LoginRegister

ആത്മീയാനന്ദത്തിന്റെ വലിയ പെരുന്നാള്‍

റിഹാസ് പുലാമന്തോള്‍

Feed Back


വിശ്വാസി സമൂഹം ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. അല്ലാഹുവിന്റെ ‘കൂട്ടുകാരനായ’ ഇബ്‌റാഹീം പ്രവാചകന്റെ ആദര്‍ശകാലം പുനര്‍വായിക്കപ്പെടുന്ന സമയമാണിത്. ജീവിതം മുഴുവന്‍ അല്ലാഹുവിലേക്ക് സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു ഇബ്‌റാഹീം(അ). അദ്ദേഹത്തിന്റെ സഹനശക്തിക്ക് പകരമായി മറ്റൊരു ചരിത്രമില്ല. സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും സമാനതകളില്ലാത്ത ജീവിതച്ചുവടുകളെ ആവേശത്തോടെ പരിശീലിപ്പിക്കുക എന്നതാണ് ബലിപെരുന്നാളിന്റെ ഉള്ളടക്കം.
എന്തുകൊണ്ടാണ് ഇബ്‌റാഹീം നബി(അ)യുടെ ജീവിതം ത്യാഗചരിത്രമായി മാറുന്നത്. ഏറ്റവും പ്രിയപ്പെട്ട മകനെ അല്ലാഹുവിനു സമര്‍പ്പിക്കാന്‍ തയ്യാറായി എന്ന ത്യാഗത്തിനു പകരമായി മറ്റൊന്നില്ലല്ലോ. ‘മകനെ അറുക്കണം’ എന്ന അല്ലാഹുവിന്റെ കല്‍പന ഇസ്മാഈലി(അ)നോട് പറയുന്ന സമയത്ത് ആ മകന്‍ തിരിച്ചു പറയുന്ന മറുപടിയുണ്ട്:
”എന്റെ കൈ മുറുക്കിക്കെട്ടണം. വസ്ത്രമഴിച്ച് ദൂരെ മാറ്റിവെക്കണം. എന്റെ ശരീരത്തില്‍ രക്തം കണ്ടാല്‍ ഉമ്മക്ക് വിഷമമാവും. നമുക്ക് സ്വര്‍ഗത്തില്‍ വെച്ച് കാണാം.”
അല്ലാഹുവിലേക്ക് മടങ്ങാനുള്ള ഇസ്മാഈലിന്റെ(അ) താല്‍പര്യവും സ്വര്‍ഗമെന്ന നിര്‍ഭയ വാസസ്ഥലത്തെക്കുറിച്ചുള്ള സ്വപ്നവുമാണ് വൈകാരികമായ ആ സംഭാഷണം. ഹൃദയദേശങ്ങളിലൂടെ എന്നും ഇബ്‌റാഹീ(അ)മിന്റെ ത്യാഗചരിത്രം സഞ്ചരിക്കും.
