LoginRegister

മൈലാഞ്ചിക്കാട്ടിലെ സങ്കടക്കാറ്റ്

ഷംല മുസ്തഫ; വര: റൈഹാന വടക്കാഞ്ചേരി

Feed Back


ബാല്യകാലത്തെ പെരുന്നാളുകള്‍ക്ക് പോരിശ ഏറെയായിരുന്നു. ശവ്വാല്‍ പിറവിയോടൊപ്പം ഉയരുന്ന തക്ബീര്‍ ധ്വനികള്‍ കേട്ട് ഹൃദയം എന്തെന്നില്ലാത്ത ആനന്ദത്താല്‍ തുടിച്ചിരുന്നു. മൈലാഞ്ചി നേര്‍പ്പിച്ച് അരച്ചെടുത്ത് രണ്ടു കൈകളിലും ഡിസൈനുകള്‍ തീര്‍ക്കുന്ന തിരക്കുകളാവും പിന്നീട്. പെരുന്നാള്‍ എന്നാല്‍ പുതുവസ്ത്രവും മൈലാഞ്ചിയിട്ട കൈകളും ബിരിയാണിയുമൊക്കെയായിരുന്ന കാലം. അതുകൊണ്ടൊക്കെയായിരിക്കും ബാനുവിനെയും അവളുടെ മൈലാഞ്ചിയിട്ട കൈകളെയും ഓര്‍ക്കാതെ ഒരു പെരുന്നാളും കടന്നുപോയിട്ടില്ല.
എനിക്ക് പത്തു വയസ്സുള്ളപ്പോഴാണ് ബാനുവും അവളുടെ ഉമ്മയും ഞങ്ങളുടെ വീടിന്റെ അടുത്തേക്ക് താമസിക്കാന്‍ വരുന്നത്. അവളുടെ മാമന്റെ വീടായിരുന്നു അത്. ബാനുവിന്റെ ഉപ്പ അവരെ ഉപേക്ഷിച്ചുപോയതിനാലാണ് അവര്‍ അങ്ങോട്ട് വന്നതെന്നു പലരും പറഞ്ഞു. പക്ഷേ, ബാനു മാത്രമത് വിശ്വസിച്ചില്ല. വളരെ വേഗത്തിലാണ് ഞാനും ബാനുവും കൂട്ടുകാരായത്. എന്നേക്കാള്‍ ഒരു ക്ലാസ് മുന്നിലായിരുന്നെങ്കിലും സ്‌കൂളിലേക്കുള്ള പോക്കുവരവുകള്‍ പിന്നീട് ഒന്നിച്ചായി.
സ്‌കൂളിലേക്കുള്ള യാത്ര അല്‍പം സാഹസികത നിറഞ്ഞതായിരുന്നു. എന്നാലും ഞങ്ങളത് ആസ്വദിച്ചിരുന്നു. വീട്ടില്‍ നിന്ന് അല്‍പദൂരം പിന്നിട്ടാല്‍ ഒരു ഊടുവഴിയുണ്ട്. അതിലൂടെ പോയാല്‍ വേഗത്തില്‍ സ്‌കൂളില്‍ എത്താം. ആ വഴി കുറച്ചു ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. ഊടുവഴി അവസാനിക്കുന്നയിടത്ത് നിറയെ പാറക്കൂട്ടങ്ങളാണ്. പാറക്കൂട്ടങ്ങള്‍ കടന്നുചെന്നാല്‍ ചെറിയൊരു തോടും അതിനു മുകളിലായി കൈവരി ഇല്ലാത്ത പാലവും. പാലത്തില്‍ നിന്ന് നേരെ ഇറങ്ങുന്നത് വലിയ നെല്‍പ്പാടത്തിലേക്കാണ്. പാടം കടന്ന് റബര്‍തോട്ടവും കഴിഞ്ഞാണ് സ്‌കൂള്‍. ഏറ്റവും ബുദ്ധിമുട്ട് ആ പാറക്കൂട്ടങ്ങളെ കടന്നുപോകാനായിരുന്നു. ഊടുവഴിയിലുള്ള പത്തോളം വീട്ടുകാരുടെ കക്കൂസായിരുന്നു അവിടം. മൂക്കു പൊത്തിപ്പിടിച്ച് ബാനു മുന്നിലും ഞാന്‍ പിന്നിലുമായി ആ പാറക്കൂട്ടങ്ങളെ ചാടിക്കടന്ന് ഓടി പാലത്തില്‍ കയറും. മഴക്കാലമായാല്‍ പാലം നിറഞ്ഞുകവിഞ്ഞു വെള്ളമൊഴുകും. പാലം എവിടെയാണെന്നുപോലും കണ്ടുപിടിക്കാന്‍ പറ്റില്ല. വെള്ളത്തിലേക്ക് സൂക്ഷിച്ചുനോക്കി പാലം എവിടെയാണെന്ന് ബാനു കൃത്യമായി പറഞ്ഞുതരും. അവള്‍ നയിക്കുന്ന വഴിയിലൂടെ അവളുടെ കൈയും പിടിച്ചു ഞാന്‍ നടക്കും.
