ആവേശത്തോടെ എന്റെ അടുത്തേക്ക് ഓടിവന്ന പച്ചക്കണ്ണുള്ള പെണ്‍കുട്ടിയന്ന് പതിവിനേക്കാള്‍ അധികം സംസാരിച്ചു. ഒരു കേള്‍വിക്കാരനെ കിട്ടിയ ആശ്വാസം ആ മുഖത്തു പ്രതിഫലിച്ചു.
”ഞങ്ങള്‍ ഇന്നെങ്ങോട്ടോ പോവുകയാണ്.” അവള്‍ വാചാലയായി.
വാരാന്തപ്പതിപ്പിന്റെ കഥകള്‍ അടങ്ങുന്ന പേജ് ലേഔട്ടിന്റെ അവസാന മിനുക്കുപണികള്‍ ചെയ്യുന്നതിനിടയില്‍ എനിക്ക് കിട്ടിയ ആ വാര്‍ത്താത്തുണ്ടിലെ കുട്ടിയുടെ മുഖം ആ പെണ്‍കുട്ടിയുടേതു പോലുണ്ടായിരുന്നു. ഒരു നിമിഷം ഇത് അവള്‍ തന്നെയാണോ എന്നു ശങ്കിച്ച് ഞാന്‍ അവളുടെ മുഖം ഓര്‍ത്തെടുക്കാന്‍ ഒരു ശ്രമം നടത്തിനോക്കി. ആ പച്ചക്കണ്ണുകളൊഴികെ മറ്റെല്ലാം കാലത്തിന്റെ ചുരുളുകള്‍ക്കിടയില്‍ മറഞ്ഞുപോയിരുന്നു. മസ്താന- അതായിരുന്നു അവളുടെ പേര്.
മലനിരകള്‍ക്കിടയിലെ ഉയര്‍ന്നും താഴ്ന്നും കിടക്കുന്ന ഭൂപ്രദേശത്തിനൊത്തു നിര്‍മിച്ച കൊച്ചുകെട്ടിടങ്ങള്‍ കണ്ട് പച്ചപ്പില്ലാത്ത പൊടി നിറഞ്ഞ വെള്ള നിരത്തുകളിലൂടെ നടക്കുമ്പോള്‍ അതിലൊരു വീടിന്റെ മുറ്റത്തെ പായയിലിരുന്ന് റൊട്ടിയുടെ വലിയ ഉരുളകള്‍ പരത്തുകയായിരുന്നു അവളുടെ പാപ്പ ഗുലാബ്. എന്നെ കണ്ടതും അയാള്‍ ചാടിയെഴുന്നേറ്റു. അയാളുടെ മുഖം വലിഞ്ഞുമുറുകി. ചുറ്റും തിരഞ്ഞു കൈയില്‍ കിട്ടിയ ആടുകളെ തെളിക്കുന്ന വടിയെടുത്ത് എന്റെ അടുത്തേക്കു പാഞ്ഞുവന്ന് എന്തെല്ലാമോ പഷ്തൂണില്‍ പറഞ്ഞു. എന്റെ സുഹൃത്ത് ജാഹിദ് അയാളെ ഒരുവിധത്തില്‍ പറഞ്ഞു സമാധാനിപ്പിച്ചു. അയാള്‍ എന്തുകൊണ്ട് അങ്ങനെ പ്രതികരിച്ചുവെന്ന് എനിക്ക് മനസ്സിലായില്ല. പിന്നീട് ജാഹിദിനോട് ചോദിച്ചപ്പോഴാണ് അയാളുടെ സ്ഥാനത്തു ഞാനായിരുന്നുവെങ്കില്‍ ചിലപ്പോള്‍ വിദേശികളെ കണ്ടാല്‍ വെട്ടിനുറുക്കുമായിരുന്നു എന്ന് എനിക്ക് മനസ്സിലായത്.
