LoginRegister

മരുഭൂമിയിലെ ഉദ്യാനങ്ങള്‍

ഹാറൂന്‍ കക്കാട്

Feed Back


ഒറ്റനോട്ടത്തില്‍ ഭൂപടത്തില്‍ അത്രയൊന്നും ദൃഷ്ടിഗോചരമല്ലാത്ത കൊച്ചു രാജ്യം അതേ ഭൂപടത്തില്‍ തന്നെ നിറഞ്ഞുനില്‍ക്കുന്ന വലിയ രാജ്യങ്ങള്‍ക്കു മുമ്പില്‍ നടന്ന ചരിത്രമാണ് ഖത്തറിന്റേത്.
പോയ കാലം ഇവിടം കണ്ണീരിന്റേതായിരുന്നു. മരുക്കാറ്റ് മായ്ച്ചുകളയുന്ന സഞ്ചാരപഥങ്ങള്‍. വ്യവസ്ഥാപിതമായ പള്ളിക്കൂടങ്ങള്‍ പോലും ഇല്ലാതിരുന്ന പ്രവിശ്യകള്‍. വേണ്ടത്ര ആതുരാലയങ്ങളോ ആരാധനാലയങ്ങളോ ഇല്ലാതിരുന്ന പ്രദേശങ്ങള്‍. പ്രാഥമിക സൗകര്യങ്ങള്‍ക്കു പോലും പര്യാപ്തമല്ലാത്ത പാര്‍പ്പിടങ്ങള്‍. അക്ഷരാര്‍ഥത്തില്‍ ശൂന്യതയില്‍ നിന്ന് തുടങ്ങിയ ത്യാഗോജ്ജ്വല പ്രവര്‍ത്തനങ്ങള്‍ വിജയത്തിന്റെ സോപാനത്തിലേക്ക് കുതിച്ചുയര്‍ന്ന കാഴ്ചകള്‍ നിറഞ്ഞിരിക്കുന്നു ഖത്തറില്‍.
പ്രകൃതിഭംഗിയും ഭരണകര്‍ത്താക്കളുടെ കൃത്യമായ ആസൂത്രണവും ഇച്ഛാശക്തിയും ഈ നാടിനെ എത്രമേല്‍ മനോഹരമാക്കിയിരിക്കുന്നു എന്ന് ഇവിടെ എത്തുന്ന ഓരോ സഞ്ചാരിക്കും നേര്‍ക്കുനേര്‍ ആസ്വദിക്കാം.
വിശാലമായ മരുഭൂമി മാത്രമല്ല, പ്രകൃതിഭംഗിയാല്‍ സമൃദ്ധമായ മണ്ണു കൂടിയാണ് ഖത്തറിലേത്. സന്ദര്‍ശകരെ അദ്ഭുതപ്പെടുത്തുന്ന നിരവധി കാഴ്ചകളുടെ പറുദീസ! ഇതില്‍ പ്രധാന ഭാഗമാണ് ഈ നാട്ടിലെ ഉദ്യാനങ്ങള്‍.
സ്വര്‍ഗത്തിലെ ഉദ്യാനങ്ങള്‍
ഒരു പൂവ് വിരിഞ്ഞുനില്‍ക്കുന്നത് കണ്ടാല്‍ നോക്കിനില്‍ക്കാത്തവരായി ആരുണ്ട്? ആരെയും മയക്കുന്ന സുഗന്ധവും രൂപവും നിറങ്ങളുമായി എത്രയെത്ര പൂക്കളാണല്ലേ നമ്മുടെ ഈ ലോകത്തുള്ളത്! പല നിറങ്ങളിലും വലുപ്പത്തിലുമുള്ള പൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്ന പൂന്തോട്ടം കണ്ടാലോ? ഹരിതാഭമായ വൃക്ഷലതാദികളും പൂന്തോട്ടങ്ങളും സന്തോഷവും സമാധാനവും നല്‍കി മനുഷ്യരുടെ ജീവിതയാത്രയില്‍ ആത്മനിര്‍വൃതി നല്‍കുന്ന പ്രധാന ഘടകമാണ് ഉദ്യാനങ്ങള്‍.