പാടവരമ്പിലൂടെ റബര്‍തോട്ടത്തില്‍ എത്തുമ്പോഴേക്കും കാലില്‍ നിറയെ ചേറ് പറ്റിയിട്ടുണ്ടാവും. തോട്ടത്തിനുള്ളില്‍ മീനുകളെ വളര്‍ത്തുന്ന ഒരു കുളമുണ്ട്. അതിനടുത്തു പോയി ഞങ്ങള്‍ കാലു കഴുകും. ഞാന്‍ കുളത്തിലേക്ക് കാലിട്ട് ഇളക്കുമ്പോള്‍ ബാനു എന്റെ കൈയില്‍ മുറുകെ പിടിക്കും. വീട്ടില്‍ എത്തിയാലും സന്ധ്യയാകുവോളം ഞങ്ങള്‍ കളിച്ചും കൂട്ടുകൂടിയും നടന്നു.
”കുഞ്ഞീ, അനക്കറിയോ, പെരുന്നാളിന് ഇന്റെ ഉപ്പ ഇന്നേം ഉമ്മാനേം കൊണ്ടോവാന്‍ വരും… ഉമ്മ പറഞ്ഞ്ക്ക്…”
എന്റെ വീടിനു പിറകിലെ പുളിമരച്ചുവട്ടില്‍ പച്ചപ്പുളിയും പങ്കിട്ടിരിക്കുമ്പോഴാണ് ബാനു അത് പറഞ്ഞത്. അന്നേരം അവളുടെ കണ്ണ് പള്ളിക്കുളത്തിലെ വെള്ളം പോലെ തിളങ്ങുന്നുണ്ടായിരുന്നു. ഏത് വേനലിലും മഴയിലും വൈരക്കല്ല് പോലെ വെട്ടിത്തിളങ്ങുന്ന പള്ളിക്കുളത്തിലെ വെള്ളം.
”ഉപ്പ വന്നാ ബാനു ഇവിട്ന്ന് പോകോ…”
”പിന്നല്ലാതെ… ഉപ്പ വന്നാ ഞങ്ങള്‍ വേറെ വീട്ട്ക്ക് താമസം മാറും. അപ്പൊ ഇന്റെ ഉമ്മാക്ക് ഇങ്ങനെ പണിയെടുത്ത് തളരേണ്ടല്ലോ… ഇന്‍ക്ക് ഉപ്പ പുതിയ കുപ്പായവും ചിത്രം വരയ്ക്കുന്ന ബുക്കും ഒക്കെ വാങ്ങിത്തരും… ന്നാലും കുഞ്ഞീനെ കാണാന്‍ ഞാന്‍ ഇടക്ക് വരും…”
ബാനു കുലുങ്ങിച്ചിരിച്ചു. കൊലുന്നനെയുള്ള ശരീരം കാറ്റിലാടി. അവളുടെ തുപ്പല്‍ പറ്റിയ പുളി വാങ്ങിത്തിന്ന് ഞാന്‍ അവളുടെ ഒപ്പം പെരുന്നാള് വരാനായി കാത്തിരുന്നു. റമദാന്‍ മാസം തുടങ്ങിയതില്‍ പിന്നെ ഓരോ നോമ്പിനും അവള്‍ എണ്ണം പിടിക്കും. ഉപ്പ വരാന്‍ ഇനി എത്ര ദിവസം ഉണ്ടെന്ന് കണക്കാക്കും.
