ദിവസങ്ങള്‍ കഴിഞ്ഞു. മാളുത്ത പറഞ്ഞ സൂത്രം പ്രയോഗിക്കാന്‍ ഇതുവരെ അവസരം ഒത്തുകിട്ടിയിട്ടില്ല. ഒരു ദിവസം ഉമ്മ അനുമോന്റെ മുറിയിലേക്കു വന്നു. അപ്പോഴുണ്ട് അവന്റെ കോഴി മേശപ്പുറത്ത് കയറിനില്‍ക്കുന്നു! മാളുത്ത പറഞ്ഞത് സംഭവിക്കുമോ? ഒരു ഇളംചിരിയോടെ അവര്‍ അവിടെ നിന്നു പോയി.
വൈകുന്നേരം സ്‌കൂള്‍ വിട്ടു വന്ന അനുമോന്‍ ഓടിക്കിതച്ച് അകത്തേക്കു കയറി. ബാഗ് മേശപ്പുറത്തേക്കിടാന്‍ തുനിഞ്ഞ അവന്‍ അമ്പരന്നു. എന്താണിത്? അവന്‍ അരിശത്തോടെ തുറിച്ചുനോക്കി.
”ഉമ്മാ…!” അകത്തു നിന്ന് അനുമോന്‍ വിളിക്കുന്നതു കേട്ട് ഉമ്മ അങ്ങോട്ടു ചെന്നു.
”എന്തിനാ വിളിച്ചത്?”
”ഇതെന്താ?” മേശപ്പുറത്തേക്കു വിരല്‍ ചൂണ്ടി അവന്‍ ചോദിച്ചു.
അപ്പോഴാണ് ഉമ്മ അതു കണ്ടത്. നേരത്തെ താന്‍ ഇവിടെ വന്നപ്പോള്‍ കോഴി മേശപ്പുറത്ത് കയറിനില്‍ക്കുകയായിരുന്നല്ലോ.
”മോനേ, ഇനി ആ കോഴിനെ നമുക്ക് അകത്തു വളര്‍ത്തണ്ട. അതുകൊണ്ടല്ലേ ഇങ്ങനെയെല്ലാം പറ്റുന്നത്? ഇന്നാള് ഉപ്പയുടെ വിരിപ്പിലായിരുന്നു. ഇപ്പോള്‍ നിന്റെ മേശ… നാളെ അവന്‍ എന്താണ് വൃത്തികേടാക്കുന്നതെന്ന് ആര്‍ക്കറിയാം?”
ഉമ്മ അവനെ സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ചു.
അവന്‍ വിടര്‍ന്ന കണ്ണുകളോടെ ഉമ്മയെ നോക്കി.
”പേടിക്കേണ്ട, കോഴിയെ നമുക്ക് നോക്കാം.” ഉമ്മ പ്രോത്സാഹിപ്പിച്ചു.
”ഞാന്‍ സ്‌കൂളിലേക്കു പോകുമ്പളോ?” അവന്‍ ചോദിച്ചു.
”അതിനെന്താ? ഞങ്ങളൊക്കെയില്ലേ ഇവിടെ?”
മനമില്ലാമനസ്സോടെ അവന്‍ സമ്മതം മൂളി. അല്‍ഹംദുലില്ലാഹ്! ഉമ്മക്കു വലിയ ആശ്വാസമായി. അങ്ങനെ ഇലയ്ക്കും മുള്ളിനും കേടുപറ്റാതെ കാര്യം സാധിച്ചു. ഉമ്മ സന്തോഷത്തോടെ അവന്റെ മേശ വൃത്തിയാക്കാന്‍ തുടങ്ങി.
വൈകുന്നേരം ഉമ്മ കോഴിക്കൂട് അടക്കാന്‍ ചെന്നപ്പോള്‍ അവനും കൂടെ ചെന്നു. പുള്ളിക്കോഴിയെ ആദ്യമായി കൂട്ടിലേക്കു മാറ്റുകയാണ്. എന്തു സംഭവിക്കുമെന്ന് അറിയണമല്ലോ. ഇല്ല, കാര്യമായി ഒന്നും സംഭവിച്ചില്ല. ആദ്യം കൂട്ടില്‍ നിന്ന് ചില മുറുമുറുപ്പുകള്‍ ഉയര്‍ന്നു. പിന്നീട് എല്ലാം ശാന്തമായി. പിറകിലേക്കു തിരിഞ്ഞുനോക്കിയാണ് അവന്‍ ഉമ്മയോടൊപ്പം തിരിച്ചുനടന്നത്. ആ കള്ളക്കുറുക്കന്‍ അവിടെയെങ്ങാനും ഒളിച്ചിരിപ്പുണ്ടോ?
രാത്രിഭക്ഷണം കഴിക്കുമ്പോള്‍ അവന്‍ ആ ശബ്ദം കേട്ടു. കുറുക്കന്മാര്‍ ഓരിയിടുന്ന ശബ്ദം. പാറകളും കുറ്റിക്കാടുകളും നിറഞ്ഞ മേലേക്കണ്ടത്തു നിന്നാണ്. പടച്ചോനേ, കുറുക്കന്‍ ഇറങ്ങിയിട്ടുണ്ട്. അവന്‍ ഇങ്ങോട്ടും വരില്ലേ?
