LoginRegister

അവനവനെ മനസ്സിലാക്കുക എളുപ്പമല്ല

സലിന്‍ മാങ്കുഴി

Feed Back


ഞാന്‍
താനാരാണെന്ന് തനിക്കറിയാത്തതാണ് ലോകത്തെ ഏറ്റവും വലിയ പ്രതിസന്ധി. ഞാനാ ചോദ്യം നിരന്തരം ചോദിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. അര നൂറ്റാണ്ട് അടുത്തിടപഴകിയിട്ടും എനിക്ക് എന്നെ പിടികിട്ടിയിട്ടില്ല. അവനവനെ തന്നെ മനസ്സിലാക്കാനാവാതെ കുഴങ്ങുന്നവരാണ് മനുഷ്യരെല്ലാം. ചിലര്‍ അത് തിരിച്ചറിയുന്നു. ചിലരത് തിരിച്ചറിയുന്നില്ല എന്ന വ്യത്യാസമേയുള്ളു.
യാത്ര
നിരന്തരം യാത്ര ചെയ്യുന്ന ഒരാളാണ് ഞാന്‍. ആ യാത്രകളെല്ലാം മാനസികമാണ്. സങ്കല്‍പ്പ യാത്രകളില്‍ ഞാന്‍ ഇഷ്ടപ്പെട്ടവരെയും ഒപ്പം കൂട്ടാറുണ്ട്. മറ്റുള്ളവരുടെ മനസ്സിലേക്കും യാത്ര പോകാറുണ്ട്. ഈ യാത്രകളിലാണ് ഞാന്‍ എന്റെ കഥാപാത്രങ്ങളെ കണ്ടെത്തുന്നത്. സാങ്കല്‍പ്പിക മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുകയും അതില്‍ എന്നെയും കഥാപാത്രമാക്കുകയും ചെയ്യാറുണ്ട്. മനസ് കൊണ്ട് നടത്തിയ സഞ്ചാരങ്ങളുടെ യാത്രാവിവരണങ്ങളാണ് എന്റെ കഥകള്‍.
ആഗ്രഹം
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താല്‍ അവനിയിലാദിമമായൊരു ആത്മ രൂപം എന്ന തിരിച്ചറിവുണ്ടാകുന്ന കാലം. എല്ലാവര്‍ക്കും എല്ലാവരോടും സ്‌നേഹം തോന്നുന്ന കാലം. ചങ്ങലകളും തെറ്റിദ്ധാരണകളും ഇല്ലാത്ത കാലം. പൂര്‍ണമായും മനസ്സ് വെളിപ്പെടുത്താനാകുന്ന ഭാഷയുള്ള കാലം.
പ്രണയം
ലോകത്ത് ഒരാള്‍ക്കും പ്രണയ സാഫല്യമുണ്ടായതായി എനിക്ക് തോന്നുന്നില്ല. ഭൂമിയില്‍ ഇല്ലാത്ത ഒന്നിനെ തേടിയുള്ള അന്വേഷണമാണ് പ്രണയം. എന്നാല്‍ അത് ഭൂമിയിലുണ്ടെന്ന ബോധ്യമാണ് എല്ലാവരെയും നിലനിര്‍ത്തുന്നത്. ചിലപ്പോള്‍ ചിലര്‍ക്ക് അതിനടുത്ത് എത്താനായേക്കാം. ആ തോന്നലാണ് ജീവിതത്തെ ചേതോഹരമാക്കുന്നത്.
സൗഹൃദം
ഞാന്‍ ഈ നിമിഷത്തില്‍ ഇങ്ങനെയിരിക്കുന്നത് സൗഹൃദങ്ങള്‍ കാരണമാണ്. സൃഹൃത്തുക്കളുടെ സംഭാവനയാണ് പുറമേ കാണുന്ന ഞാന്‍.
പ്രാര്‍ഥന
ദൈവമേ; എന്നെ ഒരു കാലത്തും ഞാന്‍ ഞാന്‍ എന്ന് പറയാന്‍ തക്ക മൂഢനാക്കരുതേ. ഞാനൊന്നുമല്ലെന്നു പറയുന്ന ദൈവത്തിന്റെ ശബ്ദം എനിക്ക് കേള്‍ക്കുമാറകണേ .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top