പെരുന്നാളിന് മാമന്‍ പുതിയ ഉടുപ്പ് വാങ്ങിത്തന്നുവെന്ന സന്തോഷം പറയാന്‍ ഒരു ദിവസം ഉച്ചയ്ക്ക് അവള്‍ ഓടിവന്നു. അന്നേരമാണ് എന്റെ ഉമ്മ അവള്‍ക്ക് ചിത്രം വരയ്ക്കാനുള്ള പുസ്തകം കൊടുത്തത്. മുന്നേക്കൂട്ടി ഞാന്‍ ഉമ്മയോട് പറഞ്ഞേല്‍പിച്ചതാണെന്ന് അവള്‍ അറിഞ്ഞിരുന്നില്ല. പുസ്തകം കിട്ടിയപ്പോള്‍ വീണ്ടും അവളുടെ കണ്ണുകള്‍ തിളങ്ങി. ഞാന്‍ പിന്നെയും പള്ളിക്കുളം കണ്ടു. ഒന്നിച്ചു ചിത്രം വരച്ചും വളപ്പൊട്ട് കളിച്ചും ബാല്യത്തിലെ ഓര്‍മകള്‍ക്ക് ഞങ്ങള്‍ നിറം പകര്‍ന്നു.
റമദാനിലെ അവസാന നോമ്പായിരുന്നു അന്ന്.
”കുഞ്ഞീ…, പെരുന്നാള്‍ക്ക് കൈയിലിടാന്‍ മൈലാഞ്ചി പറിക്കേണ്ടേ?”
”ഉം… വേണം… സൈനാത്താന്റെ വീട്ടീന്നാണ് ഞാന്‍ മൈലാഞ്ചി പൊട്ടിച്ചെടുക്കാറ്… അത് ചോപ്പുനിറം കുറവാ. എത്ര ഇട്ടാലും ഒരു ഓറഞ്ചുനിറമാ… നല്ലോണം ചോക്കുന്ന മൈലാഞ്ചിണ്ട്. പക്ഷേ അത് പള്ളിത്തൊടീലാ… ചോരന്റെ ചോപ്പുനിറം വരും…”
”എന്നാല്‍ നമുക്ക് പള്ളിത്തൊടീല് പോയി മൈലാഞ്ചി എടുത്താലോ… ഇന്ക്ക് നല്ലോണം ചോക്കുന്ന മൈലാഞ്ചി വേണം…”
”പക്ഷേ, എങ്ങനെ പോകും?”
പ്രേതമുണ്ടെന്ന് ഞങ്ങള്‍ വിശ്വസിച്ചിരുന്ന ബംഗ്ലാവിന്റെ മുന്നിലൂടെയേ അങ്ങോട്ട് വഴിയുള്ളൂ.
”നമുക്ക് ഇപ്പൊത്തന്നെ പോയി പറിക്കാം. ഉച്ചനേരത്ത് പ്രേതം ഉണ്ടാവൂല. പ്രേതങ്ങള്‍ രാത്രീലാ പുറത്തിറങ്ങാ…”
മൈലാഞ്ചി പൊട്ടിക്കാനായി ഞങ്ങള്‍ പള്ളിത്തൊടിയിലേക്കു പോയി. പള്ളിത്തൊടിയുടെ ഇടിഞ്ഞുപൊളിഞ്ഞ മതിലിന്റെ വിടവിലൂടെ വഴിയിലേക്ക് ചാഞ്ഞുകിടക്കുന്ന മൈലാഞ്ചിച്ചെടിയില്‍ നിന്ന് വേണ്ടുവോളം കൊമ്പുകള്‍ ഞങ്ങള്‍ പൊട്ടിച്ചെടുത്തു. തിരിച്ചുവരുമ്പോള്‍ ബംഗ്ലാവിന്റെ അടുത്ത് എത്തിയതും അവിടത്തെ വല്യുമ്മയെ കണ്ടു. അവര്‍ മുറ്റത്തു തന്നെ നില്‍ക്കുകയായിരുന്നു. പേടി കൊണ്ട് ഞങ്ങള്‍ അവിടെത്തന്നെ നിന്നുപോയി.
