LoginRegister

ആര്‍ക്കാണ് ശവകുടീരമാകേണ്ടത്?

Feed Back


എവിടെയാണ് തന്റെ ജീവിതത്തിന്റെ തുടക്കവും ഒടുക്കവുമെന്ന കാര്യത്തില്‍ യാതൊരു നിശ്ചയവുമില്ലാത്തവനാണ് മനുഷ്യന്‍. ആയുസ്സിന്റെ ഏതു നിമിഷത്തിലും സര്‍വ സ്വതന്ത്രനായുള്ള ജീവിതം അവനില്ല. അവന്റെ ഓരോ നിമിഷങ്ങളിലെയും ജീവിതത്തിന് മറ്റാരുടെയൊക്കെയോ ജീവിതങ്ങളുമായി കെട്ടുപിണച്ചിലുകളുണ്ട്.
ആശകളാണ് ഈ കെട്ടുപിണച്ചിലുകള്‍ക്കിടയിലും അവന്റെ ജീവിതത്തിന് സ്വാസ്ഥ്യം നല്‍കുന്നത്. ആശകള്‍ ജീവിതത്തിന്റെ പാതിയാണെന്ന് നോക്കിക്കണ്ട തത്വചിന്തകരുണ്ട്. ആശകളിലേക്കുള്ള വഴികളില്‍ സ്‌നേഹം വിതറിയാല്‍ മാത്രമാണ് ജീവിതത്തിന് അലങ്കാരങ്ങളുണ്ടാവുക. ഹൃദയത്തിലേക്ക് നിരന്തരമായ ആശകളും ആനന്ദങ്ങളും കടത്തിവിടുക എന്നതാണ് നമുക്ക് ജീവിതം മനോഹരമാക്കാന്‍ ചെയ്യാനുള്ളത്.
വെറുപ്പിനെയും നിഷേധാത്മക ചിന്തകളെയും മനസ്സിനോടടുപ്പിക്കാത്തവര്‍ക്കാണ് സ്വാസ്ഥ്യം കണ്ടെത്താനാവുക. ഓരോ നെഗറ്റീവ് ചിന്തകളോടും അതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന പോസിറ്റീവ് വശങ്ങളെ കണ്ടെത്തി എതിരിടാനാവുന്നതിലാണ് ഒരാളുടെ മിടുക്ക്. ആ ആന്തരിക പോരാട്ടത്തിന് വെളിച്ചമേകാവുന്ന ഒന്നാണ് ഉള്ളില്‍ കാത്തുസൂക്ഷിക്കുന്ന സ്‌നേഹമെന്നത്. അപരനോടുള്ള വെറുപ്പും നെഗറ്റീവ് ചിന്തകളും ഒരിക്കലും ഒരാള്‍ക്കും നന്മ ചെയ്യുകയില്ല.
പ്രവാചക ജീവിതത്തിലെ ഒരു സംഭവം നമ്മുടെ മുമ്പിലുണ്ടല്ലോ. വളരെ സാധാരണക്കാരനായ ഒരു വിശ്വാസിയെ ചൂണ്ടി അദ്ദേഹം സ്വര്‍ഗത്തിന് അവകാശിയാണെന്ന് പറഞ്ഞു. അദ്ദേഹത്തിന് അവിടെയുള്ള മറ്റുള്ളവരേക്കാള്‍ പ്രത്യക്ഷത്തില്‍ കൂടുതല്‍ മേന്മകള്‍ കാണാനുണ്ടായിരുന്നില്ല. എന്താണ് അദ്ദേഹത്തിന്റെ പ്രത്യേകതയെന്നറിയാന്‍ ഒരു സഹാബി അദ്ദേഹത്തോടൊത്ത് താമസിക്കുക പോലുമുണ്ടായി. മറ്റുള്ളവരേക്കാള്‍ പ്രത്യേകമായി ഒന്നും കണ്ടെത്താനായില്ല. ഒടുവില്‍ അദ്ദേഹത്തോടു തന്നെ എന്താണ് ആ പ്രത്യേകതയെന്നു ചോദിച്ചപ്പോള്‍ ‘മറ്റാരെക്കുറിച്ചും ഞാനൊരു ദുഷിപ്പും ഉള്ളില്‍ പേറുന്നില്ലെ’ന്നായിരുന്നു മറുപടി. ആ പ്രത്യേകത തന്നെയായിരുന്നു അദ്ദേഹത്തെ സ്വര്‍ഗാവകാശിയാക്കിയത്.
ഖലീല്‍ ജിബ്രാന്‍ പറയുന്നുണ്ട്: ”വെറുപ്പ് ഒരു ചത്ത സാധനമാണ്, നിങ്ങളിലാര് ഒരു ശവകുടീരമാകും?!” ആ ചോദ്യം തന്നെയാണ് നാം നമ്മോട് ചോദിക്കേണ്ടത്. നമ്മളൊരു ശവകുടീരമായി ജീവിക്കണോ?
എഡിറ്റര്‍

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top