പ്രകൃതിരമണീയമായ മൂന്നു സുന്ദര ഗ്രാമങ്ങളും തുടച്ചുനീക്കിക്കൊണ്ടായിരുന്നു ജൂലൈ 30നു രാത്രി ഉരുള്‍ പൊട്ടിയത്. ഉറക്കത്തില്‍ ഫോണ്‍കോള്‍ കേട്ട് ഞെട്ടിയുണര്‍ന്നു. അതൊരു അപകട സൂചനയാണല്ലോ. മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയെന്ന വാര്‍ത്തയും അതിനു പിന്നാലെ വാട്സാപ്പില്‍ വന്ന ‘ഞങ്ങളെ രക്ഷിക്കണേ’ എന്ന സന്ദേശവും. ഉടനടി എല്ലാ ദിക്കില്‍ നിന്നും ആളുകള്‍ ഓടിക്കൊണ്ടിരുന്നു. നേരം പുലരുന്നതിനനുസരിച്ച് അപകടത്തിന്റെ വ്യാപ്തിയും ഭീതിജനകമായ അവസ്ഥയും കൂടിക്കൂടി വന്നു.
ആംബുലന്‍സുകളുടെ നീണ്ട നിര തന്നെ കിലോമീറ്ററുകളോളം. മൃതദേഹങ്ങൾ കൊണ്ടുവരുന്നു. ബന്ധുക്കള്‍ ഓടിയടുക്കുന്നു, അവരുടെ ബന്ധുക്കളാരെങ്കിലുമാണോ എന്നറിയാന്‍. സിഎച്ച്സിയില് മണ്ണില്പൊതിഞ്ഞ മൃതദേഹങ്ങൾ കൊണ്ടുവരുന്നു. ഒരു സംഘം ആളുകള്‍ വെള്ളം ഒഴിച്ച് മണ്ണ് കളഞ്ഞ്, അടുത്ത ടേബിളിലേക്ക് മാറ്റുന്നു. ഇന്‍ക്വസ്റ്റ് ചെയ്ത് അടുത്ത നടപടിയിലേക്ക്.
ഇതെഴുതുമ്പോഴും ആ ഭീകരാവസ്ഥ ഉള്ളിലുണ്ട്. മനസ്സ് കല്ലായിപ്പോയ നിമിഷങ്ങളായിരുന്നു ആ ദിനങ്ങളത്രയും.
രണ്ടാം ദിനവും മൂന്നാം ദിനവും മൃതദേഹങ്ങൾ വന്നുകൊണ്ടേയിരുന്നു. പലതും തിരിച്ചറിയാന്‍ കഴിയാത്തവിധം തലയില്ലാതെ, കാലില്ലാതെ… സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു ആ കാഴ്ചകള്‍.
മൂന്നാം ദിവസമായപ്പോഴേക്കും മേപ്പാടി പഞ്ചായത്ത് എപിജെ ഹാളില്‍ ഫ്രീസറുകള്‍ നിറഞ്ഞു. തിരിച്ചറിയാത്ത അനേകം മൃതദേഹങ്ങൾ. മസ്ജിദുസ്സമാന്റെ അടുത്തുള്ള എംഎസ്എ ഓഡിറ്റോറിയത്തിലേക്ക് ഫ്രീസറുകളുടെ പ്രവാഹം. കുറേ കുടുംബങ്ങള്‍ ദിവസങ്ങളോളം നമ്മുടെ പള്ളി വരാന്തയിലും മദ്റസ-സ്കൂള്‍ വരാന്തയിലുമായി ബന്ധുക്കളുടെ മൃതദേഹമെങ്കിലും പ്രതീക്ഷിച്ച് കഴിഞ്ഞിരുന്നു. ഓരോ ആംബുലന്‍സ് വരുമ്പോഴും പ്രതീക്ഷയോടെ പോയി നോക്കും. നിരാശയോടെ മടങ്ങിവരും. രാത്രി 11 മണി വരെ അവര്‍ അവിടെയുണ്ടാവും. പിറ്റേ ദിവസം രാവിലെ വീണ്ടും വരും.
കമ്പളക്കാട്ടുള്ള ഒരു ഉമ്മ വിങ്ങിപ്പൊട്ടി പറഞ്ഞു: ”മോനും മരുമോനും രണ്ടു മക്കളും പോയി. മൂന്നു പേരെ കിട്ടി, മൂത്ത പേരക്കുട്ടിയെ കിട്ടിയില്ല.”
മൂന്നു പേരുടെയും ഖബറിനടുത്ത് നാലാമത്തെ മോള്‍ക്ക് ഖബര്‍ റെഡിയാക്കി അവർ കാത്തിരുന്നു. ആ ഇരിപ്പ് ചങ്ക് പൊട്ടുന്ന കാഴ്ചയായിരുന്നു.