പിന്നീട് അയാള്‍ വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയത്. അവരുടെ ആതിഥേയത്വത്തിനു മുമ്പില്‍ ഞാന്‍ തോറ്റുപോയി. വലിയ പൊടിയുരുളകള്‍ പലകയിലിട്ട് കൈ കൊണ്ട് പരത്തി താളത്തില്‍ ചുഴറ്റി, ഓട്ടകളുള്ള ഒരു ഇരുമ്പച്ചു കൊണ്ട് കൂടുതല്‍ പരത്തി, തീ കത്തുന്ന കുഴിയടുപ്പിലേക്കിറക്കിവെച്ചു ചുട്ടെടുത്ത റൊട്ടിയും ദാല്‍ കറിയും തയ്യാറാക്കി. കഴിക്കുന്നതിനു മുമ്പ് കറിയില്‍ അയാള്‍ നാരങ്ങ പിഴിഞ്ഞു. അതാണ് അവരുടെ ഭക്ഷണം. റൊട്ടി കഷണങ്ങളാക്കി പാത്രത്തിലുള്ള കറിയില്‍ മുക്കി എല്ലാവരും കഴിക്കുന്നു. ഞാനും ജാഹിദും അവരോടൊപ്പം കൂടി. ഭക്ഷണത്തിനു ശേഷം ഞാന്‍ അവരോട് താലിബാന്റെ സമഗ്രാധിപത്യത്തെക്കുറിച്ചും മറ്റും അന്വേഷിച്ചു. അയാള്‍ അതിന് ഉത്തരമായി കരയുകയാണ് ചെയ്തത്. അയാളുടെ മകളും മകനും ഇതൊന്നുമറിയാതെ കുറച്ചകലെ പട്ടം പറത്തി കളിക്കുന്നുണ്ടായിരുന്നു.
ഞാന്‍ ഈ ആഴ്ച മുന്‍ പേജില്‍ ഇടം നേടേണ്ട ആ വാര്‍ത്ത കൈയിലെടുത്തു. ‘വീണ്ടും താലിബാന്‍’ എന്ന തലക്കെട്ടോടുകൂടിയ ആ വാര്‍ത്തയുടെ കൂടെയുള്ള ഫോട്ടോയിലാണ് ഞാന്‍ മസ്താനയെ കണ്ടത്.
”പോകുമ്പോള്‍ ഞായറാഴ്ച മേലേബസാറില്‍ നിന്നു വാങ്ങിയ മഞ്ഞവളകള്‍ അണിയാന്‍ മാ അനുവാദം തന്നിട്ടുണ്ട്.”
ജാഹിദായിരുന്നു ഇവിടെയും പരിഭാഷകന്‍. പൊടിയുടെ മേലാടയണിഞ്ഞു നില്‍ക്കുന്ന ദേവദാരു മരങ്ങള്‍ മസ്താനയുടെ വീടിനു കിരീടം ചൂടുന്നു.
”ഖാലിദ്, എന്തായെടോ? ഈ ഞായറാഴ്ച റിലീസ് ആവോ?” ഹമീദാണ്. അവന്‍ ഇങ്ങനെയാണ്. തമാശകളൊക്കെ പറഞ്ഞു പ്രസ്സിലെ ഓരോ കാബിനിലൂടെയും പറന്നു നടക്കും. ഏല്‍പിച്ച പണി പറഞ്ഞ സമയത്തിനു മുമ്പ് തീര്‍ക്കും. പിന്നെ മറ്റുള്ളവരെ സഹായിക്കും. ചിലപ്പോള്‍ അവനൊരു ദൈവദൂതനാണോ എന്നു പോലും എനിക്കു തോന്നിപ്പോയിട്ടുണ്ട്. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ദേ നിക്കുന്നു ആള് മുമ്പില്‍! ടെക്‌നിക്കല്‍ പ്രോബ്ലം ആണെങ്കിലും വാര്‍ത്തയുടെ വരികളിലെ ചെറിയ തെറ്റുകളാണെങ്കിലും ഞൊടിയിടയില്‍ അവന്‍ അത് പരിഹരിച്ചുതരും.
”അല്ലെടോ, താനെന്താ സ്വപ്‌നം കാണുകയാണോ?”
അതിനുത്തരമായി ഞാനവന് ആ ഫോട്ടോ കാണിച്ചുകൊടുത്തു. അവനും അതില്‍ നോക്കിയിരുന്നു, കുറച്ചധികം നേരം.
