LoginRegister

അനുമോന്റെ പുള്ളിക്കോഴി

കെ എ മജീദ്‌

Feed Back

മലയോരം മഴയുടെ പുതപ്പണിഞ്ഞു. മലയുടെയും ആകാശത്തിന്റെയും അതിര്‍വരമ്പ് മാഞ്ഞുപോയിരിക്കുന്നു. മലമുകളില്‍ തുമ്പിക്കൈ പോലെ കാണപ്പെടാറുള്ള ആ മരവും അപ്രത്യക്ഷമായി. പതിയെപ്പതിയെ മഴ താഴ്‌വരയിലെ തെങ്ങിന്‍ തോപ്പിലേക്കു വ്യാപിച്ചു. അടുത്ത നിമിഷം വയലിനെയും പുതപ്പണിയിക്കും. തണുത്ത കാറ്റില്‍ വേലിയിറമ്പിലെ ചെമ്പരത്തിപ്പൂക്കള്‍ ചാഞ്ചാടാന്‍ തുടങ്ങി. ഹായ്! മഴയിപ്പോള്‍ തൊടിയിലും മുറ്റത്തും തോരണം തൂക്കാനെത്തും. അനുമോന്‍ വീടിന്റെ വരാന്തയില്‍ നിന്ന് മഴയുടെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു.
പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തിലാണ് മഴയുടെ കടന്നുവരവുണ്ടായത്. ശക്തിയായ കാറ്റിനൊപ്പം മഴത്തുള്ളികള്‍ മുറ്റത്തും തൊടിയിലും ആഞ്ഞു പതിച്ചു. ചെടികളും പുല്‍ത്തലപ്പുകളും തുള്ളിക്കളിച്ചു.
തണുത്ത കാറ്റില്‍ മഴച്ചീളുകള്‍ പാറി വന്നപ്പോള്‍ അവന്‍ കോരിത്തരിച്ചു. പെട്ടെന്നാണ് അതു സംഭവിച്ചത്; അകലെ തൊടിയില്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന പുല്‍പ്പടര്‍പ്പിലേക്ക് എന്തോ ചിറകടിച്ചു വീണു. തുടര്‍ന്ന് ഒരു കാക്കയുടെ കരച്ചിലും ഉയര്‍ന്നു.
അനുമോന്‍ തിണ്ണയിലേക്കിറങ്ങി എത്തി നോക്കി. ഒന്നും വ്യക്തമാകുന്നില്ല. പുല്‍പ്പടര്‍പ്പിനുള്ളില്‍ ചലനമൊന്നും കാണുന്നില്ല. കാക്ക അപ്പോഴും മരക്കൊമ്പത്തിരിക്കുന്നുണ്ട്. ഈ പെരുമഴയത്തും അവനെന്താ പോകാത്തത്? അനുവിനു ജിജ്ഞാസയായി. ചുറ്റും കണ്ണോടിച്ചു ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി അവന്‍ മുറ്റത്തേക്കിറങ്ങി. തലയിലും കൈത്തണ്ടയിലും തണുത്ത മഴത്തുള്ളികള്‍ വീണു. മഴയുടെ ആരവത്തിനു ശക്തി കുറഞ്ഞിട്ടുണ്ട്. എങ്കിലും അവിടെ എത്തിയപ്പോഴേക്കും അവനാകെ നനഞ്ഞു കുതിര്‍ന്നിരുന്നു.
എന്തോ ഇളകുന്നുണ്ട്. എന്താണത്? കുനിഞ്ഞു നിന്ന് പുല്‍പ്പടര്‍പ്പുകള്‍ വകഞ്ഞു മാറ്റി. ഹായ്! ഒരു കിളിക്കുഞ്ഞ്! അവന്‍ അതിനെ വാരിയെടുത്തു. തിരിച്ചും മറിച്ചും നോക്കി. ഇതെന്തു കിളിക്കുഞ്ഞ്? പുള്ളിക്കുയിലിന്റെ കുഞ്ഞോ? അതാണ് കാക്ക പുറകെ കൂടിയിരിക്കുന്നത്്. കുയില്‍ കാക്കക്കൂട്ടിലാണ് മുട്ടയിടാറുള്ളതെന്നും മുട്ട വിരിഞ്ഞാല്‍ കുയില്‍ക്കുഞ്ഞിനെയും കാക്ക തന്റെ കുട്ടികളോടൊപ്പം വളര്‍ത്തുമെന്നുമെല്ലാം അവന്‍ കേട്ടിട്ടുണ്ട്. പിന്നെ കുഞ്ഞ് വലുതാകുമ്പോഴാണത്രെ കാക്ക തനിക്കു പറ്റിയ അബദ്ധം മനസ്സിലാക്കുക.
