LoginRegister

നവലോകത്തിന് നന്മയുടെ സ്ത്രീത്വം

ആയിശ സി ടി

Feed Back


ഒരു സുന്ദര ലോകത്തിന്റെ പിറവിക്ക് നാരിമാര്‍ നേരിടുന്ന നോവ് വേറെയാരും അനുഭവിക്കുന്നില്ല. ഒരു തലമുറയെ പ്രോജ്ജ്വലിപ്പിക്കുന്ന ഉരകല്ലാണ് സ്ത്രീ. അതില്‍ നിന്ന് ലോകത്തെ പ്രകാശിപ്പിക്കുന്ന കിരണങ്ങള്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഇരുട്ടിന്റെ ആവരണങ്ങളെ കീറിമുറിച്ചു നല്ല ലോകത്തെ പണിയാന്‍ സ്ത്രീക്കല്ലാതെ ആര്‍ക്കാണ് കഴിയുക?
അവളിലെ മാതൃത്വം മക്കളുടെ വഴിയിലെ പ്രാര്‍ഥനയും കരുതലുമാണ്. കഴുകന്മാരില്‍ നിന്ന് മക്കളെ കാക്കുന്ന തള്ളപ്പക്ഷിയായി ജാഗ്രതയോടെ അവള്‍ കാവലിരിക്കുന്നു. അങ്ങനെ സമൂഹത്തിന്റെ കാവല്‍മാലാഖയായി യുഗങ്ങളായി, ഇനിയും യുഗങ്ങളോളം ലോകാന്ത്യം വരേക്കും അവള്‍ വര്‍ത്തിക്കും.
മടുപ്പും മുഷിപ്പുമില്ലാതെ ക്ഷമയോടെ കാത്തിരിക്കുന്ന സ്ത്രീ, മാതാവായും ഇണയായും പെങ്ങളായും മകളായും ലോകത്തിന്റെ കെടാവിളക്കാകുമ്പോള്‍ മാത്രമേ നല്ല ലോകം തീര്‍ക്കാനാകൂ.
ദീര്‍ഘവീക്ഷണവും കരുത്തുമുള്ള സ്ത്രീകള്‍ വിപ്ലവകാരികളായി മാറിയിട്ടുണ്ട്. തിന്മയ്ക്കും അവകാശനിഷേധങ്ങള്‍ക്കുമെതിരില്‍ അവളിലെ വിപ്ലവാഗ്നി ഏത് നെറികേടുകളെയും കരിച്ചുകളയാനായി ആളിക്കത്തണം.
സ്ത്രീയായതില്‍ അഭിമാനിക്കുകയും മറ്റുള്ളവരിലേക്ക് അവബോധം പകരുകയും ചെയ്യണം. പെണ്‍കരുത്ത് തലമുറയെ പാലൂട്ടി വളര്‍ത്തുന്ന കരുത്താണ്. മുലപ്പാലിനൊപ്പം മൂല്യബോധവും പകര്‍ന്നുനല്‍കാനായില്ലെങ്കില്‍ വളര്‍ന്നുവരുന്ന കുരുന്നുകളില്‍ പ്രതീക്ഷിക്കാന്‍ എന്തുണ്ട്? വരുംകാലത്തേക്ക് നല്ല ശിഷ്യരെ വാര്‍ത്തെടുക്കുന്ന ആദ്യ പാഠശാലയില്‍ നിന്ന് സ്‌നേഹവും ആര്‍ദ്രതയും നന്മയും ആര്‍ജിക്കാനായില്ലെങ്കില്‍ കുട്ടികള്‍ക്ക് ധാര്‍മികതയിലേക്കുള്ള നടത്തം ദുര്‍ഘടമായിരിക്കും. മാതാക്കള്‍ക്കു കൈ പിടിക്കാനാകാത്ത തലമുറയെ ആര്‍ക്ക് രക്ഷിക്കാനാകും?
ആ സ്‌നേഹക്കൂടാരത്തിലെ സ്‌നേഹവും സുരക്ഷിതത്വവും അധാര്‍മികതയില്‍ നിന്ന് തലമുറയെ പിറകോട്ട് വലിക്കും.
കുട്ടിയുടെ വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളിലാണ് നല്ല പരിപാലനവും ശിക്ഷണവും ലഭിക്കേണ്ടത്. അവ പകര്‍ന്നു നല്‍കേണ്ട കാലത്ത് അതിനായില്ലെങ്കില്‍, അത് തലമുറയോട് ചെയ്യുന്ന കടുത്ത അപരാധവും ക്രൂരതയുമായി മാറുന്നു. തലച്ചോറുകളിലേക്ക് മൂല്യബോധവും നല്ല ചിന്താശേഷിയും ഹൃദയങ്ങളിലേക്ക് അലിവും സ്‌നേഹവും കുത്തിവെക്കണം.
