ഒരു പ്രശസ്ത വ്ളോഗറുടെ ആത്മഹത്യ കഴിഞ്ഞ ദിവസം വളരെ ഞെട്ടലോടെയാണ് കേട്ടത്. ഫേസ്ബുക്ക് കമ്പനി ഫണ്ട് ചെയ്തിരുന്ന ആദ്യത്തെ കമ്മ്യൂണിറ്റി ചാനല്‍ ആയിരുന്നു അദ്ദേഹത്തിന്റെത്. പ്രൊഫഷന് കൊണ്ട് വിജയിച്ചവന്! സമ്പാദ്യം കൊണ്ട് മുന്നേറിക്കൊണ്ടിരുന്നവന്! പിന്നെ എന്തിനു ആത്മഹത്യ ചെയ്തു?.
സുശാന്ത് സിംഗ് എന്ന പ്രശസ്ത ബോളിവുഡ് താരത്തിന്റെ ആത്മഹത്യയും ഒരുപാട് ചര്‍ച്ചകള്‍ ഉയര്‍ത്തിയിരുന്നു. തന്റെ അഭിനയ ജീവിതത്തിലെ ഉച്ചിയിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണം. കോടികളുടെ ആസ്തി, ഏറ്റവും വിലപിടിപ്പുള്ള വാഹനങ്ങള്‍, ആഡംബരജീവിതം, എന്നിട്ടും അദ്ദേഹം ആത്മഹത്യ ചെയ്തു, എന്തുകൊണ്ട്?.
ലോകാരോഗ്യ സംഘടനയുടെ പഠനപ്രകാരം ലോകത്ത് 67% പേരും ഭാഗികമായോ പൂര്‍ണമായോ അസന്തുഷ്ടരാണ്. ഇന്ന് മനുഷ്യന് എല്ലാ സന്തോഷ സൗഭാഗ്യങ്ങളും സൗകര്യങ്ങളും ഉണ്ടെങ്കിലും അവ ആസ്വദിക്കാനോ അനുഭവിക്കാനോ കഴിയുന്നില്ല. ലക്ഷക്കണക്കിന് പണം ബാങ്കില്‍ ഉണ്ടെങ്കില്‍ പോലും രാത്രി നന്നായി ഉറങ്ങാന്‍ കഴിയാത്തവരാണ് ഏറെ പേരും.
എന്നാല്‍ സ്വന്തമായി വീടുപോലും ഇല്ലാത്തവര്‍, സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്നവര്‍ നമുക്കിടയില്‍ വളരെ സന്തോഷത്തോടെ ജീവിക്കുന്നത് കാണാം. എത്ര വിഭവങ്ങള്‍ ഉണ്ട് എന്നുള്ളതല്ല, അത് നമുക്ക് എത്രത്തോളം ആസ്വദിക്കാന്‍ പറ്റുന്നുണ്ട് എന്നതാണ് കാര്യം. നമ്മുടെ ചുറ്റുപാടുകളെ നാം എങ്ങനെ സമീപിക്കുന്നു എന്നതാണ് നമ്മുടെ സുഖദുഃഖങ്ങളെ നിര്‍ണയിക്കുന്നത്. പലപ്പോഴും വലിയ രോഗമുള്ളവന് വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ സന്തോഷത്തോടെ ജീവിക്കുന്നുണ്ട്. എന്നാല്‍ ചെറിയ രോഗമേയുള്ളൂ എങ്കില്‍ പോലും അതിനെക്കുറിച്ച് ആലോചിച്ചാലോചിച്ച്, ഒരു വലിയ രോഗമായാലോ, ഈ രോഗം മൂലം ഞാന്‍ മരിച്ചുപോയാലോ? ഇത് ക്യാന്‍സര്‍ ആണോ? എന്റെ കുടുംബത്തില്‍ ഒരാള്‍ക്ക് ഈ രോഗമുണ്ടായിരുന്നു അപ്പോള്‍ തനിക്കും അതുണ്ടോ എന്നൊക്കെ ആലോചിച്ച്, അത് പിന്നീട് ഒരു രോഗമായി തന്നെ മാറുന്ന ഒരുപാട് സംഭവങ്ങള്‍ പ്രൊഫഷണല്‍ ലൈഫില്‍ സ്ഥിരമായി കാണുന്ന പ്രതിഭാസമാണ്.