അദ്ദേഹത്തിന്റെ ആദര്‍ശ ജീവിതത്തിന്റെ ഉള്ളടക്കങ്ങളിലൂടെ വായന കൊണ്ടുപോകുമ്പോഴാണ് ഗുണപാഠങ്ങള്‍ ഓരോന്നായി ഇതള്‍ വിരിയുന്നത്. ഏകദൈവ വിശ്വാസത്തിന്റെ വജ്രപ്രകാശം കെടാതെ മരണം വരെ കാത്തുവെച്ചു. പിതാവിനോടും ഭരണാധികാരിയോടും നാട്ടുകാരോടും ധൈര്യത്തോടെ സത്യമാര്‍ഗം വിളംബരം ചെയ്തു. പിതാവിനോട് പ്രബോധനം നിര്‍വഹിക്കുന്ന സമയത്തും ‘പ്രിയപ്പെട്ട പിതാവ്’ എന്ന പ്രയോഗം ഇസ്ലാമിന്റെ ബഹുസ്വര കാഴ്ചപ്പാട് അവതരിപ്പിക്കുകയാണ്. ഇബ്‌റാഹീം ചരിത്രത്തിന്റെ ഏറ്റവും വലിയ പ്രകാശം നിര്‍ഭയത്വമാണ്. നിര്‍ഭയത്വത്തെ ശക്തമായും സര്‍ഗാത്മകമായും അവതരിപ്പിക്കുന്നത് ഒരു വെല്ലുവിളിയിലൂടെയാണ്. ”നിങ്ങള്‍ക്കോ എനിക്കോ നിര്‍ഭയത്വമുള്ളത്” എന്ന് ആദര്‍ശ ശത്രുക്കളോട് ചോദിക്കുമ്പോള്‍ വിശ്വാസിയുടെ ആന്തരിക ശക്തി അനശ്വരമാണെന്നു തെളിയുകയാണ്. തീനാളങ്ങളിലേക്ക് എറിയപ്പെടുമ്പോഴും പുഞ്ചിരിക്കാന്‍ കഴിയുക എന്നത് വിശ്വാസി അനുഭവിക്കുന്ന പ്രത്യാശയുടെ ഉള്‍ക്കരുത്താണ്. പ്രാര്‍ഥനയായിരുന്നു ഇബ്‌റാഹീമിന്റെ(അ) ഏറ്റവും വലിയ പ്രതീക്ഷ. ഖുര്‍ആനില്‍ ഒരധ്യായം തന്നെ ആ മഹാചരിതത്തെ വായിച്ച് ഉള്‍ക്കൊള്ളാനായി നല്‍കിയിരിക്കുന്നു.
സൂറഃ ഇബ്‌റാഹീമിന്റെ തുടക്കം തന്നെ പ്രാര്‍ഥനകളുടെ നൈരന്തര്യമാണ്. നാടിനു നിര്‍ഭയത്വമുണ്ടാവണമെന്ന പ്രാര്‍ഥന, പുതിയ കാലത്തിന്റെ എല്ലാ സങ്കുചിത ചിന്തകളോടും വിശ്വാസികള്‍ പ്രതികരിക്കേണ്ടത് പ്രാര്‍ഥനയിലൂടെയാണ് എന്നു പഠിപ്പിക്കുകയാണ്. പ്രബോധിത സമൂഹത്തിന്റെ ഭാഷയിലാണ് പ്രവാചകന്മാര്‍ പ്രബോധനം ചെയ്തതെന്ന പരാമര്‍ശം മതി ലളിതമായ ആശയപ്രചാരണത്തിന്റെ വഴി കണ്ടെത്താന്‍.
‘യൗമുല്‍ ഹിസാബിന്റെ ദിവസം എനിക്കും മാതാപിതാക്കള്‍ക്കും വിശ്വാസികള്‍ക്കും പൊറുത്തുതരേണമേ’ എന്ന പ്രാര്‍ഥന ഏതൊരു വ്യക്തിക്കും അനുധാവനം ചെയ്യാന്‍ സാധിക്കുന്ന തേട്ടമാണ്. ‘അല്ലാഹു’ എന്ന സ്മരണ എന്റെയുള്ളിലും മക്കളിലും നിലനിര്‍ത്തണേ എന്ന പ്രാര്‍ഥന ദയാലുവായ അല്ലാഹുവിനോട് ഹൃദയം ചേര്‍ത്തുകെട്ടുകയാണ്. ഏകാന്തമായ മരുഭൂമിയില്‍ ‘പ്രിയപ്പെട്ടവരേ, എന്റെ കൂടെ അല്ലാഹുവുണ്ട്’ എന്ന ബോധം സമാനതകളില്ലാത്ത ദൈവവിശ്വാസത്തെ അടയാളപ്പെടുത്തുകയാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട മകനെ അല്ലാഹുവിന് തിരിച്ചുനല്‍കാന്‍ മനസ്സൊരുങ്ങിയ ആ ചരിത്രത്തിന് പകരം മറ്റൊന്നില്ലല്ലോ.