അങ്ങനെ വീടും ബന്ധങ്ങളും ജീവിതത്തിന്റെ ലഹരിയായി മാറ്റാന്‍ സ്ത്രീക്കാണ് കഴിയുക. നല്ല ലോകം പണിയാന്‍ ജീവിതം സമര്‍പ്പിച്ചവര്‍ക്കു നിശ്ശബ്ദ പിന്തുണയും ശക്തിയുമായി മാറിയ മഹതികളേറെയാണ്. അവരുടെ ത്യാഗം എത്ര നല്ല മനുഷ്യരെയാണ് ലോകത്തിന് സമ്മാനിച്ചത്!
ദുര്‍ബലതയല്ല സ്ത്രീത്വം. കരുണ വറ്റാത്തൊരു ലോകം നിലനില്‍ക്കാനുള്ള പ്രപഞ്ചത്തിലേക്കുള്ള സമ്മാനമാണ് സ്ത്രീ. ദുര്‍ബലതകള്‍ പറഞ്ഞ് അവരെ അശക്തരാക്കാനുള്ള ശ്രമങ്ങള്‍ സ്ത്രീ അറിയണം. സ്വത്വത്തില്‍ അഭിമാനിക്കുന്ന സ്ത്രീക്ക് ഏത് വെല്ലുവിളികളെയും കടന്നുപോകാനാകും.
ഇന്നു ലോകത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന ജീര്‍ണതകള്‍ ചികിത്സിച്ചു സുഖപ്പെടുത്താന്‍ സ്ത്രീകള്‍ മുന്നോട്ടു വരണം. അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും അകലത്തേക്ക് വലിച്ചെറിഞ്ഞ് നല്ല വഴിയിലേക്ക് തിരിച്ചുനടക്കാന്‍ ധൈര്യമുണ്ടാകണം. ബന്ധങ്ങളിലെ നെല്ലും പതിരും വേര്‍തിരിച്ചു പവിത്രമായവയെ നെഞ്ചോടു ചേര്‍ക്കാന്‍ മക്കളെ പഠിപ്പിക്കണം. ജീവിതവഴികളില്‍ സഹനവും ക്ഷമയുമുണ്ടാകുമ്പോള്‍ മാത്രമാണ് മധുരമാര്‍ന്ന നാളെകള്‍ ഉണ്ടാവുകയെന്ന് സ്വയം ജീവിച്ചുകാണിക്കാന്‍ നമുക്കാകണം.
കൂടെയുള്ളവരുടെ മനസ്സുകളില്‍ മഹത്തായൊരിടം നേടാന്‍ നന്മയുള്ള സ്ത്രീത്വത്തിനാകും. വാക്കും പ്രവൃത്തിയും നല്ല വ്യക്തിത്വം വിളിച്ചോതുന്ന ജീവിതരീതിയും സമൂഹത്തിനു നല്‍കുക നല്ല അധ്യാപനങ്ങളാണ്. സ്ത്രീകളെ ബഹുമാനിക്കാനുള്ള പരിശീലനം സിദ്ധിക്കേണ്ടതും സ്ത്രീകളിലൂടെ തന്നെ. സ്വത്വത്തെക്കുറിച്ച് സ്വയം അഭിമാനിക്കാനായില്ലെങ്കില്‍ മറ്റുള്ളവരുടെ ആദരവ് ഏറ്റുവാങ്ങാനാകില്ല ആര്‍ക്കും. തണലിലേക്കു മാറിനില്‍ക്കാതെ തണലായി മാറുന്നു സ്ത്രീത്വം.
തലമുറയുടെ തണലും തലോടലും ആശ്വാസവും ശമനവും മാതാക്കളാണ്. കരുണ വറ്റിയ പ്രവര്‍ത്തനങ്ങളും ക്രൂരതയും സ്ത്രീത്വത്തിന് അപവാദമാണ്. ദിശാബോധം പകരേണ്ടവര്‍ മനസ്സുകളില്‍ പകയും വിദ്വേഷവും വര്‍ഗീയതയും കുത്തിനിറച്ചാല്‍ കലുഷിതമാകുന്നൊരു ജനതയ്ക്കുള്ള വിത്തുപാകലായിരിക്കുമത.്
ഭീരുത്വവും അധമ ചിന്താഗതിയും ഉപേക്ഷിച്ച് ധീരതയും ഉത്തമ ചിന്താഗതികളും അണിയുക. കുറഞ്ഞ കാലവും കൂടുതല്‍ കാര്യങ്ങളുമാണ് നമ്മുടെ മുന്നിലുള്ളത്. സല്‍ക്കര്‍മങ്ങളാല്‍ സമ്പന്നമായൊരു ആയുഷ്‌കാലം അടയാളപ്പെടുത്തുകയും അടുത്ത തലമുറകള്‍ നമ്മെക്കുറിച്ച് വരുംലോകത്തോട് നല്ലതു മാത്രം പറയുകയും ചെയ്യുന്ന വിധത്തില്‍ ജീവിച്ചു തിരിച്ചുപോകണം നമുക്ക്. പരമകാരുണ്യവാന്‍ അനുഗ്രഹിക്കട്ടെ.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top