LoginRegister

ഇപ്പൊഴത്തെ പെരുന്നാളാണ് കളർഫുൾ; ജീവിതവും

വിന്നി സ്വരലയ

Feed Back


ജീവിതം നല്‍കിയ വെല്ലുവിളികളില്‍ തളര്‍ന്നിരിക്കാതെ അതിനെയെല്ലാം അവസരങ്ങളാക്കി മുന്നേറി, ശാരീരിക പരിമിതികളില്‍ തളര്‍ന്നുപോകില്ലെന്നും മനസ്സ് തളരുമ്പോള്‍ മാത്രമേ താന്‍ വിശ്രമിക്കുകയുള്ളൂവെന്നും പറയുന്ന അസാമാന്യ പ്രതിഭാശാലിയാണ് ജസ്ഫര്‍ പി കോട്ടക്കുന്ന്. അഞ്ചാം വയസ്സില്‍ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയെന്ന അപൂര്‍വ രോഗം ബാധിച്ച് കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു. പിന്നീട് വായില്‍ ബ്രഷ് വെച്ച് കാന്‍വാസില്‍ നിറങ്ങള്‍ പകര്‍ന്ന് ജീവിതത്തോട് അദ്ദേഹം പൊരുതുകയാണ്. സ്വിറ്റ്‌സര്‍ലാന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൗത്ത് ആന്റ് ഫൂട്ട് ആര്‍ട്ടിസ്റ്റ് എന്ന സംഘടനയുടെ ഇന്ത്യയില്‍ നിന്നുള്ള 17 അംഗങ്ങളില്‍ ഒരാളാണ് ജസ്ഫര്‍. കൂട്ടായി എഴുത്തുകാരിയും മോട്ടിവേഷണല്‍ സ്പീക്കറുമായ ഫാത്തിമ ദോഹാറുമുണ്ട്.
മലപ്പുറം കോട്ടക്കുന്നിലെ പുളിക്കത്തൊടി അബ്ബാസിന്റെയും മണ്ണയില്‍ ആബിദയുടെയും രണ്ടാമത്തെ മകനാണ് ജസ്ഫര്‍. ഒമാനിലെ പ്രവാസി എഴുത്തുകാരിയായ ഫാത്തിമ ദോഹാര്‍ തലശ്ശേരിയിലെ കേയി കുടുംബത്തിലെ മൊയ്തുവിന്റെയും ജമീലയുടെയും മകളാണ്. അഞ്ചു വയസ്സുകാരന്‍ കെന്‍സല്‍ റൂമി ഏക മകനാണ്.

പെരുന്നാള്‍ സന്തോഷം
പെരുന്നാള്‍ പോലുള്ള എല്ലാ വിശേഷങ്ങളും കുട്ടിക്കാലത്തായിരുന്നു നല്ലതെന്നും ഇപ്പോഴത്തേത് അത്ര പോരെന്നുമുള്ള അഭിപ്രായങ്ങള്‍ കേള്‍ക്കാറുണ്ട്. എന്നാൽ എനിക്ക് കുട്ടിക്കാലത്തേക്കാൾ ഹൃദ്യമായ പെരുന്നാൾ ഇപ്പോഴത്തേതാണ്. മകൻ കെൻസൽ റൂമി ജീവിതത്തിലേക്ക് വന്നതിനുശേഷമുള്ള ആഘോഷങ്ങള്‍ക്കാണ് മധുരം കൂടുതൽ. കുട്ടിക്കാലത്തെ പെരുന്നാളുകളെ സംബന്ധിച്ച് എടുത്തുപറയാവുന്ന ഓർമകളൊന്നും എനിക്കില്ല. പെരുന്നാള്‍ ദിവസം രാവിലെ പള്ളിയിൽ പോകും. അതുകഴിഞ്ഞ് വന്ന് ഉമ്മയുടെ വീട്ടിൽ പോകും. ബന്ധുക്കളെക്കാണും. പെരുന്നാള്‍ കഴിഞ്ഞു.
എന്നാൽ മകൻ ഉണ്ടായതിനുശേഷം പെരുന്നാള്‍ കളർഫുള്‍ ആയി. പള്ളിയിൽ പോക്കും ഭക്ഷണം കഴിക്കലുമെല്ലാം ഒരുമിച്ചാണ്. എല്ലാബന്ധുവീടുകളിലും പോകും. മകനും സഹോദരന്റെ മക്കളും ഒരുമിച്ച് ഒരേ വണ്ടിയിലാണ് എല്ലായിടത്തും പോക്ക്. അതിന് മറ്റൊരു രസമുണ്ട്. ഈ പെരുന്നാളും അങ്ങനെത്തന്നെയാവുമെന്നാണ് പ്രതീക്ഷ.

