LoginRegister

ആനന്ദം, അവധിക്കാലം

കവർസ്റ്റോറി

Feed Back


അധ്യാപക വിദ്യാര്‍ഥികളുടെ ക്ലാസ് കാണുന്നതിനു വേണ്ടി ഒരിക്കല്‍ സ്‌കൂളിലെത്തി. മേശയ്ക്ക് അടുത്ത് ഇരിക്കുന്നതിനിടയിലാണ്, മേശപ്പുറത്തുള്ള ഒരു ചെറിയ നോട്ടുപുസ്തകം ശ്രദ്ധയില്‍ പെടുന്നത്. മറിച്ചുനോക്കുമ്പോഴുണ്ട്, അവധിക്കാലത്തെ രണ്ടു മാസത്തിലെ ഓരോ ദിവസത്തിനും ഓരോ പ്രവര്‍ത്തനങ്ങള്‍ മനോഹരമായി എഴുതിവെച്ച താളുകള്‍. മൂന്നാം ക്ലാസിലെ കൊച്ചുകൂട്ടുകാരന്റെ ആ നോട്ടുപുസ്തകം എന്നില്‍ കൗതുകമുണര്‍ത്തി. ക്ലാസ് കഴിഞ്ഞ് പോകാന്‍ നേരം അവനെ അടുത്തു വിളിച്ചു ചോദിച്ചു:
”ഇതെന്താ ഇങ്ങനെ ഒരെഴുത്ത്?”
”എന്റുപ്പ പറഞ്ഞതാ ഈ അവധിക്കാലത്ത് എന്തെല്ലാം എങ്ങനെയെല്ലാം ചെയ്യണമെന്ന ഒരു നോട്ട് എഴുതാന്‍.”
അവധിക്കാലത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ ഈ കൊച്ചുകൂട്ടുകാരന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ പോലെ അനവധി ആസൂത്രണം വേണ്ട ഒന്നാണ് സ്‌കൂള്‍ അവധിക്കാലം എന്നത്. കുട്ടികള്‍ക്ക് പലപ്പോഴും വെറുതെ കളയുന്ന ദിവസങ്ങളായി നഷ്ടപ്പെട്ടുപോകുന്ന ഒന്നായി അവധിക്കാലം മാറാറുണ്ട്. ആസൂത്രണമുണ്ടെങ്കില്‍ ഈ രണ്ടു മാസക്കാലം അനുഭവങ്ങളുടെ കേദാരമാക്കി മാറ്റാന്‍ കഴിയും.

ഒന്നിച്ചിരിക്കാം
വീട്ടിലെ അംഗങ്ങള്‍ മുഴുവന്‍ ഒന്നിച്ചിരുന്നാണ് അവധിക്കാല പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടത്. മുതിര്‍ന്നവരുടെ അഭിപ്രായത്തോടൊപ്പം തന്നെ വിലയുള്ളതായി ചെറിയ കുട്ടികളുടെ അഭിപ്രായത്തെയും കാണണം. കഴിയുമെങ്കില്‍ ഇത്തരം ആസൂത്രണത്തിന്റെ ഒരു കലണ്ടര്‍ വീട്ടില്‍ തയ്യാറാക്കി സൂക്ഷിച്ചാല്‍ വിട്ടുപോവാന്‍ ഇടയില്ലാത്തവിധം ഓരോ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാന്‍ കഴിയും. ദിവസത്തിലെ ഓരോ സമയത്തെയും കൃത്യമായി ഉപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ കൂടിയാവണം ഓരോ ദിവസത്തെയും കാണേണ്ടത്. ശാരീരിക-മാനസിക-സാമൂഹിക വളര്‍ച്ചയുടെ ഘടകങ്ങള്‍ പരിഗണിക്കുന്നത് ഏറെ ഉചിതമാവും. ആസൂത്രണ ഘട്ടത്തില്‍ തന്നെ സാമ്പത്തികമായ ഘടകങ്ങള്‍ കൂടി ചര്‍ച്ച ചെയ്യുകയും അത് വിനിയോഗിക്കുന്നതിലെ ബജറ്റിംഗും ഏറെ അഭിലഷണീയമാണ്. അനിയന്ത്രിതമായ സാമ്പത്തിക വിനിമയം ഗൃഹനാഥനെ സംബന്ധിച്ചിടത്തോളം അവധിക്കാലത്തെ മടുപ്പനുഭവപ്പെടുന്ന ദിവസങ്ങളാക്കി മാറ്റാറുണ്ട്. അവധിക്കാലത്ത് പൊതുവെ ചെലവ് കൂടുതലാണ് എന്ന രീതിയിലുള്ള ചിന്തകള്‍ വളരുന്നത് ഇതുകൊണ്ടാണ്. കുട്ടികളെപ്പോലെത്തന്നെ ഏറെ പ്രാധാന്യത്തോടെ കണക്കാക്കേണ്ട ഒരു വിഭാഗമാണ് കുടുംബത്തിലെ പ്രായമുള്ളവര്‍. അവരുടെ താല്‍പര്യങ്ങള്‍ കൂടി ചര്‍ച്ചയില്‍ മുഖ്യ ഘടകമായി വരേണ്ടതുണ്ട്. മടുപ്പകറ്റാനും ഏകാന്തവാസ ചിന്താഗതികളില്‍ നിന്ന് മുക്തരാക്കാനും പ്രായമുള്ളവരെ പ്രാപ്തരാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചോ അവലംബങ്ങള്‍ സ്വീകരിച്ചോ കൃത്യമായി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
ഒന്നിച്ചുള്ള പാചകം, അടുക്കളജോലി പകുത്തുനല്‍കല്‍, ക്ലീനിങ് ജോലിയിലെ പങ്കാളിത്തം, മുതിര്‍ന്നവരുടെ പഴമയുടെ ഗന്ധമുള്ള അനുഭവങ്ങളെ കേള്‍ക്കല്‍ തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ കുടുംബബന്ധങ്ങളുടെ ഊഷ്മളത വളര്‍ത്താന്‍ സഹായകമാകുന്ന ഘടകങ്ങളാണ്. കുടുംബത്തിലെ ഓരോ അംഗത്തിനും ആസ്വദിച്ച് ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളാണ് ഇതൊക്കെ എന്ന് അവധിക്കാലം കൃത്യമായി നമുക്ക് പഠിപ്പിച്ചുതരും.

