LoginRegister

മാറ്റമില്ലാത്ത സൃഷ്ടിഘടന

ഡോ. പി അബ്ദു സലഫി

Feed Back


”ആകയാല്‍ നേര്‍ക്കുനേരെ നിന്റെ മുഖത്തെ നീ ഈ മതത്തിലേക്ക് തിരിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളത് ഏത് പ്രകൃതിയിലാണോ അതില്‍ നിലകൊള്ളുക. അല്ലാഹുവിന്റെ സൃഷ്ടിഘടന മാറ്റമില്ലാത്തതാകുന്നു. ഇതുതന്നെയാണ് വക്രതയില്ലാത്ത മതം. പക്ഷേ, അധിക ജനവും മനസ്സിലാക്കുന്നില്ല” (ഖുര്‍ആന്‍ 30:30).

വൈവിധ്യങ്ങളുമായാണ് സ്രഷ്ടാവ് എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചിട്ടുള്ളത്. ഓരോന്നിനും അതിന്റേതായ രൂപഘടനയും സ്വഭാവവും നിശ്ചയിച്ചിട്ടുണ്ട്. ഓരോ വസ്തുവിനും കൃത്യമായി നല്‍കപ്പെട്ട ഒരു പ്രകൃതമുണ്ട്. അതിനെ മാറ്റിമറിക്കാനുള്ള ഏതു ശ്രമവും സൃഷ്ടിഘടനക്കെതിരെയുള്ള കൈയേറ്റമാണ്.
മനുഷ്യവര്‍ഗത്തിലും ഇതര ജീവജാലങ്ങളിലും ആണ്‍, പെണ്‍ എന്നീ രണ്ട് വിഭാഗങ്ങള്‍ പ്രത്യേകമായി നിലകൊള്ളുന്നുണ്ട്. ശാരീരിക-മാനസിക ഘടനയിലും കരുത്തിലും ഇവര്‍ തമ്മില്‍ അന്തരം കാണാം. ഓരോരുത്തര്‍ക്കും അടിസ്ഥാനപരമായി നിര്‍വഹിക്കാനുള്ള ധര്‍മത്തെ മുന്‍നിര്‍ത്തിയാണ് സ്രഷ്ടാവ് ഈ വൈവിധ്യം ഒരുക്കിയത്.
പുരുഷന്‍ പുരുഷനായും സ്ത്രീ സ്ത്രീയായും ജീവിക്കുകയും രണ്ടു പേരും ഒന്നിച്ച് പുതിയ തലമുറയ്ക്ക് ജന്മം നല്‍കുകയും ചെയ്യുക എന്നതാണ് സ്രഷ്ടാവ് നിശ്ചയിച്ച പ്രകൃതി. അതുകൊണ്ടാണ് പുരുഷന്‍ പുരുഷനെയും സ്ത്രീ സ്ത്രീയെയും വിവാഹം കഴിക്കുക എന്നത് പ്രകൃതി വിരുദ്ധമാകുന്നത്. തുല്യനീതി ഇസ്‌ലാം സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ ഉറപ്പുവരുത്തുന്നുണ്ട്. എന്നാല്‍ ഇത് അവരുടെ വസ്ത്രം ഒരുപോലെയാക്കിയോ ജൈവവൈവിധ്യങ്ങള്‍ ഇല്ലായ്മ ചെയ്‌തോ ഉണ്ടാക്കാവുന്നതല്ല.
സ്രഷ്ടാവ് സൃഷ്ടികള്‍ക്ക് നല്‍കിയ ജീവിത ദര്‍ശനം ഏറ്റവും മികച്ചതും അവരുടെ പ്രകൃതത്തോട് ഒട്ടിനില്‍ക്കുന്നതുമാണ്. അതിനാല്‍ നേരെച്ചൊവ്വെ ഈ ദര്‍ശനം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. ഓരോരുത്തര്‍ക്കും ലഭിച്ച പ്രകൃതത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ഒട്ടേറെ പ്രശ്‌നങ്ങളും പ്രതിസന്ധികളുമാണ് സൃഷ്ടിക്കുക.
‘സ്രഷ്ടാവിന്റെ സൃഷ്ടിഘടന മാറ്റമില്ലാത്തതാകുന്നു’ എന്ന പ്രസ്താവന വളരെ ശ്രദ്ധേയമാണ്. മനുഷ്യന്‍ ചെയ്യുന്ന ഏത് മോശമായ പ്രവര്‍ത്തനവും നല്ലതായി അവതരിപ്പിക്കാനും പിന്തുണയ്ക്കാനും ചിലരുണ്ടാവും. പിശാച് അവര്‍ക്ക് അവര്‍ ചെയ്യുന്നതെല്ലാം ഭംഗിയുള്ളതായി തോന്നിപ്പിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.
എന്നാല്‍ സ്രഷ്ടാവ്, സൃഷ്ടികള്‍ക്കായി നല്‍കിയ മതവും അതിലെ നിയമങ്ങളും സൃഷ്ടികളുടെ പ്രകൃതി അറിഞ്ഞുകൊണ്ടുള്ളതാണെന്നും പുരോഗമനവും പരിഷ്‌കാരവും നടിച്ച് പ്രകൃതിക്കു നേരെയുള്ള കടന്നാക്രമണം മാനവികതയുടെ നാശത്തെയാണ് ക്ഷണിച്ചുവരുത്തുക എന്നും ഓര്‍ക്കേണ്ടതുണ്ട്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top