LoginRegister

പൊലീസിനുള്ളിലെ കാവിമനസ്സ്

അഡ്വ. ത്വഹാനി

Feed Back


കേരള പൊലീസില്‍ ഹിന്ദുത്വ ശക്തികൾക്കുള്ള സ്വാധീനം വെളിപ്പെടുത്തുന്ന വാർത്തകളും വെളിപ്പെടുത്തലുകളുമാണല്ലോ കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന വാർത്തകളിലൊന്ന്. പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് മുതല്‍ ഇന്റലിജന്‍സ് എഡിജിപി വരെ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകളുടെ ഒരു കോപ്പി എറണാകുളം എളമക്കരയിലെ ആര്‍എസ്എസ് ആസ്ഥാനത്തേക്കാണ് അയക്കുന്നതെന്ന സംശയം ബലപ്പെടുത്തുന്ന തരത്തിലുള്ള കാര്യങ്ങളാണ് നടക്കുന്നത്.
സംഘ്പരിവാര്‍ വേദികളിലെ ഇസ്‌ലാമോഫോബിക് ഭാഷയാണ് എഡിജിപി എം ആര്‍ അജിത്കുമാര്‍ അടക്കമുള്ളവര്‍ പൊതുവേദിയില്‍ പോലും പ്രയോഗിക്കുന്നത്.
ദുരൂഹമായ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് നടന്നപ്പോള്‍, കൃത്യമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി കൃത്യം നടത്തിയതെന്നും ഇദ്ദേഹം തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനാണെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് എ ഡി ജി പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പ്രതിക്ക് സാക്കിര്‍ നായിക്ക്, ഇസ്രാ അഹമ്മദ് തുടങ്ങിയവരുടെ ആക്രമണോത്സുക വീഡിയോകള്‍ സ്ഥിരമായി കാണുന്ന ശീലമുണ്ടെന്നും പ്രതി വരുന്ന സ്ഥലവും (ഷഹീന്‍ബാഗ്) അവിടുത്തെ പ്രത്യേകതകളും എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും എ ഡി ജി പി പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ ഉള്ളിലെ മുസ്‌ലിം വിരുദ്ധതയും ആർഎസ്എസ് മനസ്സും വ്യക്തമാക്കുന്ന പ്രതികരണങ്ങളായിരുന്നു അത്.
കുട്ടിയടക്കം മൂന്നുപേര്‍ മരിക്കുകയും ഒമ്പതുപേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി പിടിയിലായെങ്കിലും ആക്രമണ കാരണം, ആസൂത്രണം എന്നിവയടക്കമുള്ള കാര്യങ്ങളാണ് ഉത്തരമില്ലാ ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നത്.
ഷാഹീന്‍ ബാഗ് സ്വദേശിയായ പ്രതി ഷാറൂഖ് സെയ്ഫിയെ മഹാരാഷ്ട്ര എ.ടി.എസ് പിടികൂടി കേരള പൊലീസിന് കൈമാറിയെങ്കിലും ‘മോട്ടീവ്, പ്ലാനിങ്’ എന്നിവയടക്കമുള്ള തലങ്ങളിലേക്ക് കേരള പൊലീസിന്റെ അന്വേഷണം പോയില്ലെന്ന് അന്നേ ആക്ഷേപമുയര്‍ന്നിരുന്നു. പിന്നാലെ കേസ് ഏറ്റെടുത്ത എന്‍.ഐ.എയും കേരള പൊലീസിനപ്പുറം സമഗ്രാന്വേഷണം നടത്താതെ കോടതിയില്‍ കുറ്റപത്രം നല്‍കുകയാണ് ചെയ്തത്. കൊലപാതകമായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്ന് കുറ്റപത്രത്തില്‍ എന്‍.ഐ.എ ചൂണ്ടിക്കാട്ടിയെങ്കിലും എന്തിനായിരുന്നു ആക്രമണമെന്നതില്‍ വ്യക്തതയില്ല.
ഷാഹീന്‍ ബാഗ് സ്വദേശിയായ ഷാറൂഖ് സെയ്ഫി എന്തിനാണ് കേരളത്തിലെത്തി ആക്രമണം നടത്തിയത്, കേരളത്തോട് എന്തെങ്കിലും വൈരാഗ്യമുണ്ടായിരുന്നോ, ഇതുവരെ ഒരു കേസിലും ഉള്‍പ്പെടാത്ത ഇയാള്‍ക്ക് ഇത്തരമൊരു വലിയ കുറ്റകൃത്യത്തിന് പ്രേരണ നല്‍കിയതാരാണ്, പ്രാദേശികമായ സഹായം കിട്ടാതെ ഷൊര്‍ണൂരില്‍ വന്നിറങ്ങാനും അവിടെനിന്ന് പെട്രോള്‍ വാങ്ങി ട്രെയിനില്‍ കയറാനും രാത്രി എലത്തൂരില്‍ ആക്രമണം നടത്താനും തുടര്‍ന്ന് അതേ ട്രെയിനില്‍ കണ്ണൂരിലെത്തി അവിടെനിന്ന് രത്‌നഗിരിയിലേക്ക് രക്ഷപ്പെടാനുമൊക്കെ കഴിയുമോ, ഇത്തരമൊരു കുറ്റകൃത്യത്തിന് പോകുമ്പോള്‍ തിരിച്ചറിയല്‍ രേഖകള്‍ അടക്കമുള്ളവ പ്രതി കൈയില്‍ കരുതിയതും അത് ആക്രമണം നടത്തിയ ട്രെയിനില്‍ ഉപേക്ഷിച്ചതും എന്തിനാണ് എന്നതടക്കമുള്ള സംശയങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. ഇവ പലതും കേരള പൊലീസിന്റെ അന്വേഷണ വേളയില്‍ രാഷ്ട്രീയ നേതാക്കളടക്കം ഉന്നയിച്ചുവെങ്കിലും അന്വേഷണസംഘം മുഖവിലക്കെടുത്തില്ല.
യു.എ.പി.എ കേസായിട്ടും ഇക്കാര്യങ്ങള്‍ അന്വേഷിക്കാത്തത് ചൂണ്ടിക്കാട്ടിയപ്പോഴാണ് ‘പ്രതി ഭീകര കേന്ദ്രത്തില്‍നിന്നാണ് വരുന്നത് (ഷാഹീന്‍ബാഗ്), അയാള്‍ സാക്കിര്‍ നായിക്കിന്റെയും മറ്റും വിഡിയോകള്‍ യു ട്യൂബില്‍ കണ്ടിരുന്നു’ എന്നെല്ലാം എ.ഡി.ജി.പി അജിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. മഹാരാഷ്ട്ര എ.ടി.എസില്‍ നിന്ന് ഏറ്റുവാങ്ങിയ പ്രതിയെ കേരള പൊലീസ് കാറില്‍ കേവലം നാല് ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് കോഴിക്കോട്ടെത്തിച്ചത്. എസ്‌കോര്‍ട്ട് വാഹനം പോലും ഇല്ലാതിരുന്നതും കണ്ണൂരില്‍ കാറിന്റെ ടയര്‍ പഞ്ചറായി റോഡില്‍ കുടുങ്ങിയതുമൊക്കെ അന്ന് സുരക്ഷാവീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇതെല്ലാം അവഗണിച്ച് പ്രതി റോഡില്‍ കുടുങ്ങിയത് ആദ്യം വാര്‍ത്തയാക്കിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ചേവായൂര്‍ പൊലീസ് കേസെടുക്കുകയാണ് ചെയ്തത്. പ്രതിയുടെ വിവരം ചോര്‍ന്നെന്നു പറഞ്ഞ് ഐ.ജി പി. വിജയനെ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി.
കര്‍ണാടക തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്നായിരുന്നു എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന്റെ ലക്ഷ്യമെന്ന് സംശയിക്കാവുന്ന തരത്തിലാണ് കേസിന്റെ അന്വേഷണവും എഡിഡിപിയുടെ പ്രതികരണവുമെല്ലാം.
‘ആര്‍ എസ് എസിന്റെ ധാരണയും ഐബിയുടെ രീതിയും ഒരു പോലെയാണെന്ന് ‘ ഐബിയുടെ മുന്‍ ജോയിന്റ് ഡയറക്ടര്‍ എം കെ ധര്‍ ഓപണ്‍ സീക്രട്ട്‌സ് എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്. സമാന സ്ഥിതിയാണ് കേരളത്തിലും. കേരള പൊലീസ് ആര്‍എസ്എസ് ഭാഷയിലാണ് സംസാരിക്കുന്നത്.
കടുത്ത ഹിന്ദുത്വവാദികളാണ് പൊലീസിലെ നിര്‍ണായക പോസ്റ്റുകളില്‍ ഇപ്പോള്‍ ഉള്ളത്. സുജിത് ദാസ് എന്ന കൊടുംക്രിമിനല്‍ ഇറങ്ങിപ്പോയ ശേഷവും മലപ്പുറത്ത് ഹിന്ദുത്വ അജണ്ട തന്നെയാണ് പൊലീസ് നടപ്പാക്കുന്നത്. മലപ്പുറം ഒരു പ്രശ്‌നബാധിത പ്രദേശമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പൊലീസ് ശ്രമിച്ചത്.
സാധ്യമെങ്കില്‍ മലപ്പുറത്ത് ഒരു പട്ടാള ഭരണം തന്നെ ഏര്‍പ്പെടുത്തണമെന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. എങ്കില്‍ പിന്നെ മലപ്പുറത്തെ പതിയെ ഒരു കശ്മീരായി മാറ്റാം. ഇത്തരം ആഗ്രഹങ്ങള്‍ക്ക് വേണ്ട മെറ്റീരിയല്‍സ് ലക്ഷ്യമിട്ടാണ് മലപ്പുറത്തെ ക്രൈം റേറ്റ് വര്‍ധിപ്പിക്കുന്ന പരിപാടി പൊലീസ് നടപ്പിലാക്കുന്നത്. സർക്കാറിന്റെ സഹായത്തോടെ ആര്‍എസ്എസും പൊലീസും ചേര്‍ന്ന് അത് നടപ്പാക്കുകയാണ് മലപ്പുറത്ത് എന്നുവേണം മനസ്സിലാക്കാൻ.

