LoginRegister

മുസ്‌ലിം സ്ത്രീയുടെ മാമൂല്‍ ജീവിതം

അനീസ് സി എച്ച് പാവറട്ടി

Feed Back


മുസ്‌ലിം സ്ത്രീയുടെ വിവാഹമോചന അവകാശം പ്രമേയമായി സജ്‌ന ഷാജഹാന്‍ എഴുതിയ നോവലാണ് ‘ഖുല്‍അ്.’ മുസ്‌ലിം സ്ത്രീ സമൂഹം അനുഭവിക്കുന്ന പ്രശ്‌നങ്ങളെ നിശിതമായി വിമര്‍ശിക്കുകയും സാമൂഹിക ദുരാചാരങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്നു ഈ കൃതി. മതത്തില്‍ കൂടിക്കലര്‍ന്ന അനാചാരങ്ങളില്‍ നിന്നു മുക്തമായി തെളിഞ്ഞ ബോധത്തോടെ മതനിയമങ്ങളെ നോക്കിക്കാണാനും ഉള്‍ക്കൊള്ളാനും ഈ കൃതി വായനക്കാരെ പ്രാപ്തരാക്കുന്നുണ്ട്.
മംഗലത്തുവീട് എന്ന വലിയ തറവാട്ടിലാണ് കഥ നടക്കുന്നത്. കുട്ട്യസ്സനാജി എന്ന പുരോഗമന ചിന്തയുള്ള മനുഷ്യനില്‍ നിന്നാരംഭിച്ച്, അദ്ദേഹത്തിന്റെ ഇശല്‍ ഫാത്തിമ എന്ന പേരക്കുട്ടിയില്‍ എത്തിനില്‍ക്കുന്ന മൂന്നു തലമുറയുടെ കഥ. എല്ലാവരെയും സ്‌നേഹിക്കാനും ആദരിക്കാനും മാത്രം ഉപ്പൂപ്പയില്‍ നിന്ന് പഠിക്കുന്ന ഇശലിന്റെ ജീവിതം മാറിമറിയുന്നത് അങ്കലാപ്പോടെയല്ലാതെ വായിക്കാനാവില്ല.
ഇതിലെ ഏറ്റവും ശക്തനായ മറ്റൊരു കഥാപാത്രമാണ് അബോക്കറുസ്താദ്. ഇസ്‌ലാമില്‍ ജാതി-വര്‍ണ വിവേചനമില്ലെന്നും അല്ലാഹുവിനു മുമ്പില്‍ എല്ലാവരും സമന്മാരാണെന്നും അബോക്കറുസ്താദ് കുട്ടികളെ പഠിപ്പിക്കുമ്പോള്‍ നമ്മുടെ മനസ്സും ആര്‍ദ്രമാവും. സകാത്ത് എന്ന നിര്‍ബന്ധ ദാനത്തെക്കുറിച്ചും, മനസ്സില്‍ പകയും വിദ്വേഷവും വച്ചു നോമ്പനുഷ്ഠിച്ചാല്‍ അതൊന്നും അല്ലാഹുവിങ്കല്‍ സ്വീകാര്യമാവില്ലെന്നുമെല്ലാം മികച്ച രീതിയില്‍ വായനക്കാരുടെ ചിന്തയിലേക്ക് എത്തിക്കാന്‍ എഴുത്തുകാരിക്ക് സാധിച്ചിട്ടുണ്ട്. ഇതര മതസ്ഥര്‍ക്കു പോലും ഇസ്‌ലാമിന്റെ നന്മ കൂടി വായിക്കാന്‍ നോവലിലൂടെ സാധിക്കും. ഈ നോവലിനെ വേറിട്ടതാക്കുന്നത്, മതങ്ങളെ കടന്നാക്രമിച്ച് പൊതുഘടനയെത്തന്നെ തകിടം മറിക്കുന്ന പതിവ് വിമര്‍ശനരീതിയില്‍ നിന്നു വിഭിന്നമായി, സാമൂഹിക പ്രശ്‌നങ്ങളെ പരിഹരിക്കുന്നതോടൊപ്പം സ്വത്വബോധം നിലനിര്‍ത്താനുമുള്ള പ്രേരണയാണ് ഈ കൃതി സംഭാവന ചെയ്യുന്നത് എന്നതാണ്.
ഒരു സ്ത്രീ അവളുടെ ദാമ്പത്യ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അനാവശ്യമായ നാട്ടാചാരങ്ങളുടെ വിവേചനങ്ങള്‍ നേരിടുന്നുണ്ട്. ഭര്‍ത്താവിന്റെ മരണസമയത്തു പോലും അത് പ്രകടമാണ്. മതവിധികളുടെ മറവില്‍ നാട്ടാചാരങ്ങളും അന്ധവിശ്വാസങ്ങളും എത്രത്തോളമാണ് ഇവിടെ വിറ്റുപോയിരുന്നതെന്ന് മനസ്സിലാക്കാന്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ മരണപ്പെടുകയോ ചെയ്ത സ്ത്രീ ഇദ്ദയിലിരിക്കുമ്പോള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിശോധിച്ചാല്‍ മതിയാവും. ഇരുണ്ട മുറിയില്‍ പ്രാര്‍ഥനയില്‍ ഇരിക്കുന്ന സ്ത്രീക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലും പുറത്തു പോകാന്‍ കഴിയാത്ത സമ്പ്രദായമാണ് ഇവിടെ നിലനിന്നിരുന്നത്. ഇത്തരത്തില്‍ മുസ്‌ലിം സ്ത്രീകള്‍ അനുഭവിച്ചിരുന്ന പീഡന പരമ്പരകളും വൈകാരിക മുറിവുകളും, ഇതിനെയൊക്കെ എങ്ങനെയാണ് ചെറുത്തുനില്‍ക്കുക എന്നും കൃതി അനുഭവങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്.
മുസ്‌ലിം ജീവിതത്തെ സൂക്ഷ്മമായി പകര്‍ത്താനുള്ള സജ്‌ന ഷാജഹാന്റെ ശ്രമം വിജയകരമാണ്. കൈരളി ബുക്‌സാണ് പ്രസാധകര്‍.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top