മസ്താനയുടെ കൈയിലെ മഞ്ഞപ്പട്ടത്തിലേക്കു നോക്കിയിരിക്കുമ്പോഴാണ് അവളുടെ ചോദ്യം വന്നത്:
”അങ്കിള്‍, അന്ന് ഞങ്ങള്‍ മേലേബസാറില്‍ നിന്നു വന്നതില്‍ പിന്നെ മായും പായും തിരക്കിലാണ്. എനിക്ക് പട്ടത്തിന്റെ നൂല്‍ കെട്ടിത്തരാന്‍ കൂടി അവര്‍ക്ക് സമയമില്ല. ഫര്‍ഹാന്‍ കരഞ്ഞാല്‍ മാത്രമേ മാ നോക്കൂ. ചിലപ്പോള്‍ ഞാന്‍ വിചാരിക്കും കരഞ്ഞാലോ എന്ന്. അവര്‍ക്ക് എന്താണിത്ര തിരക്ക്?”
അവളുടെ നാട്ടില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ ആ കുഞ്ഞുമനസ്സിന് എന്ത് മനസ്സിലാകുമോന്ന് അറിയാത്തതുകൊണ്ടും, ഇനി മനസ്സിലായാല്‍ തന്നെ അത് അവളെ ഭയപ്പെടുത്തുമെന്നും അറിയാവുന്നതുകൊണ്ട് ഞാനൊന്നും പറഞ്ഞില്ല.
അവളുടെ ചോദ്യങ്ങള്‍ എപ്പോഴും തിരസ്‌കരിക്കപ്പെടുന്നതുകൊണ്ടാകും അന്ന് പിന്നെ അവള്‍ എന്നോടൊന്നും ചോദിച്ചില്ല. രാത്രിയില്‍ മുഴുവന്‍ എന്റെ മനസ്സില്‍ ആ ചോദ്യമായിരുന്നു. ഉത്തരം കിട്ടാതെ അത് എന്റെ മനസ്സില്‍ അലഞ്ഞുതിരിഞ്ഞു. പിറ്റേന്ന്, ‘അഫ്ഗാനിസ്താനിലെ ഗ്രാമീണ ജീവിതം: അന്നും ഇന്നും’ എന്ന വിഷയത്തിലൊരു ഫീച്ചര്‍ കവര്‍ ചെയ്യണമെന്നാണ് എനിക്ക് ഓഫീസില്‍ നിന്നു കിട്ടിയ നിര്‍ദേശം. അതിനായി കാമറയും തൂക്കി ജാഹിദിനെയും കൂട്ടി ഞാന്‍ കോളിഫ്‌ളവര്‍ കൃഷിയിടത്തിലും പെട്ടിക്കടകളിലും കയറിയിറങ്ങി. അവിടത്തെ ആളുകളുടെ ആത്മവിശ്വാസവും സര്‍ഗാത്മകതയും കണ്ടു ഞാന്‍ ഞെട്ടി. മുങ്ങുന്ന ബോട്ടിലെ കപ്പിത്താന്‍മാരാണ് എന്നറിഞ്ഞിട്ടും ജീവിതത്തെക്കുറിച്ച് അവര്‍ക്ക് ഒരുപാട് കണക്കുകൂട്ടലുകളുണ്ട്. ഒരുപക്ഷേ, കഷ്ടപ്പാടുകളുടെ കനലുകള്‍ അവരെ മനഃശക്തിയുള്ളവരാക്കിയതായിരിക്കാം. നീണ്ട ജുബ്ബയുടെ പോക്കറ്റിലൊളിപ്പിച്ച ഓറഞ്ചു കഷണങ്ങള്‍ നുണഞ്ഞും ഫ്‌ളാസ്‌കില്‍ തയ്യാറാക്കി കൊണ്ടുവന്ന ചായ കുടിച്ചും അവര്‍ ഒഴിവുവേളകളെ ആനന്ദകരമാക്കി.
”ഇതാണോ നാളത്തെ കവര്‍ സ്റ്റോറി?”
ഞാന്‍ തലയാട്ടി.
”എന്നാല്‍ ഇതല്ല. മറ്റൊന്നായിരിക്കും നാളത്തെ പത്രത്താളുകളില്‍ ഇടം പിടിക്കുന്ന വാര്‍ത്ത.”