അതിജീവനം
എല്ലാവരെയും പോലെ ഒരു സാധാരണ വിദ്യാര്‍ഥി ആയിരുന്ന എന്റെ സ്വപ്‌നങ്ങളിലേക്ക് വില്ലനായി അസുഖം വന്നെത്തിയത് ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന പേശികളുടെ ക്ഷയത്തിനു കാരണമാകുന്ന അപൂര്‍വ രോഗം. ജനിതക രോഗമായ ഇത് ചികിത്സിച്ചില്ലെങ്കില്‍ മരണത്തിനു വരെ കാരണമാകും. ആദ്യഘട്ടത്തില്‍ കാലുകളുടെ ചലനശേഷി ഇല്ലാതായി. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം രോഗം കൈയിലെ പേശികളെയും ബാധിച്ചുതുടങ്ങി.
വളരെ ചെറുപ്പത്തില്‍ തന്നെ കാന്‍വാസും പെന്‍സിലും നിറങ്ങളുമായി ചങ്ങാത്തത്തിലായിരുന്നു ഞാന്‍. എന്നാല്‍ കൈകാലുകള്‍ തളര്‍ന്നതോടെ വരയ്ക്കാനോ സ്‌കൂളില്‍ പോകാനോ കഴിയാതെ ഒറ്റപ്പെടലിന്റെ കയ്പ് അനുഭവിക്കേണ്ടിവന്നു. കൂട്ടുകാരെല്ലാം സ്‌കൂളില്‍ പോകുന്നത് നോക്കി വഴിക്കണ്ണുമായി വീടിനുള്ളില്‍ തന്നെ കഴിച്ചുകൂട്ടി. വീട്ടിലിരുന്ന് ബോറടിച്ചപ്പോള്‍ അനിയത്തി തസ്‌നിയുടെ പാഠപുസ്തകങ്ങള്‍ എടുത്തുവായിക്കാന്‍ തുടങ്ങി. അങ്ങനെ പഠിച്ച് പത്താം ക്ലാസും പ്ലസ്ടുവും പാസായി. ഈ നേട്ടങ്ങള്‍ എനിക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതൊന്നുമായിരുന്നില്ല.
കുടുംബത്തിലെ ആഘോഷങ്ങളിലെല്ലാം എന്നെയും സജീവമായി പങ്കെടുപ്പിക്കാന്‍ വീട്ടുകാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എവിടെയും എന്നെ മാറ്റിനിര്‍ത്തിയിരുന്നില്ല. വീട്ടിലെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കല്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും തുല്യപങ്കാളിത്തം നല്‍കിയിരുന്നു.

