LoginRegister

ഓള്‌ പറഞ്ഞ നേരുകൾ

രസ്‌ന റിയാസ്; വര: സല്‍വ സി കെ

Feed Back


റെയ്ഹാനയും ഞാനും പിന്‍ബെഞ്ചിലായിരുന്നു. ഉയരം കൂടുന്നതിനനുസരിച്ച് ദൂരം കൂടുന്ന ക്ലാസായിരുന്നു ഞങ്ങളുടേത്. അങ്ങനെയാണ് പൂച്ചക്കണ്ണിയായ അവളും ഉണ്ടക്കണ്ണിയായ ഞാനും അടുത്തടുത്തായത്. ഉയരമല്ലാതെ ഞങ്ങളെ സാമ്യപ്പെടുത്തുന്ന മറ്റൊന്നും തന്നെ ഉണ്ടായിരുന്നുമില്ല. എങ്കിലും പുതിയ അയല്‍ക്കാരിയെ എനിക്ക് ഇഷ്ടമായി. അവള്‍ക്ക് വൃത്തിയും ഭംഗിയും സുഗന്ധവുമുണ്ടായിരുന്നു. ഗള്‍ഫിലുള്ള അവളുടെ ആങ്ങളമാരും അളിയന്‍മാരും ഇടയ്ക്ക് ലീവിനു വന്നാല്‍ അവള്‍ക്ക് സമ്മാനപ്പെട്ടി തുറക്കുമ്പോഴത്തെ ഗന്ധമായിരുന്നു.
പത്തിലെ ആദ്യത്തെ പാഠം കഴിഞ്ഞ കൊച്ചു പരീക്ഷയില്‍ തന്നെ റെയ്ഹാന എന്നെ ഞെട്ടിച്ചുകളഞ്ഞു. ഒറ്റയക്കത്തില്‍ വലുതായി മാര്‍ക്കിട്ട ഉത്തരക്കടലാസ് ഏറ്റുവാങ്ങുമ്പോള്‍ അവള്‍ക്ക് യാതൊരു ഞെട്ടലുമുണ്ടായിരുന്നില്ല. അത്രയും നാള്‍ അതിമനോഹരമായ ചിത്രലിപികളാല്‍ നോട്ടെഴുതി എന്നെ അമ്പരപ്പിച്ചവള്‍… ചുവന്ന ഇരട്ട വരകളിലെ മാര്‍ജിനിപ്പുറം വരിവരിയായി നീങ്ങുന്ന ഉരുണ്ടു കൊഴുത്ത അക്ഷരങ്ങള്‍. ‘ധ’യും ‘ദ’യും ‘ത’യുമെല്ലാം റെയ്ഹാനക്ക് സമമാണെന്നും അവളുടെ നോട്ടുപുസ്തകമെന്ന ‘ദാരുശില്‍പം’ അക്ഷരത്തെറ്റുകളാല്‍ സമൃദ്ധമാണെന്നും പിന്നീടാണ് എനിക്ക് തിരിഞ്ഞത്.
ഞാന്‍ അവള്‍ക്ക് ചില പാഠങ്ങള്‍ പറഞ്ഞുകൊടുത്ത്, ആത്മാര്‍ഥതയുള്ള ഒരു ടീച്ചറാവുകയെന്ന എന്റെ ഭാവിപദ്ധതിക്ക് ഒരു ഇരയെ കണ്ടെത്താന്‍ ശ്രമിച്ചുനോക്കി.
”ഇത് നോക്ക് റെയ്ഹാനാ, എളുപ്പമാണ്, ഇത്രേള്ളൂ” എന്നൊക്കെ പറയുമെങ്കിലും അവള്‍ പൂച്ചക്കണ്ണിറുക്കി, ചിരിച്ച് ഒഴിഞ്ഞുമാറിക്കളയും.
”എനിക്കിതൊന്നും തിരിയൂലാ”ന്ന് ആയുധം വെച്ച് കീഴടങ്ങും.
”ന്‍യ്ക്ക് ഇറച്ചി വരട്ടാനറിയാ, മത്തി മുളകിടാനറിയാ, അടുത്തൊല്ലം അല്ലെങ്കി പിറ്റേക്കൊല്ലം വാപ്പ ന്നെ കെട്ടിയ്ക്കും. ഇതിലും തോനെ നെഗറ്റീവും പോസിറ്റീവും പഠിച്ചിട്ട് ഞാനെന്താക്കാനാ!”
അതും പറഞ്ഞവള്‍ എന്റെയടുത്തുനിന്നു തുള്ളിനീങ്ങുന്ന വരാലായി പോയ് മറയും.
പത്ത് കഴിഞ്ഞു. ഉദാരവല്‍ക്കരണ ഘോഷയാത്രയില്‍ റെയ്ഹാന എന്ന കയ്യാലപ്പുറത്തെ തേങ്ങ ജയിച്ച കണ്ടത്തിലേക്ക് മറിഞ്ഞുവീണു.