വിദൂരതയിലേക്ക് നോക്കി ഒരു ഭാവവ്യത്യാസവുമില്ലാതെയാണ് ഹമീദ് അതു പറഞ്ഞത്. ഞാന്‍ അത് അവന്റെ ഒരു തമാശയായി കണക്കാക്കി വിട്ടുകളഞ്ഞതേയുള്ളൂ.
”പാ ഇപ്പോള്‍ ജോലിക്ക് പോകുന്നില്ലെങ്കിലും എപ്പോഴും ആധിയാണ്. എന്ത് ചോദിച്ചാലും മറുപടിയില്ല. എപ്പോഴും മായോട് ചൂടാകും.”
”സാരമില്ല, എല്ലാം ശരിയാകും.”
അവള്‍ക്കതു മനസ്സിലായോ എന്നറിയില്ല. ജാഹിദ് അത് തര്‍ജമ ചെയ്തു കഴിയുന്നതിനു മുമ്പ് എനിക്ക് അവിടന്നു പോകേണ്ടിവന്നു.
”പറ്റില്ല. അങ്ങനെ ഒരു കാര്യം ചെയ്യേണ്ടിവന്നാല്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ല.”
മസ്താനയുടെ മായാണ്. അവര്‍ എന്തോ ഭ്രാന്തുപിടിച്ചതുപോലെ മതിലില്‍ തലയിട്ടടിക്കുന്നത് ജനാലപ്പാളിയിലൂടെ ഒരു മിന്നായം പോലെ ഞാന്‍ കണ്ടു.
ദൂരെ നിന്നു വെടിയൊച്ചകള്‍ ഉയര്‍ന്നു കേള്‍ക്കാമായിരുന്നു. ഇവിടെ ഇത് പതിവായതുകൊണ്ട് അവ ആരുമിപ്പോള്‍ കാര്യമാക്കാറില്ല. തീ തുപ്പുന്ന തോക്കുകള്‍, പീരങ്കികള്‍, എതിരാളികള്‍- എല്ലാം ഒരുപോലെയാണ്.
”ഒരു എമര്‍ജന്‍സിയുണ്ട്. നാളത്തെ കവര്‍ സ്റ്റോറി ഒന്ന് മാറ്റേണ്ടിവരും”- എക്സിക്യൂട്ടീവ് എഡിറ്ററാണ്.
” എന്താണ് സര്‍?”
” നമ്മുടെ മുന്‍മന്ത്രി ശിവകുമാര്‍ വെടിയേറ്റു മരിച്ചു.”
”ശരി സര്‍, മാറ്റാം.”
ഹമീദിന്റെ പ്രവചനം ശരിയായ കാര്യം പറയാന്‍ ഞാന്‍ അവനെ അന്വേഷിച്ചു. എന്നാല്‍ അവന്‍ ഓഫിസിലൊന്നും ഉണ്ടായിരുന്നില്ല. അടുത്ത ദിവസത്തെ കവര്‍സ്റ്റോറിയുടെ പണികള്‍ ചെയ്തുതീര്‍ക്കാനുണ്ടായതിനാല്‍ എനിക്ക് അവനെ അന്വേഷിക്കാന്‍ കൂടുതല്‍ സമയമുണ്ടായിരുന്നില്ല. പിന്നെ അടുത്ത ആഴ്ചയാണ് ഞാനാ ഫോട്ടോയെപ്പറ്റി ഓര്‍ക്കുന്നത്.
”എന്ത് ചെയ്യാം! നമുക്ക് നിവൃത്തിയില്ലാതായിപ്പോയി. എനിക്ക് സങ്കടമില്ലാഞ്ഞിട്ടല്ല. അല്ലെങ്കില്‍ ഫര്‍ഹാന്‍ പട്ടിണി കിടന്നു മരിക്കും.” മസ്താനയുടെ പായുടെ വാക്കുകള്‍.
”നമുക്ക് എവിടെയെങ്കിലും പോകാം.”
”നീയെന്താണീ പറയുന്നത്? അതത്ര എളുപ്പമുള്ള കാര്യമല്ല. അപകടമാണ്. അവരുടെ കണ്ണില്‍ പെട്ടാല്‍ പിന്നെ രക്ഷയില്ല.”