മാനസിക ആരോഗ്യത്തെക്കുറിച്ച് വിശദമായി പഠിക്കുകയാണെങ്കില്‍ നമ്മളുടെ മനസ്സും ശരീരവും രോഗവും തമ്മിലുള്ള ബന്ധം എത്രമാത്രം ഉണ്ട് എന്ന് തിരിച്ചറിയാന്‍ കഴിയും. മാനസികാരോഗ്യം എന്നത് ഭ്രാന്ത് ഉള്ളവര്‍ക്ക് മാത്രമുള്ള ഒരു കാര്യമാണ് എന്നാണ് പലരുടെയും വിചാരം. ലോകാരോഗ്യ സംഘടനയുടെ നിര്‍വചന പ്രകാരം ആരോഗ്യം എന്നത് ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ക്ഷേമമാണ്.
എന്താണ് മാനസിക ആരോഗ്യം?
ലോകാരോഗ്യസംഘടനയുടെ നിര്‍വചന പ്രകാരം ഒരു വ്യക്തി തന്റെ കഴിവുകളെ തിരിച്ചറിഞ്ഞ്, ജീവിതത്തില്‍ ഉണ്ടാകുന്ന സാധാരണ സമ്മര്‍ദങ്ങളെ നേരിടുകയും, ഉല്പാദനപരമായും ഫലപ്രദമായും പ്രവര്‍ത്തിക്കുകയും അത് സമൂഹത്തിലേക്ക് കൈമാറപ്പെടുകയും ചെയ്യുന്നതിനെയാണ് മാനസികാരോഗ്യം എന്നുപറയുന്നത്.
ഒരാളുടെ ചിന്തകള്‍, പെരുമാറ്റങ്ങള്‍, വികാര വിചാരങ്ങള്‍, മറ്റുള്ളവരുമായുള്ള ഇടപെടലുകള്‍ എന്നിവ ഒരാളുടെ മാനസികാരോഗ്യത്തെ സൂചിപ്പിക്കുന്നു. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ചുറ്റുപാടുകള്‍ക്കൊപ്പം ജനിതകമായ ഘടകങ്ങളും മാനസികാരോഗ്യത്തെ ഏറെ സ്വാധീനിക്കുന്നു.
മനസികാരോഗ്യത്തിന്റെ
പ്രാധാന്യം
കേരളത്തില്‍ 10000 ആളുകളില്‍ 300 പേര് മാനസിക അനാരോഗ്യം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ അനുഭവിക്കുന്നു. അതില്‍ 10% വിഷാദരോഗികളാണ്, അതില്‍ത്തന്നെ, താന്‍ ഒരു മാനസിക രോഗിയായി മുദ്രകുത്തപ്പെടുമോ എന്ന പേടികൊണ്ടു ഒരു ശതമാനം ആളുകള്‍ മാത്രമാണ് ചികിത്സ തേടി പോവുന്നത്.
ശരീരത്തിന് വരുന്ന ജലദോഷം പോലെയാണ് വിഷാദരോഗവും ഉത്കണ്ഠയും. തുടക്കത്തില്‍ നല്ല രീതിയില്‍ മനസിനെ പാകപ്പെടുത്തുകയാണെങ്കില് പൂര്‍ണമായും മാറ്റാന്‍ കഴിയും. എന്നാല്‍ ഈ രോഗത്തെ അവഗണിച്ചാല്‍ , ജലദോഷം മൂര്‍ച്ഛിച്ച് ന്യൂമോണിയ ആയാല്‍ ഒരാളുടെ ജീവന് എപ്രകാരം അപകടമാകുന്നുവോ അപ്രകാരം വിഷാദരോഗവും ഉല്‍ക്കണ്ഠയും സ്വജീവനു ഭീഷണിയാണ്.
