പ്രതീക്ഷ
മുന്നോട്ടുള്ള വാതിലിന്റെ പേരാണ് പ്രതീക്ഷ. ചുറ്റിലും അനിശ്ചിതത്വമുള്ള കാലത്തും ഉള്ളില്‍ വറ്റാത്ത പ്രതീക്ഷയുടെ ഒരു തിരി കാക്കുന്നവര്‍ക്കേ അതിജീവനം സാധ്യമാവൂ. ചിലപ്പോള്‍ വല്യ ബുദ്ധി കൊണ്ടു കണക്കുകൂട്ടിയാല്‍ പ്രതീക്ഷക്കു സ്കോപ്പ് കാണില്ല. എപ്പോഴും തലച്ചോറു കൊണ്ടേ ചിന്തിക്കൂ എന്ന് വാശി പിടിേക്കണ്ട. ഇടയ്ക്ക് നിങ്ങളുടെ നിഷ്കളങ്കതയുടെ സത്യസന്ധത കൊണ്ട് പ്രതീക്ഷയെ തേടിപ്പിടിക്കുക. ജീവിതം മനോഹരമാവും, തീര്‍ച്ച!
രാഷ്ട്രീയം
സകല തൂണിലും തുരുമ്പിലും എന്തിന്, തുമ്പിയുടെ മൂളക്കത്തില്‍ വരെ രാഷ്ട്രീയമുണ്ടെന്നതു നേരാണ്. ‘അതൊക്കെ ബോറന് ഏര്പ്പാടല്ലപ്പാ’ എന്ന വിവരക്കേടിനെ വലിച്ചെറിഞ്ഞ് രാഷ്ട്രീയത്തെ എടുത്തണിയേണ്ട കാലമാണിത്. ഫലസ്തീനിലെ യുദ്ധം നടക്കുമ്പോഴും ആളു മരിക്കുമ്പോഴും ‘രണ്ടു ഭാഗത്തും കാണും ന്യായക്കേട്’ എന്ന നിഷ്പക്ഷത പുലര്‍ത്തല്‍ തെറ്റാണ്. ജനിച്ചുവീഴുന്ന കുഞ്ഞിനു വരെ മരണത്തെ മുന്നില്‍ കണ്ടു ജീവിക്കേണ്ട കാലത്ത് അവര്ക്കൊപ്പമില്ലാതാവുക/ രാഷ്ട്രീയം പ്രകടിപ്പിക്കാതിരിക്കുക എന്നതുതന്നെ വലിയ തെറ്റാണ്. രാഷ്ട്രീയം മികച്ച ശരികളെ കണ്ടെത്തലും അതിനായി നില്ക്കാന് ധൈര്യപ്പെടലുമാണ്.
കുഞ്ഞ്
ഇതൊറ്റയ്ക്കൊരു വാക്കല്ല, പക്ഷേ ഈ ‘കുഞ്ഞനെ’ മറ്റു വലിയ ആശയങ്ങള്ക്കുമൊപ്പം കൂട്ടിച്ചേര്‍ത്തെഴുതി സന്തോഷത്തിലെത്തണം. സന്തോഷങ്ങള്‍ക്കു വേണ്ടി തപ്പി നിരാശപ്പെടണ്ട, ഈ ‘കുഞ്ഞന്‍‘ വാക്കിനെ നിങ്ങളുടെ ‘സന്തോഷത്തോടൊപ്പം ചേര്‍ക്കൂ. കുഞ്ഞുസന്തോഷം മതി സന്തോഷിക്കാനെന്ന്! പ്രശ്നം, പ്രശ്നം എന്നു പറഞ്ഞോണ്ടിരിക്കേണ്ട, കുഞ്ഞന്‍ സങ്കടമാണെന്നു നിനച്ചാ മതി. ജോലിഭാരം എന്നതില്‍ അഭയം പ്രാപിേക്കണ്ട, കുഞ്ഞുജോലിയാന്നു തിരിച്ചറിയുകയേ വേണ്ടൂ. എന്റെ മാജിക് വാക്കാണീ കുഞ്ഞന്‍!
നീതി
എന്തിന്റെയും അടിസ്ഥാനം നീതിയായിരിക്കണം എന്നൊരു പക്ഷം ചേരലുണ്ടെനിക്ക്. നീതിക്കൊപ്പമെന്നാല് എല്ലായ്പോഴും എളുപ്പത്തിലെടുക്കാവുന്ന ഒരു തീരുമാനമല്ല, പണിയാണ്. ഓരോ വിഷയത്തിലും സാഹചര്യത്തിലുമൊക്കെ ഏറിയും കുറഞ്ഞും നില മാറിക്കൊണ്ടിരിക്കും. എന്നാലും എത്തിപ്പിടിക്കണം. പലപ്പോഴും നമ്മുടെ കംഫര്ട്ടുകളെയൊക്കെ ഉടച്ചുകളയേണ്ടിവരും. പക്ഷേ, ആത്യന്തികമായി പടച്ചോന്റെ സൃഷ്ടിപ്പുകളെ ബഹുമാനിക്കലാവുമത്. നീതി നിര്ബന്ധമുള്ളൊരു വാക്കാണ്! .