മസ്താനയുടെ മാ നിര്‍ത്താതെ കരഞ്ഞു. മാ എന്തിനാണ് കരയുന്നത് എന്നറിയാതെ മസ്താനയും ഫര്‍ഹാനും കൂടെ കരഞ്ഞു. ജാഹിദിനോട് ഞാന്‍ കാര്യം അന്വേഷിച്ചു. കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. മനുഷ്യക്കച്ചവടം! അതാണ് അവിടെ നടക്കുന്നത്. പട്ടിണിയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി തങ്ങളുടെ മക്കളെ വില്‍ക്കാന്‍ നിര്‍ബന്ധിതരാവുന്ന മനുഷ്യര്‍. വിദേശികള്‍ തങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാറുള്ളതുകൊണ്ടാണ് മസ്താനയുടെ പാ അന്ന് അങ്ങനെ എന്നോട് പെരുമാറിയത്. എന്നാല്‍ ഇപ്പോള്‍…?
”ഹമീദ്, നീയെവിടെ?”
”നീയൊന്നു വീട്ടിലേക്കു വാ.” ഹമീദിന്റെ ശബ്ദം വല്ലാതായിരുന്നു.
”അങ്ങനെ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഞാന്‍ മരിക്കും” എന്ന മായുടെ വാക്കുകള്‍ എനിക്ക് ആശ്വാസമേകുന്നതായിരുന്നു. അവരൊരിക്കലും മസ്താനയെ വിട്ടുകൊടുക്കില്ലെന്ന വിശ്വാസം. എന്നാല്‍, പട്ടിണി നിവൃത്തിയില്ലായ്മയിലേക്കും അത് പിന്നീട് ആവശ്യകതയിലേക്കും വഴിതെളിക്കുകയായിരുന്നു. ആവശ്യകതയാണല്ലോ സൃഷ്ടിയുടെ മാതാവ്.
അഫ്ഗാനില്‍ ഇതൊരു പതിവാണത്രേ. മൂന്നു വര്‍ഷം മുമ്പ് കനത്ത വരള്‍ച്ച വന്നപ്പോഴും ഇത്തരം സംഭവവികാസങ്ങള്‍ ഇവിടെ അരങ്ങേറിയിട്ടുണ്ട്. എന്നാല്‍, അതെന്നെ തകര്‍ത്തു. ന്യൂസ് ചാനലിലും സുഹൃത്തുക്കളോടുമെല്ലാം ഞാന്‍ സഹായം അഭ്യര്‍ഥിച്ചു. ഒടുവില്‍ അവര്‍ സഹായിക്കാമെന്നേറ്റു. ഹമീദ് തന്റെ സ്വന്തം മകളായി മസ്താനയെ വളര്‍ത്താമെന്നു പറഞ്ഞത് എനിക്ക് വലിയൊരു ആശ്വാസമായിരുന്നു.
എന്നാല്‍, ഒരു അഫ്ഗാനി പെണ്‍കുട്ടിയെ ഇന്ത്യയിലേക്ക് കൊണ്ടുവരിക എളുപ്പമല്ലായിരുന്നു. എതിര്‍പ്പുകള്‍ക്കൊടുവില്‍ ഞങ്ങള്‍ നാട്ടിലെത്തി.
ഞാനിന്നു ഹമീദിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് ഹമീദിന്റെയും കുടുംബത്തിന്റെയും ആവലാതി എന്തിനായിരുന്നുവെന്നു മനസ്സിലായത്. മസ്താന ഞാന്‍ ഹമീദിന് കൊടുത്ത തന്റെ കൊച്ചനുജന്റെ ഫോട്ടോ നെഞ്ചോട് ചേര്‍ത്തു കരയുകയായിരുന്നു. ഒരുപാട് നാളു കൂടി അവനെ കണ്ട സന്തോഷമോ, അവന് എന്തെങ്കിലും പറ്റിയിട്ടുണ്ടാകുമോ എന്ന ആധിയോ? അവള്‍ ഇപ്പോള്‍ തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നുണ്ടാകുമോ?
അവളുടെ കൈയിലെ മഞ്ഞപ്പട്ടം കാറ്റില്‍ പറന്നുയര്‍ന്നു. അത് അവശേഷിപ്പിച്ച ആ പൊട്ട് മാഞ്ഞുപോകല്ലേയെന്ന് ഞാന്‍ ആശിച്ചു.