വീട്ടില്‍ എന്നെക്കൊണ്ട് ‘പെണ്ണ് കെട്ടിക്കാനുള്ള’ ചര്‍ച്ച നടക്കുകയാണ്. എന്റെ മനസ്സില്‍ ബേജാറാണോ കുളിരാണോ എന്നറിയാത്ത പുതിയ തരം വികാരങ്ങള്‍ മിന്നുന്നത് ഞാനറിഞ്ഞു. ഞാനൊന്നും കേട്ടതുപോലെ നടിച്ചില്ല. എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു. സന്തത സഹചാരിയായ ചങ്ങാതി. ഈ വിഷയവും ആഴത്തില്‍ ചര്‍ച്ച ചെയ്യാന്‍ എനിക്ക് അവന്‍ മാത്രമാണ് അഭയം. അവനാണെങ്കില്‍ മുടിഞ്ഞ വിവാഹവിരോധിയും.
വിവാഹം കഴിഞ്ഞവരില്‍ തൊണ്ണൂറു ശതമാനം പേരിലും കാണുന്ന പലതരം പ്രവണതകള്‍ എന്റെ കൂട്ടുകാരന്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അത്തരം രീതികളെക്കുറിച്ച് സംസാരിക്കാനും, വിവാഹം മനുഷ്യനെ കുഴക്കുന്ന വലിയൊരു ഏടാകൂടമാണെന്നും, അതിലേക്ക് തലവെച്ചുകൊടുക്കാന്‍ താന്‍ മണ്ടനല്ലെന്നുമൊക്കെയുള്ള നിഗമനങ്ങള്‍ അവന്റെയുള്ളില്‍ മുളച്ചുകഴിഞ്ഞിരുന്നു. ആ ധാരണകള്‍ കൃത്യമാണെന്ന് സ്വയം ധരിക്കുകയും മറ്റുള്ളവരെ അതു ധരിപ്പിക്കുകയും ചെയ്യുകയെന്നതാണ് അവന്റെ നിലവിലെ ജോലി. ചെറുപ്പക്കാരായ സമപ്രായക്കാര്‍ക്കിടയില്‍ അവന്‍ വലിയ ഹീറോ ആയി നിന്നു. അവരൊക്കെ അവന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു. കളിസ്ഥലങ്ങളില്‍, ബസ്‌സ്റ്റോപ്പുകളില്‍, പീടികക്കോലായകളില്‍, കല്യാണവീടുകളില്‍ തുടങ്ങി കൂടുന്നിടമെല്ലാം അവര്‍ വിവാഹവിരുദ്ധ ചര്‍ച്ചകള്‍ കൊണ്ട് സജീവമാക്കി. പതിയെ അതൊരു ജ്വരമായി വളരാന്‍ തുടങ്ങി. ഇന്നിപ്പോള്‍ അവര്‍ വലിയൊരു സംഘമായി വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്.
”എടാ, ഇന്നലെ വീട്ടിലൊരു ചര്‍ച്ച നടന്നു. എന്നെക്കൊണ്ട് കല്യാണം കഴിപ്പിക്കാണത്രേ! ഞാന്‍ വലിയ ആളായി എന്നൊക്കെയാണ് പറേണത്!” അവന്റെ മുഖം ആകെയൊന്ന് വിറളി വെളുത്തു.
”നിനക്കൊക്കെ വട്ടാണ്. വിവാഹം എന്നൊക്കെ പറഞ്ഞാല്‍ നാം കൂട്ടിലടക്കപ്പെടുന്നുവെന്നാണ്. സ്വാതന്ത്ര്യം പിന്നെ കണി കാണാന്‍ പോലും കിട്ടില്ല. അല്ലെങ്കിലും വിവാഹം കഴിഞ്ഞാല്‍ കണ്ണ് പൊട്ടി, മക്കളുണ്ടായാല്‍ തൊണ്ട പൊട്ടി എന്നല്ലേ ചൊല്ല്.” അവന്‍ വാ തോരാതെ സംസാരിച്ചു. അവന്റെ മനസ്സിനെ മരവിപ്പിച്ച എന്തോ ഒന്നുണ്ടെന്നും അത് കണ്ടെത്തണമെന്നും ഞാന്‍ കരുതി. നാട്ടിലെ ഇത്തരം കൂട്ടുകെട്ടുകള്‍ തീര്‍ക്കുന്ന അപകടം മനസ്സില്‍ വെപ്രാളം തീര്‍ക്കുന്നുണ്ടായിരുന്നു. തലമുറയെ സൃഷ്ടിക്കാന്‍ പ്രാപ്തിയില്ലാത്തൊരു തലമുറയായി ഇവര്‍ മാറിയാല്‍ അരാജകത്വങ്ങളുടെ അരങ്ങുവാഴ്ചയാവില്ലേ?