ഓരോ മൃതദേഹവും കഫന്‍ ചെയ്യാന്‍ ടേബിളിലെത്തുമ്പോള്‍ യൂണിറ്റി വോളന്റിയറായ റഹീമാത്ത വിതുമ്പലോടെ അനുഭവങ്ങള്‍ പങ്കുവെക്കും. പല സ്ത്രീകളുടെയും മയ്യിത്തുകള്‍ ജീര്‍ണിച്ച് നമസ്കാരക്കുപ്പായം കൊള്ളാത്ത അവസ്ഥയില്‍ നടു കീറിയിട്ട് അത് ധരിപ്പിക്കുകയും അതിനു ശേഷം അത് കയറുകൊണ്ട് കെട്ടുകയും ചെയ്തു.
തലയോട്ടി മാത്രമായതിന്റെ ഉള്ളില്‍ കോട്ടന്‍ തിരുകി വെച്ചായിരുന്നു കഫന്‍ ചെയ്തിരുന്നത്. ഗര്‍ഭപാത്രം ലഭിച്ചതും കിഡ്നി ലഭിച്ചതും മനുഷ്യന്റെ നിസ്സഹായാവസ്ഥ വിളിച്ചോതുന്നതാണ്.
നീതു എന്നു പറയുന്ന ആദ്യം പുറംലോകത്തെ വിളിച്ചറിയിച്ച ഡിഎംഡബ്ല്യുഐഎംഎസിലെ ജീവനക്കാരിയുടെ മൃതദേഹം ദിവസങ്ങള്‍ക്കു ശേഷം ലഭിച്ചപ്പോള്‍ ബന്ധുക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. മുടി കണ്ടാണ് അവർതിരിച്ചറിഞ്ഞത്. അവരുടെ മതാചാരപ്രകാരം അന്ത്യകര്‍മം നിര്‍വഹിക്കാന്‍ യൂണിറ്റി പ്രവര്‍ത്തകരാണ് കാര്യങ്ങള്‍ ചെയ്തുകൊടുത്തത്. അവസാനമായി ചുരിദാര്‍ ധരിപ്പിച്ചതും യൂണിറ്റിയുടെ പ്രവർത്തകരാണ്. ബന്ധുക്കള്‍ക്ക് മുഖമൊന്ന് കാണാന്‍ പോലും സാധിക്കാത്ത അവസ്ഥയായതുകൊണ്ട്, തുറന്നുനോക്കരുതേ എന്ന് അപേക്ഷിക്കുകയായിരുന്നു.
ഇപ്പോഴും നൂറിലധികം മൃതദേഹങ്ങള്‍ ലഭിക്കാനുണ്ട്. കുടുംബത്തിലെ 11 പേരും നഷ്ടമായ നൗഫല്‍. അത്രയേറെ കുടുംബത്തെ ചേര്‍ത്തുപിടിച്ച ഒരു കുടുംബനാഥന്.
തലേദിവസം രാത്രിയില്‍ ഉരുള്‍പൊട്ടല്‍ അഭിനയിച്ച്, സഹോദരങ്ങള്‍ക്കൊപ്പം റിപ്പോര്‍ട്ടറായി കളിച്ച മുഹമ്മദ് ഹാനി, അച്ഛനും അമ്മയും കൂടപ്പിറപ്പുകളും നഷ്ടപ്പെട്ട അവന്തിക, എല്ലാവരെയും രക്ഷപ്പെടുത്തുന്നതിനിടക്ക് ജീവന് നഷ്ടമായ പ്രജീഷിന്റെ കുടുംബം അങ്ങനെയങ്ങനെ ഒട്ടേറെ തോരാത്ത കണ്ണീരിന്നുടമകള്.
മുണ്ടക്കൈയിലും ചൂരൽമലയിലും പുഞ്ചിരിമട്ടത്തും ഉറങ്ങിയവര്‍, ചാലിയാറിലൂടെ ഒഴുകി ദിവസങ്ങള്‍ക്കു ശേഷം കിലോമീറ്ററുകൾക്ക് അപ്പുറത്തു നിന്ന് ചില അവയവങ്ങൾ മാത്രമായി ആംബുലന്‍സില്‍ തിരിച്ചുവരുന്നത് കാണുമ്പോൾ എങ്ങനെ സഹിക്കാനാവും.
സേവനനിരതരായി
യൂണിറ്റി വനിതാവിംഗ്
ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുന്ന സമയത്ത് സ്ത്രീകളുടെ ഈ രംഗത്തേക്കുള്ള കടന്നുവരവ് എന്തുകൊണ്ടും പ്രതീക്ഷ നല്‍കുന്നതാണ്. വീടും കുടുംബവുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന മുസ്ലിം സ്ത്രീകള്‍ പ്രത്യേകിച്ചും എല്ലാ മേഖലയിലും സ്തുത്യര്‍ഹമായ സേവനങ്ങള്‍ അനുഷ്ഠിക്കാന്‍ സന്നദ്ധരായി മുന്നോട്ടു വന്നു. നവോത്ഥാന പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ചതു തന്നെയാണ് സ്ത്രീകളുടെ ഇത്തരം മുന്നേറ്റങ്ങള്‍.
