‘കണ്ണുകളില്‍ നിറയെ കൗതുകം നിറച്ചു ആ മനുഷ്യന് മനുഷ്യനെ തേടി നടന്നു’ എന്ന് ഗ്രന്ഥകാരന് ഒരു മനുഷ്യനെ മറ്റുള്ളവരിലേക്ക് ഹൃദയപ്രവേശിയാക്കുമ്പോള് അരനൂറ്റാണ്ട് ഈ ഭൂമിയില്‍ ജീവിച്ചിട്ടും ഒരിക്കല്‍ പോലും അറിയാനോ കേള്‍ക്കാനോ കാണാനോ കഴിയാതെ പോയെന്നത് എന്തൊരു മഹാനഷ്ടമാണ്…
റഫീഖ് തിരുവള്ളൂര്‍ തയ്യാറാക്കിയ തോട്ടത്തില്‍ റഷീദിന്റെ ജീവിതം പറയുന്ന പുസ്തകം ഹൃദയം കോണ്ടേ വായിക്കാനാവൂ. പാവങ്ങളുടെ മാലാഖയെന്നോ നന്മമരമെന്നോ ഒന്നും വ്യാഖ്യാനിക്കപ്പെടാതെ ഒരു മനുഷ്യന് തനിക്കു ചുറ്റുമുള്ളതും ദേശദേശാന്തരങ്ങള്ക്കപ്പുറത്തുള്ളതുമായ മനുഷ്യരുടെ ആവശ്യങ്ങളിലേക്കും നോവുകളിലേക്കും ദയാപൂര്‍വം നനവുള്ള വേരായി പടര്ന്നിരുന്നതെങ്ങനെയെന്ന് അനുഭവസ്ഥരിലൂടെ വായിച്ചുപോകുമ്പോള്‍ ഈ ഭൂമിക്കു മേല്‍ നമ്മളൊക്കെ വെറുമൊരു ഭാരമാണോ എന്നോര്‍ത്തു പോവും.
പഠിക്കുകയെന്ന തീവ്രാഭിലാഷം ഉള്ളില്‍ വിങ്ങലായി കിടക്കുന്ന തോട്ടത്തില്‍ റഷീദ്ക്ക തനിക്കു ചുറ്റുമുള്ളവര്‍ക്കും ദേശങ്ങള്ക്കപ്പുറത്തുള്ളവര്ക്കും വിജ്ഞാനം നേടിക്കൊടുക്കാന്‍ കാണിച്ച കഠിനാധ്വാനങ്ങളെക്കുറിച്ച് വായിക്കുമ്പോള്‍, നമ്മുടെ തോളറ്റത്ത് ജീവിതസാഹചര്യങ്ങളുടെ നീരാളിപ്പിടിത്തത്തിലമര്ന്നു പഠനം മുടങ്ങിപ്പോയ ഹതഭാഗ്യരുടെ മുഖങ്ങള്‍ മനോമുകുരത്തില്‍ തെളിയുമ്പോള്‍ ഒരു കൈ സഹായം ചെയ്യാമായിരുന്നല്ലോ എന്നോര്‍ത്ത് അപമാനഭാരത്താല്‍ തല കുനിഞ്ഞുപോകുന്നു.