വീടകങ്ങളിലും പള്ളികളിലും ഈദ്ഗാഹുകളിലും മുഴങ്ങുന്ന തക്ബീര്‍ ധ്വനികളില്‍ ‘അല്ലാഹു അക്ബര്‍’ എന്ന് ഉയരുമ്പോള്‍ നമ്മളെല്ലാം ചെറിയവരാണെന്ന ആശയം വീണ്ടും വിശ്വാസികളെ വിനയമുള്ളവരും വിനീതരുമാക്കുന്നു. പെരുന്നാളുമ്മകള്‍ പങ്കിട്ടും ആലിംഗനം ചെയ്തും വീണ്ടുമൊരു ഉണര്‍വിലേക്ക് ഉയരുമ്പോള്‍ ‘ഇബ്‌റാഹീമി മില്ലത്ത്’ ജീവിതവഴിയില്‍ വീണ്ടും ജ്വലിക്കുന്നു. സമര്‍പ്പിത ജീവിതത്തിന്റെ നിറമുള്ള ഓര്‍മകളില്‍ ഇബ്‌റാഹീം കുടുംബം നമുക്ക് എന്നും മാതൃകയാണ്.
ഇസ്്ലാം ആഘോഷങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഓരോ ആഘോഷവും ഒരു വ്യക്തിയിലോ അദ്ദേഹത്തിന്റെ കുടുംബത്തിലോ പരിമിതപ്പെടരുത് എന്നാണ് ഇസ്‌ലാമിക സംസ്‌കാരം നമ്മെ പഠിപ്പിക്കുന്നത്. ആഘോഷങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തുമ്പോഴാണ് അത് പൂര്‍ണമാവുന്നത്. ഇസ്‌ലാമിലെ ആഘോഷങ്ങളെല്ലാം സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് എത്തിക്കണമെന്നു പഠിപ്പിക്കുന്നതായി കാണാന്‍ സാധിക്കും. പ്രധാനമായി ഉമ്മയും ഉപ്പയും നഷ്ടപ്പെട്ട ആളുകള്‍, വീടില്ലാത്തവര്‍, പട്ടിണി അനുഭവിക്കുന്നവര്‍, രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍, സാമ്പത്തികമായി ദുരിതമനുഭവിക്കുന്നവര്‍, ജീവിതത്തില്‍ പലവിധ കാരണങ്ങളാല്‍ ഒറ്റപ്പെട്ടുപോയവര്‍… അങ്ങനെ സമൂഹത്തിന്റെ വിവിധ പ്രയാസകരമായ ഇടങ്ങളിലേക്ക് ആഘോഷങ്ങളുടെ സ്വാധീനം എത്തണമെന്നതാണ് ഇസ്ലാമിന്റെ പ്രധാനപ്പെട്ട കല്‍പന. മനസ്സിന് വല്ലാതെ പ്രയാസമുണ്ടെന്നു പറഞ്ഞ് നബി(സ)യെ സമീപിച്ച ഒരു സ്വഹാബിക്ക് നബി(സ) കൊടുത്ത ഉപദേശം ‘നീയൊരു യത്തീമിന്റെ തല തലോടുക’ എന്നാണ്. ആഘോഷസമയത്ത് നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ഒരല്‍പം, നമ്മള്‍ ചെലവാക്കുന്ന പണത്തില്‍ നിന്ന് ഒരല്‍പം, നമ്മുടെ സമയത്തില്‍ നിന്ന് ഒരല്‍പം മറ്റുള്ളവര്‍ക്ക്, അതായത് അനാഥകള്‍ക്കും അഗതികള്‍ക്കും പ്രയാസപ്പെടുന്നവര്‍ക്കും മാറ്റിവെച്ചാല്‍ ആ ആഘോഷത്തിന്റെ ആഴവും അതിന്റെ മനോഹാരിതയും എത്രയാണെന്ന് പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.
