LoginRegister

ലളിതമായ ജീവിതം മതി മനുഷ്യന് സന്തുഷ്ടനാവാന്‍

സുസ്‌മേഷ് ചന്ത്രോത്ത്

Feed Back


ജീവിതം
ജീവിതത്തെ കുറിച്ച് എനിക്കു വലിയ സങ്കല്‍പങ്ങളോ ആശങ്കകളോ ഭയമോ ഒന്നുമില്ല. വരുന്നതിനെ വരുന്നിടത്തുവെച്ചു കാണാം എന്നതാണ് മതം. കിട്ടുന്നതിലെല്ലാം തൃപ്തി മാത്രമേയുള്ളൂ. എന്നും നിരന്തരം പ്രത്യാശയോടെ പ്രപഞ്ചത്തെയും ലോകത്തെയും ചുറ്റിനുമുള്ള മനുഷ്യരെയും സ്‌നേഹത്തോടെ നോക്കിക്കാണുന്നു. മുന്നിലുള്ള ആളെ ആണെന്നോ പെണ്ണെന്നോ പോലും വേര്‍തിരിച്ചു കാണേണ്ട സന്ദര്‍ഭത്തിലല്ലാതെ അങ്ങനെ കാണാറുമില്ല. എല്ലാവരും എല്ലാവര്‍ക്കും സമന്മാര്‍ എന്നതാണ് എന്റെ കാഴ്ചപ്പാട്.
ശീലം
ഇഷ്ടമുള്ള മേഖലയില്‍ കഠിനാധ്വാനം ചെയ്യുന്നതാണ് എന്റെ ശീലം. ഒരു കാരണവശാലും അതിന് പ്രതിബന്ധങ്ങള്‍ ഉണ്ടാക്കാറുമില്ല. ഒരു വിഷയത്തിലും അവകാശവാദങ്ങളും ആദര്‍ശപ്രഖ്യാപനങ്ങളും നടത്താറില്ല. എന്റെ അഭിപ്രായം മറച്ചുവെക്കാറുമില്ല. കൃത്രിമമായ വിനയം ആരോടും കാണിക്കാറില്ല. അനാവശ്യമായി ആര്‍ക്കും വിധേയപ്പെടാറുമില്ല. ആരെയും ആജ്ഞാനുവര്‍ത്തിയായി നിര്‍ത്താറുമില്ല. എനിക്കെന്റെ വഴി, നിങ്ങള്‍ക്ക് നിങ്ങളുടെ വഴി എന്നതാണ് ഞാന്‍ പിന്തുടരുന്ന ഒരു രീതി.
തിരിച്ചറിവ്
മതേതരത്വത്തിലും ജനാധിപത്യത്തിലും പരമാധികാരമുള്ള റിപബ്ലിക്കിലും ഇടതുപക്ഷ ബോധ്യത്തിലും ജീവിക്കുന്ന ഒരാളെന്ന നിലയില്‍ അന്യരെ അവരുടെ വേഷത്തിലും ഭാഷയിലും ഭക്ഷണത്തിലും വിശ്വാസത്തിലും അഭിപ്രായത്തിലും വേറിട്ടു കാണാന്‍ എനിക്കാവില്ല. അതിര്‍ത്തികള്‍ അനാവശ്യമാണെന്നു വിശ്വസിക്കുന്ന ഞാന്‍ ഈ ലോകത്തിന്റെ ശാപം വര്‍ഗീയതയാണെന്നു തിരിച്ചറിയുന്നുമുണ്ട്. വര്‍ഗീയത പല രാജ്യത്തും പല തരത്തിലാണ്. ഓരോരുത്തരും മനസ്സിലെ വര്‍ഗീയത എടുത്തുമാറ്റുക മാത്രമാണ് അതില്ലാതാക്കാനുള്ള ഒരേയൊരു പോംവഴി.
ആഗ്രഹം
ജീവിതത്തിലുടനീളം വേണമെന്ന് ആഗ്രഹിക്കുന്ന കാര്യം കടവും അനാരോഗ്യവും ഇല്ലാത്ത ജീവിതം മാത്രമാണ്. ഒരു ലളിതമായ ജീവിതം മതി മനുഷ്യന് സന്തുഷ്ടനാവാന്‍.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top