LoginRegister

വീട് വരക്കുന്ന രണ്ടു പേര്‍

നിഷ ആന്റണി കൂടത്തായ്‌

Feed Back


അങ്ങനെ….
മഴവില്ലിന്റെ ഏഴു വര്‍ണം കൊണ്ട്
അവര്‍ വീട് വരക്കാന്‍ തുടങ്ങി.

ഒരാള്‍ വരച്ച ചിത്രത്തില്‍
അമ്മ എപ്പോഴും അടുക്കളയില്‍
ദോശ ചുട്ടുകൊണ്ടിരുന്നു…
മുത്തശ്ശി കോലായിലിരുന്ന്
കഥകള്‍ പറയുകയും
കുട്ടികള്‍ മുറ്റത്ത് വിരിഞ്ഞ
പൂമ്പാറ്റക്കാട്ടില്‍
ഊഞ്ഞാലാടുകയും
വേനലില്‍ മിനുങ്ങിത്തുള്ളിയ
പഴങ്ങളെ കടിച്ചീമ്പുകയും ചെയ്തു.
അച്ഛനും മുത്തച്ഛനും
ഒരുമിച്ച് ആകാശത്തേക്ക്
പച്ചക്കുടകള്‍ നിവര്‍ത്തിയപ്പോള്‍
അണ്ണാനും മരങ്കൊത്തിയുമതില്‍
കണ്ണാരം പൊത്തിക്കളിക്കാന്‍
ആളെ കൂട്ടിത്തുടങ്ങി….

രണ്ടാമത്തെ വീട്.
അതില്‍ അമ്മ എപ്പോഴും
നിരത്തിലെ സ്‌കൂട്ടികളിലൊന്നില്‍
ചുവപ്പും പച്ചയും വെളിച്ചങ്ങള്‍ക്ക്
താഴെ ഉഷ്ണത്താല്‍ വിരണ്ട്
വീര്‍പ്പുമുട്ടിക്കൊണ്ടിരുന്നു….

അച്ഛനോ….
തിളക്കുന്ന ലാപ്‌ടോപ്പിലെ
വെയിലേറ്റെരിഞ്ഞ മിഴിയുമായ്….
ഇരുള്‍ പ്രഭാതങ്ങളറിയാതെ
ഡിലീറ്റ് ബട്ടന്റെ സാധ്യതകളിലേക്ക്
വീണ്ടും വീണ്ടും
യാത്ര പോയ്‌ക്കൊണ്ടിരുന്നു.

കുട്ടി….
ബാല്‍ക്കണിയിലെ ശലഭങ്ങളില്ലാത്ത
നരച്ച ചെടികളില്‍ വെള്ളമൊഴിച്ച്
വിഷാദം നിറഞ്ഞ കണ്ണുമായ്
ചാരപ്പുകയാല്‍ നിറഞ്ഞ
ആകാശത്തേക്ക് ഒറ്റക്ക്,
ഒറ്റക്ക് കണ്ണും നട്ടിരുന്നു….

ചിത്രം രണ്ടും പൂര്‍ണമായപ്പോള്‍
ആദ്യം വരച്ച ചിത്രത്തിലെ
കുട്ടിയെ നോക്കി
രണ്ടാമത്തെ ചിത്രത്തിലെ
കുട്ടി വിതുമ്പുവാന്‍ തുടങ്ങി…. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top