LoginRegister

അമ്മയുടെ ഹൃദയം

ഷെരീഫ് സാഗർ

Feed Back


അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയ പേരക്കുട്ടിയുമായി ബസ് യാത്ര നടത്തിയ അനുഭവം ഒരാള്‍ പങ്കുവയ്‌ക്കുന്നത് ഇങ്ങനെ: “ഒരു അവധിക്കാലത്താണ് അവര്‍ നാട്ടിലെത്തിയത്. കുട്ടിക്ക് നാടെല്ലാം കാണിച്ചുകൊടുക്കണമെന്ന് എന്റെ മകന്‍ ആവശ്യപ്പെട്ടു. ബസ് യാത്രയാണ് അതിനു പറ്റിയ മാര്‍ഗമെന്ന് എനിക്കു തോന്നി. ഞാന്‍ അവനെയും കൊണ്ട് നാടു ചുറ്റുന്നതിനു വേണ്ടി ഒരു പ്രൈവറ്റ് ബസ്സില്‍ കയറി. ബസ്സില്‍ നല്ല തിരക്കായിരുന്നു. ആളുകളുടെ തിക്കും തിരക്കും അവനെ അസ്വസ്ഥനാക്കി.
തിരക്കൊന്ന് കുറഞ്ഞപ്പോള്‍ ഞാൻ അവനെ വിൻഡോ സീറ്റിലിരുത്തി പുറത്തെ കാഴ്ചകളോരോന്ന് പരിചയപ്പെടുത്തിക്കൊണ്ടിരുന്നു. കവുങ്ങിന്‍തോപ്പുകള്‍, തെങ്ങിന്‍തോപ്പുകള്‍, റബര്‍ കാടുകള്‍ തുടങ്ങി കാര്‍ഷിക വിളകള്‍ ധാരാളമുള്ള സ്ഥലങ്ങളിലൂടെയാണ് വണ്ടി ഓടുന്നത്. ഇതൊക്കെ കാണുമ്പോള്‍ അവന് വല്ലാത്ത കൗതുകം തോന്നുമെന്നായിരുന്നു എന്റെ വിചാരം. പക്ഷേ, അവന്‍ ‘ഇതൊക്കെ എന്തോന്ന്’ എന്ന മട്ടില്‍ എന്നെ ‘വടി’യാക്കിക്കളഞ്ഞു. മൊബൈലില്‍ നോക്കി ഗെയിം കളിച്ച് നേരം കളഞ്ഞു.
മുത്തച്ഛന്‍ വീഗാലാന്റ് പോലെ എങ്ങോട്ടോ ടൂറ് കൊണ്ടുപോവുമെന്നാണ് അവന്‍ വിചാരിച്ചത്. അതേപ്പറ്റി പറഞ്ഞ് കെറുവിച്ചിരിക്കുമ്പോള്‍ കണ്ടക്ടര്‍ വന്ന് പൈസ വാങ്ങി. 500 രൂപയായതിനാല്‍ ബാക്കി പിന്നെ തരാമെന്നു പറഞ്ഞ് കണ്ടക്ടര്‍ അയാളുടെ ജോലികളിലേക്ക് വലിഞ്ഞു. ഞാന്‍ പല കാഴ്ചകളും കാണിച്ചുകൊടുക്കുന്നതിനിടെ അവന്‍ പിന്നെയും അസ്വസ്ഥനായി. ‘എന്താടാ’ എന്നു ചോദിച്ചപ്പോള്‍ ‘ആ കണ്ടക്ടര്‍ ബാക്കി തന്നിട്ടില്ല’ എന്നു മറുപടി. യാത്ര തുടര്‍ന്നു. ഞാന്‍ കാണിക്കുന്ന കാഴ്ചകളിലൊന്നും അവന്‍ താല്‍പര്യം കാട്ടിയില്ലെന്നു മാത്രമല്ല, ‘മുത്തച്ഛാ, ബാക്കി വാങ്ങാന്‍ മറക്കല്ലേ’ എന്ന് എന്നെ ഇടക്കിടെ ഓര്‍മപ്പെടുത്തുകയും ചെയ്തു. അവനുമായി ഊരുചുറ്റാന്‍ പോകുന്നത് അന്നുതന്നെ നിര്‍ത്തി.”
പണമെന്ന ഒറ്റ ചിന്തയിലേക്ക് മാത്രമായി കുട്ടികളെ പരുവപ്പെടുത്തിയ അവസ്ഥയാണ് ഈ അനുഭവത്തില്‍ കണ്ടത്. അവര്‍ക്ക് ലോകത്തിന്റെ കൗതുകങ്ങളോട് പ്രതികരിക്കാനുള്ള സര്‍ഗാത്മകത നഷ്ടപ്പെടുന്നു. രൂപപ്പെട്ടത് എങ്ങനെയോ അതുപോലെയാണ് അവര്‍ പെരുമാറുന്നത്.
