ഇടയ്ക്കു നിഴലിനോട്
സ്വകാര്യമായിപ്പറയണം
ഇന്ത്യയെന്റെ രാജ്യമാണെന്ന്
ചിതല്‍പ്പുറ്റുകള്‍ പോലെ
കേസുകള്‍ മൂടി
കുമിഞ്ഞുവീര്‍ക്കുമ്പോള്‍,
സ്വന്തത്തോട് പറയണം
ഞാനുമിന്ത്യനാണെന്ന്.
കാല്‍ച്ചുവട്ടിലെ മണ്ണില്‍
നിണമണമുയരുന്നതും കണ്ട്
നെഞ്ചത്തടിച്ചു
വിലപിക്കുന്നവര്‍
എന്നോ
ഇന്ത്യക്കാരായിരുന്നുവല്ലോ.
നാവുകള്‍ക്ക്
കത്രികപ്പൂട്ട് വീഴുമ്പോഴും
കൈപ്പിടിയിലുണ്ടായിരുന്ന
ഒരിഞ്ചവകാശം പോലും
അസഹിഷ്ണരീയര്‍
ചുട്ടെരിക്കുമ്പോഴും
ഹൃദയം
കൊടുമ്പിരി കൊള്ളും.
നീറുന്ന മനസ്സുകളപ്പഴും
രക്ഷയെന്ന ദിവാസ്വപ്‌നത്തെ
പുല്‍കിയമരുമ്പോള്‍,
ഇന്ത്യ എന്റെയുമായിരുന്നല്ലോ
എന്നു
മനസ്സാ വിലപിക്കുകയുമാവാം.
നുണയുടെ
വന്മരം നാട്ടുവളര്‍ത്തിയവര്‍ക്ക്
അതിലെ
ഓരോയിലയും പഴുക്കുമെന്നും
വേരുകളടക്കം
ഒരുനാള്‍
കടപുഴകുമെന്നിമറിയാം,
എങ്കിലും
അടിച്ചമര്‍ത്തപ്പെട്ടവരും
അന്നാളിനു വേണ്ടി
കാത്തിരിക്കുമ്പോഴാണ്
പ്രതീക്ഷകള്‍
മരണമടയുന്നത്.