”നിങ്ങള്‍ക്കറിയാമോ, എനിക്ക് ഇപ്പോള്‍ എട്ട് കണ്ണുകളാണ്. ഞാന്‍ ഒറ്റയ്ക്കായിരുന്നപ്പോള്‍ രണ്ട് കണ്ണുകള്‍ മാത്രമായിരുന്നു. എന്റെ പ്രിയപ്പെട്ടവള്‍ വന്നതോടെ കണ്ണുകള്‍ നാലായി. കാഴ്ചകളും സ്വപ്‌നങ്ങളും പ്രതീക്ഷകളും നിറങ്ങളുമൊക്കെ വൈവിധ്യവും വിശാലവുമായി. കൂടെ ആണും പെണ്ണുമായി പുതുതലമുറയുടെ പ്രതിനിധികളായി രണ്ടാളുകള്‍ കൂടി ഞങ്ങളിലൂടെ വിരിഞ്ഞപ്പോള്‍ കണ്ണുകള്‍ എട്ടായി. സ്‌നേഹം, സൗഹൃദം, കരുതല്‍, കളിചിരികള്‍ തുടങ്ങി ഞങ്ങള്‍ക്കിപ്പോള്‍ അതിരുകളില്ലാതായി. ഞാന്‍ ഒറ്റയായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് ചിന്തിച്ചുനോക്കൂ!” ക്ലാസെടുക്കാന്‍ വന്ന സാറ് കത്തിക്കയറി. സംഘം ചേര്‍ന്നുവന്ന് കളിയാക്കി മടങ്ങിപ്പോകാം എന്നു കരുതിയ കൂട്ടുകാരനും കൂട്ടാളികളും ഇരിക്കുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സില്‍ നിലാവുദിച്ചു.
പലരെയും ഞാന്‍ മാറിമാറി നോക്കി. അതിനിടയില്‍ ഒരു പെണ്‍കുട്ടി എഴുന്നേറ്റുനിന്നു: ”സര്‍, വിവാഹശേഷം കലഹങ്ങള്‍ ധാരാളം നടക്കുന്നില്ലേ? അതുകൊണ്ട് ഞങ്ങള്‍ക്കിടയില്‍ തന്നെ വിവാഹം വേണ്ട എന്നൊക്കെ സംസാരം നടക്കുന്നുണ്ട്. പലരും സ്വവര്‍ഗത്തെക്കുറിച്ചു പോലും ആലോചിക്കുന്നുണ്ട്. അതായത് ലെസ്ബിയന്‍. ശരിക്കും അതല്ലേ നല്ലത്?”