നിറങ്ങളുടെ ലോകം
കുഞ്ഞുനാള്‍ മുതല്‍ നന്നായി വരയ്ക്കുമായിരുന്നെങ്കിലും അസുഖം വേട്ടയാടാന്‍ തുടങ്ങിയതോടെ വര പൂര്‍ണമായി ഉപേക്ഷിച്ചു. വായനയോടും എഴുത്തിനോടും വരയോടും താത്പര്യമുള്ളതിനാല്‍ പ്ലസ്ടു പാസായതിനു ശേഷം വായില്‍ പേന തിരുകി എഴുതാന്‍ തുടങ്ങി. ആദ്യനാളുകളിലൊക്കെ അക്ഷരങ്ങള്‍ വലുതാക്കിയായിരുന്നു എഴുതാന്‍ സാധിച്ചത്. ഒരു പേജില്‍ രണ്ടോ മൂന്നോ അക്ഷരങ്ങള്‍ മാത്രം. പിന്നീട് അക്ഷരങ്ങള്‍ക്ക് എത്ര വലുപ്പം വേണമെന്നു നിശ്ചയിക്കാന്‍ കഴിഞ്ഞു. ഇതോടെ കാന്‍വാസ് പൊടിതട്ടിയെടുക്കാനുള്ള ആത്മവിശ്വാസമുണ്ടായി. പെന്‍സില്‍ വായില്‍ പിടിച്ച് വരയ്ക്കല്‍ വലിയ ബുദ്ധിമുട്ടായിരുന്നു. വര തെറ്റുമ്പോള്‍ മായ്ക്കല്‍ വെല്ലുവിളി തന്നെയായിരുന്നു അക്കാലത്ത്. എന്നാല്‍ നിരന്തരമായ പരിശീലനത്തിലൂടെ ചുണ്ടില്‍ റബര്‍ കടിച്ചുപിടിച്ച് മായ്ക്കാന്‍ സാധിച്ചു. വായ ഉപയോഗിച്ച് വരയ്ക്കുന്നതുകൊണ്ട് കണ്ണിനു വളരെയധികം സ്‌ട്രെയിന്‍ ഉണ്ടായി. നിറം നല്‍കാന്‍ ഉപയോഗിക്കുന്ന ബ്രഷിന്റെ അറ്റം വായിലും കവിളിലും തട്ടി മുറിവുണ്ടായി. നിരന്തരമായ പരിശ്രമത്തിലൂടെ ബ്രഷ് കടിച്ചുപിടിച്ച് വരയ്ക്കാന്‍ കഴിഞ്ഞു. ജലച്ചായത്തിലും അക്രിലിക്കിലും പ്രാവീണ്യം നേടിയെടുക്കാന്‍ കഴിഞ്ഞു. ഓയില്‍ കളറാണ് കാന്‍വാസില്‍ ഉപയോഗിച്ചത്.
പെയിന്റിങുകള്‍ കണ്ട് ആര്‍ട്ടിസ്റ്റ് ദയാനന്ദനാണ് സീരിയസായി വരയ്ക്കാനുള്ള ആത്മവിശ്വാസം നല്‍കിയത്. പിന്നീട് സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആദ്യത്തെ ചിത്രപ്രദര്‍ശനം നടത്തി. അവിടെ വെച്ചുതന്നെയാണ് ആദ്യമായി ചിത്രം വില്‍ക്കുന്നതും വരുമാനം ഉണ്ടാവുന്നതും. തുടര്‍ന്ന് ചിത്രരചനയുമായി ബന്ധപ്പെട്ട് പല വിദേശ രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിഞ്ഞു. 2013ല്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനായി നല്‍കിയ കൊച്ചിയിലെ സൂര്യാസ്തമയം എന്ന ചിത്രത്തിന് മുക്കാല്‍ ലക്ഷത്തോളം രൂപ കിട്ടി. വരയ്ക്കുന്ന ചിത്രങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍ക്കാന്‍ മൗത്ത് ആന്റ് ഫൂട്ട് ആര്‍ട്ടിസ്റ്റ് എന്ന സംഘടന വഴി സാധിക്കുന്നു.

