LoginRegister

രാജകൊട്ടാരത്തിലെ തത്ത

സി കെ റജീഷ്‌

Feed Back


അക്ബര്‍ ചക്രവര്‍ത്തിക്ക് തത്തകളെ ഏറെ പ്രിയമായിരുന്നു. കൊട്ടാരത്തില്‍ വളര്‍ത്താനായി പുതുതായി ഒരു തത്തയെ ചക്രവര്‍ത്തി വാങ്ങി. തത്തയെ അപകടമൊന്നും സംഭവിക്കാതെ പരിചരിക്കണമെന്ന് അദ്ദേഹം കൊട്ടാരം ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. തത്ത ചത്തെന്ന് ആരെങ്കിലും വന്നു പറഞ്ഞാല്‍ അയാളെ തൂക്കിലേറ്റുമെന്ന് ചക്രവര്‍ത്തി ഉത്തരവിറക്കി. ഒരു ദിവസം തത്ത ചത്തു. ചക്രവര്‍ത്തിയോട് ആ വിവരം പറയാന്‍ ആര്‍ക്കും ധൈര്യമില്ല. കൊട്ടാരവാസികള്‍ ആ വിവരം ചക്രവര്‍ത്തിയെ ധരിപ്പിക്കാന്‍ ബീര്‍ബലിനെ സമീപിച്ചു. ബീര്‍ബല്‍ ചക്രവര്‍ത്തിയുടെ മുന്നിലെത്തി പറഞ്ഞു: ”പ്രഭോ, ഒരു ദുഃഖവാര്‍ത്തയുണ്ട്. അങ്ങയുടെ തത്ത ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നില്ല.” അല്‍പ നേരത്തെ നിശ്ശബ്ദദയ്ക്കു ശേഷം ബീര്‍ബല്‍ തുടര്‍ന്നു: ”തത്ത ഒന്നും സംസാരിക്കുന്നുമില്ല, കണ്ണ് തുറക്കുന്നുമില്ല.” അക്ബര്‍ ദേഷ്യത്തോടെ ചോദിച്ചു: ”എന്നാല്‍ തത്ത ചത്തുപോയെന്ന് നേരിട്ട് പറഞ്ഞാല്‍ പോരേ?” ബീര്‍ബല്‍ പറഞ്ഞു: ”ആ വാക്ക് പറഞ്ഞുപോയതിന്റെ പേരില്‍ അങ്ങ് രോഷാകുലനായി എന്നെ തൂക്കിലേറ്റരുത്. അതിനാലാണ് ഞാന്‍ ഈ രൂപത്തില്‍ പറഞ്ഞത്.”
ഉള്ളത് ഉള്ളതുപോലെ പറയുന്നതിനേക്കാള്‍ പ്രധാനമാണ് വേണ്ടത് വേണ്ടതുപോലെ പറയുക എന്നത്. എല്ലാ കാര്യങ്ങളും എപ്പോഴും എല്ലാവരോടും നമുക്ക് പറയാനാകില്ല. ചില കാര്യങ്ങള്‍ ചിലരോട് പറയുമ്പോള്‍ അവധാനത വേണം. ആരോടാണ്, എപ്പോഴാണ് സംസാരിക്കുന്നതെന്ന് ആലോചിച്ച ശേഷമുള്ള സംസാരങ്ങള്‍ നമുക്ക് ദോഷം വരുത്തിവെക്കില്ല. സംസാരത്തില്‍ ഈ ഔചിത്യബോധം ഇല്ലാത്തവര്‍ക്ക് സങ്കടപ്പെടേണ്ടിവരികയും ചെയ്യും.
സംസാരശേഷി നാവിന്റെ കഴിവാണ്. നമ്മുടെ മനസ്സും ബുദ്ധിയും മികവ് പുലര്‍ത്തുമ്പോഴാണ് നാവിന്റെ വിനിയോഗം സദ്‌വഴിയിലാകുന്നത്. എല്ലാം ഒളിച്ചുവെച്ച് സംസാരിക്കുന്നതുപോലെ എല്ലാം വെട്ടിത്തുറന്നു പറയുന്നതും അപകടങ്ങള്‍ വരുത്തിവെക്കും. നമ്മുടെ സംസാരത്തെ നാം ചിട്ടപ്പെടുത്തേണ്ടത് കേള്‍ക്കുന്നവന്റെ മനോനിലയ്ക്ക് അനുസരിച്ചാണ്. കേള്‍ക്കുന്നവന്റെ ഉള്ളറിയാതെ നാം പറയുന്ന വാക്കുകള്‍ വലിയ പ്രഹരമായി മുറിവേല്‍പിക്കും. ശരീരത്തോടല്ല, മനസ്സിനോടാണ് നാം സംവദിക്കുന്നതെന്ന തിരിച്ചറിവ് സദാ നമുക്കുണ്ടാവണമെന്ന് നബി(സ) പഠിപ്പിച്ചു. മൂന്നാളുകള്‍ ഉണ്ടായിരിക്കെ രണ്ടു പേര്‍ തമ്മില്‍ സ്വകാര്യ സംഭാഷണം നടത്തരുതെന്ന് പ്രവാചകന്‍ പഠിപ്പിച്ചതിന്റെ പൊരുളതാണ്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top