കാണുന്നതൊക്കെ ചെയ്യണമെന്നും കേള്‍ക്കുന്നതൊക്കെ അനുഭവിക്കണമെന്നും തോന്നുന്ന പ്രായത്തില്‍ ജീവിതത്തില്‍ സംഭവിക്കുന്ന അബദ്ധങ്ങളില്‍ തകരുന്ന കൗമാരത്തിന്റെ കഥകള്‍ ധാരാളമായി കേള്‍ക്കുന്നുണ്ട്. ഈ സാഹചര്യങ്ങളില്‍ അകപ്പെട്ട് ചിലര്‍ സ്വന്തം മാതാപിതാക്കളെ മറക്കുന്നു. ചില പ്രത്യേക സാഹചര്യങ്ങളില്‍ കുടുങ്ങി മാതാപിതാക്കള്‍ കുട്ടികളെ മറന്നതിന്റെ ഫലമാണിത്. അതാരും മനസ്സിലാക്കില്ല. കുറ്റപ്പെടുത്തലെല്ലാം കുട്ടികള്‍ക്കാണ്. ആധുനിക കാലത്ത് പ്രത്യേകിച്ചും കുട്ടികളുടെ വളര്‍ച്ച, പെരുമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ വേണ്ടത് ശ്രദ്ധയാണ്. പ്രത്യേകിച്ചും സോഷ്യല്‍ മീഡിയയും ഡീപ് ഫെയ്‌ക്കുകളും അവരെ വിഴുങ്ങിയ ഘട്ടത്തില്‍. ന്യൂ ജനറേഷന്‍ മീഡിയകളെക്കുറിച്ചും ആശയവിനിമയ സങ്കേതങ്ങളെക്കുറിച്ചും രക്ഷിതാക്കള്‍ക്കും കുറച്ചൊക്കെ ബോധം വേണം. അല്ലെങ്കില്‍ ജനറേഷന്‍ ഗ്യാപ് എന്ന പ്രശ്‌നം സങ്കീര്‍ണമാകും. ഇത് കുടുംബത്തെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കും.
രജിസ്‌ട്രേഷന്‍, ട്യൂഷന്‍ ഫീസ്, യാത്ര, പ്ലേസ്‌മെന്റ് ടെസ്റ്റ്, പാഠപുസ്തകം, യൂനിഫോം, ഭക്ഷണം, മറ്റു പുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍, പഠനയാത്രകള്‍, പരീക്ഷകള്‍ തുടങ്ങി രക്ഷിതാക്കള്‍ മക്കളെ നോക്കാന്‍ വല്ലാതെ പാടുപെടുന്നുണ്ട്. ഒരു കുട്ടിയെ പഠിപ്പിക്കാന്‍ ഫീസിനത്തില്‍ മാത്രം വലിയ തുക കൊടുക്കുന്നവരുണ്ട്. രണ്ടോ മൂന്നോ കുട്ടികളുണ്ടെങ്കില്‍ ശരാശരി കുടുംബത്തിന് താങ്ങാവുന്നതിലും വലുതാണ് സ്വകാര്യ വിദ്യാഭ്യാസ മേഖല. പൊതുവിദ്യാലയങ്ങളിലേക്ക് അയച്ചാലും ട്യൂഷനും മറ്റുമായി ധാരാളം പണച്ചെലവുണ്ട്. കുട്ടികള്‍ക്കു വേണ്ടി എന്തു ചെയ്യാനും മാതാപിതാക്കള്‍ തയ്യാറാണ്. കുട്ടികളുടെ പഠനത്തിനു വേണ്ടി സ്വന്തം ജോലി പോലും ഉപേക്ഷിക്കുന്ന അമ്മമാരെ കണ്ടിട്ടുണ്ട്. ഓഫ് ലൈന്‍ ട്യൂഷന് പകരം ഓണ്‍ലൈന്‍ വന്നതോടെ ഏതെല്ലാം ഓണ്‍ലൈന്‍ ഇടനാഴികളിലാണ് കുട്ടികളുള്ളത് എന്നുപോലും തിരിയാതെ രക്ഷിതാക്കള്‍ വലിയ പ്രതിസന്ധിയിലാണ്.