കോവിഡ് മഹാമാരിയില്‍ ജീവിതം നഷ്ടപ്പെട്ടുപോയ എത്രയോ വീടകങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. രോഗങ്ങള്‍ കൊണ്ട് ഒരു വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ട, ഏകാന്തഭീകരതയുടെ ലോകത്ത് ജീവിക്കുന്ന നൂറുകണക്കിന് ആളുകള്‍ നമ്മുടെ പരിസരത്തുണ്ട്. അവരെ തിരിച്ചറിയാന്‍, അവരുടെ കൂടെയിരിക്കാന്‍, അവര്‍ക്കൊരല്‍പം സമയവും സാഹചര്യവും പകുത്തുനല്‍കാന്‍ കഴിയുമ്പോള്‍ നമ്മള്‍ ആഘോഷിക്കുന്ന ഈദിന് ഇരട്ടി മധുരമുണ്ടാവുമെന്ന് പറയേണ്ടതില്ലല്ലോ.
ഇസ്‌ലാമിക ചരിത്രത്തില്‍ വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണം യഹൂദര്‍ക്ക് നല്‍കാന്‍ കല്‍പിച്ചിട്ടുണ്ടായിരുന്നു. അത് കല്‍പന എന്നത് മാത്രമല്ല, മറിച്ച്, അന്യമതസ്ഥര്‍ക്ക് നമ്മുടെ സ്‌നേഹവും ഇഷ്ടവും കൈമാറല്‍ കൂടിയാണ്. ആഘോഷങ്ങളെ ആ അര്‍ഥത്തിലാണ് വിശ്വാസികള്‍ സ്വീകരിക്കേണ്ടത്. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ പറ്റുന്ന വിധത്തില്‍ നമ്മുടെ പെരുന്നാള്‍ ദിവസങ്ങള്‍ നമ്മള്‍ ക്രമീകരിക്കണം. ആശുപത്രികളിലേക്കും യത്തീംഖാനകളിലേക്കും അഗതികളുടെ അടുക്കലേക്കും പ്രയാസപ്പെടുന്നവരിലേക്കും തെരുവില്‍ ജീവിക്കുന്നവരിലേക്കും വീടില്ലാത്തവരിലേക്കും കഷ്ടപ്പെടുന്നവരിലേക്കും ജീവിതം ഒരു ദുരിതമായി മാറിയ ഒരുപാട് ആളുകളിലേക്കും നമ്മുടെ പെരുന്നാള്‍ വിഭവങ്ങളും പ്രാര്‍ഥനകളും എത്തുന്നുവെന്ന് ഉറപ്പുവരുത്തുമ്പോഴാണ് ഒരു യഥാര്‍ഥ വിശ്വാസിയായി നമ്മള്‍ ഇവിടെ ജീവിക്കുന്നത്.
എന്താണ് ഇബ്‌റാഹീമി(അ)ന്റെ ജീവിതം എന്നു ചോദിച്ചാല്‍, ഒറ്റവാക്കില്‍ ‘ഹസ്ബുനല്ലാഹ്’ എന്ന പ്രഖ്യാപനമാണ് നമുക്ക് പറയാനുള്ളത്. അതില്‍ ഒരു വിശ്വാസിയുടെ എല്ലാ ജീവിതസൗഭാഗ്യങ്ങളും പ്രതീക്ഷയും ആശ്രയവും അവലംബവുമുണ്ട്. ‘അല്ലാഹു മതി’ എന്നുതന്നെയാണ് പെരുന്നാളിന്റെയും പ്രധാനപ്പെട്ട ആശയം. ഇനിയുള്ള ജീവിതത്തിലും അല്ലാഹു കൂടെയുണ്ട് എന്ന വലിയ പ്രതീക്ഷയില്‍ നമുക്ക് ഈ വലിയ ആഘോഷത്തെ കൊണ്ടാടാം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top