ഇഹലോക ജീവിതത്തിലെ പരീക്ഷണങ്ങളില്‍ വിജയശ്രീലാളിതരാവുന്ന വിശ്വാസികള്‍ക്കാണ് പരലോകമോക്ഷം ലഭിക്കുക എന്നതാണ് പ്രകൃതിമതത്തിന്റെ കാഴ്ചപ്പാട്. ഇത്തരക്കാര്‍ക്ക് സ്വര്‍ഗമാണ് ദൈവം പ്രതിഫലമായി സമ്മാനിക്കുക. സ്വര്‍ഗത്തിന് വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ച പദം ജന്നത്ത് എന്നാണ്. ഉദ്യാനം എന്നാണ് ഇതിന് അര്‍ഥം. വൃക്ഷലതാദികള്‍, പുഷ്പവാടികള്‍, കായ്കനികള്‍ തുടങ്ങിയവയാലും പടര്‍ന്നുപിടിച്ച തണലുകളാലും നിര്‍ഭരമായിരിക്കും സ്വര്‍ഗം. അനശ്വരമായ സ്വര്‍ഗത്തിലെ അനുഭൂതികളില്‍ പ്രധാനമാണ് പച്ചപിടിച്ച തോട്ടങ്ങളിലെ ശാശ്വതമായ വാസം.
ഈന്തപ്പന, ഇലന്തമരം, റുമ്മാന്‍, ത്വല്‍ഹ് തുടങ്ങിയ ചില പേരുകള്‍ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സിദ്‌റത്തുല്‍ മുന്‍തഹ സ്വര്‍ഗത്തിലെ ഒരു വന്‍ വൃക്ഷമാണ്. സ്വര്‍ഗത്തിലെ ത്വൂബ എന്ന വൃക്ഷത്തില്‍ നിന്നാണ് സ്വര്‍ഗവാസികള്‍ക്കുള്ള വസ്ത്രങ്ങള്‍ നിര്‍മിക്കുന്നത് എന്ന് പ്രവാചക മൊഴികളിലുണ്ട്. സ്വര്‍ഗത്തിലെ ആരാമങ്ങളും അരുവികളും വിശ്വാസികള്‍ക്ക് സമ്മാനിക്കുന്ന മനോഹാരിതയെ കുറിച്ച് വേദഗ്രന്ഥങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കുന്നു.
ഉദ്യാന ചരിത്രത്തിലെ
കൗതുകങ്ങള്‍

1872ല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ സ്ഥാപിതമായ യെല്ലോ സ്റ്റോണ്‍ ഉദ്യാനമാണ് ആദ്യത്തെ ദേശീയോദ്യാനമായി അറിയപ്പെടുന്നത്. അമേരിക്കയില്‍ രൂപംകൊണ്ട ദേശീയോദ്യാനം എന്ന ആശയം അധികം താമസിയാതെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. 1900ാം ആണ്ടോടെ ആസ്‌ത്രേലിയ, കാനഡ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ ദേശീയോദ്യാനങ്ങള്‍ ആരംഭിച്ചു. ഇന്ന് 125 രാജ്യങ്ങളിലായി 1300ല്‍ അധികം ദേശീയ ഉദ്യാനങ്ങളുണ്ട്.