സ്‌കൂളിലെ പട്ടാളച്ചിട്ടയില്‍ മടുത്ത ചില കുട്ടികള്‍ കാമ്പസുകളിലെത്തുന്നതോടെ സ്വാതന്ത്ര്യത്തില്‍ വിഹരിക്കുന്നു, റിബലുകളാകുന്നു. വ്യവസ്ഥിതിയെല്ലാം തെറ്റാണെന്ന് അവര്‍ക്ക് തോന്നുന്നു. അരാജകത്വത്തില്‍ ആനന്ദം കണ്ടെത്തുന്നു. കാമ്പസുകളിലെ ഗ്യാങ് ലീഡര്‍മാരായി ഇവരില്‍ ചിലര്‍ മാറുന്നു. അവരെ പ്രചോദിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന ചില സിനിമകളും ഈയിടെയായി ഇറങ്ങുന്നുണ്ട്. മദ്യവും മയക്കുമരുന്നും ഗുണ്ടായിസവുമാണ് കാമ്പസെന്ന് വിചാരിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കുന്ന ഇത്തരം വിനോദ സിനിമകള്‍ വിദ്യാർഥികളുടെ മനോനിലയെ തന്നെ മാറ്റിമറിച്ചിട്ടുണ്ട്. ചോദിക്കുമ്പോള്‍ പണം കൊടുക്കാനും ആവശ്യത്തില്‍ കൂടുതല്‍ ജോളിയാക്കാനും രക്ഷിതാക്കള്‍ തയ്യാറാകുന്നതാണ് ചില കുട്ടികള്‍ വഷളാകാനുള്ള കാരണങ്ങളില്‍ പ്രധാനം. മാതാപിതാക്കള്‍ വിദേശത്താണെങ്കില്‍ ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യവുമുണ്ടാകുന്നു.
ആഘോഷവും ആര്‍പ്പും പാട്ട് വെച്ചുള്ള തുള്ളലുമായാല്‍ ജീവിതമായി എന്നു കരുതുന്നവര്‍ കാമ്പസ് വിടുമ്പോഴുള്ള യാഥാർഥ്യങ്ങളെ നേരിടുന്നതില്‍ വലിയ പ്രയാസം അനുഭവിക്കും. സിനിമയില്‍ കാണുന്നതല്ല ജീവിതമെന്ന തിരിച്ചറിവുണ്ടാകാന്‍ സമയമെടുക്കും. അവര്‍ അനുഭവിക്കുന്ന ഓരോ സന്തോഷവും മറ്റു ചിലരുടെ വിയര്‍പ്പിന്റെ ഫലമാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ കഴിയണം. രക്ഷിതാക്കള്‍ക്ക് മാത്രമേ അതിനു സാധിക്കൂ. ഇത്രയും എഴുതിയത് വായിക്കുന്ന ഒരു സാധാരണ വിദ്യാർഥി വല്ലാത്തൊരു അമ്മാവന്‍ സിന്‍ഡ്രോം ബാധിച്ച ആളാണല്ലോ ഇതെഴുതിയത് എന്നായിരിക്കും ചിന്തിക്കുന്നത്. അങ്ങനെ കുറേ അമ്മാവന്മാരുടേതു കൂടിയാണ് ലോകം എന്ന് മനസ്സിലാക്കിയേ മതിയാകൂ.
ഒരു അറബിക് കവിതയില്‍ മാതാവിന്റെ ഹൃദയനൊമ്പരം അടയാളപ്പെടുത്തുന്ന സാങ്കല്‍പിക കഥയുണ്ട്. ഏതോ ഒരു തീവ്രവാദി, കുട്ടിക്കു വന്‍തുക വാഗ്ദാനം ചെയ്ത് ഉമ്മയുടെ ഹൃദയം കൊണ്ടുവരാന്‍ പറഞ്ഞു. കുട്ടി നേരെ പോയി ഉറങ്ങിക്കിടക്കുന്ന മാതാവിന്റെ നെഞ്ചില്‍ കഠാരയിറക്കി ഹൃദയം പുറത്തെടുത്തു. പൈസക്കു വേണ്ടി ഹൃദയവുമായി തിരക്കിട്ട് ഓടുന്നതിനിടെ കുട്ടി മറിഞ്ഞുവീണു. ഉമ്മയുടെ ഹൃദയം ആകാശത്തേക്ക് ഉയര്‍ന്നു. ആകാശത്തു നിന്ന് വേദനയോടെ ഉമ്മ ചോദിക്കുന്നതായി കുട്ടിക്ക് തോന്നി: ‘മോനേ, നിനക്ക് വല്ലതും പറ്റിയോ?’
ഇത്രയേറെ തന്നെ സ്നേഹിക്കുന്ന ഉമ്മയെയാണല്ലോ താന്‍ കൊന്നതെന്ന സങ്കടത്തില്‍ ഇനി ജീവിച്ചിരുന്നിട്ടെന്ത് കാര്യം എന്ന് കുട്ടി ചിന്തിച്ചു. അവന്‍ കഠാര സ്വന്തം നെഞ്ചിലേക്ക് കുത്താനോങ്ങി. അപ്പോള്‍ ഉമ്മ വീണ്ടും പറയുന്നു: ‘മോനേ, എന്റെ കരളിലേക്ക് നീ വീണ്ടും കഠാരയിറക്കല്ലേ.’