പാവം, നനഞ്ഞു കുതിര്‍ന്ന പുള്ളിത്തൂവലുകള്‍ ശരീരത്തില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നു. കാക്കയുടെ കൊത്ത് കൊണ്ട് ചിറക് മുറിഞ്ഞിട്ടുണ്ട്. കിളിക്കുഞ്ഞ് അവന്റെ കൈയില്‍ ചലനമറ്റു കിടന്നു.
‘ക്രാ…!ക്രാ….!’
ശബ്ദം കേട്ട് അവന്‍ മുകളിലേക്കു നോക്കി. കാക്ക അപ്പോഴും പേരക്കൊമ്പിലിരിപ്പുണ്ട്. അവന്‍ കിളിക്കുഞ്ഞിനെ ചോദിക്കുകയാകും.
‘അതിനെ ഇങ്ങു താ. എന്റെ ഭക്ഷണമാണത്’ എന്നു പറയുകയാവും.
‘പോടാ! ഇതിനെ നിനക്കു പച്ചയ്ക്കു തിന്നാന്‍ തരില്ല. അവന്‍ കിളിക്കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് ഓടി. നിരാശനായ കാക്ക പറന്നു പോയി.
‘ഉമ്മാ, അനുമോന്‍ മഴയില്‍ കളിക്കുന്നു!’
വരാന്തയില്‍ നിന്ന് മോളുട്ടി വിളിച്ചു പറഞ്ഞു. ഹമ്പടി കേമീ! എന്നെ അടി കൊള്ളിക്കാനുള്ള സൂത്രമാണല്ലേ? അവന്‍ അവളെ നോക്കി പല്ലിളിച്ചു. അത് അവളെ കെറുവിയാക്കിയെന്ന് തോന്നുന്നു. ഉമ്മ വടിയുമായി വരുന്നത് കണ്ട് അവള്‍ കൈക്കൊട്ടിച്ചിരിച്ചു.
‘എടാ, നിനക്കു ഞാന്‍ വച്ചിട്ടുണ്ട്!’ ഉമ്മ വരാന്തയിലെത്തി.
അവനാകെ നനഞ്ഞു കുതിര്‍ന്നിരുന്നു. തലയിലൂടെയും കവിളിലൂടെയും മഴവെള്ളം ഒലിച്ചിറങ്ങുന്നുണ്ട്.
‘ഇവിടെ വാടാ! നീയെന്തിനാ മഴയിലേക്കിറങ്ങിയത്?’
ഉമ്മ അവന്റെ നേരെ വടിയുയര്‍ത്തി.
‘പീക്!…പീക്…!’ പെട്ടെന്ന് അവന്റെ കൈയില്‍ നിന്ന് ഒരു കരച്ചില്‍. അതു കേട്ട് ഉമ്മ അന്തംവിട്ടു നിന്നു. അടിക്കാനുയര്‍ത്തിയ അവരുടെ കൈ താഴ്ന്നു.
‘എന്താടാ നിന്റെ കൈയില്‍?’ ഉമ്മയുടെ സ്വരത്തില്‍ വിസ്മയം നിറഞ്ഞു നിന്നു.
അനുമോന്‍ സന്തോഷത്തോടെ കൈ തുറന്നു. ഉമ്മ അടുത്തു വന്നു നോക്കി.
‘ഇത് കോഴിക്കുഞ്ഞല്ലേ?’ ഉമ്മ വിസ്മയത്തോടെ ചോദിച്ചു.
അപ്പോഴാണ് അവന്‍ അതു ശ്രദ്ധിച്ചത്. ശരിയാണ് ഇത് കോഴിക്കുഞ്ഞിനെ പോലെ ഇരിക്കുന്നു.
