LoginRegister

തെരുവില്‍ നിന്ന് കിട്ടിയ ജീവിതം

ഫസീല മൊയ്തു

Feed Back


അനാഥത്വമാണ് ജീവിതത്തിലെ ഏറ്റവും കയ്പ്പുനിറഞ്ഞ അനുഭവം. അനാഥത്വത്തിന്റെ അലയൊലികള്‍ ജീവിതം മുഴുവന്‍ വേട്ടയാടിക്കൊണ്ടിരിക്കും. ബസീമ അനാഥയായിരുന്നു. ആ അനാഥത്വത്തിന് കാരണമായത് ബസീമയുടെ പരിമിതികളായിരുന്നു. ബധിരയും മൂകയുമായ ബസീമയെ പാലക്കാട്ടെ തെരുവില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോകുമ്പോള്‍ അവള്‍ക്ക് ആറു വയസ്സ്. പിന്നീട് ജീവിതം നിശ്ചിയിച്ച പല നിയോഗങ്ങളും ബസീമക്കു മുന്നില്‍ വന്നുപെട്ടു. ഇന്ന് ബസീമ ഒരു സര്‍ക്കാര്‍ വിദ്യാലയത്തില്‍ ആയയായി ജോലി ചെയ്യുകയാണ്. കോഴിക്കോട്ടെ കൊളത്തറയിലെ സ്പെഷ്യല്‍ വിദ്യാലയത്തിലെ ജീവനക്കാരിയാണവര്‍.
ജന്‍മനാ പരിമിതികളുള്ള കുഞ്ഞായതിനാലായിരിക്കണം ബസീമയെ മാതാപിതാക്കള്‍ തെരുവില്‍ ഉപേക്ഷിച്ചത്. തെരുവില്‍ നിന്ന് കണ്ടെടുത്ത അവളെ പാലക്കാട് ജില്ലയിലെ വല്ലപ്പുഴ അനാഥാലയത്തിലേക്ക് മാറ്റി. അവിടെയാണ് വളര്‍ന്നത്. പിന്നീട് കോഴിക്കോട് കൊളത്തറയിലെ സ്ഥാപനത്തിലെത്തി. പഠിച്ചത് കൊളത്തറയിലെ സ്‌കൂളിലാണ്. സ്‌കൂള്‍ അധികൃതരുടെ വീടുകളിലും ഹോസ്റ്റലിലുമായി ബസീമ അതിജീവിക്കുകയായിരുന്നു. അനാഥത്വം ഒരിക്കലും അറിയിക്കാതിരിക്കാന്‍ അവരും ശ്രദ്ധിച്ചുപോന്നു. പ്ലസ്ടു വരെ പഠിച്ചു.
സ്‌കൂള്‍ അവധിക്കാലങ്ങള്‍ ചെലവഴിച്ചിരുന്നത് മിക്കവാറും സ്‌കൂളിലെ തന്നെ ജീവനക്കാര്‍ക്കൊപ്പമായിരുന്നു. അവരൊരിക്കലും ഒരു വിദ്യാര്‍ഥി എന്ന നിലയിലല്ല കണ്ടതും ഇടപെട്ടതും. ബസീമയുടെ ജീവിതത്തിന് കരുത്തേകുകയായിരുന്നു അവര്‍. പ്ലസ്ടു വിദ്യാഭ്യാസത്തിന് ശേഷം ബസീമ വിവാഹിതയായി. വിവാഹത്തിന് നേതൃത്വം നല്‍കിയതും സ്‌കൂളുമായി ബന്ധപ്പെട്ടവരായിരുന്നു.
2006-ലായിരുന്നു വിവാഹം. അതേസ്ഥാപനത്തില്‍ പഠിച്ചുവളര്‍ന്ന ഷെഫീക്കുമൊത്ത്. ഷെഫീഖ് ബധിരനാണ്. വലിയ ചടങ്ങുകളോടെ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്നതായിരുന്നു വിവാഹചടങ്ങുകള്‍. ഷെഫീഖ് കാരാട് സ്വദേശിയാണ്. അവര്‍ക്കിന്ന് രണ്ടു കുട്ടികളുണ്ട്.