ആഹ്ലാദകരമായ ഉദ്യാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ കഥയാണ് നോര്‍ത്ത് ഇംഗ്ലണ്ടിലെ അലന്‍വിക് പൂന്തോട്ടത്തിന്റേത്. ഇരുമ്പുകൊണ്ട് നിര്‍മിച്ച കറുത്ത ചായം പൂശിയ ഒരു കവാടമുണ്ട് ഈ ഉദ്യാനത്തില്‍. ആ കവാടത്തിനകത്തു നിറയെ വിഷം നിറഞ്ഞ ചെടികളും പൂക്കളുമാണുള്ളത്. 12 ഏക്കറോളം വരുന്ന അലന്‍വിക് പൂന്തോട്ടത്തില്‍ വളര്‍ന്നുവരുന്ന ഹെംലോക്, ഫോസ്ഗ്ലോവ് തുടങ്ങി നൂറോളം ചെടികള്‍ വളരെയേറെ വിഷമുള്ളതാണ്. മനുഷ്യരുടെ ജീവനെടുക്കാനുള്ള ശേഷിയുണ്ട് ഇവയ്ക്ക്.
മരുന്നുചെടികളെ കുറിച്ചുള്ള പഠനത്തിയായി ഔഷധസസ്യങ്ങളും കറുപ്പ് പോലുള്ള മയക്കുമരുന്നു ചെടികളും അലന്‍വിക് ഉദ്യാനത്തില്‍ വളര്‍ത്തുന്നുണ്ട്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ അനുമതിയോടെയാണിത്. 2005ല്‍ നോര്‍ത്ത് ഇംഗ്ലണ്ട് പ്രദേശത്തെ രാജ്ഞി ആയിരുന്ന ജെയ്ന്‍ പേഴ്സിയാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. പതിവുശൈലികളില്‍ നിന്നു വിപരീതമായി ആളുകളെ ആകര്‍ഷിക്കുന്ന വ്യത്യസ്തമായ പൂന്തോട്ടമായിരുന്നു രാജ്ഞിയുടെ മനസ്സില്‍. യാത്രകള്‍ക്കിടയില്‍, മരുന്നുകള്‍ക്കായി വളര്‍ത്തുന്ന വിഷച്ചെടികള്‍ അവര്‍ കണ്ടു. ഇതായിരുന്നു അലന്‍വിക് പൂന്തോട്ടം നിര്‍മിക്കാന്‍ രാജ്ഞിക്കുണ്ടായ പ്രചോദനം.
ഇവിടത്തെ പൂക്കള്‍ കൈ കൊണ്ട് സ്പര്‍ശിക്കുകയോ മണത്തുനോക്കുകയോ രുചിക്കുകയോ ചെയ്യാന്‍ പാടില്ല. ചെടികളെ പരിപാലിക്കുന്നവര്‍ തന്നെ വളരെയേറെ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ജോലിയില്‍ ഏര്‍പ്പെടുന്നത്. പൂന്തോട്ടത്തില്‍ പലയിടങ്ങളിലും ‘ഇവിടെ വളരുന്ന ചെടികള്‍ക്ക് നിങ്ങളെ കൊല്ലാനുള്ള കഴിവുണ്ട്’ എന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. സന്ദര്‍ശകരില്‍ ചിലരെങ്കിലും ഇവിടത്തെ പൂക്കളുടെ ഗന്ധം ശ്വസിച്ച് ബോധരഹിതരായി വീഴാറുണ്ട്. എങ്കിലും സന്ദര്‍ശകര്‍ക്ക് ഒരു കുറവുമില്ല.
പൂക്കളെ ഒട്ടും വേണ്ടാതായ സമയമായിരുന്നു കോവിഡ് കാലം. ജീവസ്സുറ്റ പൂക്കള്‍ കൊണ്ട് വിവിധ നാടുകളുടെ പൂമുഖങ്ങള്‍ അലങ്കരിക്കുന്ന രാജ്യമായ ഹോളണ്ടില്‍ നിന്ന് ഇക്കാലത്ത് പുറത്തുവന്നത് കണ്ണീര്‍പ്പൂക്കളുടെ കഥകളായിരുന്നു.
