LoginRegister

ഉപരിപ്ലവമല്ല ബലിയും പെരുന്നാളും

Feed Back


നോമ്പിന്റെ വിശുദ്ധിയുടെ നിറവിലാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നതെങ്കിൽ ഹജ്ജിന്റെ ത്യാഗനിര്‍ഭരമായ പശ്ചാത്തലത്തിലാണല്ലോ ബലിപെരുന്നാള്‍ കൊണ്ടാടുന്നത്. ഇബ്‌റാഹീം നബിയെയും ഹാജറയെയും ഇസ്‌മാഈൽ നബിയെയും വിസ്മരിച്ചുകൊണ്ട് ഹജ്ജോ പെരുന്നാളോ വിശ്വാസികള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയില്ല. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ആള്‍രൂപമായിരുന്നു ഇബ്‌റാഹീം നബി. അതിന്റെ തുടർച്ചയായിരുന്നു ഇസ്‌മാഈലും ഹാജറയും.
സ്രഷ്ടാവിന്റെ പരീക്ഷണങ്ങൾക്കു മുമ്പിൽ വിനയാന്വിതരായി അനുസരണയോടെ അവർ പ്രതീക്ഷ പുലർത്തി. വിജനമായ മക്കയിൽ ഹാജറയെയും കുഞ്ഞുഇസ്മാഈലിനെയും വിട്ട് തിരിച്ചുപോരുമ്പോൾ ഇബ്റാഹീമിന് ഉണ്ടായിരുന്ന ധൈര്യം പടച്ചോനുണ്ടാവും കൂടെ എന്നതായിരുന്നു. ആ വിശ്വാസം തന്നെയാണ് ഹാജറയെ മക്കയിൽ പിടിച്ചുനിർത്തിയതും. ആഴത്തിലുള്ള വിശ്വാസവും പ്രതീക്ഷയും സംസം തണുപ്പായി അവർക്കിടയിൽ പിന്നീട് നിറയുന്നുണ്ടല്ലോ. സഫാ-മർവക്കിടയിലെ ഹാജറയുടെ പാച്ചിൽ നമ്മുടെ ആരാധനയുടെ ഭാഗമായി മാറുന്നതിലൂടെ തിരിച്ചറിയേണ്ട പാഠവും അതുതന്നെയാണ്. അത് വെറുമൊരു പാച്ചിലല്ല.
വാർധക്യത്തില്‍ ആറ്റുനോറ്റു കിട്ടിയ ഇസ്‌മാഈലിനെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമര്‍പ്പിക്കാന്‍ അല്ലാഹു ആവശ്യപ്പെട്ടപ്പോള്‍ മനസ്സങ്കോചമില്ലാതെ ദൈവകല്‍പനക്ക് ഉത്തരം നൽകാൻ ഇബ്‌റാഹീമിനെ പ്രേരിപ്പിച്ചത് ആ വിശ്വാസവും പ്രതീക്ഷയും തന്നെയാണ്. അതുതന്നെയാണ് ഇസ്‌മാഈലിന് കത്തിക്കു താഴെ തല വെച്ച് കിടക്കാൻ പേടി തോന്നാതിരുന്നതും. അതിനാല്‍ ഇബ്‌റാഹീമി സരണി അനുധാവനം ചെയ്യുന്നവര്‍ എന്ന നിലക്ക് ബലിപെരുന്നാളിന്റെ സത്ത പൂർണമായി നാം തിരിച്ചറിയേണ്ടതില്ലേ?
അടിയുറച്ച ദൈവവിശ്വാസം, അതുമൂലമുണ്ടാവുന്ന ഉപാധികളില്ലാത്ത അനുസരണം, ഏത് പ്രതിസന്ധിയിലും പടച്ചവൻ കൂടെ ഉണ്ടാവുമെന്ന പ്രതീക്ഷ, ദൈവപ്രീതി മാത്രം കാംക്ഷിച്ചുള്ള കർമവും അതിനായുള്ള പ്രാർഥനകളും… അതാണ് ഇബ്റാഹീമി കുടുംബ ചരിത്രത്തിന്റെ ആകത്തുക.
ദാഹിച്ചു വലഞ്ഞ കുഞ്ഞിനു വേണ്ടി വെള്ളം അന്വേഷിച്ച് ഹാജറയുടെ ഓട്ടത്തോളം വലിയ ഓട്ടമൊന്നും നാം ജീവിതത്തിൽ ഓടിയിട്ടുണ്ടാവില്ല. എന്നിട്ടും നമുക്ക് നിരാശയും പരിഭവവുമാണ് ബാക്കി. ഹജ്ജിന്റെ ഭാഗമായി സഫാ-മർവക്കിടയിൽ ഓടുന്നവർ പോലും ചുട്ടുപൊള്ളുന്ന മണൽക്കാടിന്റെ പൊള്ളലറിയുന്നില്ല. ഉള്ളിലേക്ക് ഒരു മരുക്കാറ്റും അടിച്ചുവീശുന്നില്ല.
നമ്മുടെ ഉപരിപ്ലവമായ ബലികൾ എങ്ങനെയാണ് ഇബ്റാഹീമിന്റെ ബലിയുടെ അനുകരണമാവുന്നത് ! എങ്ങനെയാണ് നമ്മുടെ പെരുന്നാൾ ബലി പെരുന്നാള്‍ ആവുക? .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top