ഇന്ന് നാം മത്സരങ്ങളുടെ ലോകത്താണ് ജീവിക്കുന്നത്. ആരാണോ മത്സരിച്ചു മുന്നേറുന്നത് അവനാണ് സ്ഥാനം. അതുകൊണ്ടുതന്നെ എല്ലാ രംഗത്തും ജോലിഭാരം മുമ്പത്തേക്കാള്‍ വളരെക്കൂടുതലാണ്. ഇത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. പുറമേക്ക് സമ്പന്നനും കാണാന്‍ സന്തോഷവാനും അടിച്ചുപൊളിച്ചു ജീവിക്കുന്നവനുമാണെങ്കില്‍ പോലും തന്റെ ഉള്ളില്‍ എന്താണ് കൊണ്ടുനടക്കുന്നത് എന്ന് പലപ്പോഴും തുറന്നുപറയാന്‍ മടിക്കുന്നു. ഞാന്‍ പറയുന്നത് മറ്റുള്ളവര്‍ക്ക് മനസ്സിലാകുമോ? എന്നെ കളിയാക്കുമോ? അതുമല്ലെങ്കില്‍ എന്റെ അഭിമാനം ചോദ്യം ചെയ്യപ്പെടില്ലേ? അങ്ങനെ പലതരം ആധികള്‍, ഒന്ന് തുറന്നു പറഞ്ഞാല്‍ തീരാവുന്ന പല പ്രശ്നങ്ങളും മനസ്സില്‍ ഒതുക്കി വലിയ വിഷാദരോഗത്തിന് അടിമപ്പെട്ട ശേഷം ആത്മഹത്യയില്‍ അവസാനിക്കുന്നു. തുടര്‍ച്ചയായി ഒരുപാട് കാലം മാനസിക പിരിമുറുക്കമുള്ള ഒരാളുടെ ശരീരത്തില്‍ മാനസിക സമ്മര്‍ദ ഹോര്‍മോണുകള്‍ ആയ കോര്‍ട്ടിസോളിന്റെയും അഡ്രിനാലിന്റെയും ഉത്പാദനം വര്‍ധിക്കുന്നു. ഇത് ശരീരത്തിലെ ഒരുപാടു നല്ല കോശങ്ങളെ നശിപ്പിക്കുകയും, ഹൈപ്പര്ടെന്ഷന്, ഡയബറ്റിസ്, ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഉദാഹരണമായി ഒരുപാട് കാലം കുടുംബ പ്രശ്ങ്ങള്‍ നേരിടുന്ന ഒരു സ്ത്രീക്ക് അവരുടെ മാറത്തോ ഗര്‍ഭപാത്രത്തിലോ മുഴകള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ് എന്ന് പഠനങ്ങള്‍ പറയുന്നു.
സ്ത്രീകളിലെ
മാനസികാരോഗ്യം
വൈകാരികമായി സ്ത്രീകള്‍ എന്നും മുന്നില്‍ ആയതുകൊണ്ട് തന്നെ മാനസികമായുള്ള പ്രശ്നങ്ങളും പുരുഷന്മാരെക്കാളും സ്ത്രീകളാണ് കൂടുതല്‍ അനുഭവിക്കുന്നത്.
സ്ത്രീകള്‍ പ്രധാനമായും അനുഭവിക്കുന്ന ചില പ്രശ്നങ്ങള്‍
1. PMS (premenstrual syndrome) / PMDD (Premenstrual dysphoric disorder). ആര്‍ത്തവം തുടങ്ങുന്നതിന് ഒരാഴ്ച മുമ്പേ തുടങ്ങി ആദ്യത്തെ രണ്ട് ദിവസങ്ങളിലും സ്ത്രീകളില്‍ കണ്ടുവരുന്ന വയറുവേദന, നടുവേദന, മാനസിക പിരിമുറുക്കം, എന്തിനെന്നില്ലാതെ ദേഷ്യപ്പെടുക എന്നിവയെല്ലാം ജങടല് പെട്ടതാണ്. എന്നാല്‍ ചില സ്ത്രീകളില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളുടെ കൂടെ മരിക്കണം എന്ന തോന്നല്‍, അകാരണമായ ഭയം, എന്നിവയെല്ലാം ഉണ്ടെങ്കില്‍ അത് ജങഉഉ ആവാനുള്ള സാത്യത കൂടുതലാണ്.
2. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് ഒരു പറിച്ചു നടലാണ്. നാളുകളായി താന്‍ ശീലിച്ചതിന് വിഭിന്നമായ പുതിയ ആളുകള്‍, പുതിയ ശീലങ്ങള്‍, അപരിചിതമായ ചുറ്റുപാടുകള്‍… വിവാഹശേഷം കൂടുതല്‍ സ്ത്രീകളും നേരിടുന്നത് ഭര്‍ത്താവും ഭര്തൃകുടുംബവുമായുള്ള അസ്വാരസ്യങ്ങള്‍ ആയേക്കാം. ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നും മനസ്സിനെ ബാധിക്കാതെ എങ്ങനെ ഒഴിവാക്കാമെന്നും അറിയാത്തതിനാല്‍ ഇതു പല സ്ത്രീകളുടെയും മനസ്സിനെ വല്ലാതെ അലട്ടുകയും പിന്നീട് പതുക്കെ പതുക്കെ അതൊരു ഉത്കണ്ഠ അല്ലെങ്കില്‍ വിഷാദരോഗത്തിലേക്ക് എത്തുകയും ചെയ്യുന്നു.
3. പോസ്റ്റ് പാര്‍ട്ടം (Post Patrum) ഡിപ്രഷന് അല്ലെങ്കില്‍ പ്രസവാനന്തരം സ്ത്രീ അനുഭവിക്കുന്ന വിഷാദ രോഗം. ഇത് പലപ്പോഴും അമ്മയ്ക്ക് കുട്ടിയോട് താല്പര്യം ഇല്ലാത്തതുകൊണ്ടാണ്, അല്ലെങ്കില്‍ അവളുടെ തോന്നലാണ് എന്ന് പറഞ്ഞ് അവഗണിക്കപ്പെടാറുണ്ട്. പക്ഷേ ചികിത്സിച്ചില്ലെങ്കില്‍ ഒരുപക്ഷേ ജീവന് നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു രോഗമാണിത്.
4. മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യം എന്ന തെറ്റിദ്ധാരണ പല സ്ത്രീകളിലും ഉണ്ട്. അതുകൊണ്ടുതന്നെ ഇത് നിലനിര്‍ത്തി കൊണ്ടുപോവാന്‍ ശ്രമിക്കുമ്പോള്‍ പല സ്ത്രീകളിലും മാനസിക അസ്വസ്ഥതകള്‍ കണ്ടുവരാറുണ്ട്. eating disoders ഉണ്ടാകാനുള്ള കാരണവും ഇതുതന്നെയാണ്.
കുട്ടികളിലെ മാനസിക ആരോഗ്യം
കുട്ടികളുടെ മാനസിക ആരോഗ്യത്തെ സംബന്ധിച്ചു പല മാതാപിതാക്കളും ഇന്ന് ബോധവാന്മാരല്ല. മുതിര്‍ന്നവരെ പോലെത്തന്നെ പലതരം മാനസിക സമ്മര്‍ദത്തിലൂടെയാണ് കൊച്ചുകുട്ടികള്‍പോലും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാത്ത ഈ കുട്ടികള്‍ ചെറിയ ചെറിയ തെറ്റുകളില്‍ തുടങ്ങി പിന്നീട് വലിയ തെറ്റുകള്‍ ചെയ്യുകയും സമൂഹത്തിലെ ഭീകരരായി മാറുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.
. ഇളയ കുട്ടിയുടെ ജനനം മുതിര്‍ന്ന കുട്ടിയില്‍ ഒരുപാട് മാനസിക സംഘര്‍ഷം ഉണ്ടാക്കാറുണ്ട്. അത് നല്ല രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍, ഈ മാനസിക സംഘര്‍ഷം വലുതായി സഹോദര വൈരാഗ്യം (sibling rivalry) എന്ന രൂപത്തിലേക്ക് എത്താറുണ്ട്.
. പുതിയ കലകളും പഠന മികവുമാണ് ഒരു കുട്ടിയുടെ ഭാവി തീരുമാനിക്കുന്നത് എന്ന ചിന്താഗതിയിലാണ് ഇന്നത്തെ രക്ഷിതാക്കള്‍ ഭൂരിഭാഗവും. ഒരു കുട്ടിക്ക് എല്‍ കെ ജി അഡ്മിഷന് കിട്ടണമെങ്കില്‍ ഇന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചിരിക്കണം. അതൊരു മത്സരമായാണ് രക്ഷിതാക്കളും സ്കൂളുകളും കാണുന്നത്. ഈ മത്സരം കാരണം ഒരു കുട്ടി എത്ര മാനസിക പിരിമുക്കം അനുഭവിക്കുന്നുണ്ട് എന്ന് പലപ്പോഴും അധ്യാപകരും മാതാപിതാക്കളും ചിന്തിക്കാറില്ല എന്നതാണ് വാസ്തവം.
