പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിനിയാണ്. പൈലറ്റാകാനാണാഗ്രഹം. പഠനാവസരങ്ങള്‍ വിശദമാക്കാമോ?
നജ ഫിറോസ് തിരുത്തിയാട്
വ്യോമയാന മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട തൊഴിലുകളിലൊന്നാണ് പൈലറ്റ്. ആകാശ ദിശ നിര്‍ണയിച്ച്, കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ മനസ്സിലാക്കി, നൂതനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിമാനം പറത്താനുള്ള കഴിവ് ഒരു പൈലറ്റ് ആര്‍ജിക്കേണ്ടതുണ്ട്.
സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് (എസ്.പി.എല്‍), പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് (പി.പി.എല്‍), കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് (സി.പി.എല്‍) എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് പരിശീലനം നേടേണ്ടത്. യാത്രക്കാരെയും ചരക്ക് സാമഗ്രികളെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ പറത്തുന്നതിന് അംഗീകൃത പൈലറ്റ് പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടേണ്ടതുണ്ട്. ഇന്ത്യയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) ആണ് പൈലറ്റ് ലൈസന്‍സ് നല്‍കുന്ന അതോറിറ്റി.
മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളോടെയുള്ള പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത.
ഇന്ത്യയിലും വിദേശത്തുമായി സി പി എല്‍ കോഴ്‌സ് നല്‍കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. വലിയ പണച്ചെലവുള്ളതാണ് പൈലറ്റ് പരിശീലനം. എന്‍ ഡി എ പരീക്ഷയെഴുതി സായുധ സേനാ വിഭാഗങ്ങളില്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സെലക്ഷന്‍ ലഭിക്കുന്നവര്‍ക്ക് സൗജന്യ പൈലറ്റ് പരിശീലനം നേടാനവസരമുണ്ട്.
പൈലറ്റ് പരിശീലനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമാണ് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ അമേത്തിയിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാന്‍ അക്കാദമി (IGRUA).
മള്‍ട്ടി എന്‍ജിന്‍ വിമാനത്തിലെ ഇന്‍സ്ട്രുമെന്റ് റേറ്റിങ് അടക്കമുള്ള കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് പ്രോഗ്രാം (ആബ് ഇനിഷ്യോ ടു സി പി എല്‍) ഏകദേശം 24 മാസത്തിനകം പൂര്‍ത്തിയാക്കാനാകും. ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങളില്‍ ഓരോന്നിലും 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് 45 ശതമാനം മതി. 158 മുതല്‍ 185 സെന്റീമീറ്ററിനിടയില്‍ ഉയരമുള്ള അവിവാഹിതരാകണം.
ജനറല്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, യുക്തിചിന്ത, ആനുകാലിക സംഭവങ്ങള്‍ എന്നിവയില്‍ പ്ലസ് ടു നിലവാരത്തിലുള്ള ഒബ്ജക്റ്റീവ് ചോദ്യങ്ങളടങ്ങിയ ഓണ്‍ലൈന്‍ പരീക്ഷയാണ് ആദ്യഘട്ടം. നെഗറ്റീവ് മാര്‍ക്കില്ല. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് പൈലറ്റ് അഭിരുചി / സൈക്കോമെട്രിക്ക് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുണ്ടാകും. മെഡിക്കല്‍ പരിശോധനകളും പൂര്‍ത്തിയാക്കണം.
45 ലക്ഷം രൂപയാണ് കോഴ്‌സ് ഫീസ്. ഇന്ത്യക്കകത്തും വിദേശത്തുമുള്ള പലതരം വിമാനങ്ങളില്‍ ഏതൊക്കെ പറത്താമെന്ന് തീരുമാനിക്കുന്ന ടൈപ്പ് ട്രെയിനിങ് പരിശീലനം ലഭിക്കണമെങ്കില്‍ അധിക ഫീസ് അടക്കേണ്ടതുണ്ട്. വിശദവിവരങ്ങള്‍ igrua.gov.inല്‍ ലഭ്യമാണ്.