പേശികള്‍ ക്ഷയിച്ചുപോകുന്ന രോഗത്തിനടിമപ്പെട്ട ജിമിയുടെയും സുമിയുടെയും സ്വപ്നസാക്ഷാത്കാരത്തിന്റെ വിത്ത് മുളച്ചത് റഷീദ്ക്കയുടെ കൃപാര്ദ്രമായ ഹൃദയത്തിലായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ കത്തുണ്ടായിട്ടുപോലും ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും നിഷ്കരുണം തല്ലിത്തകര്‍ത്ത വിദ്യാഭ്യാസ മേഖലയിലെ മഹാരഥന്മാര്‍ക്കിടയില്‍ ഒരു മനുഷ്യന് ആ കുടുംബത്തെ തന്റെ സംരക്ഷണത്തിന്റെ ചിറകിനുള്ളില്‍ അഭയം കൊടുക്കുന്നു. അവരെ പഠിപ്പിക്കാന്‍ അവസരം കൊടുത്ത കാമ്പസില്‍ ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയറുകളില്‍ അനായാസം സഞ്ചരിക്കാവുന്ന രൂപത്തില്‍ കെട്ടിടത്തിന്റെ പ്ലാനുകള്‍ മാറ്റിയെടുത്ത് ഭിന്നശേഷി സൗഹൃദ കാമ്പസാക്കി മാറ്റുന്നു. പഠിച്ച് ഉന്നതങ്ങളിലെത്തിയ ജിമിയും സുമിയും മധുരപ്രതികാരമെന്നപോല് അവരെ പടിയടച്ചിറക്കിയ കോളജിന്റെ നൂറ്റമ്പതാം വാര്‍ഷികത്തില്‍ അതിഥികളായി ചെല്ലുന്നതെല്ലാം ഏതോ മാന്ത്രിക കഥയിലെ സംഭവങ്ങള്‍ എന്നപോലെയാണ് വായനക്കാരെ കൊണ്ടെത്തിക്കുക.
അകക്കണ്ണുകള്‍ തുറന്നുവെച്ചൊരു സാധുമനുഷ്യന് ഉണ്ണാന്‍ മറന്ന് ഊട്ടാനോടിയും ഉറങ്ങാന്‍ മറന്ന് ഉറക്കാനോടിയും, സ്നേഹം വെറുമൊരു വികാരമല്ല, ഏറ്റവും ഉത്കൃഷ്ടമായ വികാരമാണെന്ന് ജീവിച്ചുകാണിച്ചു എന്ന് അനുഭവസ്ഥരിലൂടെ റഷീദ്ക്കയെ വരച്ചുവെക്കുന്നു.
കച്ചവട ആവശ്യാര്‍ഥം ഉത്തരേന്ത്യയിലേക്ക് യാത്ര പോകുമ്പോള്‍ അവിടെയുള്ള കാഴ്ചകളോ സ്മാരകങ്ങളോ റഷീദ്ക്കയെ ഒരിക്കലും ആകര്‍ഷിച്ചിരുന്നില്ല. എന്നാല്‍ സഹജീവികളിലേക്ക് സഹാനുഭൂതിയുടെ ചില്ലകളാല്‍ തണല്‍ പടര്‍ത്തുന്ന ആ മനുഷ്യന് കലാപഭൂമികളില്‍ നിന്നുള്ള നിസ്സഹായതയുടെ തേങ്ങലുകള്‍ കേള്‍ക്കാതിരിക്കാനാവുമായിരുന്നില്ല. മറ്റുള്ളവര്‍ ചെല്ലാന്‍ ധൈര്യപ്പെടാത്തിടങ്ങളില് കയറിച്ചെന്ന് അനിശ്ചിതത്വത്തിന്റെ ഇരുട്ടിലേക്ക് വെളിച്ചവും ശ്വാസവും പകര്ന്നുനല്കുന്ന രംഗങ്ങള്‍ അനുഭവസ്ഥര്‍ വിവരിക്കുമ്പോള്‍ സംഘടനകളുടെ വലുപ്പത്തരം ഊതിവീര്‍പ്പിക്കുന്ന പ്രവര്ത്തനങ്ങളെയോര്ത്ത് ലജ്ജ തോന്നിപ്പോകും. ‘നമ്മള് പോവുക, ചെയ്തുകൊടുക്കുക, പോരുക. ഒരു രാഷ്ട്രീയക്കാരനും ഫോട്ടോ എടുക്കാനും ഫേസ്ബുക്കിലിടാനും സാഹചര്യമുണ്ടാക്കേണ്ട’ എന്ന റഷീദ്ക്കയുടെ ഹൃദയപ്പരപ്പിലേക്ക് നോക്കുമ്പോള്‍ വായനക്കാരില്‍ അതിപ്രഹരമായൊരാത്മനിന്ദ ഉടലെടുക്കും.