അവളുടെ പ്രവചനം ഒട്ടും തെറ്റിയ്ക്കാതെ വാപ്പ പിറ്റേക്കൊല്ലം ഓളെ കെട്ടിച്ചു. കല്യാണത്തിനു ഞാനും പോയി. ഒടുക്കത്തെ പുരോഗമനവാദിയായ എനിക്ക് ഇതൊന്നും അത്ര ശരിയല്ല എന്നൊരു ഭാവമുണ്ടായിരുന്നു. റെയ്ഹാന പക്ഷേ ഛായാചിത്രത്തില്‍ നിന്നിറങ്ങിവന്ന രാജകുമാരിയായിക്കഴിഞ്ഞിരുന്നു. അവള്‍ ആരേക്കാളും സന്തോഷവതിയുമായിരുന്നു. ഞങ്ങളൊന്നിച്ചാണ് ഭക്ഷണം കഴിക്കാനിരുന്നത്. അവള്‍ എന്നത്തെയും പോലെ വേണ്ടതിനും വേണ്ടാത്തതിനും പൊട്ടിച്ചിരിച്ചു.
റെയ്ഹാന പിന്നീട് ഭര്‍ത്താവിന്റെ ഒപ്പം ഗള്‍ഫില്‍ പോയി. ഞാന്‍ അവളെ കണ്ടതേയില്ല.
ഞാന്‍ പിന്നെയും കുറച്ച് വര്‍ഷം കൂടി എന്തിനോ എവിടെയൊക്കെയോ പഠിക്കാന്‍ പോയി. ‘കയില് കുത്താന്‍ പോയെ’ന്ന് പറയുന്നവരുമുണ്ട്.
മോശം പറയാത്ത പ്രായത്തില്‍ എന്റെയും കെട്ട് കഴിഞ്ഞു. മത്തി മുളകിടുമ്പോഴും ഇറച്ചി വരട്ടുമ്പോഴും ഞാന്‍ വീണ്ടും വീണ്ടും റെയ്ഹാനയെ ഓര്‍ക്കുകയും പിന്നീട് മറക്കുകയും ചെയ്തു.
കുട്ടികളായി, വീടായി, തിരക്കായി… പിന്നെന്ത് റെയ്ഹാന!
മോന്റെ സ്‌കൂളിന്റെ മുറ്റത്തു വെച്ചാണ് കാറില്‍ നിന്നിറങ്ങുന്ന പൂച്ചക്കണ്ണി വീണ്ടുമെന്റെ മുമ്പിലെത്തിയത്. അതെ, അവള്‍ തന്നെ. എന്റെ റെയ്ഹാന!
അവള്‍ തടി വെച്ചിരുന്നു. ഇവിടെയെങ്ങും കണ്ടിട്ടില്ലാത്ത ചിത്രത്തുന്നലുകളുള്ള പര്‍ദയും ഷാളുമായിരുന്നു അവള്‍ അണിഞ്ഞിരുന്നത്.
എനിക്ക് അവളെ കണ്ടപ്പോള്‍ പണ്ട് കേട്ടൊരു ഉര്‍ദു കവിതയാണ് ഓര്‍മ വന്നത്!
അതിന്റെ സാരം ഏതാണ്ട് ഇങ്ങനെയായിരുന്നു:
”ഹേ പെണ്‍കൊടീ, മുഖം മറയ്ക്കൂ
നിന്നെ കാണാന്‍ മാത്രം ലോകം വളര്‍ന്നിട്ടില്ല!”
അവള്‍ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു. ഞാനെന്റെ ഗന്ധത്തെക്കുറിച്ചും വാരിവലിച്ചിട്ട വേഷത്തെക്കുറിച്ചും മുഖക്കുരു വന്ന് കുവ്വപ്പലക പോലെയായ മുഖത്തെക്കുറിച്ചും വരെ ആശങ്കപ്പെട്ടു.
അവളുടെ ഭര്‍ത്താവ് വണ്ടി പാര്‍ക്ക് ചെയ്യാന്‍ പോയി.
അവള്‍ എന്നെ കണ്ടതില്‍ ആവശ്യത്തിലധികം അതിശയം പ്രകടിപ്പിച്ച് എന്തൊക്കെയോ വിശേഷം ചോദിച്ചും പറഞ്ഞുമിരുന്നു. എന്റെ വീടും മക്കളെയും കാണാന്‍ താല്‍പര്യം കാണിച്ചു. കുത്തിവരഞ്ഞ് വര്‍ണശബളമാക്കിയ ചുവരും, ചില നേരത്ത് കാളപൂട്ടുകണ്ടത്തെ തോല്‍പിക്കുന്ന അടുക്കുംചിട്ടയുമുള്ള എന്റെ വീട്ടില്‍ റെയ്ഹാന വരുന്നതോര്‍ത്ത് ഞാന്‍ ഒരു നിമിഷം ഞെട്ടി.