കൈപിടിച്ച് ഫാത്തിമ
പ്രവാസി ആയിരുന്ന ഫാത്തിമ ദോഹാറാണ് ഭാര്യ. ഫേസ്ബുക്ക് വഴിയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ഞാന്‍ കോ-ഫൗണ്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ പാലിയേറ്റീവിന്റെ ഫേസ്ബുക്ക് പേജില്‍ ഫാത്തിമ സജീവമായി ഇടപെട്ടിരുന്നു. പരിചയപ്പെട്ട നാളുകളില്‍ നല്ല സുഹൃത്തുക്കളായിരുന്ന ഞങ്ങളുടെ പല ഇഷ്ടങ്ങളിലും സമാനതകളേറെയായിരുന്നു. കഥകളും കവിതകളും നിറങ്ങളും പലപ്പോഴും ഞങ്ങള്‍ക്കിടയില്‍ വിഷയമായി. അങ്ങനെ സൗഹൃദം വിവാഹത്തിലേക്ക് നയിച്ചു. ഒരുപാടു സമയം ഞങ്ങള്‍ സംസാരിച്ചു. ഫാത്തിമയുടെ വീട്ടില്‍ എതിര്‍പ്പുണ്ടായിരുന്നു. അപ്പോള്‍ ഞാനും ഫാത്തിമയെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഫാത്തിമ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു.
സഹതാപം കൊണ്ടല്ല, മനസ്സറിയുന്നതുകൊണ്ടാണ് താന്‍ ജസ്ഫറിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചത് എന്നായിരുന്നു ഫാത്തിമയുടെ നിലപാട്. അങ്ങനെ 2015 നവംബറില്‍ ഫാത്തിമ കോഴിക്കോട്ടേക്ക് വിമാനം കയറി. അവളെ സ്വീകരിക്കാന്‍ ഞാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. അതായിരുന്നു ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച.
കോഴിക്കോട് നഗരത്തിലെ ഒരു പള്ളിയില്‍ വെച്ച് നിക്കാഹ് നടത്താന്‍ തീരുമാനിച്ചെങ്കിലും നഗരത്തിലെ ഹര്‍ത്താല്‍ കാരണം അതിനു കഴിഞ്ഞില്ല. പിന്നെ മലപ്പുറത്തെ പള്ളിയിലെത്തി അവിടെ വെച്ച് നിക്കാഹ് നടത്തി. മഹ്ര്‍ ആയി എന്റെ ഒരു പെയിന്റിങ് ആയിരുന്നു ഫാത്തിമ ആഗ്രഹിച്ചത്. ആ ദിവസങ്ങളിലെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഇക്കാര്യം സൂചിപ്പിക്കാന്‍ ഫാത്തിമ വിട്ടുപോയിരുന്നു. ഖുര്‍ആന്‍ മഹ്ര്‍ ആയി സ്വീകരിച്ച് അന്താരാഷ്ട്ര വികലാംഗ ദിനത്തില്‍ ജനിച്ച ഫാത്തിമ ദോഹാര്‍ 2015 നവംബര്‍ 30ന് എന്റെ കൈപിടിച്ചു.

കലാജീവിതം
2017ൽ ദുബായിലെ ക്രൌണ്‍ പ്രിൻസിനെ സന്ദർശിക്കാനുള്ള അവസരം ലഭിച്ചു. അധികമാർക്കും കിട്ടാത്തൊരു ഭാഗ്യം. ഷെയ്ഖ് ഹംദാനും ഷെയ്ഖ് മുഹമ്മദും ഒരുമിച്ച് നിൽക്കുന്ന 15സ്ക്വയർ ഫീറ്റിലുള്ളചിത്രം വരച്ചു. ആ ചിത്രം വരയ്ക്കുന്ന വീഡിയോ ചെയ്തിരുന്നു. അത് സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്തു. ആ വീഡിയോ ഷെയ്ഖ് ഹംദാൻ കാണുകയും പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതിനുശേഷം 2022ൽ എനിക്കും കുടുംബത്തിനും ദുബായ് ഗോള്‍ഡൻ വിസ ലഭിച്ചു. അത് ജീവിതത്തിന് പുതിയൊരു വെളിച്ചം നൽകി. കലാജീവിതത്തിൽ ദുബായുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അവസരമായി ഇതിനെ കാണുന്നു.
ഭാര്യ ഫാത്തിമ എഴുത്തുകാരിയാണ്.അവരുടെ കവിതകള്‍ക്കും കഥകള്‍ക്കും ചിത്രീകരണം ചെയ്യാനും ഒരുമിച്ചൊരു പ്രദർശനം നടത്താനും ലക്ഷ്യമിടുന്നുണ്ട്. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top