ഇന്ത്യയില്‍ ഡി ജി സി എ അംഗീകാരമുള്ള മുപ്പത്തിയഞ്ചോളം ഫ്‌ളയിംഗ് ട്രെയിനിംഗ് സ്ഥാപനങ്ങളുണ്ട്. ഗവണ്‍മെന്റ് ഫ്‌ളയിങ് ട്രെയിനിങ് സ്‌കൂള്‍ ബെംഗളൂരു, ഓറിയന്റ് ഫ്‌ളൈറ്റ് ഏവിയേഷന്‍ അക്കാദമി മൈസൂരു, ദി ബോംബെ ഫ്‌ളമിംഗ് ക്ലബ് മുംബൈ, നാഗ്പൂര്‍ ഫ്‌ളയിംഗ് ക്ലബ്, ദി മധ്യപ്രദേശ് ഫ്‌ളയിംഗ് ക്ലബ് ഇന്‍ഡോര്‍, ഗവണ്‍മെന്റ് ഏവിയേഷന്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഭുവനേശ്വര്‍, തെലങ്കാന സ്റ്റേറ്റ് ഏവിയേഷന്‍ അക്കാദമി ഹൈദരാബാദ് തുടങ്ങിയവ ഉദാഹരണങ്ങളാണ്.
പൂര്‍ണമായ ലിസ്റ്റ് www.dgca.gov.ശില്‍ ലഭ്യമാണ്.
പഠനം കേരളത്തില്‍
തിരുവനന്തപുരം രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷനില്‍ ഇന്‍സ്ട്രുമെന്റ് റേറ്റിങോടെ കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടാന്‍ അവസരമുണ്ട്. സിംഗിള്‍, മള്‍ട്ടി എന്‍ജിന്‍ എയര്‍ക്രാഫ്റ്റുകള്‍ പറത്താനാവശ്യമായ പരിശീലനമാണ് ലഭിക്കുക. ഏകദേശം മൂന്ന് വര്‍ഷമാണ് കോഴ്‌സ്. പ്ലസ്ടു പരീക്ഷ അന്‍പത് ശതമാനം മാര്‍ക്കോടെ വിജയിക്കണം. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നിവയില്‍ മൂന്നും കൂടെ മൊത്തത്തില്‍ 55 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം.
എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂയും അടിസ്ഥാനമാക്കിയാണ് സെലക്ഷന്‍. അപേക്ഷകള്‍ കുറവാണെങ്കില്‍ ഇന്റര്‍വ്യൂ മാത്രം. സിംഗിള്‍ എന്‍ജിന്‍ പരിശീലനത്തിന് 28.7 ലക്ഷം രൂപയാണ് ഫീസ്. മള്‍ട്ടി എന്‍ജിന്‍ പരിശീലനത്തിന് ആറ് ലക്ഷത്തോളം രൂപ അധിക ഫീസ് അടയ്‌ക്കേണ്ടതുണ്ട്. വിശദവിവരങ്ങള്‍ക്ക് rajivgandhiacademyforaviation technology.org സന്ദര്‍ശിക്കുക.
മികച്ച പൈലറ്റ് പരിശീലനം ലഭിക്കുന്നതിന് വിദേശരാജ്യങ്ങളിലും നിരവധി അവസരങ്ങളുണ്ട്. യു എസ്, കാനഡ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഉദാഹരണങ്ങളാണ്. വിദേശത്തുനിന്ന് കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് ലഭിച്ചവര്‍ക്ക് ഇന്ത്യയില്‍ പൈലറ്റായി പ്രവര്‍ത്തിക്കാന്‍ എയര്‍ റെഗുലേഷന്‍, എയര്‍ നാവിഗേഷന്‍ ആന്റ് ഏവിയേഷന്‍ മെട്രോളജി എന്നീ രണ്ട് പരീക്ഷകളെഴുതി വിജയിക്കേണ്ടതുണ്ട്. ഡി ജി സി എ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷകളാണിത്.
പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. സ്റ്റാറ്റിസ്റ്റിക്‌സ് മേഖലയിലെ പഠനാവസരങ്ങള്‍ വിശദമാക്കാമോ?
– ഹുസ്‌ന ആലുവ
മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു യോഗ്യത നേടിയവര്‍ക്ക് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ എസ്‌ഐ) കൊല്‍ക്കത്ത ക്യാംപസില്‍ ബി.സ്റ്റാറ്റ് (ബാച്ചിലര്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്) പ്രോഗ്രാമിന് അവസരമുണ്ട്. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്), രാജസ്ഥാന്‍, പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് പ്രോഗ്രാമുകളുണ്ട്.
ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിവിധ കോളജുകള്‍, അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ജമ്മു, കാശ്മീര്‍, മിസോറം, നോര്‍ത്ത് ഈസ്റ്റേണ്‍ ഹില്‍ യൂനിവേഴ്‌സിറ്റികള്‍, പ്രസിഡന്‍സി കോളജ് ചെന്നൈ, ലയോള കോളജ് ചെന്നൈ, വിശ്വഭാരതി കോളജ് കൊല്‍ക്കത്ത, ഫെര്‍ഗൂസന്‍ കോളജ് പൂനെ, സെന്റ് സേവിയേഴ്‌സ് മുംബൈ, നര്‍സി മോന്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് മുംബൈ, ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റി പഞ്ചാബ് തുടങ്ങിയ സ്ഥാപനങ്ങളിലും ബിരുദതല പ്രോഗ്രാമുകള്‍ ലഭ്യമാണ്.
ഐ എസ് ഐ കൊല്‍ക്കത്ത, ചെന്നൈ, ഡല്‍ഹി ക്യാമ്പസുകളിലെ എം. സ്റ്റാറ്റ് (മാസ്റ്റര്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്) ബിരുദാനന്തര തലത്തില്‍ ശ്രദ്ധേയമായ പ്രോഗ്രാമാണ്.
ജാം പരീക്ഷ വഴി കാണ്‍പൂര്‍, മുംബൈ ഐ ഐ ടികളിലും ബിരുദാനന്തര പഠനത്തിന് അവസരമുണ്ട്. കൂടാതെ കൊല്‍ക്കത്ത സര്‍വകലാശാല, സാവിത്രി ബായ് ഫൂലെ യൂനിവേഴ്‌സിറ്റി പൂനെ, മദ്രാസ് സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല, ബനാറസ് ഹിന്ദു, അലിഗഡ്, ഹൈദരാബാദ്, പോണ്ടിച്ചേരി, ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍, നോര്‍ത്ത് – ഈസ്റ്റ്ഹില്‍, ജാര്‍ഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍, സൗത്ത് ബിഹാര്‍, ഒഡിഷ, ത്രിപുര, തമിഴ്‌നാട്, ബാബാസാഹിബ് ഭീം റാവു അംബേദ്കര്‍ കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലും അവസരങ്ങളുണ്ട്. ബിഎസ്സി സ്റ്റാറ്റിസ്റ്റിക്‌സ് പൂര്‍ത്തിയാക്കിയാല്‍ എം എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് പുറമേ ഇക്കണോമിക്‌സ്, ബിസിനസ് ഇക്കണോമിക്‌സ്, ഇക്കണോമെട്രിക്‌സ്, ആക്ച്വറിയല്‍ സയന്‍സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ബയോഇന്‍ഫര്‍മാറ്റിക്‌സ്, അപ്ലൈഡ് ജിയോളജി, ജിയോഗ്രഫി, പബ്ലിക് ഹെല്‍ത്ത് തുടങ്ങിയ വിഷയങ്ങളിലും ബിരുദാനന്തര ബിരുദ പഠനം സാധ്യമാണ്. വിവിധ സ്ഥാപനങ്ങളില്‍ സ്റ്റാറ്റിസ്റ്റിക്‌സുമായി ബന്ധപ്പെട്ട ഗവേഷണാവസരങ്ങളുമുണ്ട്.
കേരള, എം ജി, കാലിക്കറ്റ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റികളുടെ കീഴില്‍ വിവിധ കോളജുകളില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ ലഭ്യമാണ്. കൂടാതെ സര്‍വകലാശാലാ പഠന വകുപ്പുകളിലും വിവിധ സ്വയംഭരണ കോളജുകളിലും അവസരങ്ങളുണ്ട്.
സ്റ്റാറ്റിസ്റ്റിക്‌സ് മേഖലയില്‍ വിദേശ പഠനമാഗ്രഹിക്കുന്നവര്‍ക്ക് യു കെ, അമേരിക്ക, ന്യൂസിലാന്റ്, കാനഡ, ആസ്ത്രേലിയ, ഫിന്‍ലാന്റ് തുടങ്ങിയ രാജ്യങ്ങള്‍ പരിഗണിക്കാവുന്നതാണ്. ചേരാനുദ്ദേശിക്കുന്ന സ്ഥാപനം ആവശ്യപ്പെടുന്ന ഐ ഇ എല്‍ ടി എസ്, ടോഫല്‍, ജി ആര്‍ ഇ പോലെയുള്ള നൈപുണി പരീക്ഷകള്‍ക്ക് നേരത്തെ തന്നെ തയ്യാറെടുക്കേണ്ടതുണ്ട്..
anver@live.in