”കൂട്ടുകാരേ, വിവാഹത്തെ വിമര്‍ശിക്കുന്നവര്‍ക്കെന്തിനാ പിന്നെയൊരു തുണ? അവരെന്തിനാ സ്വവര്‍ഗത്തെക്കുറിച്ച് ആലോചിക്കുന്നത്? മൃഗചോദനയാണോ അവര്‍ക്കൊക്കെ താല്‍പര്യം?” സദസ്സ് നിശ്ശബ്ദമായി. ആരും ഒന്നും പറയുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ തുടര്‍ന്നു: ”ഇതൊക്കെ ചിലരുടെ ഊഹാപോഹങ്ങളാണ്. തോന്നലുകളാണ്. വിവാഹം കഴിഞ്ഞാല്‍ പെട്ടുപോകുമെന്നും നിറയെ കലാപമായിരിക്കുമെന്നും സമാധാനം കിട്ടില്ല എന്നുമൊക്കെ. ആണും പെണ്ണും ചേര്‍ന്നാല്‍ പ്രത്യേക ഊഷ്മളതയായിരിക്കുമെന്ന് ലോകത്ത് എല്ലാവരും വിശ്വസിക്കുന്നു. എന്നു കരുതി എല്ലാവരുമായി ചേര്‍ന്നുനടന്നാല്‍ എന്താകും അവസ്ഥയെന്ന് ആലോചിച്ചുനോക്കൂ? ലൈംഗികതയെ നിയമപരമാക്കുന്നതിന്റെ മറ്റൊരു പേരാണ് വിവാഹം എന്ന് വേണമെങ്കില്‍ നമുക്ക് അനുമാനിക്കാം. നിങ്ങള്‍ പരസ്പരം വസ്ത്രങ്ങളാണെന്ന പ്രഖ്യാപനവും ശ്രദ്ധിച്ചുനോക്കൂ. അത്രമേല്‍ ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നതിനെയല്ലേ ഇങ്ങനെ ഉപമിക്കാന്‍ പറ്റുക. അതായത് അത്രമേല്‍ ബന്ധിതമാണ് വിവാഹം എന്നര്‍ഥം. അവിടെ എങ്ങനെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്? രണ്ട് മനസ്സും രണ്ട് ശരീരവുമാകയാല്‍ തമ്മില്‍ ചേരും വരെ സ്വാഭാവികമായ തെറ്റുകള്‍ കാണും. രണ്ടു പേരും ഒന്നായിത്തീര്‍ന്നാല്‍ ആ തെറ്റുകളും മായും. പിന്നീട് ജീവിതം വസന്തമായിത്തീരുന്നതിനെയാണ് ‘ഖുര്‍റതുല്‍ ഐന്‍’ എന്ന് പറയുന്നത്. ജീവിതം പൂക്കുമ്പോള്‍ മക്കള്‍ വിടരുന്നു. അവര്‍ നമുക്ക് കണ്‍കുളിര്‍മ തരുന്നു. അനുഭവിക്കണം, അപ്പോഴേ അതിന്റെ വില മനസ്സിലാവൂ.”
എല്ലാവരും ശ്രദ്ധയോടെ ക്ലാസ് കേള്‍ക്കുന്നുണ്ട്, എന്റെ സുഹൃത്തും.
”മനസ്സിനെ മദിക്കുന്ന സുഖം അനുഭവിക്കാന്‍, പ്രാപ്തമായൊരു തലമുറയെ ബാക്കിയാക്കാന്‍, ജീവിതമെന്നതിന്റെ അര്‍ഥം സമ്പൂര്‍ണമാക്കാന്‍, പ്രായമായാല്‍ പരസ്പരമൊന്ന് കൈ പിടിക്കാന്‍, കിടന്നുപോയാല്‍ പരിചരിക്കാന്‍, നമ്മുടെ പേരും വേരും കാലങ്ങളോളം നിറഞ്ഞുനില്‍ക്കാന്‍, ലഭ്യമായ സമയം നഷ്ടപ്പെട്ടില്ല എന്ന ബോധ്യത്തോടെ മരണം പുല്‍കാന്‍ നമ്മെ പ്രാപ്തമാക്കുന്നത് വിവാഹമാണ്…” ഇത്രയും കൂട്ടിച്ചേര്‍ത്താണ് ക്ലാസ് അവസാനിപ്പിച്ചത്.
‘വിവാഹം കഴിക്കുന്നതോടെ ഒരാളുടെ മതത്തിന്റെ പാതി പൂര്‍ത്തിയായി’, ‘കഴിവുണ്ടായിട്ടും വിവാഹം ചെയ്യാത്തവന്‍ നമ്മില്‍ പെട്ടവനല്ല’ തുടങ്ങിയ ഹദീസുകളും അവയെ ബലപ്പെടുത്തുന്ന ധാരാളം ഖുര്‍ആന്‍ ആയത്തുകളുമുണ്ട്. ഇന്നിപ്പോള്‍ വിവാഹം കഴിഞ്ഞ് എന്റെ കൂട്ടുകാരനും സുഖമായി കഴിയുന്നു. ഈ കൂട്ടുകാരന്‍ സിംബലാണെങ്കിലും എല്ലാം സിംപിളായിക്കാണുന്ന ലോകത്ത് മാതൃകയുടെ പുതിയ സിംബലുകള്‍ രൂപപ്പെടട്ടെ.