വിനോദയാത്രകള്‍
വീട്ടില്‍ നിന്ന് ആരും അറിയാതെ കോഴിക്കോട്ടേക്ക് പോയ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ റെയില്‍വേ പൊലീസ് പിടിച്ച് സ്‌കൂളില്‍ അറിയിക്കുമ്പോഴാണ് അവധി ദിവസം അവന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതുതന്നെ വീട്ടുകാര്‍ അറിയുന്നത്. അടുത്ത ദിവസം സ്‌കൂളിലെത്തി അവനെ ചേര്‍ത്തുപിടിച്ച് ഈ അരുതായ്ക അവനോട് ചോദിച്ചപ്പോഴാണ് കുട്ടിയുടെ ആഗ്രഹങ്ങളുടെ ആഴം അറിയുന്നത്:
”ഉപ്പ അവധിക്ക് നാട്ടില്‍ വരും. ഞങ്ങളെ ഒന്ന് ടൂര്‍ കൊണ്ടുപോയിട്ട് കൊല്ലങ്ങള്‍ എത്രയായെന്നറിയോ മാഷ്‌ക്ക്?”
പുതിയ കാലത്ത് കുട്ടികളുടെ ആഗ്രഹങ്ങളുടെ ഓരത്ത് നില്‍ക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം. നല്ലതും ചീത്തയും പറഞ്ഞ് മനസ്സിലാക്കി നടപ്പാക്കാന്‍ പറ്റുന്നത് സാധിച്ചുനല്‍കുകയും വേണം. ഓരോ കുടുംബവും അവധിക്കാലത്ത് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് വിനോദയാത്രകള്‍ പോകാനാണ്. രാജ്യത്തിനകത്തും പുറത്തും വിനോദയാത്രകള്‍ പോകുന്നത് സാധാരണമായിട്ടുണ്ട്. കാലാവസ്ഥയ്ക്ക് അനുയോജ്യമാവുന്ന തരത്തില്‍ പ്രകൃതിയെ അറിയാനും ആനന്ദം പ്രദാനം ചെയ്യാനും കഴിയുന്ന ഏത് യാത്രയും പ്രോത്സാഹിപ്പിക്കേണ്ടതാണ്.
സിനിമ-റീല്‍സ് ലോകത്ത് ചുറ്റിപ്പറ്റി നില്‍ക്കുന്ന കൗമാര-യൗവന പ്രായക്കാര്‍ ഏറ്റെടുക്കുന്ന അതിസാഹസിക യാത്രകള്‍ക്ക് മൂക്കുകയറിടേണ്ടതുണ്ട്. അപകടങ്ങള്‍ വരുത്തിവെക്കുന്ന തരത്തിലുള്ള ഇത്തരം യാത്രകള്‍ പലപ്പോഴും അവധിക്കാലത്തെ ദുരന്തകാലമാക്കും. വിനോദയാത്രയ്ക്ക് ജലാശയങ്ങള്‍, പുഴകള്‍ എന്നിവ തിരഞ്ഞെടുക്കുമ്പോഴും മതിയായ കാഴ്ചപ്പാട് അനിവാര്യമാണ്. യാത്രാ ഡയറികള്‍, ആസ്വാദനക്കുറിപ്പുകള്‍ എന്നിവ തയ്യാറാക്കാന്‍ കുട്ടികളോട് പറയുന്നതും യാത്രാനുഭവമത്സരം മുതിര്‍ന്നവര്‍ക്കു വേണ്ടി സംഘടിപ്പിക്കുന്നതുമൊക്കെ യാത്രയുടെ വിലയിരുത്തലിനെ സര്‍ഗാത്മകമാക്കാന്‍ സഹായിക്കും. യാത്രയില്‍ ഏതെങ്കിലും ഒരു സമയം ഒന്നിച്ചിരുന്ന് തമാശകള്‍ പങ്കുവെക്കുന്നത് യാത്രയുടെ അനുഭവങ്ങള്‍ക്ക് മാറ്റുകൂട്ടും. വിനോദത്തിന് പ്രാധാന്യം നല്‍കുന്നതോടൊപ്പം പഠനത്തിനുകൂടി പ്രാധാന്യം കിട്ടുന്ന തരത്തില്‍ ബയോഡൈവേഴ്‌സിറ്റി പാര്‍ക്കുകള്‍, ശലഭോദ്യാനങ്ങള്‍, മ്യൂസിയങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍ എന്നിവ കൂടി ഉള്‍പ്പെടുത്തുന്നത് യാത്രയുടെ ആസ്വാദനത്തെ നശിപ്പിക്കും എന്ന ചിന്ത നാം ഉപേക്ഷിക്കണം. പെരുന്നാള്‍ പോലുള്ള ദിവസങ്ങളില്‍ കുടുംബവീടുകളിലെ സന്ദര്‍ശനം സംഘടിപ്പിക്കാനും ശ്രദ്ധിക്കാവുന്നതാണ്.