”ഈ വെയിലും കൊണ്ടാണോ മൈലാഞ്ചി പൊട്ടിക്കാന്‍ പോന്നത്? ഈ കുട്ട്യേളെ ഒരു കാര്യം… നിങ്ങക്ക് നോമ്പുണ്ടോ…”
ഞങ്ങള്‍ രണ്ടാളും ഉണ്ടെന്ന് തലയാട്ടി. ഉടനെ അവര്‍ അരയില്‍ ചുറ്റിക്കിടന്നിരുന്ന വെളുത്ത മക്കന നീക്കി മുണ്ടിന്റെ കോന്തലയില്‍ നിന്ന് കുറച്ചു നാണയത്തുട്ടുകള്‍ എടുത്തു.
”ഇന്നാ കുട്ട്യേളെ… നാളെ പെരുന്നാളല്ലേ…”
ഞങ്ങള്‍ രണ്ടാളും കണ്ണുമിഴിച്ച് പരസ്പരം നോക്കി. ഇത്രേം നല്ല വല്യുമ്മാനെയാണല്ലോ പേടിച്ചത്. ആ നാണയത്തുട്ടുകള്‍ ഞങ്ങള്‍ കൈ നീട്ടി വാങ്ങി. അവര്‍ ഞങ്ങളുടെ തലയില്‍ അരുമയോടെ തലോടി. എന്തോ ഓര്‍ത്ത് കണ്ണുനിറച്ചുകൊണ്ട് ആ വല്യുമ്മ അവ്യക്തമായ രീതിയില്‍ പിറുപിറുത്തുകൊണ്ടിരുന്നു. ഒന്നും മിണ്ടാനാവാതെ ഞങ്ങള്‍ അവിടെ നിന്നു.
”നോമ്പും നോറ്റു വെയിലും കൊണ്ട് നടക്കാതെ വേഗം വീട്ടീപ്പോ കുട്ട്യേളേ…”
സന്തോഷത്തോടെയാണ് ഞങ്ങള്‍ അവിടെ നിന്നു തിരിച്ചുപോന്നത്. ബാനു തുള്ളിച്ചാടുകയും ഉറക്കെ ചിരിക്കുകയും ചെയ്തു.
”കുഞ്ഞീ… നാളെ പെരുന്നാളല്ലേ… ഇന്റെ ഉപ്പ വരും…”
വീട്ടിലേക്കുള്ള ഓട്ടത്തിനിടയിലും അവള്‍ വിളിച്ചുപറഞ്ഞു.
വീട്ടിലെത്തിയതും ഞാന്‍ മൈലാഞ്ചിയിലയൂരി കല്ലില്‍ അരച്ചെടുത്തു. പേന കൊണ്ട് എനിക്കറിയും പോലെ ചിത്രം വരച്ച് അതിനു മുകളിലായി ഈര്‍ക്കില്‍ കൊണ്ട് മൈലാഞ്ചിയിട്ടു. ഉണങ്ങാനായി കൈ രണ്ടും നിവര്‍ത്തിപ്പിടിച്ച് ഇരിക്കുമ്പോള്‍ ബാനു പിന്നെയും വന്നു. അവളുടെ കൈവെള്ള കാണാനാവാത്ത വിധത്തില്‍ മൈലാഞ്ചി അരച്ച് പൊതിഞ്ഞുവെച്ചിരുന്നു.
”ഇതെന്താ ബാനൂ… മൈലാഞ്ചിപ്പാത്രത്തില്‍ കൈ മുക്കിയോ? ചിത്രം വരക്കായിരുന്നില്ലേ…?”
