LoginRegister

ഉത്തമ ജീവിതപങ്കാളിയാവാന്‍ പത്ത് കാര്യങ്ങള്‍

ഇബ്‌റാഹീം ശംനാട്‌

Feed Back


ഭാര്യ ഭര്‍ത്താവിന് സഹധര്‍മിണിയും ഭര്‍ത്താവ് ഭാര്യക്ക് സഹകാരിയും ആയാല്‍ മാത്രമേ കുടുംബത്തില്‍ ശാന്തിയും സമാധാനവും കൈവരികയുള്ളൂ. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, പല കാരണങ്ങളാല്‍ ജീവിതപങ്കാളികളില്‍ അസ്വസ്ഥത വ്യാപകമാവുകയാണ്. ഇത് കുടുംബവഴക്കിനും കലഹത്തിനും വഴിവെക്കുകയും അത് വളരുന്ന പുതുതലമുറകളെ സ്വാധീനിക്കുകയും ചെയ്യുന്നു.
അല്ലാഹുവിന്റെ തീരുമാനപ്രകാരമാണ് കുടുംബബന്ധം രൂപപ്പെട്ടിട്ടുള്ളതെന്നും അതിനെ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നും പങ്കാളികള്‍ മനസ്സിലാക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ ഭാര്യാഭര്‍തൃ സ്‌നേഹബന്ധം ആത്മീയതലത്തിലേക്ക് ഉയരുകയും എന്നെന്നും നിലനില്‍ക്കുകയും ചെയ്യുകയുള്ളൂ.
ഭാര്യാഭര്‍തൃബന്ധം ഊഷ്മളമാക്കുന്ന പത്ത് കാര്യങ്ങള്‍:
സ്‌നേഹസുഗന്ധം
സഹധര്‍മിണി നല്ല വസ്ത്രമണിഞ്ഞും വെടിപ്പിലുമായിരിക്കണമെന്ന് ഭര്‍ത്താവ് ആഗ്രഹിക്കാറുള്ളതുപോലെ, ഭര്‍ത്താവും വൃത്തിയുള്ള വസ്ത്രവും സുഗന്ധദ്രവ്യവും ഉപയോഗിക്കണമെന്ന് ഭാര്യയും ആഗ്രഹിക്കുക സ്വാഭാവികമാണ്. ഇത് കുടുംബത്തില്‍ സ്‌നേഹബന്ധങ്ങള്‍ ഊഷ്മളമാവാന്‍ സഹായകമാവും. വീട്ടിലേക്ക് മടങ്ങുമ്പോള്‍ നബി(സ) സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുകയും ദന്തശുദ്ധീകരണം വരുത്തുകയും ചെയ്തിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇഷ്ടപ്പെട്ടൊരു പേര്
ഭാര്യയുമായി ബന്ധം ഊഷ്മളമാക്കാന്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട ഏറ്റവും നല്ല പേരു കൊണ്ട് വിളിക്കട്ടെ. നബി(സ) തന്റെ സഹധര്‍മിണികള്‍ക്ക് ‘ഓമനപ്പേര്’ നല്‍കിയിരുന്നു. ഭാര്യക്ക് ഇഷ്ടപ്പെട്ട പേരു കൊണ്ട് അവരെ നിങ്ങള്‍ വിളിച്ചുനോക്കൂ. അത് അവരില്‍ പഴയകാല ഓര്‍മകളുടെ ആന്ദോളനങ്ങള്‍ സൃഷ്ടിക്കും. ഭാര്യയെ നോവിക്കുന്ന പേരുകളില്‍ അവരെ വിളിക്കാതിരിക്കുക.
കണ്‍കുളിര്‍മ
നമ്മുടെ ജീവിതത്തില്‍ നമുക്ക് ആനന്ദം നല്‍കുന്ന കണ്‍കുളിര്‍മയായി ഇണയെ കാണുക. അല്ലാഹുവിന്റെ തീരുമാനമാണ് ഈ പവിത്രബന്ധം എന്ന വിചാരത്തോടെ അവരെ സമീപിക്കുക. അവര്‍ ചെയ്യുന്ന അനേകം നന്മകളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. അവര്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ക്ക് ആശ്വാസം പകരുന്നവരായി നിലകൊള്ളുക.
അവഗണിക്കാവുന്ന തെറ്റുകള്‍
കുടുംബജീവിതം രമ്യമായി നീങ്ങാനുള്ള ഒരു നടപടി, ഇണയില്‍ നിന്നുണ്ടാവുന്ന നിസ്സാര തെറ്റുകള്‍ ഗൗനിക്കാതിരിക്കുകയാണ്. നബി(സ) തന്റെ ഭാര്യമാരില്‍ നിന്ന് എന്തെങ്കിലും അനുചിതമായ കാര്യങ്ങള്‍ കണ്ടാല്‍ മൗനം പാലിക്കലായിരുന്നു പതിവ്.
പുഞ്ചിരിയും ആലിംഗനവും
പരിചിതരെ കാണുമ്പോള്‍ പുഞ്ചിരിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്ന നാം സ്വന്തം ഇണയെ കാണുമ്പോള്‍ എന്തുകൊണ്ട് ഈ സ്‌നേഹപ്രകടനം നടത്തിക്കൂടാ? ജീവിതപങ്കാളിയെ ഒന്ന് ആലിംഗനം ചെയ്യല്‍, ഒന്ന് സ്പര്‍ശിക്കല്‍, അവരോട് ഒരു പുഞ്ചിരി എല്ലാം ഏത് കോപാഗ്നിയെയും തണുപ്പിക്കുന്ന ദിവ്യൗഷധമാണ്.
