LoginRegister

ഒറ്റപ്പെട്ടാല്‍ എന്ത് ചെയ്യും?

Feed Back


നാം നമ്മെക്കുറിച്ച് ചിന്തിക്കാറുണ്ടോ? നമുക്ക് സ്വന്തമായി എന്താണുള്ളത്? ചിലര്‍ നമ്മുടെ ആത്മാവെന്നൊക്കെ പറയും. യഥാര്‍ഥത്തില്‍ ആ ആത്മാവ് പോലും നമ്മുടെ സ്വന്തമാണോ? നമ്മുടെ ആത്മാവിന്റെ നിലനില്പും ആരോഗ്യവും പോലും മറ്റു പലരെയും ആശ്രയിച്ചാണ്. അതുകൊണ്ടാണല്ലോ മനുഷ്യന്‍ സാമൂഹിക ജീവിയാകുന്നത്.
മറ്റൊരാള്‍ നമുക്ക് പ്രിയപ്പെട്ടതാകുന്നതും പ്രിയമല്ലാതാകുന്നതുമെല്ലാം ഈ വസ്തുതയെയാണ് അടയാളപ്പെടുത്തുന്നത്. ജീവിതത്തില്‍ പങ്കിടാനൊക്കുമ്പോഴേ സന്തോഷത്തിനും സന്താപത്തിനുമെല്ലാം പ്രസക്തിയുള്ളൂ. മനുഷ്യര്‍ ഒറ്റപ്പെട്ടു പോയി എന്നവകാശപ്പെടുന്നതു പോലും ഒറ്റയായിരിക്കുമ്പോഴല്ല, കൂടെയുണ്ടാകുമെന്നു കരുതുന്നവര്‍ കൂടെയില്ല എന്നു തോന്നുമ്പോഴാണ് എന്നതാണ് യാഥാര്‍ഥ്യം. യഥാര്‍ഥത്തില്‍ നമ്മുടെ കൂടെയുള്ളവരെ കാണാന്‍ സാധിക്കാത്ത വിധം അന്ധരാകുകയാണ് അപ്പോള്‍.
മരണത്തിനു പോലും പ്രതിവിധിയുണ്ടാകാം/ ജീവിതത്തിനാകട്ടെ ഒരു പ്രതിവിധിയുമില്ലല്ലോ എന്ന് ഒരു കവി പറയുന്നുണ്ട്. ഏതു വിഷമങ്ങളെയും നേരിട്ട് ജീവിക്കുക എന്നതാണ് വെല്ലുവിളി നിറഞ്ഞ കാര്യം.
കഴിഞ്ഞ ദിവസമാണ് ഒരു സുഹൃത്തിന്റെ വിയോഗ വാര്‍ത്തയറിഞ്ഞത്. ആളുകള്‍ക്കു മുന്നില്‍ സന്തോഷത്തോടു കൂടി ജീവിക്കുന്ന ഒരാള്‍. നല്ല സമ്പത്ത്, നല്ല കുടുംബം. ഏതോ ഒരു നിമിഷത്തെ മനസിന്റെ ചാഞ്ചാട്ടം അദ്ദേഹത്തെ വിഷാദത്തിലേക്കെത്തിച്ചു. ഒരൊറ്റ നിമിഷം കൊണ്ട് സ്വയംഹത്യയാണ് അദ്ദേഹം ജീവിതത്തിനു പ്രതിവിധിയായി കണ്ടെത്തിയത്.
പേര് സ്വയംഹത്യ എന്നാണെങ്കിലും അത് മറ്റ് എത്ര ജീവിതങ്ങളെയാണ് ബാധിക്കുന്നത് എന്ന് ഈ വഴി തിരഞ്ഞെടുക്കുന്നവര്‍ തിരിച്ചറിയുന്നില്ല. എല്ലാ പ്രയാസങ്ങള്‍ക്കുമുള്ള എളുപ്പത്തിലുള്ള മറുകുറിയായാണ് ജീവിതം അവസാനിപ്പിക്കുക എന്നതിനെ ചിലര്‍ കാണുന്നത്. എന്നാല്‍, അങ്ങനെയാണോ അത്? സത്യവിശ്വാസികള്‍ക്കത് പരലോകത്ത് പ്രയാസമുണ്ടാക്കുമെന്നത് നേര്. ഇഹലോകത്തെ കാര്യമോ?
ഒരാള്‍ തന്റെ പ്രയാസം ലഘൂകരിക്കാന്‍ മറ്റനേകം പേരിലേക്ക് പ്രയാസത്തിനുമേല്‍ പ്രയാസം കെട്ടിവെക്കുകയാണ് ചെയ്യുന്നത്. ഒരാള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ കൂടെ ഹത്യക്ക് വിധേയമാകുന്നത് മറ്റു പലരും കൂടിയാണെന്ന് സാരം
ജീവിതത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് ജീവിച്ചു കാണിക്കൂ. നമുക്ക് ചുറ്റിലുമുള്ളവരിലേക്ക് സ്‌നേഹത്തിന്റെ വിത്തു വിതയ്ക്കൂ. നമ്മള്‍ ഒറ്റയ്ക്കാവില്ല.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top