ്ടങ്ങള്‍ ഇവിടെ ഇപ്പോഴും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ഖത്തറിലെ അല്‍ ദായെന്‍ മുനിസിപ്പാലിറ്റിയില്‍ അല്‍ ശമാല്‍ ഹൈവേക്ക് സമീപമാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഭൂമിശാസ്ത്രപരമായ സവിശേഷതകളില്‍ നിന്നാണ് ഗ്രാമത്തിന് ഈ പേര് ലഭിച്ചത്. ‘പരന്ന ആകൃതിയിലുള്ള കുന്നിന്റെ മാതാവ്’ എന്നാണ് ഉമ്മു ഖറന്റെ അര്‍ഥം. അബൂ തായ്ല, സിമൈസ്മ എന്നീ ഗ്രാമങ്ങള്‍ ഇതിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്നു.
580 ഏക്കര്‍ സ്റ്റഡ് ഫാം ഉമ്മു ഖറന്‍ ഗ്രാമത്തിലെ വേറിട്ട കാഴ്ചയാണ്. നിരവധി ചാമ്പ്യന്‍ കുതിരകളെ പാര്‍പ്പിക്കുന്ന ആഡംബര തൊഴുത്താണിത്. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക പുല്ല് ഫാമില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. 20 ഹെക്ടര്‍ വിസ്തൃതിയുള്ള ഇവിടത്തെ നഴ്‌സറിയില്‍ പ്രതിവര്‍ഷം 3,00,000ലധികം വിവിധ ചെടികളുടെ തൈകള്‍ വളര്‍ത്തുന്നു. ഈ തൈകളില്‍ ഭൂരിഭാഗവും ഖത്തറിലെ വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളിലേക്കാണ് വിതരണം ചെയ്യുന്നത്.
മുനിസിപ്പല്‍ ഓഫീസ്, പ്രാഥമിക ആരോഗ്യകേന്ദ്രം, സിവില്‍ ഡിഫന്‍സ് സെന്റര്‍, പോലീസ് സ്റ്റേഷന്‍ എന്നിവയും രണ്ട് പ്രൈമറി സ്‌കൂളുകളും ഇപ്പോള്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പഴയ വീടുകളില്‍ നിന്ന് ഖത്തരികള്‍ കൂട്ടത്തോടെ പുതിയ താവളങ്ങളിലേക്ക് കുടിയേറിയിരിക്കുന്നു. അതിനാല്‍ ഗ്രാമത്തിന്റെ മൊത്തം വിസ്തൃതിയുടെ അഞ്ചില്‍ നാലു ഭാഗവും ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ നിര്‍മിച്ച തങ്ങളുടെ മാതാപിതാക്കളുടെയും പൂര്‍വികരുടെയും വീടുകള്‍ ഉള്‍പ്പെടുന്ന പ്രദേശം പരിപാലിച്ച് പൈതൃക സ്മാരകമായി പുനഃസ്ഥാപിക്കണമെന്ന ആവശ്യം സ്വദേശവാസികള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
ഖത്തര്‍ നാഷണല്‍ മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായ ‘ഖത്തര്‍ നാഷണല്‍ വിഷന്‍ 2030’ എന്ന പദ്ധതിക്ക് കീഴില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് നടപ്പാക്കാനിരിക്കുന്നു. ഉമ്മു ഖറന്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് നിര്‍മിച്ച മസ്ജിദില്‍ സായാഹ്ന പ്രാര്‍ഥനയില്‍ പങ്കെടുത്ത ശേഷമാണ് ഞങ്ങള്‍ അല്‍വക്‌റയിലെ വില്ലയിലേക്ക് മടങ്ങിയത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top