കോവിഡ് കാരണം പൂന്തോട്ടങ്ങള്‍ പരിചരിക്കാന്‍ ഹോളണ്ടില്‍ തൊഴിലാളികള്‍ ഇല്ലാതായത് വലിയ മാധ്യമവാര്‍ത്ത ആയിരുന്നു.
പൂക്കള്‍ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനുള്ള വഴികള്‍ അടയുകയും വില കുത്തനെ ഇടിയുകയും ചെയ്തപ്പോള്‍ ഗതികെട്ട അവര്‍ ഒടുവില്‍ വലിയ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഹെക്ടര്‍ കണക്കിന് ഉദ്യാനങ്ങളിലെ പൂക്കള്‍ അപ്പാടെ നശിപ്പിക്കുകയായിരുന്നു.

ഖത്തറിലെ
വര്‍ണാഭമായ ഉദ്യാനങ്ങള്‍

മഴവില്ലഴകുപോലെ അത്യാകര്‍ഷകമായ നൂറിലേറെ ഉദ്യാനങ്ങളാണ് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്നത്. ലോകത്തെ ഏറ്റവും വലിയ ശീതീകരിച്ച ജോഗിങ് ട്രാക്ക് ഉള്‍പ്പെടുന്ന ഉമ്മു സനീം ഉദ്യാനം, ദോഹ നഗരമധ്യത്തിലെ അല്‍ ബിദാ ഉദ്യാനം, ആസ്‌പെയര്‍ പാര്‍ക്ക്, മിയാ പാര്‍ക്ക് തുടങ്ങി അതിമനോഹരമായ ഒട്ടേറെ ഹരിതഭൂമികള്‍ ഇവിടെയുണ്ട്.
2022 വര്‍ഷത്തില്‍ മാത്രം ഖത്തറില്‍ 12 പുതിയ ഉദ്യാനങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.
ഇതേ വര്‍ഷം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഡിപാര്‍ട്ട്‌മെന്റിനു കീഴില്‍ 10 ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തെ 62 എംബസികളാണ് പങ്കെടുത്തത്. രാജ്യത്തുടനീളം പൊതു ഉദ്യാനങ്ങള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പബ്ലിക് പാര്‍ക്‌സ് ഡിപാര്‍ട്ട്‌മെന്റിനു കീഴിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.
ശീതീകരിച്ച ഉമ്മുസനീം ഉദ്യാനം
ഖത്തറില്‍ ഏത് കൊടുംചൂടിലും പ്രയാസമില്ലാതെ നടത്തവും ജോഗിങും ചെയ്യാനുള്ള സൗകര്യമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ശീതീകരിച്ച ജോഗിങ് ട്രാക്ക് ഉള്‍പ്പെടുന്ന ഉദ്യാനം ഖത്തറിലെ ഉമ്മുസനീമിലാണ് സ്ഥിതി ചെയ്യുന്നത്.
1143 മീറ്റര്‍ നീളമുള്ള ഈ ട്രാക്ക് ‘ലോംഗസ്റ്റ് എയര്‍കണ്ടീഷന്‍ഡ് ഔട്ട്‌ഡോര്‍ പാത്ത്’ എന്ന പേരില്‍ ഗിന്നസ് ലോക റെക്കോഡില്‍ ഇടംനേടിയിട്ടുണ്ട്. 1.3 ലക്ഷം ചതുരശ്ര മീറ്ററിലായാണ് ഉമ്മുസനീം ഉദ്യാനം പരന്നുകിടക്കുന്നത്. പാര്‍ക്ക് പൂര്‍ണമായും കവര്‍ ചെയ്യുന്ന രീതിയിലാണ് ശീതീകരിച്ച ട്രാക്ക്. ഏത് സമയത്തും 26 മുതല്‍ 28 ഡിഗ്രി വരെയായിരിക്കും ഇവിടത്തെ അന്തരീക്ഷ താപനില. 50 ശതമാനം പ്രവര്‍ത്തന ചെലവ് ചുരുക്കുന്ന രീതിയിലുള്ള ആധുനിക ശീതീകരണ സംവിധാനമാണ് പാര്‍ക്കില്‍.
