LoginRegister

ഓർമകൾ പാറുന്ന അപ്പൂപ്പൻതാടികൾ

സമീഹ അമീറ

Feed Back


കുട്ടിക്കാലത്തിന്റെ സുന്ദര താഴ്‌വരയിലൂടെ ഒരു ചെങ്കല്‍പ്പാത വെട്ടി അതിലൂടെ നഗ്‌നപാദയായി നടക്കുകയാണ് ഞാന്‍. ചുറ്റും ബാല്യകാലത്തെ കൂട്ടവിളികള്‍. ഉമ്മയുടെ വിളിപ്പുറത്തുണ്ടായിരുന്ന സൈനത്ത, എന്നും അര്‍ധരാത്രിയില്‍ സൈനബാ എന്ന് കൂകിവിളിച്ചിരുന്ന ശൈത്താന്‍, നാടാകെ അത്തറിന്റെ കൊടുങ്കാറ്റുമായി നടന്നിരുന്ന ആലിക്ക, ഗ്രാമത്തിന്റെ മുക്കിലും മൂലയിലും റേഡിയോ തരംഗം സൃഷ്ടിച്ചിരുന്ന അലവിക്ക, ഓര്‍മശക്തി കൊണ്ട് അതിശയം സൃഷ്ടിച്ചിരുന്ന കമ്പ്യൂട്ടര്‍ ഹംസക്ക, ഒടിയന്‍ ഒടിച്ചിട്ട കുഞ്ഞിക്കാരിയപ്പന്‍- അങ്ങനെയങ്ങനെ ജീവിച്ചിരുന്ന കഥാപാത്രങ്ങളുടെ ഒരു നീണ്ട നിര തന്നെ എന്റെ മുന്നില്‍ നിരന്നുനിന്ന അവസ്ഥയായിരുന്നു സഫിയ മുഹ്‌യുദ്ദീന്റെ ‘അപ്പൂപ്പന്‍താടികള്‍’ എന്ന മധുരസ്മരണ വായിച്ചുതീര്‍ത്ത രാത്രിയില്‍.
തന്റെ കുട്ടിക്കാലത്തെ വായനക്കാര്‍ക്കു വേണ്ടി ഒരു കാന്‍വാസിലെന്നപോലെ നിറങ്ങള്‍ ചാലിച്ച എഴുത്ത്. ഓരോ കഥാപാത്രങ്ങളും സംഭവങ്ങളും ഒരു നിഴല്‍ക്കൂത്തുപോലെ ആടിത്തിമര്‍ത്ത് കടന്നുപോയി.
ചെറുപ്പം നമ്മില്‍ തീര്‍ക്കുന്ന ചില വിപ്ലവങ്ങളുണ്ട്. വളര്‍ച്ചയുടെ കാതലായ വിപ്ലവങ്ങള്‍. അതിന്റെ കയ്പും മധുരവും ഇന്നും ഓര്‍മയുടെ നാവിന്‍തുമ്പത്ത് മങ്ങാതെ, മായാതെ കിടപ്പുണ്ടാകും. ഓരോ വ്യക്തിയെ സംബന്ധിച്ചും പിന്നിട്ടുള്ള ജീവിതത്തെ ആശ്രയിച്ചുകിടക്കുന്ന തായ്‌വേര് അത്തരം ഓര്‍മകള്‍ കൂടിയാണ്.
ആത്മാക്കളുടെ കറകളഞ്ഞ വല്ലാത്തൊരു ബന്ധത്തിന്റെ സുഗന്ധമുണ്ട് പോയകാലത്തിനെന്ന് ഓര്‍മിപ്പിക്കും വിധമാണ് എഴുത്ത് മുന്നേറുന്നത്. ഇന്നത്തെ കാലത്ത് വാര്‍ത്താപ്രാധാന്യമുള്ള പല ബന്ധങ്ങളും ഇരുപത് കൊല്ലം മുമ്പുവരെ നമുക്കിടയില്‍ സ്വാഭാവികമായ കാര്യമായിരുന്നു. ഏതു കാര്യത്തിലും ‘നമ്മുടേത്’ എന്നൊരു ചിന്താഗതിയില്‍ എത്രയെത്ര ദുഃഖങ്ങളും ആഘോഷങ്ങളും കഴിഞ്ഞുപോയി. കല്യാണങ്ങള്‍ക്ക് ഒരുമിച്ചു പന്തല്‍ കെട്ടി, മരണവീടുകളില്‍ ഒന്നിച്ചലറിക്കരഞ്ഞ്, ദുരന്തങ്ങളില്‍ ഒരടുപ്പ് മാത്രം പുകഞ്ഞ് ഒരു ഗ്രാമം വിശപ്പടക്കി. ഓണത്തിനും പെരുന്നാളിനും ഒരുപോലെ മുറ്റങ്ങളും കോലായികളും ഒരുങ്ങി. എല്ലാ കൈയിലും ഒരുപോലെ മൈലാഞ്ചി ചെമന്നു. കുപ്പിവളകള്‍ കിലുങ്ങിയുടഞ്ഞു. എല്ലാ ചെവിയിലും കളിത്തോക്ക് അലച്ചു. എല്ലാ മുറ്റത്തും ഗോലികള്‍ ഉരുണ്ടു. വര്‍ഗീയത വിളമ്പാന്‍ നാവുകള്‍ പൊങ്ങിയില്ല. ഉത്സവങ്ങളും ആഘോഷങ്ങളും അന്നാട്ടുകാരുടെ മനസ്സും വയറും ഒരുമിച്ച് നിറച്ചു. അനുഭവങ്ങള്‍ വേണമെങ്കില്‍ ആ കാലത്തേക്ക് ഓടിപ്പോകണമെന്നു തോന്നും.
മൈസൂര്‍ മല എന്ന മലയോര ഗ്രാമത്തെ ഓര്‍മകളില്‍ സങ്കടങ്ങളും ദുഃഖങ്ങളും ആസ്വദിച്ചെഴുതിയ എഴുത്തുകാരിയെയാണ് സഫിയ ടീച്ചറില്‍ കാണാനാവുക. കാലങ്ങള്‍ക്കിപ്പുറം അവര്‍ വീണ്ടും മൈസൂര്‍ മല ചവിട്ടിക്കയറിയത് നട്ടുനനച്ച ഓര്‍മകളുടെ പടവുകളിലൂടെയാണ്.
പേരക്ക ബുക്സാണ് പ്രസാധകർ. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top