LoginRegister

ആര്‍ദ്രമാവട്ടെ ഹൃദയതാളങ്ങള്‍

വി എസ് എം

Feed Back


മദീനയിലെ പ്രവാചകന്റെ മസ്ജിദില്‍ അന്നും സ്വഹാബിമാര്‍ ഒരുമിച്ചുകൂടി. മതപാഠങ്ങള്‍ പകര്‍ന്നുനല്‍കുന്ന തിരുദൂതരുടെ മൊഴിമുത്തുകള്‍ക്കായി അവര്‍ കാതുകൂര്‍പ്പിച്ചിരുന്നു. ആ നിശ്ശബ്ദതയിലേക്കാണ് അയാള്‍ കയറിവന്നത്. കൂട്ടത്തിലൊരാളായി ആഗതനും ഇരുന്നു. അല്പനേരത്തെ സംസാരത്തിന് ശേഷം തിരുനബിയുടെ ബോധനം അവസാനിച്ചു. സംസാരത്തിനിടയിലും അത് കഴിഞ്ഞിട്ടും, ഇടക്കു കയറിയ വന്ന ആ മനുഷ്യനെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു നബി(സ). എന്തോ ഒരു സങ്കടം അദ്ദേഹത്തിന്റെ മുഖത്ത് വിഷാദം പരത്തുന്നതായി ദൂതര്‍ക്ക് ബോധ്യപ്പെട്ടു. എല്ലാവരും പിരിഞ്ഞുപോകുന്നതിനിടെ അവിടുന്ന് അദ്ദേഹത്തെ അടുത്തുവിളിച്ചു. കുശലാന്വേഷണം നടത്തി. ഒപ്പം അയാളിലെ വല്ലായ്മയുടെ കാരണവുമാരാഞ്ഞു. ദൂതരുടെ അങ്ങനെയുള്ള ഒരു ചോദ്യം കാത്തിരുന്നതുപോലെ അദ്ദേഹം മനസ്സുതുറന്നു: ”നബിയേ, കല്ലിനു തുല്യമാണെന്റെ ഹൃദയം. എത്ര ശ്രമിച്ചിട്ടും അത് മാറ്റിയെടുക്കാനാവുന്നില്ല. ഹൃദയത്തില്‍ സ്‌നേഹ, കാരുണ്യമില്ലാത്തവന്റെ അവസ്ഥയൊന്നോര്‍ത്തു നോക്കൂ. ഹൃദയ കാഠിന്യം മാറ്റിയെടുക്കാനൊരു വഴി പറഞ്ഞുതരൂ പ്രിയ നബിയേ”.
ആ മനുഷ്യന്റെ അവസ്ഥ തിരുനബിയെ വേദനിപ്പിച്ചു. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും കരുണ ചൊരിയാനും വാല്‍സല്യമനുഭവിക്കാനും കൊതിക്കുകയും എന്നാല്‍ അതില്‍ നിര്‍ഭാഗ്യവാനുമായി കഴിയുന്ന നിസ്സഹായാവസ്ഥ. ദൂതര്‍ അയാളെ സാന്ത്വനിപ്പിച്ചു. നിരാശ വേണ്ടെന്ന് ഉപദേശിച്ചു. ഒപ്പം രണ്ടു വഴികളും പറഞ്ഞു കൊടുത്തു: ”അനാഥയോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുക. അവന്റെ തല തടവിക്കൊടുക്കാന്‍ സന്നദ്ധത കാണിക്കുക. അഗതികള്‍ക്ക് ഭക്ഷണമേകാന്‍ മുന്നിട്ടിറങ്ങുക” (അഹ്മദ് ഉദ്ധരിച്ചതിന്റെ സാരാംശം).
