LoginRegister

ആഘോഷങ്ങളെ തുറന്നു വിടുക

സഹീറാ തങ്ങള്‍

Feed Back


പെരുന്നാള്‍
പിരിശം

എന്ത് മനോഹരമായിരുന്നു,
നിന്റെ ഉടുമുണ്ടില്‍
ഒടിച്ചിട്ട മൈലാഞ്ചിക്കമ്പ്
അമ്മിയില്‍ അരച്ചെടുക്കുമ്പോള്‍ ,
പാതി ചുവന്ന കൈകളില്‍
ചക്കയുടെ വളഞ്ഞി വെച്ചുണ്ടാക്കിയെടുത്ത
ചിത്രശലഭം!

നീ അണിയിച്ച പെരുന്നാള്‍ കൊലുസ് !

ആരും കാണാതെ നീ ഉടുപ്പിച്ച
ആകാശ നിറമുള്ള സാരി
വളര്‍ന്നു വലുതായല്ലോ
ചുവന്നു തുടുത്തല്ലോ
റോസാപ്പൂ മണമാണല്ലോ…

പ്രിയമേ,
പറഞ്ഞു പോയ പുന്നാരങ്ങളൊന്നും
ഇനി വരില്ലല്ലോ.
കൊത്തിത്തിന്നില്ലല്ലോ
പുഴയില്‍ തുടിക്കില്ലല്ലോ

കഴിഞ്ഞു പോയ പിരിശങ്ങളുടെ
കൊട്ടിയടച്ച വാതിലിനു മുമ്പില്‍
ഇന്ന് ഞാനില്ല.
എന്റെ വിങ്ങലും
കണ്ണീര്‍തുള്ളികളുമില്ല.

നീ ഇറങ്ങിപ്പോയിടത്തു;
എന്നെ മാത്രം പുതപ്പിക്കുന്ന
നിലാവ് പടര്‍ന്നു.

പെരുന്നാള്‍ പിരിശമോടെ
അല്ലാഹു കൊടുത്തുവിട്ട
തേന്‍ മിഠായി
എന്റെ അധരങ്ങള്‍
നുണഞ്ഞു തുടങ്ങിയിരിക്കുന്നു.

അകക്കാമ്പില്‍ കയറിയിരുന്നു
കാതോട് കാതോരം ചേര്‍ന്നു
തക്ബീര്‍ മുഴങ്ങുന്നത്
ശ്രവിക്കാന്‍ തുടങ്ങിയിരിക്കുന്നു.

അടച്ചിട്ട വാതിലുകള്‍ക്കുള്ളില്‍ നിന്ന്
ആഘോഷങ്ങളെ തുറന്നുവിടുക
വസന്തം വരണമെങ്കില്‍
പൂമൊട്ടുകള്‍
വിരിയുക തന്നെ വേണം.

ആഘോഷങ്ങള്‍ ആഹ്ലാദം നല്‍കേണ്ടിടത്തു പലപ്പോഴും പലരും കൂടുതല്‍ വിഷാദത്തിനടിപ്പെട്ടുപോവുന്നത് എന്ത് കൊണ്ടാവും?
കുഞ്ഞുന്നാളില്‍ പെരുന്നാള്‍ പിറക്കു കാത്തിരുന്ന പോലെ, മൈലാഞ്ചിയിട്ട് പുതുവസ്ത്രങ്ങള്‍ അണിഞ്ഞ്, സുന്ദരികള്‍ ആവേണ്ടിടത്ത്, ‘ആ അതൊക്കെ കുട്ടിക്കാലത്തല്ലേ പെരുന്നാള്‍ രസമൊക്കെ..’ എന്ന് നെടുവീര്‍പ്പിടുന്നത് എന്തുകൊണ്ടാവും.
നാം എത്ര വളര്‍ന്നാലും നമ്മില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്ന ഒരു ഭൂതകാലം ഉണ്ട് എന്നത് തന്നെയാണ് കാരണം. മനുഷ്യന്‍ ഭൂതകാലത്തിന്റെ തടവുകാരനാവുന്നത് എന്തൊരു സങ്കടമാണ്.
ഓര്‍മകളില്‍ അള്ളിപ്പിടിച്ചു നഷ്ടസ്വപ്‌നങ്ങളെ കുറിച്ച് വിലപിക്കാതെ ഇന്നില്‍ പുതുമ കണ്ടെത്താന്‍ എത്ര പേര്‍ക്ക് കഴിയുന്നുണ്ട്? നിഷ്‌കരുണം അവഗണിക്കുന്നവന്‍ തന്ന വളപ്പൊട്ടുകള്‍ മുറുകെപ്പിടിച്ചു, ഉന്മാദിയാവുന്നത് നിര്‍ത്താന്‍ ആദ്യം ചങ്കൂറ്റം കാണിക്കുക. നമ്മെ വേണ്ടാത്തതൊന്നും നമുക്കും വേണ്ടാ. നമ്മുടെ സ്വപ്‌നങ്ങള്‍ക്കും പൊന്നുംവിലയുണ്ട്.
കാണാത്ത ആഴക്കടലില്‍ മുത്തും പവിഴവും ഒളിച്ചിരിപ്പുണ്ട്. മുങ്ങിയെടുക്കാന്‍, വെള്ളത്തിനുള്ളില്‍ എങ്ങനെ ശ്വാസം എടുക്കണമെന്നു പഠിക്കേണ്ടതുണ്ട്.
അവഗണന അനുവദിച്ചു കൊടുക്കുന്നത് ആത്മമുറിവാണ് നല്‍കുന്നത്. പൊട്ടിയൊലിച്ചു വൃത്തിഹീനമാവാന്‍ നിന്ന് കൊടുക്കരുത്. പരിഗണനയും ബഹുമാനവും കൂടിച്ചേര്‍ന്നു വരുന്ന സ്‌നേഹം മാത്രമേ യഥാര്‍ഥ സ്‌നേഹം ആവൂ. അല്ലാത്തതെല്ലാം ആത്മ പുച്ഛത്തിലേക്കു നയിക്കും. ജീവിതം വിരസമാവും. ഭൂതകാലത്തില്‍ ആഹ്ലാദിച്ച ആഘോഷങ്ങളില്‍ മാത്രം അഭിരമിക്കുന്നവരാവും. അടച്ചു കളയുക ആ വാതിലുകള്‍. താഴിട്ടു പൂട്ടുക. മറ്റൊരു വിടവിലൂടെ പൂര്‍വാധികം തിളക്കമുള്ള നിലാവെളിച്ചം നമ്മില്‍ പെരുന്നാള്‍ ആവും.
നാമറിയാത്ത അനന്ത നിഗൂഢതകള്‍ നിറഞ്ഞ ഈ ബ്രഹ്മാണ്ഡത്തില്‍ അതിനുള്ള വിടവ് ഉണ്ടെന്നു വിശ്വസിച്ചാല്‍, അവിടം മുതല്‍ നിങ്ങളുടെ കൈകളില്‍ സര്‍വേശ്വരന്‍ പിടുത്തം മുറുക്കും. തേന്‍ മിട്ടായിയുമായി ഒരു സൈക്കിള്‍ റിക്ഷാക്കാരന്‍ വന്നു ബെല്ലടിക്കും!

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top