LoginRegister

ഫിസിക്സ്: സാധ്യതകളുടെ ലോകം

പി കെ അൻവർ മുട്ടാഞ്ചേരി

Feed Back


ബിഎസ് സി ഫിസിക്സ് വിദ്യാർഥിനിയാണ്. ഫിസിക്സ് മേഖലയിലെ ഉപരിപഠന അവസരങ്ങളും തൊഴിലവസരങ്ങളും വിശദമാക്കാമോ ?
നദ ഹനാൻ തളിപറമ്പ്

സയൻസ് മേഖലയിലെ രാജാവായി വിശേഷിപ്പിക്കപ്പെടുന്ന വിഷയമാണ് ഫിസിക്സ്. ശാസ്ത്ര മേഖലയിലുള്ള താൽപര്യം, ഗണിതശാസ്ത്ര അഭിരുചി, അപഗ്രഥന യുക്തി, പ്രശ്ന പരിഹാരത്തിനുള്ള കഴിവ് തുടങ്ങിയവയുള്ളവരെ മികച്ച കരിയറിലെത്താൻ പര്യാപ്തമാക്കുന്ന വിഷയമാണ് ഫിസിക്സ്. ഫിസിക്സിൽ ബിരുദം പൂർത്തിയാക്കിയതിനുശേഷം പരിഗണിക്കാവുന്ന ഉപരിപഠന അവസരങ്ങളെയും തൊഴിലവസരങ്ങളെയും പരിചയപ്പെടാം.

ഉപരിപഠന അവസരങ്ങൾ
പി.ജി, ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി പഠനങ്ങൾക്ക് പ്രീമിയർ സ്ഥാപനങ്ങളുൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ അവസരങ്ങളുണ്ട്.
ജോയിന്റ്‌ അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (JAM) വഴി വിവിധ ഐ.ഐ.ടികളിൽ എം.എസ് സി, ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി പ്രോഗ്രാമുകൾക്കും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരുവിൽ ഇന്റഗ്രേറ്റഡ്‌ പിഎച്ച്.ഡി പ്രോഗ്രാമിനും പ്രവേശനം നേടാവുന്നതാണ്.
ജോയിന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (JEST) വഴി നിരവധി സ്ഥാപനങ്ങളിൽ ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി പ്രവേശനം ലഭ്യമാണ്. കൂടാതെ കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) പി.ജി വഴി വിവിധ സ്ഥാപനങ്ങളിൽ എം.എസ് സി പ്രോഗ്രാമുകൾക്കും അവസരമുണ്ട്. താൽപര്യമുള്ളവർക്ക് ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്‌ ഇൻ എഞ്ചിനീയറിംഗ് (GATE) എഴുതാനും സാധിക്കും.
ഐ.ഇ.എൽ.ടി.എസ്, ടോഫൽ, ജി.ആർ.ഇ തുടങ്ങിയ പരീക്ഷകളിൽ മികച്ച സ്കോർ നേടി,
വിദേശ രാജ്യങ്ങളിലെ വിവിധ യൂനിവേഴ്‌സിറ്റി ഉപരിപഠനത്തിനും അവസരങ്ങളുണ്ട്.

ഉപരിപഠന മേഖലകൾ
ആസ്ട്രോഫിസിക്സ്, ആസ്ട്രോണമി, ബയോഫിസിക്സ്, ക്വാണ്ടം ഫിസിക്സ്, ജിയോഫിസിക്സ്, മാത്തമാറ്റിക്കൽ ഫിസിക്സ്, തിയററ്റിക്കൽ ഫിസിക്സ്, ന്യൂക്ലിയർ ഫിസിക്സ്, നാനോ ഫിസിക്സ്, മോളിക്കുലർ ഫിസിക്സ്, ഇലക്ട്രോണിക്സ്, ഫോട്ടോണിക്സ്, മെറ്റീരിയോളജി, അറ്റ്മോസ്ഫറിക് ഫിസിക്സ്, ഓഷ്യനോഗ്രഫി,
കമ്പ്യൂട്ടേഷനൽ സീസ്മോളജി, സീസ്മോളജിക്കൽ ഫിസിക്സ്, ബയോഇൻഫർമാറ്റിക്സ്, റേഡിയേഷൻ ഫിസിക്സ്, സ്പേസ് സയൻസ്, നാനോ എഞ്ചിനീയറിംഗ് തുടങ്ങി നിരവധി മേഖലകളിൽ ഉപരിപഠന അവസരങ്ങളുണ്ട്.