”എനിക്കേ, മൈലാഞ്ചിന്റെ മണം നല്ല ഇഷ്ടാ… കുറേ ഇട്ടാ കുറേ മണം കിട്ടോലോ… കുഞ്ഞിക്ക് ഇഷ്ടല്ലേ ഈ മണം…”
അവള്‍ കൈ രണ്ടും എന്റെ മൂക്കിനോട് അടുപ്പിച്ചു. ചിരിച്ചുകൊണ്ട് തലയാട്ടുമ്പോള്‍ ഞാന്‍ വീണ്ടും രണ്ടു പള്ളിക്കുളങ്ങള്‍ കണ്ടു. നേരമൊന്നു വേഗം പുലരാനും അവളുടെ ഉപ്പയെ കാണാനും അവളെപ്പോലെ ഞാനും കാത്തിരുന്നു. പക്ഷേ, പിറ്റേന്ന് കൂട്ടക്കരച്ചിലിലേക്കാണ് ഞാന്‍ കണ്ണു തുറന്നത്. ബാനുവിന്റെ ഉമ്മ വിഷം കഴിച്ച് മരിച്ചിരിക്കുന്നു!
അവള്‍ ഇതെങ്ങനെ സഹിക്കുമെന്നോര്‍ത്ത് എന്റെ നെഞ്ച് കനത്തു. ഞാന്‍ ചെല്ലുമ്പോള്‍ അകത്തെ മുറിയില്‍ മുഖം പൊത്തി ഇരിക്കുകയായിരുന്നു ബാനു. ഞാന്‍ അടുത്തു ചെന്ന് അവളുടെ മുഖത്തു നിന്നു കൈകള്‍ മാറ്റി. കൈയിലിട്ട മൈലാഞ്ചി നന്നായി ചുവന്നിരിക്കുന്നു. കണ്ണീര് പടര്‍ന്ന് അത് തിളങ്ങി.
”ഞാന്‍ ഉപ്പാനെ ചോയ്ച്ച് ശല്യം ചെയ്തിട്ടാ ഇന്റെ ഉമ്മ പോയേന്നാ ഇവിടെ േള്ളാര് പറയുന്നേ. അങ്ങനെയാണോ കുഞ്ഞീ… ഉമ്മ തന്നെയല്ലേ പറഞ്ഞേ, ഉപ്പ പെരുന്നാള്‍ക്ക് വരുംന്ന്. ഇനി ഉപ്പ വന്നാ ഉമ്മാനെ ചോയ്ക്കൂലേ… ഇനിക്ക് ഇനി ഉപ്പാനേം കാണാന്‍ പറ്റൂലേ…?”
ബാനു വിങ്ങിപ്പൊട്ടി. അവള്‍ ചോദിച്ചതിനൊന്നും ഉത്തരം എനിക്കന്ന് അറിയില്ലായിരുന്നു. ഞാനും അവളുടെ കൂടെ കരഞ്ഞു. ഒലിച്ചിറങ്ങുന്ന കണ്ണീര്‍ കൈകൊണ്ട് തുടച്ചുമാറ്റുമ്പോഴൊക്കെ അവള്‍ സ്വന്തം മൈലാഞ്ചിക്കൈ മണത്തു. അന്ന് പക്ഷേ ഞാനവളുടെ കണ്ണില്‍ കണ്ടത് കലങ്ങിമറിഞ്ഞ ഒരു പുഴയുടെ കുത്തൊഴുക്കായിരുന്നു.
ആ പെരുന്നാള്‍ രസമില്ലാതെ കഴിഞ്ഞു.