കഴിഞ്ഞ നാല് വര്‍ഷം എല്ലാ പരിധികളും വിട്ടാണ് മലപ്പുറത്ത് പൊലീസ് പ്രവര്‍ത്തിച്ചത്. മലപ്പുറത്തെ എല്ലാ സമരങ്ങളെയും പൊലീസ് അതിഭീകരമാംവിധം അടിച്ചമര്‍ത്തി. കലക്ട്രേറ്റിന് മുന്നിലേക്ക് ഭരണകക്ഷികളൊഴികെ ആര് കൊടിപിടിച്ച് ചെന്നാലും അടിച്ച് തലതല്ലിപ്പൊളിക്കുക എന്ന നയമാണ് പൊലീസ് സ്വീകരിച്ചത്. മലപ്പുറം പ്രശ്‌നബാധിതം എന്ന് വരുത്താനല്ലാതെ മറ്റെന്ത് ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത് ?
പുറത്തുവന്ന ഒരു ഓഡിയോ ടേപ്പില്‍ മലപ്പുറം മുന്‍ എസ് പി സുജിത് ദാസിന്റെ സംസാരത്തിൽ പൊലീസിന് ലഭിക്കുന്ന രാഷ്ട്രീയ പിന്തുണ വ്യക്തമാണ്. സർക്കാർ ആരോപണ വിധേയർക്കെതിരെ നടപടിയെടുക്കാൻ തുനിയാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം നിലനിൽക്കുന്നുണ്ട്.
മലപ്പുറത്തെ ഇസ്‌ലാമോഫോബിക്, വംശീയ പൊലീസിംഗിന്റെ പദ്ധതിയില്‍ ആര്‍എസ് എസും സുജിത് ദാസും ഭരണസംവിധാനങ്ങളും ഒരു പോലെ പങ്കാളിയാണ്.
മലപ്പുറം ജില്ലയില്‍ മാത്രമല്ല, മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളിലെല്ലാം പൊലീസ് ക്രൈം റേറ്റ് കൂട്ടാനുള്ള അധ്വാനം നടത്തിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ വടക്കേക്കാട് അത്തരത്തിലൊരു നീക്കം നടത്തിയത് സി ഐ അമൃതരംഗനെ വെച്ചാണ്. വടക്കേകാട് സിഐ ആകുന്നതിന് മുമ്പ് അമൃതരംഗന്‍ മലപ്പുറത്താണ് ജോലി ചെയ്തിരുന്നത് എന്ന് കൂടി ചേര്‍ത്ത് വായിക്കണം. മലപ്പുറം ജില്ലയോട് ചേര്‍ന്നു കിടക്കുന്ന വടക്കേകാടും ഇത്തരത്തില്‍ പൊലീസ് പെരുമാറിയെങ്കില്‍ കേരളത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും ശരിക്കുമൊരു പരിശോധന നടത്തണം. പൊലീസിനെ കൃത്യമായി ഓഡിറ്റ് ചെയ്താനുള്ള സാമൂഹിക ഇടപെടല്‍ അനിവാര്യമാണ്. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top