റഷീദ്ക്ക സ്നേഹിക്കുന്നു എന്നതിന്റെ അര്‍ഥം നമ്മുടെ എല്ലാ കാര്യങ്ങളിലും ആ മനുഷ്യന്റെ ശ്രദ്ധയുണ്ടാവുന്നു എന്നതാണെന്ന് അനുഭവസ്ഥരില്‍ ഒരാളായ സി എം എ റഷീദ് പറയുമ്പോള്‍ സ്നേഹത്തിനു ഇതിലും വ്യാപ്തിയുള്ളൊരു നിര്‍വചനം കാണുക അസാധ്യമാണ്.
പഠിക്കാന്‍ മിടുമിടുക്കനായ പേരക്കുട്ടിയെ പിതാമഹന് തന്റെ തുണിക്കച്ചവടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ കോഴിക്കോട് മിഠായിത്തെരുവിന്റെ വൃത്തവും കടന്നു ദേശങ്ങള്‍ക്കും ദൂരങ്ങള്‍ക്കുമപ്പുറം കുറേ മനുഷ്യരുടെ സ്വപ്നങ്ങളുടെ താക്കോല്‍ക്കൂട്ടം കൂടിയാണ് ആ ശിരസ്സില്‍ വഹിക്കാന്‍ പോകുന്നതെന്നറിഞ്ഞുകാണില്ല.
വിധവകളുടെ ഡ്രസ്സിലേക്ക് നിറങ്ങള്‍ കോരിയൊഴിച്ചും അവരുടെ ഒറ്റക്കിരിപ്പിനു മഴയും വെയിലുമേല്‍ക്കാതെ മേല്‍ക്കൂര പണിതുകൊടുത്തും അവരുടെ ജീവിതത്തിനു പുതിയ അര്‍ഥങ്ങള്‍ കെണ്ടത്തിക്കൊടുത്ത ഒരാള്‍. വികലാംഗരുടെ അപര്യാപ്തതയിലേക്ക് ഊന്നുവടിയായി ജീവിതപങ്കാളികളെ തേടിക്കൊടുത്തു ആത്മഹര്ഷമടയുന്നൊരാള്. ആരാധനാലയങ്ങള്‍ കര്‍മങ്ങളാല്‍ വരണ്ടുപോകേണ്ട ഇടമല്ലെന്നു ജ്ഞാനികളെ ഓര്‍മിപ്പിക്കുന്നൊരാള്‍. സ്വദേശത്തും അന്യദേശത്തും വിജ്ഞാനസൗധങ്ങള് പടുത്തുയര്‍ത്താന്‍ രാപകല്‍ സ്വപ്നങ്ങളാല് നോമ്പുനോറ്റൊരാള്. കൂട്ടുത്തരവാദിത്തത്തിന്റെയും കര്‍മകുശലതയുടെയും പ്രത്യാശയുടെയും വാതിലുകള്‍ തുറന്നുകാണിച്ചുകൊണ്ട് കൂടെയുള്ളവരെ സ്വയം പ്രാപ്തരാക്കുന്നൊരാള്. ചിറകറ്റുപോയവര്ക്ക് അഭയം കണ്ടെത്തുന്നൊരാള്‍. വംശീയവിവേചനമില്ലാതെ ജീവിതത്തിന്റെ വിശാലവൃത്തങ്ങളിലേക്ക് അതിരില്ലാത്ത ആകാശവാതില്‍ തുറന്നുകൊടുത്തൊരാള്. വിദ്യാഭ്യാസരംഗത്ത് ആശയറ്റവരുടെ വരള്‍ച്ചയിലേക്ക് സ്വപ്നസാക്ഷാത്കാരത്തിന്റെ ഹിമവര്ഷമാകുന്നൊരാള്… ഈ മനുഷ്യനെ വരച്ചുകാണിക്കാന്‍ ആവനാഴിയിലെ അക്ഷരങ്ങള്‍ മതിയാവുന്നില്ല.
റഷീദ്ക്കയെ അനുഭവസ്ഥരിലൂടെ അന്വേഷിച്ചു കണ്ടെത്തിയ ഗ്രന്ഥകാരന് പൊരിവെയിലിലും വാടാന്‍ വിസമ്മതിക്കുന്നൊരു വസന്തകാലത്തിന്റെ സൗരഭ്യത്തിലേക്കാണ് വായനക്കാരെ ക്ഷണിക്കുന്നത്.