അനുമോന്‍ അതിനെ താഴെ വെച്ചു. അവശനായ കോഴിക്കുഞ്ഞ് എഴുന്നേറ്റു നില്‍ക്കാനാവാതെ നിലത്ത് കിടന്നു. മോളുട്ടി അതിന്റെ അടുത്തിരുന്ന് ചിറകുകളില്‍ തലോടി. ഉമ്മ അകത്തു നിന്ന് പൊടിയരിയും വെള്ളവും കൊണ്ടു വന്ന് അതിന്റെ മുന്നില്‍ വെച്ചു കൊടുത്തു. ഏറെ നേരം കഴിഞ്ഞ് കോഴിക്കുഞ്ഞ് പതുക്കെ എഴുന്നേറ്റ് അത് കൊത്താന്‍ ശ്രമിച്ചു.
‘ഇന്നാ മുണ്ട്. തലയെല്ലാം തോര്‍ത്തി വൃത്തിയാക്ക്.’ ഉമ്മ ഒരു തോര്‍ത്ത് മുണ്ട് അവന്റെ നേരെ നീട്ടി.
അവന്‍ അതു വാങ്ങി തലയും മുഖവും തോര്‍ത്തി. എന്നിട്ട് കോഴിക്കുഞ്ഞിന്റെ അടുത്തിരുന്നു. ഇതിനോടകം അതിന്റെ ഭയമെല്ലാം വിട്ടകന്നിരുന്നു. അത് പതുക്കെ വരാന്തയില്‍ പിച്ച വെച്ചു നടക്കാന്‍ തുടങ്ങി. അതു കണ്ട് അനുമോനും മോളുട്ടിയും കൈക്കൊട്ടിച്ചിരിച്ചു.
‘എന്താ ഇവിടെ ഒരു ചിരിയും ബഹളവും?’ പെട്ടെന്ന് അമ്മായി അങ്ങോട്ടു വന്നു.
അനുവിന്റെ ഉപ്പയുടെ വകയിലുള്ള ഒരു സഹോദരിയാണ് അമ്മായി. നല്ല മതഭക്തയാണ്. ഭര്‍ത്താവും കുട്ടികളമൊന്നും ഇല്ലാത്ത അവര്‍ അടുത്ത ബന്ധുക്കളുടെ വീടുകളില്‍ മാറിമാറി താമസിക്കും. അധികവും അനുവിന്റെ വീട്ടിലാണ് ഉണ്ടാവുക. വെള്ളത്തുണിയും കുപ്പായവും മുഖമക്കനയും തട്ടവും ധരിക്കാറുള്ള അവര്‍ വലിയ വൃത്തിശീലയാണ്. കോഴികള്‍ വീട്ടിലേക്കു വരുന്നത് ഇഷ്ടമല്ല.
വരാന്തയില്‍ പിച്ച വെക്കുന്ന കോഴിക്കുഞ്ഞിനെ അവര്‍ സംശയ ദൃഷ്ടിയോടെ നോക്കി.
‘അനുവിനു തൊടിയില്‍ നിന്നു കിട്ടിയതാ’ ഉമ്മ പറഞ്ഞു.
‘പാവം, കാക്കയുടെ കൊക്കില്‍ നിന്നു വീണതാകും. അവകാശികള്‍ വന്നാല്‍ കൊടുക്കേണ്ടി വരും.’
അമ്മായി പറഞ്ഞതു കേട്ട് അനുമോന്‍ ഞെട്ടി. പടച്ചോനേ, ഇതിനെ തേടി അവകാശികള്‍ വരുമോ? അവര്‍ക്ക് കൊടുക്കേണ്ടി വരുമോ?
‘നമ്മുടെ അടുത്തുള്ള വീടുകളിലെല്ലാം ചോദിച്ചു നോക്കാം’ ഉമ്മ പറഞ്ഞു.
‘വേറെ ആരുടേതെങ്കിലും ആയാലും മതിയല്ലോ. ആരായാലും അവര്‍ വന്നാല്‍ കൊടുക്കേണ്ടി വരും.’
‘അവകാശികള്‍ വന്നാല്‍ കൊടുക്കാം.’
അമ്മായിയുടെ അഭിപ്രായത്തോട് അനുമോനും യോജിച്ചു. അന്യരുടെ സാധനം അവരുടെ അനുമതി കൂടാതെ എടുക്കരുതെന്ന് അവന്‍ പഠിച്ചിട്ടുണ്ട്.
(തുടരും)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top