സോളാര്‍ പാനലുകളും തനിയെ താപനില കുറയ്ക്കുന്ന ട്രാക്കുകളുമൊക്കെയായി പരിസ്ഥിതിക്ക് ഇണങ്ങുന്നതും ചെലവ് കുറഞ്ഞതുമായ സംവിധാനമാണിത്.
തണുത്ത വായു പുറത്തേക്ക് പോകാതെ ട്രാക്കിനകത്ത് തന്നെ സര്‍ക്കുലേറ്റ് ചെയ്യുന്ന രീതിയില്‍ മരങ്ങളും വള്ളിച്ചെടികളുമൊക്കെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സൈക്കിള്‍ പാത, കുട്ടികളുടെ കളിസ്ഥലം, പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്കുള്ള സൗകര്യം, കച്ചവടങ്ങള്‍ക്കും മറ്റും സൗകര്യമുള്ള യാര്‍ഡുകള്‍, വിശാലമായ പുല്‍ത്തകിടികള്‍ തുടങ്ങിയവയെല്ലാം പാര്‍ക്കിലുണ്ട്. വിവിധ സേവനങ്ങള്‍ക്കുള്ള കിയോസ്‌കുകളാണ് പാര്‍ക്കിന്റെ മറ്റൊരു സവിശേഷത. ഇതില്‍ നാല് റസ്റ്റോറന്റുകള്‍, സൈക്കിള്‍ വാടകയ്ക്ക് നല്‍കുന്ന കിയോസ്‌ക് എന്നിവയും ഉള്‍പ്പെടുന്നു. എന്നാല്‍, രാജ്യത്തെ ആദ്യത്തെ ശീതീകരിച്ച ജോഗിങ് ട്രാക്ക് അല്‍ഗറാഫയിലെ ഉദ്യാനത്തിലേതാണ്. 50,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഖത്തറിലെ പൊതുപാര്‍ക്കുകളുടെ എണ്ണത്തിലുണ്ടായത് ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ്. 2010ല്‍ 56 പാര്‍ക്കുകളുണ്ടായിരുന്നത് 2022ല്‍ 148 പാര്‍ക്കുകളായി വര്‍ധിച്ചു. ഇക്കാലയളവില്‍ 164 ശതമാനം വര്‍ധനയാണ് പാര്‍ക്കുകളുടെ എണ്ണത്തിലുണ്ടായത്. ഹരിതയിടങ്ങളുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടായി. 2010ല്‍ പച്ചപ്പു നിറഞ്ഞ 25 ലക്ഷം ചതുരശ്ര മീറ്ററുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 4.3 കോടി ചതുരശ്ര മീറ്റര്‍ ഹരിതയിടങ്ങളുണ്ട്. ഗ്രീന്‍ ഏരിയയുടെ കാര്യത്തില്‍ 2010ല്‍ പ്രതിശീര്‍ഷ ഓഹരി ഒരു ചതുരശ്ര മീറ്ററില്‍ കുറവായിരുന്നെങ്കില്‍ ഇപ്പോഴത് 16 മടങ്ങ് വര്‍ധിച്ച് 16 ചതുരശ്ര മീറ്ററിലെത്തി. ഉമ്മുസനീം, റൗദത്ത് അല്‍ ഖെയ്ല്‍, പാണ്ട ഹൗസ് പാര്‍ക്ക് ഉള്‍പ്പെടെയുള്ള നിരവധി പൊതു പാര്‍ക്കുകള്‍ 2022ല്‍ തുറന്നിട്ടുണ്ട്.