പുസ്തകവായനയും
അടുക്കളത്തോട്ടവും

മൊബൈല്‍ ഫോണ്‍, ടാബ് എന്നിവയാണ് കുട്ടികള്‍ക്കു മുമ്പിലുള്ള അവധിക്കാലത്തെ പ്രധാന വില്ലന്മാര്‍. സമയനഷ്ടം ഏറെ നല്‍കുന്നതും അതിനനുസരിച്ച് ഫലം നല്‍കാത്തതുമായ ഇത്തരം ഉപകരണങ്ങള്‍ കുട്ടികളില്‍ നിന്ന് അകറ്റിനിര്‍ത്തേണ്ടതാണ്. കുടുംബാംഗങ്ങള്‍ക്ക് സ്വസ്ഥതയോടെയിരിക്കാന്‍ കുട്ടികള്‍ക്ക് നാം നല്‍കുന്ന മൊബൈല്‍ ഫോണ്‍ അവരെ പിന്നീട് അസ്വസ്ഥരാക്കും എന്ന കാര്യത്തില്‍ നാം ജാഗ്രത പുലര്‍ത്തണം. ഇത്തരം കാര്യങ്ങളെ ഒഴിവാക്കുമ്പോള്‍ ബദല്‍ എന്ത് നല്‍കും എന്ന ചോദ്യം ഏറെ പ്രസക്തമാണ്. വായന കുട്ടികളുടെ ബഹുമുഖ ബുദ്ധിയുടെ ഘടകങ്ങളെ ഉത്തേജിപ്പിക്കുന്ന ഒന്നാണ്. വായനയ്ക്ക് അനുഗുണമായ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനും ആസ്വദിച്ച് വായിക്കാനുമുള്ള അവസരമൊരുക്കാനും തയ്യാറായാല്‍ കുട്ടികള്‍ ഇത് ഉപയോഗപ്പെടുത്തും. ബാലസാഹിത്യം, മോട്ടിവേഷന്‍ കഥകള്‍, ഗുണപാഠ കഥകള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കാന്‍ ശ്രദ്ധിക്കണം. സര്‍ഗാത്മക വായന കുട്ടികള്‍ക്ക് നല്‍കുന്ന വലിയ ഒരിടം ഏറെ പ്രാധാന്യമുള്ളതാണ്. പൊതു ലൈബ്രറികള്‍ ഉപയോഗിക്കുക വഴി സാമ്പത്തിക ലാഭം നേടാനും പുസ്തകവായനയുടെ പരിചിത സാഹചര്യങ്ങളെ ചേര്‍ത്തുവെക്കാനും സാധിക്കും. ഇതര ഭാഷകളിലുള്ള പുസ്തകങ്ങളുടെ വായന ഭാഷാപരമായ ബുദ്ധിയുടെ വികാസത്തിന് സഹായകമാവുന്ന ഒന്നാണ്. ഒരേ പുസ്തകം വീണ്ടും വീണ്ടും വായിക്കുന്ന ദുശ്ശീലത്തിനോട് അരുതെന്നു പറയാനും വായിക്കുന്ന പുസ്തകങ്ങള്‍ അനുഗുണമാണെന്ന് വിലയിരുത്താനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.
പുസ്തക വായന സര്‍ഗചിന്തയെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണെങ്കില്‍ അടുക്കളത്തോട്ടം, പൂന്തോട്ട പരിപാലനം എന്നിവ ശാരീരിക-മാനസിക വ്യായാമങ്ങള്‍ക്ക് ഏറെ ഉപകരിക്കുന്ന ഒന്നാണ്. വീട്ടിലേക്ക് ആവശ്യമായ മുളക്, ചീര, പയര്‍, വെണ്ട, വഴുതന തുടങ്ങി ഒട്ടനവധി പച്ചക്കറികള്‍ അടുക്കളത്തോട്ടത്തിലൂടെ ചെലവ് കുറഞ്ഞ രീതിയില്‍ വിഷരഹിതമായി നമുക്ക് ഉല്‍പാദിപ്പിക്കാം. മട്ടുപ്പാവുകൃഷിയും ഇതിന്റെ വേറൊരു രൂപമാണ്. മണ്ണ് നിറയ്ക്കല്‍, വിത്ത് വിതയ്ക്കല്‍, നനയ്ക്കല്‍, വളമിടല്‍, കൃഷിപരിപാലനം തുടങ്ങിയവക്ക് കൃത്യമായ സമയ ചാര്‍ട്ട് നല്‍കി കുട്ടികളെ ഇത്തരം പണികള്‍ ഏല്‍പിക്കുന്നതോടെ പൂര്‍ണമായും അവര്‍ അതിന്റെ ഭാഗമാവും. പ്രകൃതിക്ക് അനുഗുണമായ മനുഷ്യ ഇടപെടല്‍ എന്താണെന്ന് കുട്ടികളെ ബോധ്യപ്പെടുത്താനും സ്വയംപര്യാപ്തത എന്ന ആശയം കൃത്യമായി വിനിമയം ചെയ്യാനും കഴിയും.

