LoginRegister

യുവതയും രാജ്യവും

അരുവി മോങ്ങം

Feed Back


പൊടിയേതാണെന്നറിയുക വയ്യ
നുണ നുരയും നാവിന്‍ തുമ്പത്ത്
പുകഞ്ഞ് ചുരുളുകള്‍ പോലെ
ജീവിതമലിഞ്ഞ് പോവും മാനത്ത്
പുകവിട്ടെവിടെ പോകുന്നു
നീ പാളം തെറ്റിയ തീവണ്ടി
പുകയേറ്റുണ്ടുചുമക്കുന്നു
രണ്ടുടലുകളുലകിന്‍ പ്രാര്‍ഥനകള്‍.

വഴിയേതാണെന്നറിയുക വയ്യ
വലനെയ്യും പുതുകാലത്ത്
വകഞ്ഞു പോവുക പതിയെ
വഴിയില്‍ ചുഴിയുണ്ടറിയുകയരികത്ത്
മിഴിയില്‍ മഴവില്‍വര്‍ണങ്ങള്‍
മൊഴിമുത്തുകളഴകിന്‍ കോലങ്ങള്‍
ഒഴിഞ്ഞ പാലറ്റുരഞ്ഞ ചുവരുകള്‍
വരഞ്ഞ ജീവിത ചിത്രങ്ങള്‍.

കൊടിയേതാണെന്നറിയുക വയ്യ
മടിയേന്തുന്നൊരു യുവതക്ക്
പതിയെ പതപോല്‍ പതിഞ്ഞു
തീരും ഗുണമല്ലായിതു ജനതക്ക്.

അടികള്‍ അറവുകളാരവമതിനിട
യാഞ്ഞ് കുതിക്കും കുറുനരികള്‍
അകത്തു വിങ്ങിവിതുമ്പി
യിരിപ്പുണ്ടരയാലില പോലിരുനരകള്‍

ആരുണ്ടിവരെ തന്നില്‍
ചേര്‍ക്കാനരികില്‍
ചെന്നാ മിഴി തൂക്കാന്‍
ആരുണ്ടവരുടെയകമെ നിറയും
പരിഭവമേറിയ മൊഴി കേള്‍ക്കാന്‍
ആര്‍ക്കും വേണ്ടാ മാടുകളകിടുകള്‍
പാലുചുരത്താ നിപ്പിളുകള്‍
വെട്ടിയൊതുക്കാന്‍
ലേലം പോയൊരു മുട്ടുകള്‍
മുറിയന്‍ റബ്ബറുകള്‍.

ഇട്ടുകൊടുക്കും തുട്ടുകള്‍
വട്ടം ചുറ്റിയൊതുങ്ങിയ ചില്ലറകള്‍
കിട്ടിയതേറെയും പൊട്ടിയ
വാറുകളൊട്ടു ചവിട്ടിയ ചപ്പലുകള്‍.
ഒട്ടിയ വയറുകള്‍
കുട്ടിപ്പരലുകള്‍
വെട്ടിയെടുക്കും തുപ്പലുകള്‍
ഒട്ടുകൊതിച്ചിട്ടൊടുവില്‍
മുട്ടിയുടഞ്ഞ് തകര്‍ന്ന കപ്പലുകള്‍.

ജാതിച്ചെടികള്‍ക്കിടയില്‍ ആരോ
വെച്ചൊരു ഗാന്ധിത്തൈ വീഴുന്നു
മൂക്കില്ല മൂക്കയറില്ല ഒരു
മുറിമൂക്കന്നവിടം വാഴുന്നു
വാക്കില്ല വാക്കേറ്റം മാത്രം
തോക്കിന്‍കുഴലുകള്‍ തൂക്കുമരങ്ങള്‍
ആര്‍ക്കും വേണ്ടാവഴിയില്‍ ഇഴയും
ഒച്ചുകളൊച്ചപ്പാടുകള്‍ ഭരണം.

ഗാന്ധി വരില്ലിനിയൊരു കാലത്തും
ശാന്തി നശിച്ചീ നരകത്തില്‍
ശാന്തി വരില്ലിനിയൊരു കാലത്തും
ഗാന്ധി വരാത്തൊരു രാജ്യത്തില്‍.

എങ്കിലും നാം
വെട്ടിയൊതുക്കുക
ജാതിച്ചെടികള്‍
മരമാവും മുമ്പില ചീഴുംമുന്‍പേ
നട്ടു നനക്കുക ഗാന്ധിത്തൈകള്‍
കെട്ടിയെടുക്കുക പൊട്ടിയ
നൂലുകളിട്ടുകളഞ്ഞ സമാധാനം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top