വൈജ്ഞാനിക ഉറവിടമായ
ബൊട്ടാണിക് ഉദ്യാനം

ഖത്തര്‍ എജ്യൂക്കേഷന്‍ സിറ്റിയിലെ മിനാരത്തെയ്ന്‍ പള്ളിയുടെ അനുബന്ധമായി നിര്‍മിച്ച ബൊട്ടാണിക് ഗാര്‍ഡനില്‍ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ച 59 ഇനം സസ്യങ്ങള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. പ്രകൃതിവിജ്ഞാനം, വൈദ്യം തുടങ്ങിയ മേഖലകളില്‍ വിശുദ്ധ ഖുര്‍ആന്‍ ഉദ്‌ഘോഷിച്ച കാര്യങ്ങള്‍ ഉദ്യാനത്തില്‍ ശാസ്ത്രീയമായി ഉല്‍പാദിപ്പിച്ചിട്ടുണ്ട്.
സമാധാനത്തിന്റെ പ്രതീകമായ ഒലീവ് വൃക്ഷങ്ങള്‍ എമ്പാടും ഹരിതാഭയണിഞ്ഞ് മനം കുളിര്‍പ്പിക്കുന്നതാണ് ഇവിടത്തെ ഒരു സവിശേഷത. ആധുനിക ചികിത്സാരംഗം പ്രകൃതിയെ ഫലപ്രദമായി പ്രയോജനപ്പെടുത്താനുള്ള അടിസ്ഥാനം എന്താണെന്ന് ഈ ഉദ്യാന സന്ദര്‍ശനത്തിലൂടെ മനസ്സിലാക്കാം.
ഖുര്‍ആനിനു പുറമെ ഹദീസില്‍ പരാമര്‍ശിച്ച സസ്യങ്ങളും ഉണ്ട്. കാര്‍ഷിക വിളകളെ സംബന്ധിച്ച് അറബിയിലും ഇംഗ്ലീഷിലും വിശദീകരണമുള്ള ഫലകങ്ങളും ഡിജിറ്റല്‍ മാപ്പുകളും പ്രത്യേകം സ്ഥാപിച്ചിട്ടുണ്ട്.
‘ദശലക്ഷം വൃക്ഷം’ സംരംഭത്തിന്റെ ഭാഗമായി 2022 ഡിസംബര്‍ 18ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് ആല്‍താനി വൃക്ഷം നട്ടിരുന്നു. 2160 സ്‌കൂള്‍ വിദ്യാര്‍ഥികളും നിരവധി പ്രമുഖ വ്യക്തിത്വങ്ങളും ലോകകപ്പിന് ഖത്തറിലെത്തിയ ആരാധകരും ഈ സംരംഭത്തിനു കീഴില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
വകുപ്പ് നടത്തുന്ന ബോധവത്കരണവും സാമൂഹിക പങ്കാളിത്തവും എന്ന സംരംഭത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 52 ബോധവത്കരണ ശില്‍പശാലകളിലായി 5000 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഫാം യുവര്‍ കണ്‍ട്രി സംരംഭത്തിനു കീഴില്‍ നടന്ന പ്രവര്‍ത്തനങ്ങളില്‍ 35 സ്‌കൂളുകളില്‍ നിന്നായി 450 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. രണ്ടു ലക്ഷത്തിലധികം വൃക്ഷത്തൈകളും ലക്ഷത്തിലധികം കുറ്റിച്ചെടികളും വിതരണം ചെയ്തു. 15 പൊതു ഉദ്യാനങ്ങള്‍ക്കു കായിക ഉപകരണങ്ങളും ഫിറ്റ്‌നസ് ബോക്‌സുകളും സ്ഥാപിച്ചു. പബ്ലിക് പാര്‍ക്‌സ് ഡിപാര്‍ട്ടുമെന്റ് നടത്തുന്ന നഴ്‌സറികളില്‍ നിന്നായി 8,81,000 വൃക്ഷത്തൈകളും 1,26,000 കുറ്റിച്ചെടികളും ഉല്‍പാദിപ്പിച്ചു. ഹരിതയിടങ്ങള്‍ വര്‍ധിപ്പിക്കുന്നതു വഴി ഖത്തറിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബെ പറയുന്നു.