മോറല്‍ സ്‌കൂളും പഠന ക്യാമ്പുകളും
കുട്ടികളുടെ മത-ധാര്‍മികബോധത്തിന്റെ വികാസത്തിന് അവധിക്കാലം ഉപയോഗപ്പെടുത്തണം. മോറല്‍ സ്‌കൂളുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ആരാധനാ കര്‍മങ്ങളിലെ സൂക്ഷ്മത, കൃത്യത എന്നിവ ബോധ്യപ്പെടും. മാനുഷിക മൂല്യങ്ങള്‍ കൃത്യമായി കുട്ടികളില്‍ എത്തുന്ന ഇടങ്ങളാണ് മോറല്‍ സ്‌കൂളുകള്‍. സമപ്രായക്കാരെ ഉള്‍പ്പെടുത്തിയുള്ള മോറല്‍ സ്‌കൂളുകളാണ് കുട്ടികള്‍ക്ക് ഏറെ ഉപകാരപ്പെടുക. ക്യാമ്പില്‍ ചര്‍ച്ചയ്ക്ക് തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ ശിശുകേന്ദ്രിതമാണ് എന്ന് ഉറപ്പുവരുത്തുകയും വേണം. പരിസ്ഥിതി ക്യാമ്പുകള്‍ ഇത്തരം അവധിവേളകളില്‍ നല്‍കുന്നത് കുട്ടികള്‍ക്ക് പാരിസ്ഥിക അവബോധത്തിന് ഏറെ സഹായകമാവും. യുക്തിചിന്തയുടെ വികാസത്തിന് സഹായകമാവുന്ന തരത്തിലുള്ള ലീഡര്‍ഷിപ്പ് ക്യാമ്പുകള്‍, സര്‍ഗാത്മക ശേഷി വികാസത്തിന് ഉതകുന്ന സാഹിത്യ ക്യാമ്പുകള്‍, വിവ്രജന ചിന്തയെ പ്രചോദിപ്പിക്കുന്ന അബാകസ്, ചെസ് പരിശീലന ക്യാമ്പുകള്‍ തുടങ്ങിയവയെല്ലാം അവധിക്കാലത്ത് പൂര്‍ത്തീകരിക്കുന്നത് നല്ലതാണ്. ക്യാമ്പുകളിലെ കുട്ടികളുടെ സുരക്ഷിതത്വം രക്ഷിതാക്കള്‍ കൃത്യമായി വിലയിരുത്തേണ്ടതാണ്.

അവധിക്കാലം വിലയിരുത്താം
അവധിക്കാലം കഴിയുന്ന സമയത്തെ വിലയിരുത്തലിനു വേണ്ടി ഉപയോഗപ്പെടുത്തണം. ഇത്തരം ചര്‍ച്ചകളും ഒന്നിച്ചാവണം. ആസൂത്രണം ചെയ്ത പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ഫലപ്രദമായി നടന്നുവെന്നത് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാവും. അവധിക്കാലം തീരുന്നതിന് ദിവസങ്ങള്‍ക്കു മുമ്പേ അടുത്ത അധ്യയനവര്‍ഷത്തെ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളിലേക്കുകൂടി കടന്നുചെല്ലണം. പാഠപുസ്തകങ്ങള്‍ വാങ്ങല്‍, സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങല്‍ എന്നിവ അവസാന നിമിഷത്തേക്ക് ആകാതിരിക്കുന്നതാണ് ഉചിതം. ഇവിടെ കുട്ടിയുടെ അഭിരുചി ഏറെ പരിഗണിക്കേണ്ടതുണ്ട്. സംഘടനയുടെ വിവിധ ഘടകങ്ങള്‍ വഴി പഠനസാമഗ്രികളുടെ വിതരണം അനുയോജ്യരായവരിലേക്ക് എത്തിക്കുന്നതിനു വേണ്ട നടപടിയും ഈ സമയങ്ങളിലാണ് നടത്തേണ്ടത്. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top