യൂണിറ്റി വോളന്റിയര്‍ വിംഗില്‍ സ്ത്രീകളും പുരുഷന്മാരും 24 മണിക്കൂറും പ്രവര്‍ത്തന നിരതരായിരുന്നു. വനിതാവിംഗ് പ്രധാനമായും ശുശ്രൂഷ, മൃതദേഹ സംസ്കരണം തുടങ്ങിയ മേഖലകളിലായിരുന്നു. മയ്യിത്തുകൾ കുളിപ്പിക്കാനും കഫൻ ചെയ്യാനും യൂണിറ്റി വനിതാ വിംഗ് തന്നെയാണ് മുന്നിലുണ്ടായിരുന്നത്. ഭക്ഷണ ജലവിതരണത്തിനും വനിതാവിംഗ് മുന്നിലുണ്ടായിരുന്നു. അവശ്യസാധനങ്ങൾ ശേഖരിക്കുകയും അത് വേർതിരിച്ച് ആവശ്യക്കാർക്ക് എത്തിക്കുകയും ചെയ്തു.
ആയിഷ ടീച്ചര്‍, സുബൈദ ടീച്ചര്‍, ഉമൈബ മേപ്പാടി, ഷറീന മേപ്പാടി, ആയിഷ മേപ്പാടി, ഫൗസിയ മുട്ടില്‍, ഹലീമ പിണങ്ങോട്, സാബിറ മേപ്പാടി, സൈനബ, സഫിയ മേപ്പാടി, ജുമൈല കല്‍പ്പറ്റ, ജലീശ മേപ്പാടി, ഫൈസിയ മേപ്പാടി, സീനത്ത് മുട്ടില്‍, റംല മേപ്പാടി, ഫാത്തിമ മേപ്പാടി, നസീമ ടി പി, ഷമീറ റിപ്പണ്‍, റുബീന റിപ്പണ്‍, റംഷീന മേപ്പാടി, സുബൈദ റിപ്പണ്‍, ഡോ. രഹന, കുല്‍സു, അയിശുമ്മ, ഫാസില, ഹസ്ന, സന നൗറിന്, അഫ്റിന്‍ ഹനാന്, ആയിശ തസ്നീം, റന നസ്റിന്, ദിജ്മ സൈന്‍, ഫാത്തിമ വദൂഹ്, തമന്ന തുടങ്ങി യൂണിറ്റിയുടെ അംഗങ്ങളായ വലിയൊരു സംഘം തന്നെ സേവനനിരതരായി ദുരന്തഭൂമിയിലുണ്ടായിരുന്നു.
മേപ്പാടി എം സി എഫ് സ്കൂളിലെ അധ്യാപകരും സോമലത ടീച്ചറുടെ നേതൃത്വത്തിൽ കൂടെയുണ്ടായിരുന്നു.
മേപ്പാടി മസ്ജിദുറഹ്മാന്റെ ഈയവസരത്തിലുള്ള സേവനങ്ങള്‍ എടുത്തുപറയേണ്ടതാണ്. എംഎസ്എ ഓഡിറ്റോറിയത്തിലെ മോര്‍ച്ചറിയിലേക്ക് മൃതദേഹങ്ങള്‍ വഹിച്ചു വരുന്ന ആംബുലന്‍സ് ജീവനക്കാര്‍, ബന്ധുമിത്രാദികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ യൂണിഫോമിട്ട വോളന്റിയര്‍മാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, വ്യത്യസ്ത സംഘടനകളില്‍പെട്ട ആളുകള്‍, വിവിധ മതവിഭാഗങ്ങള്‍, മതമില്ലാത്തവര്‍, എല്ലാവര്ക്കും ആശ്രയ കേന്ദ്രമായി പള്ളിയും അതിനോടനുബന്ധിച്ച് എംസിഎഫ് സ്കൂളും എംആർഎ മദ്റസയും ഡിഎൻഎ ടെസ്റ്റ് കേന്ദ്രമായും കൗൺസലിംഗ് സെന്ററായും വിശ്രമകേന്ദ്രമായും ആരാധനാ കേന്ദ്രമായും പ്രവര്‍ത്തിച്ചു.
ഉടുതുണിക്ക് മറുതുണിയില്ലാതെ എല്ലാം നഷ്ടപ്പെട്ട ഒരുപാട് മനുഷ്യര്‍ ക്യാമ്പുകളില്‍ കഴിയുന്നു. ദുരന്തത്തിന്റെ പിറ്റേ ദിവസം തന്നെ ഹെൽപിങ് ഹാന്റ്സ് തുടങ്ങിയ പ്രവര്‍ത്തകരുടെ സഹായങ്ങള്‍ ലഭിച്ചു തുടങ്ങി. വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും അത്യാവശ്യ വസ്തുക്കളും പള്ളിയുടെ റൂമില്‍ അടുക്കിവെച്ച് ആവശ്യാനുസരണം വിതരണം ചെയ്യാനും എംജിഎം, കെഎൻഎം, ഐഎസ്എം, എംഎസ്എം, പ്രവര്‍ത്തകര്‍ സന്നദ്ധരായി രംഗത്തുണ്ടായിരുന്നു.
യൂണിറ്റി വോളന്റിയർ വിംഗിന്റെ സേവനം വിലമതിക്കാനാവാത്തതാണ്. .