. രക്ഷിതാക്കള്‍ പലപ്പോഴും തിരിച്ചറിയാതെ പോകുന്ന മറ്റൊന്നാണ് കുട്ടികളിലെ പഠന വൈകല്യം. ഡോക്ടറുടെ അടുത്ത് വന്ന് കുട്ടിക്ക് വലിയ വാശിയാണ്, പഠിക്കാന്‍ മടിയാണ് എന്ന് പറയുമ്പോഴാണ് പലപ്പോഴും ഇത് കുട്ടിയുടെ മാനസിക പ്രശ്നമാണെന്ന് തിരിച്ചറിയുക.
. കുട്ടികളുടെ മുന്നില്‍വെച്ച് മാതാപിതാക്കള്‍ ശണ്ഠകൂടുന്നത് കുട്ടികളുടെ സ്വഭാവ വൈകല്യങ്ങള്‍ക്കു കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതുപോലെതന്നെ ഈ കുട്ടികളില്‍ ഭാവിയില്‍ അവരുടെ ദാമ്പത്യ ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്നും പഠനങ്ങള്‍ പറയുന്നു.
മാനസിക ആരോഗ്യം
എങ്ങനെ സംരക്ഷിക്കാം
നമ്മുടെ മനസ്സിന്റെ താക്കോല്‍ മറ്റൊരാളുടെ കയ്യില്‍ ഏല്‍പ്പിക്കരുത് എന്ന ക്ലീഷേ ഡയലോഗ് നമ്മള് എന്നും കേള്‍ക്കുന്നതാണ്. പക്ഷേ അത് ഒരിക്കലും നമ്മള് പിന്തുടരാറില്ല. നമുക്കൊരു സങ്കടമോ ദേഷ്യമോ ഉണ്ടെങ്കില്‍ എപ്പോഴും നാം മറ്റൊരാളെ പഴിചാരാറുണ്ട്. യഥാര്‍ഥത്തില്‍ അവരാണോ അതിന്റെ കാരണക്കാര്‍? അവര്‍ പറയുന്നതോ ചെയ്യുന്നതോ നമ്മളെ ബാധിക്കാന്‍ നമ്മള് സമ്മതിച്ചു കൊടുത്തതു കൊണ്ടല്ലേ? പറയാനും ചെയ്യാനും അവര്‍ക്കുള്ള അവകാശം പോലെ തന്നെ അത് മനസ്സിലേക്ക് എടുക്കണോ കേള്‍ക്കണോ എന്ന് തീരുമാനിക്കാനുള്ള മനസ്സ് നമ്മള്‍ക്കുമില്ലേ?
. ഞാന്‍ ഒരുപാട് ജോലി ചെയ്യാറുണ്ട്, അതുകൊണ്ടുതന്നെ ഞാന്‍ വ്യായാമം ചെയ്യാറില്ല എന്ന് ഒഴിവുകഴിവുകളും പറയാറുണ്ട്. യഥാര്‍ഥത്തില്‍ വീട്ടുജോലികള്‍ ചെയ്യുന്നത് പലപ്പോഴും മനസ്സ് മടുത്തുകൊണ്ടാണ്. ഈ മടുപ്പിനെ ഇല്ലായ്മ ചെയ്യാന്‍ സഹായിക്കുന്ന, ശരീരത്തിലെ സ്ട്രെസ് ഹോര്‍മോണിനെ പുറത്ത് കളയാന്‍ സഹായിക്കുന്ന ഒന്നാണ് വ്യായാമം. ദിവസവും 45 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുകയാണെങ്കില്‍ ദിവസവും നേരിടുന്ന പല സ്ട്രെസ്സുകളെയും ടെന്ഷനുകളെയും പിടിച്ചുകെട്ടാന്‍ ഇത് സഹായിക്കും.