കുടുംബജീവിതവുമായി മുന്നോട്ടുപോകുന്നതിനിടയിലും ബസീമ സ്വന്തം വ്യക്തിത്വവും നിലനില്‍പ്പും കാത്തുസൂക്ഷിക്കാന്‍ എന്നും തയ്യാറായിരുന്നു. ഒരു ജോലിയെന്ന ആഗ്രഹത്തില്‍ കഠിനമായ ശ്രമം നടത്തി. പഠിച്ചുവളര്‍ന്ന അതേ സ്‌കൂളില്‍ തന്നെ ബസീമക്ക് ജോലി തരപ്പെട്ടു. അത് ജീവിതത്തിന് ഒരു പുത്തന്‍ ഉണര്‍വേകി.
കൂലിപ്പണിക്കാരനായ ഷെഫീക്കിന് കുടുംബജീവിതത്തില്‍ അതൊരു കരുത്തായി. അതിനിടെയാണ് ഷെഫീഖിന് ഭീകരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. കേള്‍വി ശക്തിയില്ലെങ്കിലും നാടന്‍പണികള്‍ ചെയ്തു ഉപജീവനം നടത്തിയിരുന്ന ഷെഫീഖിന് ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ജോലി നിര്‍ത്തേണ്ടി വന്നു. പെയിന്റിംഗ് പണിയായിരുന്നു ചെയ്തിരുന്നത്. തലവേദനയും തല ചുറ്റലുമാണ് അസുഖം. കാഴ്ച്ചപരിമിതിയുള്ള ആളായതിനാല്‍ ഇത് കൂടുതല്‍ ഭീകരമായി അനുഭവപ്പെടുകയാണ് ഷെഫീഖിന്.
ബസീമയുടെ വരുമാനത്തിലാണ് ഭര്‍ത്താവിന്റെ ചികിത്സയും കുട്ടികളുടെ പഠനവും ജീവിതവും കഴിഞ്ഞുപോരുന്നത്. അതിനിടെ ചെറിയൊരു വീടുപണിയാന്‍ ശ്രമിച്ചു. പാതി വഴിയില്‍ നിര്‍മാണം വഴിമുട്ടി നില്‍ക്കുകയാണ്. വീടുപണിയാനുള്ള സ്ഥലം ഒരു സംഘടനയാണ് നല്‍കിയത്. ഇതിനിടെ ഭര്‍ത്താവിന് അസുഖം വന്നതാണ് വീടുപണി അനിശ്ചിതത്വത്തിലാക്കിയത്. ആംഗ്യഭാഷയില്‍ ബസീമ പറഞ്ഞതൊക്കെയും തര്‍ജമ ചെയ്തു തന്നത് സഹപ്രവര്‍ത്തകനായ അധ്യാപകനായിരുന്നു.
”വീടിന്റെ പല ഭാഗങ്ങളും പണിതു കഴിഞ്ഞു. വാതിലുകള്‍ വെക്കാനുണ്ട്. ജനലും. നിലം പണിയൊന്നുമായില്ല. ഒരു കിണറും വേണം. എല്ലാം ദൈവത്തിന്റെ കൃപയാല്‍ നടക്കും”- ബസീമ ആംഗ്യഭാഷയില്‍ പറഞ്ഞുനിര്‍ത്തുന്നു.
ശാരീരിക പരിമിതികളും അതിനൊപ്പം അനാഥത്വവും പേറിയാണ് ബസീമ ഇവിടംവരെയെത്തിയത്. പാതിവഴിയില്‍ തീരുമായിരുന്ന ജീവിതം പല കൈകളിലൂടെ വളര്‍ന്നു കൊളത്തറയിലെത്തി. വീടുപണി പൂര്‍ത്തിയാക്കണം. മക്കളെ കൂട്ടി വീട്ടിലേക്ക് മാറണമെന്നതൊക്കെയാണ് ബസീമയുടെ ആഗ്രഹം. ഈ ആഗ്രഹവും സര്‍വശക്തന്‍ പൂര്‍ത്തീകരിച്ചുതരുമെന്ന ശുഭ പ്രതീക്ഷയിലാണ് ബസീമ. ഇത്രയും നാള്‍ അവനാണല്ലോ വഴി കാണിച്ചത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top