സ്‌നേഹത്തിന്റെ മഹത്വം പുതിയ തലമുറയിലെ കുട്ടികള്‍ക്ക് പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കു തന്നെയാണ്. അത് ഉപദേശമായോ പ്രസംഗമായോ മോട്ടിവേഷന്‍ സ്പീക്കര്‍മാരുടെ മുന്നിലേക്ക് തള്ളിയിട്ടോ പഠിപ്പിക്കേണ്ട ഒന്നല്ല. അനുഭവിപ്പിക്കേണ്ട ഒന്നാണ്. മാതാപിതാക്കള്‍ പരസ്പരം എത്രത്തോളം സ്‌നേഹിക്കുന്നു എന്ന് കുട്ടികള്‍ അനുഭവിക്കണം. കുട്ടികളോടുള്ള ആശയവിനിമയം ഹൃദ്യമാക്കി അവരെ യാഥാർഥ്യങ്ങളുടെ ലോകത്തേക്ക് അടുപ്പിക്കാന്‍ മാതാപിതാക്കളും സമയം കണ്ടെത്തണം.
മാധവിക്കുട്ടിയുടെ ഒരു കഥയുടെ പേര് ‘അമ്മ’ എന്നാണ്. പച്ചക്കറി വാങ്ങി മടങ്ങുമ്പോള്‍ ഒരു വൃദ്ധ കാറിടിച്ച് വീഴുകയാണ്. കാര്‍ നിര്‍ത്താതെ പോയി. ഒരു പാല്‍ക്കാരന്‍ ഓടി വന്ന് ‘എന്തു പറ്റി അമ്മേ’ എന്ന് ചോദിക്കുമ്പോള്‍ ആ വൃദ്ധയ്ക്ക് ശക്തി കിട്ടുകയാണ്. ‘അമ്മേ’ എന്ന വിളിയാണ് അവരെ ഞെട്ടിച്ചത്. ഏറെ കാലമായി ആ വൃദ്ധ അങ്ങനെയൊരു വിളി കേട്ടിട്ട്. മക്കളെല്ലാം വിദേശത്താണ്.
ആക്‌സിഡന്റ് നടന്ന സ്ഥലത്തേക്ക് പിന്നെ പോലീസ് വന്ന് സൈക്കിളുകാരനെ ചോദ്യം ചെയ്യുകയാണ്. ആശുപത്രിയിലെത്തിക്കാന്‍ ടാക്‌സി വിളിച്ചപ്പോള്‍ അയാള്‍ക്കും അറിയണം, ഇതാരുടെ അമ്മയാണെന്ന്. ഡോക്ടറുടെ ‘അമ്മേ’ വിളിയും വൃദ്ധയെ സന്തോഷിപ്പിക്കുന്നു. ഡോക്ടറുടെ അടുത്തു നിന്ന് ടാക്‌സി ഡ്രൈവര്‍ തന്നെ വൃദ്ധയെ വീട്ടിലെത്തിച്ചു.
വീട്ടിലെത്തിയ ആ അമ്മ തന്നത്താന്‍ ചിലത് പറയുന്നുണ്ട്. എത്ര തുണികള്‍ അലക്കി! എത്ര ഊണുകളുണ്ടാക്കി ഊട്ടി! എത്ര തവണ ഉറക്കമൊഴിച്ച് കുട്ടികളെ ശുശ്രൂഷിച്ചു! ഇപ്പോള്‍ അവരെല്ലാം അച്ഛന്മാരായി. അപ്പോള്‍ തന്നെക്കൊണ്ട് ആര്‍ക്കും ഒരാവശ്യവും ഇല്ലാതായി.
ഇതൊരു അനാവശ്യ വസ്തുവാണെന്ന് അറിഞ്ഞുകൊണ്ടാണ് കാര്‍ തന്നെ തട്ടിയിട്ടതെന്ന് അവര്‍ ചിന്തിക്കുകയും അതോര്‍ത്ത് ചിരിക്കുകയും ചെയ്യുന്നതോടെയാണ് കഥ അവസാനിക്കുന്നത്.
എത്ര ഉപേക്ഷിക്കപ്പെട്ടാലും അമ്മയുടെ ഹൃദയം മക്കള്‍ക്കു വേണ്ടി തുടിച്ചുകൊണ്ടിരിക്കും. അവര്‍ ഉണ്ടോ ഉറങ്ങിയോ എന്ന് വേവലാതിപ്പെടും.
ഓരോ കാൽപ്പെരുമാറ്റത്തിലും അമ്മ മക്കളെ പ്രതീക്ഷിക്കും. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top