സന്തോഷം അറിഞ്ഞിട്ട് ഒരുപാട് കാലമായി എന്ന പരാതിയുമായി ഒരുപാട് പേര് കൗണ്‍സിലിംഗിന് വരാറുണ്ട്. നമ്മുടെ മനസ്സ് ഒരു സ്വിച്ച് ഇല്ലാത്ത, സദാ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു യന്ത്രം പോലെയാണ്. അതിലേക്ക് നല്ലതൊന്നും ഇട്ടുകൊടുത്തില്ലെങ്കില്‍ നിഷേദാത്മക ചിന്തകളില്‍ അത് അഭിരമിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് ജീവിതത്തില്‍ സന്തോഷിക്കാന്‍ ഒന്നും കണ്ടെത്താന്‍ ഇല്ലെങ്കില്‍ പോലും മുന്‍പുണ്ടായിരുന്ന സന്തോഷങ്ങളെ കുറിച്ചും ഇനി നേടാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെ കുറിച്ചും കണ്ണടച്ച് തീവ്രമായി സങ്കല്പ്പിച്ചു കൊണ്ടേയിരിക്കുക. സ്വാഭാവികമായും നിങ്ങളുടെ മനസ്സിലേക്ക് നിങ്ങള്‍ അറിയാതെ തന്നെ ഒരു സന്തോഷം കടന്നുവരും.
. പടച്ചവന് നല്കിയ ഒരു അനുഗ്രഹമാണ് സൂര്യ വെളിച്ചം, പക്ഷേ എത്ര പേര് ഇന്ന് വെയില് കൊള്ളാറുണ്ട്? എന്റെ അടുത്തുവരുന്ന കൂടുതല്‍ കേസുകളും വിറ്റാമിന്‍ ഡിയുടെ കുറവ് കാരണമാണ്. ശാരീരികമായുള്ള രോഗങ്ങള്‍ മുതല്‍ മാനസികമായിട്ടുള്ള അസ്വസ്ഥതകള്‍ വരെ വിറ്റാമിന്‍ ഡിയുടെ കുറവ് കാരണം ഉണ്ടാകാം. നമ്മുടെ ശരീരത്തിലെ സ്ട്രെസ് ഹോര്‍മോണിനെ കളയാനും സന്തോഷം നല്കുന്ന സെറിട്ടോണിന്റെ ഉത്പാദനം കൂട്ടാനും വിറ്റാമിന്‍ ഡി സഹായിക്കും.
. സമയത്ത് ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ക്രമമായി ചെയ്യുന്ന എന്തെങ്കിലും ചെക്കപ്പുകള്‍ ഉണ്ടെങ്കില്‍ അവ ചെയ്യുക.
. നല്ല സുഹൃത്ത് ബന്ധങ്ങള്‍ ഉണ്ടാക്കുക. എന്ത് കാര്യവും തുറന്നു സംസാരിക്കാന്‍, കേള്ക്കുന്നയാള് തന്നെ വിലയിരുത്തുമോ എന്ന പേടിയില്ലാതെ എല്ലാം തുറന്നു പറയാന്‍ ഒരു സുഹൃത്തിനെ കണ്ടെത്തുക. മാനസികമായ പിരിമുറുക്കം അനുഭവിക്കുമ്പോള്‍ കാര്യങ്ങള്‍ അവരുമായി പങ്കുവെക്കുക.
. മാനസികമായ സംഘര്‍ഷങ്ങള്‍ നിങ്ങള്‍ക്ക് താങ്ങുന്നില്ല എന്ന തോന്നുമ്പോള്‍ മടികൂടാതെ ഒരു മനശ്ശാസ്ത്രജ്ഞനെ സമീപിക്കുകയോ വൈദ്യസഹായം തേടുകയോ ചെയ്യുക.
നാം ശാരീരിക ആരോഗ്യത്തിന് ഊന്നല്‍ കൊടുക്കുന്നത് പോലെ തന്നെ മാനസിക ആരോഗ്യം സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, ഇന്ന് നമ്മള് അനുഭവിക്കുന്ന 70% രോഗങ്ങളില്‍ നിന്ന് ശമനം കിട്ടാനും ഇനി വരാന്‍ സാധ്യതയുള്ള രോഗങ്ങളെ തടയാനും ഇത് സഹായിക്കും. നമുക്ക് നല്ലത് എന്ന് തോന്നുന്നത് മാത്രം, നമ്മുടെ മനസ്സിലേക്ക് എടുക്കുകയും അല്ലാത്തതിനെ വിട്ടുകളയുകയും ചെയ്യുക, ജീവിതം ആസ്വാദ്യകരവും സന്തോഷകരവുമായിത്തീരും.