പ്രധാന സ്ഥാപനങ്ങൾ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കൾ (ഐ.ഐ.ടി), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കൾ (എൻ.ഐ.ടി), വിവിധ ഐസറുകൾ, നൈസർ ഭുവനേശ്വർ, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് മുംബൈ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരു, ബോസ് ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത തുടങ്ങിയ സ്ഥാപനങ്ങളിൽ ഫിസിക്സ് മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രോഗ്രാമുകളിൽ ഉപരിപഠനത്തിന് അവസരമുണ്ട്.
ഡൽഹി യൂണിവേഴ്‌സിറ്റി, ജാമിഅ മില്ലിയ, ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് യൂനിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി അടക്കമുള്ള നിരവധി സെൻട്രൽ യൂണിവേഴ്‌സിറ്റികളിലും അവസരങ്ങളുണ്ട്. കേരളത്തിൽ മഹാത്മാഗാന്ധി, കാലിക്കറ്റ്, കേരള, കണ്ണൂർ സർവകലാശാല ക്യാമ്പസുകൾ, ഇവക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളജുകൾ, കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി എന്നിവിടങ്ങളിലും വിവിധ ബിരുദാനന്തര പ്രോഗ്രാമുകൾ പഠിക്കാം. പി.ജി പൂർത്തിയാക്കിയവർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് ബെംഗളൂരു, ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആന്റ് ആസ്ട്രോഫിസിക്സ് പൂനെ, ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് ബെംഗളൂരു, രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബെംഗളൂരു, ഫിസിക്കൽ റിസർച്ച് ലബോറട്ടറി അഹമ്മദാബാദ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് ഭുവനേശ്വർ, ബോസ് ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത, നൈസർ ഭുവനേശ്വർ തുടങ്ങിയ സ്ഥാപനങ്ങളിൽ റിസർച്ച് പ്രോഗ്രാമുകൾക്കും അവസരമുണ്ട്.

മറ്റു പ്രോഗ്രാമുകൾ
കാർഡിയാക് മെഡിക്കൽ ലബോറട്ടറി ടെക്നോളജി, മെഡിക്കൽ റെക്കോർഡ്സ് സയൻസ്, ന്യൂറോ ടെക്നോളജി, സൗണ്ട് എൻജിനീയറിങ് ആന്റ് ഡിസൈൻ, സൈറ്റോ ജനറ്റിക്സ്, മെഡിക്കൽ ആന്റ് റേഡിയേഷൻ ഫിസിക്സ്, റേഡിയോ ഐസോടോപ്പ് ടെക്നോളജി, വി.എൽ.എസ്.ഐ ഡിസൈൻ, ബ്രോഡ്കാസ്റ്റ് ടെക്നോളജി, ത്രീഡി പ്രിന്റിംഗ്, ഷുഗർ ടെക്നോളജി തുടങ്ങി നിരവധി തൊഴിലധിഷ്ഠിത പ്രോഗ്രാമുകൾ പരിഗണിക്കാവുന്നതാണ്.
മാനേജ്മെന്റ് പഠനം, നിയമപഠനം, സോഷ്യൽ വർക്ക്, ജേണലിസം, ലൈബ്രറി സയൻസ്, ഇംഗ്ലീഷ്, ട്രാവൽ ആന്റ് ടൂറിസം, ഹോട്ടൽ മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്‌മിനിസ്ട്രേഷൻ, എം.സി.എ തുടങ്ങി ഫിസിക്‌സ് മേഖലകളിൽ നിന്ന് വ്യത്യസ്തമായ പ്രോഗ്രാമുകളും താൽപര്യമനുസരിച്ച് തെരഞ്ഞെടുക്കാവുന്നതാണ്.

തൊഴിലവസരങ്ങൾ
അധ്യാപന മേഖലയിൽ ഹൈസ്കൂൾ മുതൽ യൂനിവേഴ്‌സിറ്റി തലം വരെ നിരവധി അവസരങ്ങളുണ്ട്. ബി.എസ് എസി ഫിസിക്സ് ബിരുധദാരികൾക്ക് എയർ ട്രാഫിക് കൺട്രോളർ (ജൂനിയർ എക്സിക്യൂട്ടീവ്), ഫോറൻസിക് ലാബ് അസിസ്റ്റന്റ്, ഫോറൻസിക് അസിസ്റ്റന്റ്, റെയിൽവേ സിഗ്നൽ ടെക്നീഷ്യൻ, ലീഗൽ മെട്രോളജി സീനിയർ ഇൻസ്പെക്ടർ തുടങ്ങിയ തസ്തികളിലേക്ക് അപേക്ഷിക്കാം.
കൂടാതെ ഏത് ബിരുദമുള്ളവർക്കും അപേക്ഷിക്കാവുന്ന സിവിൽ സർവീസ്, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ, കേരള പി.എസ്.സി പരീക്ഷ എന്നിവ വഴിയുള്ള വിവിധ തസ്തികകൾ, ബാങ്കിംഗ്, റെയിൽവെ, ഡിഫൻസ് സർവീസ് തുടങ്ങി നിരവധി മേഖലകളിലും ജോലി സാധ്യതകളുണ്ട്.
ഫിസിക്സിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് ഡി.ആർ.ഡി.ഒ, ഐ.എസ്.ആർ.ഒ, സി.എസ്.ഐ.ആർ ലാബുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ വിവിധ തസ്തികകൾ ലഭ്യമാണ്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോ ഫിസിസ്റ്റ്, ഭാഭാ ആറ്റോമിക് സെന്ററിൽ സയന്റിഫിക് ഓഫീസർ തുടങ്ങിയവക്കും അപേക്ഷിക്കാവുന്നതാണ്. കൂടാതെ പ്രതിരോധ ഗവേഷണ മേഖലകളിലും രാജ്യത്തെ നിരവധി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളിലും റിസർച്ച് അനലിസ്റ്റ്, റിസർച്ച് സയന്റിസ്റ്റ് തുടങ്ങിയ തസ്തികകളിലും ജോലിക്കായി ശ്രമിക്കാവുന്നതാണ്. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top