ഹൃദയം അദ്ഭുതകരമായ സവിശേഷതകളുള്ള ഒരു മാംസക്കഷ്ണമാണ്. ഇഷ്ടവും പ്രണയവും പ്രതീകവല്ക്കരിക്കപ്പെടുന്നത് ഹൃദയചിഹ്നം കൊണ്ടാണ്. സ്‌നേഹ, കരുണ, വാല്‍സല്യങ്ങള്‍ വഴിയുന്നതും ഹൃദയധമനികളില്‍ നിന്നാണ്. മഞ്ഞു തുള്ളിയെക്കാള്‍ നൈര്‍മല്യമുണ്ട് ഹൃദയത്തിനെന്ന് കവികള്‍ വിശേഷിപ്പിക്കാറുണ്ട്. സുകൃതങ്ങള്‍ പൂക്കുന്ന നന്‍മമരങ്ങള്‍ വേരുപിടിക്കുന്നതും ഹൃദയാന്തരാളങ്ങളിലാണല്ലോ. എന്നാല്‍ കരിങ്കല്ലിനെ കവച്ചുവെക്കുന്ന കാഠിന്യവും ഇതേ ഹൃദയത്തിനുണ്ടാവും. വെറുപ്പും വിദ്വേഷവും അസൂയയും സിരകളിലൂടെ അതില്‍ അടിഞ്ഞുകൂടും. ഹൃദയം നന്നാവുമ്പോഴാണ് വ്യക്തി നന്നാവുന്നതെന്നും അത് ദുഷിക്കുമ്പോഴാണ് അവന്‍ വഴികേടിലാവുന്നത് എന്നുമുള്ള നബിവചനം പ്രസിദ്ധമാണല്ലോ. വിശുദ്ധ ഖുര്‍ആന്‍ 150ലധികം ഇടങ്ങളിലാണ് ഹൃദയത്തെപ്പറ്റി പറഞ്ഞത്. ഹൃദയം ലോലമാകുന്നത് ദൈവാനുഗ്രഹമാണ്. സ്വന്തം കുടുംബത്തോടും ബന്ധുക്കളോടും സഹജീവികളോടും കരുണയോടെയും അനുകമ്പയോടെയും പെരുമാറാന്‍ ലോലഹൃദയമുള്ളവര്‍ക്കേ കഴിയൂ. ഹൃദയം കഠിനതരമാകുന്നത് അങ്ങേയറ്റത്തെ ദൗര്‍ഭാഗ്യവുമാണ്. ആരോടും എപ്പോഴും എന്തിനും ഏതിനും കോപിക്കുന്നതും പരുഷമായി പെരുമാറുന്നതും ഹൃദയ കാഠിന്യം കൊണ്ടാണ്.
അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയത് അര്‍റഹ്മാന്‍, അര്‍റഹീം എന്നിവയാണ്. വിശുദ്ധ ഖുര്‍ആന്‍ അധ്യായങ്ങള്‍ തുടങ്ങുന്നതെല്ലാം ഈ വിശിഷ്ട നാമങ്ങളടങ്ങുന്ന പ്രാരംഭ വാക്യങ്ങളോടെയാണ്. കാരുണ്യം കാണിക്കുന്നവനും കാരുണ്യം അളവില്ലാതെ തന്റെ അടിയാറുകള്‍ക്ക് ചൊരിയുന്നവനുമാണ് അല്ലാഹു. കരുണയുടെ അംശം തന്റെ പടപ്പുകളിലും വേണമെന്ന് അല്ലാഹു ഇച്ഛിക്കുന്നു. അതിനുള്ള ശ്രമമുണ്ടാവേണ്ടത് പക്ഷെ പടപ്പുകളിലാണ്. തിരുനബിയെ അല്ലാഹു പരിചയപ്പെടുത്തുന്നത് സര്‍വലോകര്‍ക്കും കാരുണ്യവുമായി അയക്കപ്പെട്ടവന്‍ എന്ന നിലയിലാണ് (സൂറ. അമ്പിയാഅ് 107). പ്രവാചകനില്‍ സദാ സ്ഫുരിച്ചുനില്‌ക്കേണ്ട വികാരവും കരുണയാവണം. ”നീ പരുഷസ്വഭാവിയും കഠിന ഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റുവട്ടത്തു നിന്ന് അവര്‍ പിരിഞ്ഞുപോകുമായിരുന്നു” (ആലു ഇംറാന്‍ 159) എന്ന അല്ലാഹുവിന്റെ ഉണര്‍ത്തല്‍ ഇതാണ് വ്യക്തമാക്കുന്നത്. സ്‌നേഹ-കാരുണ്യമുള്‍പ്പെടെയുള്ള മൃദുല വികാരങ്ങള്‍ ഹൃദയത്തിലുണ്ടാകുമ്പോഴാണ് മനുഷ്യന്‍ യഥാര്‍ഥ മനുഷ്യനാവുന്നത്. മനുഷ്യത്വം കുടികൊള്ളുന്നത് രൂപത്തിലല്ല. തിരുനബി പഠിപ്പിച്ചതുപോലെ, ഹൃദയമെന്ന മാംസക്കഷ്ണത്തിലാണ്.