”എന്താ അനൂ, ചോറ് തിന്നാതെ നോക്കിയിരിക്കുന്നത്?” ഇത്താത്ത ചോദിച്ചു.
”കുറുക്കന്‍ ഓരിയിടുന്നു.” അവന്റെ സ്വരത്തില്‍ ഭീതി നിഴലിച്ചിരുന്നു.
”ഹ…ഹ…ഹാ…!” ഇത്താത്ത പൊട്ടിച്ചിരിച്ചു.
”ഇത്താത്ത എന്താ ചിരിക്കുന്നത്?”
”അവരവിടെ ഓരിയിട്ടോട്ടെ.” ഇത്താത്ത ചിരി നിയന്ത്രിക്കാന്‍ ശ്രമിച്ചു.
”അവന്‍ കോഴിയെ പിടിക്കില്ലേ?”
ഇത്താത്ത വീണ്ടും ചിരിച്ചു.
”നമ്മുടെ കൂട്ടില്‍ നിന്ന് ഇതുവരെ ഏതെങ്കിലും കോഴിയെ കുറുക്കന്‍ പിടിച്ചിട്ടുണ്ടോ?” ഇത്താത്ത ചോദിച്ചു.
”പണ്ട് വെള്ളക്കോഴിയെ പിടിച്ചിട്ടുണ്ടല്ലോ?” അനുമോന്‍ ചോദിച്ചു.
ഇത്താത്തയുടെ മനസ്സില്‍ നീറുന്ന ചില ഓര്‍മകള്‍ തെളിഞ്ഞു. ശരിയാണ്, താന്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് സംഭവം. വീട്ടില്‍ എല്ലാവരും ഓമനിച്ചു വളര്‍ത്തിയിരുന്ന വെള്ളക്കോഴിയെ കുറുക്കന്‍ പിടിച്ചു. പക്ഷേ, അത് കൂട്ടില്‍ നിന്നായിരുന്നില്ല. നട്ടുച്ച നേരം. പെട്ടെന്ന് മേലേക്കണ്ടത്തു നിന്ന് കോഴികളുടെ കൂട്ടക്കരച്ചില്‍. ഉപ്പയാണ് ആദ്യം ഓടിയത്. കല്ലു വാരി ഓടിയടുത്തപ്പോഴേക്ക് കുറുക്കന്‍ വെള്ളക്കോഴിയെയും കൊണ്ട് സ്ഥലം വിട്ടിരുന്നു. വെള്ളക്കോഴിയുടെ നഷ്ടം കുറേ ദിവസത്തേക്ക് എല്ലാവരെയും സങ്കടത്തിലാഴ്ത്തി. അതാണിപ്പോള്‍ അനുമോന്‍ പറയുന്നത്.
ഇത്താത്തയുടെ കൂടെയാണ് അനുമോന്‍ ഉറങ്ങാന്‍ കിടക്കാറുള്ളത്. നേരം ഏറെ കഴിഞ്ഞിട്ടും അവന്‍ ഉറങ്ങാതെ കണ്ണു മിഴിച്ചു കിടക്കുന്നത് ഇത്താത്ത കണ്ടു.
”എന്താ അനുമോനേ ഇത്? നീ എന്താ ഉറങ്ങാത്തത്?” ഇത്താത്ത അവനെ ചേര്‍ത്തുപിടിച്ചു.
”ഇത്താത്ത കേള്‍ക്കുന്നുണ്ടോ?” അവന്‍ ചോദിച്ചു.
”എന്ത്?”
”കരിയിലകള്‍ അനങ്ങുന്നത്?”
”അതിനെന്താ? അത് പൂച്ചയോ നായയോ ആയിരിക്കും.”
”അല്ല, അത് കുറുക്കനാണ്.”
”നീ ഇപ്പോള്‍ ഉറങ്ങിക്കോ. നമ്മുടെ കൂട് നല്ല ഉറപ്പുള്ളതാ. അതില്‍ നിന്ന് കോഴിയെ പിടിക്കാന്‍ കുറുക്കന്മാര്‍ക്കു കഴിയില്ല.”
അമ്മായി വേണം. രാത്രിയില്‍ കരിയില അനങ്ങുന്ന ശബ്ദം കേട്ടാല്‍ അത് ഏതു ജീവിയാണെന്ന് തിരിച്ചറിയാന്‍ അവര്‍ക്കു കഴിയും. അതിന് അവര്‍ പോയില്ലേ? എന്തു ചെയ്യും? കോഴിയെ കൂട്ടിലേക്കു മാറ്റിയ കാര്യം അമ്മായിയെ അറിയിക്കണം. അതിന് എന്താ വഴി…? അവന്‍ സാവധാനം ഉറക്കിലേക്കു വഴുതി.
(തുടരും)