1.4 ലക്ഷം ചതുരശ്ര മീറ്ററിലായി സ്ഥിതി ചെയ്യുന്ന റൗദത്ത് അല്‍ ഖെയ്ല്‍ രാജ്യത്തെ വലിയ ഉദ്യാനമാണ്. 1183 മീറ്റര്‍ നീളമുള്ള നടപ്പാത, 1119 മീറ്റര്‍ ദൈര്‍ഘ്യമുള്ള ജോഗിങ് ട്രാക്ക്, 1118 മീറ്റര്‍ നീളമുള്ള സൈക്കിള്‍ വേ, കുട്ടികളുടെ കളിസ്ഥലം, ഫിറ്റ്‌നസ് ഏരിയ, ബാര്‍ബിക്യൂ, 98,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഗ്രീന്‍ ഏരിയ, 40 സൈക്കിള്‍ റാക്കുകള്‍ തുടങ്ങി സന്ദര്‍ശകര്‍ക്ക് നിരവധി സൗകര്യങ്ങള്‍ ഇവിടെ സംവിധാനിച്ചിട്ടുണ്ട്.
പബ്ലിക്ക് പാര്‍ക്‌സ് ഡിപാര്‍ട്ടുമെന്റിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ് പാണ്ട ഹൗസ് പാര്‍ക്ക്. ദോഹയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ അല്‍ഖോറിലെ ഫാമിലി ഉദ്യാനത്തിന് അരികെയാണ് 1,20,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പാണ്ട ഹൗസ് പാര്‍ക്ക്. രണ്ട് ഭീമന്‍ പാണ്ടകളാണ് ഇവിടത്തെ ആകര്‍ഷണീയത.
പുതിയ ഉദ്യാനങ്ങള്‍ തുറന്നതോടെ രാജ്യത്തെ പൊതു പാര്‍ക്കുകളുടെ വിസ്തീര്‍ണം മൂന്നു ദശലക്ഷം ചതുരശ്ര മീറ്റര്‍ പിന്നിട്ടതായി 2022ലെ നേട്ടങ്ങള്‍ സംബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ റിപോര്‍ട്ടില്‍ പറയുന്നുണ്ട്. 12.9 ദശലക്ഷം ചതുരശ്ര മീറ്റര്‍ ഹരിത പ്രദേശങ്ങളും ഇക്കാലയളവില്‍ ഉണ്ടായി. ശുദ്ധീകരിച്ച ജലം ഉപയോഗിച്ചുള്ള ഹരിതപ്രദേശങ്ങളുടെ ജലസേചനം 75 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 20 ഹോം ഗാര്‍ഡനുകള്‍ വകുപ്പിനു കീഴില്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ രാജ്യത്തെ ഉദ്യാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നു വകുപ്പ് മേധാവി എന്‍ജിനീയര്‍ മുഹമ്മദ് അല്‍ ഖൂരി വ്യക്തമാക്കിയിട്ടുണ്ട്.
ഖത്തര്‍ സ്വദേശികളുടെയും ഇവിടെ എത്തുന്ന വിവിധ രാജ്യക്കാരുടെയും പ്രധാന ആകര്‍ഷണീയതയും കൗതുകവുമായി രാജ്യത്തെ ഉദ്യാനങ്ങള്‍ ദേശീയചരിത്രത്തിനു തിളക്കം വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
സലാം താളത്തില്‍, ജസീം പള്ളിത്തൊടിക തുടങ്ങിയവരോടൊന്നിച്ചു ഖത്തറിലെ വിവിധ ഉദ്യാനങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങുമ്പോഴെല്ലാം വീണ്ടും അവ മാടിവിളിക്കുന്ന അനുഭവങ്ങളായിരുന്നു മനസ്സകം നിറയെ.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top