അടക്കാനാവാത്ത ഹൃദയവ്യഥയുമായി ദൂതരെക്കണ്ട ഈ മനുഷ്യന്റെ വേദന, ഹൃദയ കാഠിന്യം മാറ്റിയെടുക്കാനാവുന്നില്ലെന്നതാണ്. അതു മനസ്സിന്റെ നന്‍മയില്‍നിന്നു വരുന്ന ഏറ്റുപറച്ചിലാണ്. അതുകൊണ്ടാണ് ഗുണകാംക്ഷയോടെ തിരുനബി അതിന് പോംവഴി നിര്‍ദേശിച്ചത്. ഏതൊരു സദ്‌വികാരവും അനാഥക്ക് അധികമാവില്ല. സ്‌നേഹത്തലോടലും കാരുണ്യകടാക്ഷവും കൊതിച്ചിരിക്കുന്ന അവന്റെ മുടിയിഴകളിലൂടെ കൈവിരലുകളൊന്ന് ഓടിച്ചു നോക്കൂ, സാന്ത്വനത്തിന്റെയും സമാധാനത്തിന്റെയും അഭയത്തിന്റെയും വാക്കുകളുമായി അവനോടൊപ്പമൊന്ന് ചിലവഴിച്ചു നോക്കൂ. അവന്റെ മുഖത്ത് വിരിയുന്ന ആനന്ദാതിരേകം നമ്മുടെ ഹൃദയം നിറക്കും. വിശന്നുവലഞ്ഞ് വഴിയടയുന്നവനെ തേടിപ്പിടിച്ച് അവന്റെ കൈ പിടിച്ച്, അവനു വേണ്ടി അന്നം വിളമ്പുക. ഭക്ഷണത്തളിക പങ്കിടുക. വിശപ്പിന്റെ വിളി നിലക്കുമ്പോള്‍ അവന്റെ മുഖത്ത് തെളിയുന്ന ആശ്വാസം നമ്മുടെ മിഴികള്‍ നിറക്കും, ആരുടെയും മനസ്സലിയിക്കും. ശിലാഹൃദയങ്ങളില്‍ നിന്നു പോലും കാരുണ്യത്തിന്റെ നീരുറവ പൊട്ടിക്കാന്‍ തിരുനബിയുടെ ഈ ചികില്‍സ കൊണ്ട് കഴിയും. കഴിഞ്ഞിട്ടുമുണ്ട്. ചരിത്രം സാക്ഷി. ഭൂമിയിലുള്ളവരോട് കരുണ കാണിക്കാനാണ് അല്ലാഹു പറയുന്നത്. ആകാശത്തുള്ളവന്റെ കാരുണ്യം നമുക്ക് മേല്‍ വര്‍ഷിക്കപ്പെടാനുള്ള നിബന്ധന കൂടിയാണ് ഇത് എന്ന് നാം മറന്നുകൂടാ.
മനുഷ്യരോടും സഹജീവികളോടും ക്രൂരത മാത്രം കാട്ടി കടന്നുപോയ ഭരണാധികാരികളും പ്രമാണിമാരും ചരിത്രത്തിലേറെയുണ്ട്. ഇസ്‌റാഈല്യരില്‍ പിറന്നുവീഴുന്ന ആണ്‍കുട്ടികളെ കൊന്നൊടുക്കാന്‍ ആജ്ഞ പുറപ്പെടുവിച്ച ഫറോവയും എണ്ണമറ്റ മനുഷ്യജീവനുകള്‍ കവര്‍ന്നെടുത്ത ചെങ്കിസ്ഖാന്‍ മുതല്‍ മുസ്സോളിനി വരെയുള്ളവരുമൊക്കെ മനസ്സിനെ മരുഭൂമിയാക്കിയവരുടെ ഉദാഹരണങ്ങളാണ്. നമുക്കിടയിലും ഇത്തരക്കാര്‍ വര്‍ധിച്ചുവരികയാണ്. രാവുകള്‍ പുലരുന്നത് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളുമായാണ്. സമൂഹത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്ന പ്രവണതകളാണ് കൂടിവരുന്നത്. ഹൃദയം മാറ്റിവെക്കുന്ന സംവിധാനങ്ങളോ ഹൃദയമിടിപ്പ് നിലനിര്‍ത്തുന്ന യന്ത്രങ്ങളോ അല്ല, നമുക്ക് വേണ്ടത്, അലിവും ആര്‍ദ്രതയുമുള്ള സാക്ഷാല്‍ ഹൃദയങ്ങളാണ്. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top