ഞാന്‍ അവളോട് മക്കളെക്കുറിച്ച് അന്വേഷിച്ചു. പ്രവാസം നിര്‍ത്തി അവര്‍ നാട്ടിലേക്കു പറിച്ചുനടുമ്പോള്‍ കുട്ടികളെ മാറ്റിച്ചേര്‍ക്കാന്‍ തിരഞ്ഞെടുക്കാറുള്ള സ്‌കൂളാണിത്.
”ഏത് ക്ലാസിലേക്കാണ്?” ഞാന്‍ ചോദിച്ചു.
”എല്‍കെജിയിലാണ് ഇവിടെ ഒഴിവുള്ളത്.”
അവളുടെ ഉത്തരത്തില്‍ നിന്ന്, അവള്‍ പിന്നീടും ഓണ്‍ലൈനായി കുറച്ചുകൂടി പഠിച്ചിരുന്നെന്നും മോണ്ടിസോറി ട്രെയിനിങ് കഴിഞ്ഞ വകയില്‍ ഇവിടെ ടീച്ചറായി ജോലി അന്വേഷിച്ചു വന്നതാനെന്നും ഞാന്‍ മനസ്സിലാക്കി. എനിക്ക് അല്‍പം നിരാശ തോന്നാതിരുന്നില്ല. എന്നെയാണ് ഒന്നിനും കൊള്ളാത്തതെന്ന് ഒന്നുകൂടി സങ്കടപ്പെട്ട് ഞാന്‍ വീണ്ടും അവളോട് മക്കളെക്കുറിച്ച് അന്വേഷിച്ചു.
”ഏത് മക്കള്? ന്‍യ്ക്ക് മക്കളൂല്ല, മാമ്പൂവൂല്ല. ആ പാത്രം തന്നെ ആശുപത്രിക്കാര്‍ എടുത്തുകൊണ്ടോയില്ലേ?”
റെയ്ഹാന വലിയൊരു തമാശ പറഞ്ഞ നിര്‍വൃതിയില്‍ പൊട്ടിച്ചിരിച്ചു. അവളുടെ ചിരിയില്‍ ഞാന്‍ പകച്ചു. ആ നുണക്കുഴികള്‍ തിളങ്ങുന്ന, മൂക്കിന്‍തുമ്പ് ചുവക്കുന്ന പഴയ അതേ ചിരി!
ഇരുപതുകളില്‍ ഒരു മഹാ രോഗം കണ്ടെത്തി, ഗര്‍ഭപാത്രം നീക്കംചെയ്യേണ്ടിവന്ന, ഇന്നും ചികിത്സകള്‍ തുടരേണ്ടിവരുന്ന ഒരുവള്‍ക്ക്, അപരരുടെ ചോദ്യങ്ങള്‍ മടുപ്പിച്ചേക്കാവുന്ന ഒരു സ്ത്രീക്ക് ഇങ്ങനെ ചിരിക്കാന്‍ സാധിക്കുമോ? ഞാനെത്ര തിരഞ്ഞിട്ടും അവളുടെ മുഖം ‘സത്യച്ചിരി’ കാണിച്ച് എന്നെ അമ്പരപ്പിച്ചു.
അവള്‍ ഇടയ്ക്കിടക്ക് ‘കാക്കു’ എന്ന് അരുമയോടെ പറയുന്ന അവളുടെ ഭര്‍ത്താവ് വണ്ടിയൊതുക്കി ഞങ്ങളുടെയടുത്തേക്ക് വന്നു. അവളുടെ ചിരിയുടെ സൂക്ഷിപ്പുകാരന്‍ ആരാണെന്ന് എനിക്ക് ഏതാനും നിമിഷം കൊണ്ട് മനസ്സിലായി.
മോന്റെ വികൃതിത്തരങ്ങള്‍ക്ക് ടീച്ചറോട് ഉത്തരം പറഞ്ഞു മടുത്ത് ഞാന്‍ ഇറങ്ങിപ്പോന്ന അതേ പടവുകള്‍ റെയ്ഹാന അയാളുടെ കൈയും പിടിച്ച് നടന്നു കയറി. അവള്‍ ഒരിക്കല്‍ കൂടി എന്നെ തിരിഞ്ഞുനോക്കി കൈവീശി ചിരിച്ചു.
എനിക്ക് വീണ്ടും പഴയ കവിത ഓര്‍മ വന്നു.
ഒപ്പം മുഖക്കുരു, മുടി കൊഴിച്ചില്‍, തലവേദന, പൂച്ചശല്യം, തൊഴിലില്ലായ്മ, മക്കളുടെ അനുസരണക്കേട് തുടങ്ങിയ എന്റെ വലിയ പ്രശ്‌നങ്ങള്‍ ചുറ്റും വന്ന് റെയ്ഹാനയേക്കാള്‍ ഉച്ചത്തില്‍ ചിരിച്ചു.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top