നന്ദി പ്രകാശനം
നിസ്സാര കാര്യങ്ങള്‍ക്കു പോലും നന്ദി പറയാന്‍ പിശുക്ക് കാണിക്കാത്ത നാം, സ്വന്തം ഇണയോട് അതിനു മടി കാണിക്കുന്നത് ശരിയല്ലല്ലോ. വീട്ടിലേക്ക് വരുമ്പോള്‍ ഭര്‍ത്താവിനെ സ്വീകരിക്കുന്നത്, രുചികരമായ ഭക്ഷണം തയ്യാറാക്കുകയും വിളമ്പുകയും ചെയ്യുന്നത്, കുട്ടികളുടെ പരിപാലനം അങ്ങനെ എണ്ണിയാല്‍ തീരാത്ത അനേകം സേവനങ്ങള്‍ ചെയ്യുന്ന ജീവിതപങ്കാളിയോടായിരിക്കണം ആദ്യം നാം നന്ദി പറയേണ്ടത്.
ചിരിമധുരം
പലതരം മാനസികാവസ്ഥകളിലൂടെയാണ് മനുഷ്യമനസ്സിന്റെ സഞ്ചാരം. അല്ലാഹു വിധിച്ചതല്ലേ സംഭവിക്കൂ? നര്‍മത്തില്‍ ചാലിച്ച സംസാരം വിവേകമുള്ളവരുടെ സ്വഭാവമാണ്. അത് ആസ്വദിക്കാനുള്ള കഴിവ് ഇണയും ആര്‍ജിച്ചിരിക്കണം. പ്രവാചകന്‍(സ) ഭാര്യമാരുമായി തമാശ പറയുകയും സഹധര്‍മിണി ആയിശയുമായി ഓട്ടമല്‍സരത്തില്‍ ഏര്‍പ്പെട്ടിരുന്നതും സുവിദിതമാണ്. നമുക്കും ഈ തലത്തിലേക്ക് വന്നുകൂടേ?
ആവശ്യ പൂര്‍ത്തീകരണം
പുരുഷന്മാരുടെ പല കാര്യങ്ങളും സ്വമേധയാ പൂര്‍ത്തീകരിച്ചു തരുന്നവരാണ് അവരുടെ ഭാര്യമാര്‍. അതേ ഭാര്യമാരുടെ ആവശ്യങ്ങള്‍ എന്താണെന്നും അത് പൂര്‍ത്തീകരിച്ചുതരാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നും പറഞ്ഞാല്‍ തന്നെ അധികപേരുടെയും ഭാര്യമാര്‍ സന്തോഷവതികളാവും. മനുഷ്യര്‍ എന്ന നിലയില്‍ പലര്‍ക്കും പല ആവശ്യങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. അത് പൂര്‍ത്തീകരിച്ചുകൊടുക്കുന്നത് അവരെ പരിഗണിക്കലാണ്. അവളുടെ ആഗ്രഹങ്ങളെ നിസ്സാരമായി കാണാതിരിക്കുക.
നന്ദി പ്രതീക്ഷിക്കരുത്
എന്തെല്ലാം ചെയ്തുകൊടുത്തിട്ടും ഒരു നന്ദിയും പ്രകടിപ്പിക്കാത്തവളാണ് ഭാര്യ എന്നത് പൊതുവെയുള്ള ആക്ഷേപമാണ്. അല്ലാഹുവിന്റെ പ്രീതിക്ക് മാത്രമാണ് താന്‍ ഇതെല്ലാം ചെയ്തുകൊടുക്കുന്നതെന്ന ഉത്തമവിചാരത്തോടെ കാര്യങ്ങള്‍ ചെയ്യുക. അല്ലാഹുവിന്റെ പ്രത്യേക തീരുമാനപ്രകാരം ഉണ്ടായ വൈവാഹിക ബന്ധമാണിത്. അതിനെ സുദൃഢമാക്കുന്നത് അല്ലാഹുവിന്റെ തൃപ്തിക്ക് കാരണമാവും.
ഉത്തമനാവാനുള്ള വഴി
നബി(സ) പറഞ്ഞു: ”സ്വന്തം സഹധര്‍മിണിയോട് ഉത്തമനായവനാണ് നിങ്ങളില്‍ ഉത്തമന്‍. എന്റെ കുടുംബത്തില്‍ ഞാനാണ് ഏറ്റവും ഉത്തമന്‍.”
സമൂഹത്തിന്റെ അടിസ്ഥാനമാണ് കുടുംബം. ആ കുടുംബം നന്നാകുമ്പോള്‍ മാത്രമേ സമൂഹം നന്നാവുകയുള്ളൂ. കുടുംബനാഥന്‍ എന്ന നിലയില്‍ ഭര്‍ത്താവില്‍ നിന്നായിരിക്കണം അതിന് തുടക്കം കുറിക്കേണ്ടത്.
മേല്‍പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് നല്ലൊരു ജീവിതപങ്കാളിയാവാം. ഭദ്രമായ ഒരു ഭാവിതലമുറയുടെ അടിസ്ഥാനവും സമൂഹത്തിന്റെ നിര്‍മിതിക്കുള്ള അടിത്തറയുമാണത്. കുടുംബമെന്ന പാളയത്തില്‍ വിള്ളല്‍ സംഭവിച്ചാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് സമകാലിക സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നു. അതുമൂലം ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ താങ്ങാന്‍ കഴിയുന്നതിനപ്പുറമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top