LoginRegister

സ്വപ്നങ്ങളിലേക്കുള്ള പെണ്‍യാത്രകള്‍

ഷബീര്‍ രാരങ്ങോത്ത്‌

Feed Back


ഫുട്‌ബോളിനെ നെഞ്ചേറ്റിയ മൂന്ന് മലബാറിയന്‍ പെണ്‍കൊടികള്‍ ഖത്തറില്‍ നടന്ന ലോകക്കപ്പ് കാണാന്‍ പോകുന്ന കഥയാണ് മുബാറക് മുഹമ്മദും ശംസീര്‍ അഹമ്മദും ചേര്‍ന്ന് എഴുതിയ ‘ദുനിയാ ബീവീസ്’ എന്ന മനോഹരമായ നോവല്‍.
മൂന്നുപേരില്‍ ഒരാള്‍ക്ക് വളരെ ചെറിയ കുട്ടിയുണ്ട്. മറ്റൊരാളുടെ വിവാഹം നിശ്ചയം കഴിഞ്ഞതേയുള്ളു. അതുകൊണ്ടു തന്നെ അവരുടെ ആഗ്രഹങ്ങള്‍ക്കു നേരെ ഉണ്ടാവുന്ന പ്രതിബന്ധങ്ങളുടെ കാഠിന്യം ഊഹിക്കാവുന്നതേയുള്ളു. വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നുമുണ്ടാവുന്ന എതിര്‍പ്പുകളെ ക്രിയാത്മകമായി മറികടന്നാണ് അവരുടെ യാത്ര.
അവരുടെ സ്വപ്‌നങ്ങള്‍ക്കു പുറകെയുള്ള യാത്രയാണ് പുസ്തകത്തിന്റെ പേജുകളില്‍. പൊതുസമൂഹവും കുടുംബവും അവരുടെ ആഗ്രഹങ്ങളെ എങ്ങനെ എതിരിടുന്നു എന്നുള്ളത് കൃത്യമായി കണക്കുകൂട്ടാന്‍ നോവലിസ്റ്റുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വായനക്കാരനെക്കൂടി യാത്രയില്‍ പങ്കാളിയാക്കുന്ന തരത്തിലുള്ള രചനാശൈലി ആകര്‍ഷകമാണ്. ഒരു ഡയറി മറിച്ചുനോക്കുന്ന പോലെയാണ് അധ്യായങ്ങളിലൂടെ സഞ്ചരിക്കാനാവുക. ഓരോ അധ്യായവും കൃത്യമായ ദിവസവും സമയവും കുറിച്ചാണ് കടന്നു പോകുന്നത്.
ഖത്തര്‍ ലോകക്കപ്പിലെ പ്രധാന നിമിഷങ്ങളെ തനിമയോടെ വരച്ചുവെക്കാന്‍ രചയിതാക്കള്‍ക്ക് സാധിച്ചിട്ടുണ്ട് എന്നത് അതിനു വേണ്ടി നടത്തിയ പഠനങ്ങള്‍ എത്രത്തോളം ആത്മാര്‍ഥമായിരുന്നു എന്നതിനെ അടിവരയിടുന്നുണ്ട്. ഫിദ, ബ്രസീലിയ, റിമ എന്നീ മൂന്ന് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി വികസിക്കുന്ന കഥ മൂന്ന് വ്യത്യസ്തമായ സമീപനങ്ങളെ വരച്ചു കാണിക്കുന്നുണ്ട്. സ്‌നേഹം വാങ്ങി വേദന നല്കാന്‍ ഒരുമ്പെടുന്ന ഭര്‍ത്താവുടലുകള്‍ക്ക് ഒരു പുനര്‍ചിന്തയായി ഫിദ മാറുന്നുണ്ട്.
നോവലിന്റെ അവസാന ഭാഗത്തെ ഒരു അധ്യായത്തിന്റെ പേര് കമന്റ് ബോക്‌സ് എന്നാണ്. ആ കമന്റ് ബോക്‌സ് ഇന്നത്തെ പെണ്‍കുട്ടികളുടെ കമന്റ് ബോക്‌സിന്റെ തനിപ്പകര്‍പ്പാണ്. ഇവറ്റകള്‍ക്കൊന്നും വേറെ പണിയില്ലേ എന്നു തുടങ്ങി ഈ പണം പാവപ്പെട്ടവര്‍ക്ക് കൊടുത്തൂടേ, കളി കഴിഞ്ഞ് സിറിയയിലേക്ക് വിട്ടോ, ഉളുപ്പില്ലേ, ഖൗമിന്റെ പോക്ക് എന്നിങ്ങനെ തനിനാടന്‍ ആങ്ങളമാരുടെ കമന്റുകള്‍ നിറഞ്ഞ ആ കമന്റ് ബോക്‌സ് ഇന്നിന്റെ തനിപ്പകര്‍പ്പാണ്. യാഥാര്‍ഥ്യങ്ങളെ ചേര്‍ത്തുപിടിച്ച് ആവശ്യമായ ചേരുവകള്‍ കണ്ടെത്തി അവശ്യസ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചാണ് നോവല്‍ മുന്നോട്ടു പോകുന്നത്.
അര്‍ജന്റീനയുടെ ഒരു കളിയെങ്കിലും കാണാന്‍ പോയവര്‍ കളി കാണാതെ, മെസിയെ കാണാന്‍ കിട്ടിയ അവസരം മറ്റൊരാള്‍ക്ക് വെച്ചുനീട്ടി മടങ്ങുമ്പോഴും യാത്ര സഫലമാകാതിരിക്കുന്നില്ല എന്നതാണ് ഈ നോവലിന്റെ പ്രത്യേകതയായി തോന്നിയത്. മൂന്ന് പ്രധാന കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും ഇസ്രാഈല്‍ അധിനിവേശം കൊണ്ട് സ്വപ്‌നങ്ങള്‍ തകര്‍ന്നു പോയ ബിലാലിനെയും ഉമ്മയെയും നോവലിന്റെ കഥയൊഴുക്കില്‍ ഭാഗവാക്കാക്കിയ രചയിതാക്കള്‍ വലിയ രാഷ്ട്രീയമാണ് ചര്‍ച്ചക്കു വെക്കുന്നത്. നിലവിലെ യുദ്ധ സാഹചര്യത്തില്‍ ആ പ്രതിപാദനങ്ങള്‍ പ്രത്യേക പ്രസക്തിയുണ്ട്.
ഒലിവ് ബുക്‌സാണ് നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top