പിന്നീട് ഒരിക്കലും ബാനു പഴയപോലെ ഓടിച്ചാടി എന്റെ അരികിലേക്ക് വന്നില്ല. കളിക്കാന്‍ വിളിക്കുമ്പോഴൊക്കെ നിരാശയുടെ പടുകുഴിയില്‍ നിന്നെന്നപോലെ ഞാനില്ലെന്നു പറഞ്ഞൊഴിഞ്ഞു. അവള്‍ക്കായി ഞാന്‍ നീട്ടിയ മിഠായികളും കളിപ്പാട്ടങ്ങളും അവളെ സന്തോഷിപ്പിച്ചില്ല. തീര്‍ത്തും അവള്‍ മറ്റൊരാളായി മാറിക്കൊണ്ടിരുന്നു. വിരസമായി കടന്നുപോയ ആ ദിവസങ്ങളിലൊന്നിലാണ് ബാനുവിനെ യത്തീംഖാനയിലേക്ക് ചേര്‍ത്താന്‍ പോകുന്നുവെന്ന് ഞാനറിഞ്ഞത്. ബാനു എന്റെ മുന്നില്‍ തലകുനിച്ചുനിന്നു. ഞാന്‍ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്നിട്ടും അവള്‍ പോയി.
അവളുടെ കണ്ണിലെ പള്ളിക്കുളം കാണാന്‍ പലപ്പോഴും കൊതിയായി. ഓരോ പെരുന്നാളിനും അവള്‍ എന്നെ കാണാന്‍ വരുമെന്ന് കാത്തിരുന്നു. അവളുടെ മൈലാഞ്ചിക്കൈ കാണാനും അവളത് മണക്കുന്നത് നോക്കിനില്‍ക്കാനും തോന്നി. അവള്‍ക്ക് ഇടാനായി പള്ളിത്തൊടിയില്‍ നിന്ന് മൈലാഞ്ചി പറിച്ച് അരച്ചുവെച്ചു.
എന്നിട്ടും അവള്‍ വരാതായപ്പോഴാണ് ഉപ്പയോട് ആഗ്രഹം പറഞ്ഞതും ഉപ്പയുടെ കൂടെ ബാനുവിനെ കാണാന്‍ പോയതും. എന്നെ കണ്ടതും അവള്‍ ചിരിച്ചുകൊണ്ട് ഓടിവന്നു. അവളുടെ കണ്ണിലെ പള്ളിക്കുളത്തെ എത്ര തിരഞ്ഞിട്ടും എനിക്കന്ന് കാണാന്‍ പറ്റിയില്ല.
”കുഞ്ഞി എന്നെയെന്നേ മറന്നിട്ടുണ്ടാവൂന്നാ ഞാന്‍ കരുതിയേ…”
”ഞാന്‍ ബാനൂനോട് പിണക്കാ… എന്താ ഇതുവരെ എന്നെ കാണാന്‍ വരാഞ്ഞത്…”
ഞാന്‍ പിണക്കം നടിച്ചു.
”വരണേല്‍ വീട്ടില്‍ നിന്നാരെങ്കിലും വന്നു കൂട്ടിക്കൊണ്ടോവണം കുഞ്ഞീ… എന്നെ കൊണ്ടോവാന്‍ അങ്ങനെ ആരാ ഉള്ളേ? അതോണ്ടാ…”
പെരുന്നാളാണ് വരുന്നത്. ഞാന്‍ അവളുടെ കൈയിലെ മൈലാഞ്ചിച്ചോപ്പ് നോക്കി.
”ഞാനിപ്പോ മൈലാഞ്ചിയൊന്നും ഇടാറില്ല കുഞ്ഞീ… അതിന്റെ മണം പോലും ഓര്‍മയില്ല…”
ബാനുവിനെ ഞാന്‍ അദ്ഭുതത്തോടെ നോക്കിനിന്നു.
ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ബാനു മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചുപോയെന്ന് ഞാന്‍ അറിഞ്ഞത്. ബംഗ്ലാവിനടുത്തുള്ള പള്ളിത്തൊടിയില്‍ തന്നെ ബാനുവിന്റെ ഖബര്‍ ഒരുങ്ങി. അവളുടെ തലയ്ക്കല്‍ ഒരു മൈലാഞ്ചിക്കൊമ്പ് നട്ടിട്ടുണ്ടെന്ന് എന്റെ ഉപ്പ ഉമ്മയോട് പറയുന്നത് ഞാന്‍ കേട്ടു. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top